ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 September 2017

പുഷ്പങ്ങള്‍ സ്വീകരിക്കല്‍

പുഷ്പങ്ങള്‍ സ്വീകരിക്കല്‍

പൂജിച്ച പുഷ്പങ്ങള്‍ വലതുകൈയില്‍ വാങ്ങി ഇടതുകൈയിലേക്ക് മാറ്റുക. വലതുകൈകൊണ്ടെടുത്ത് ഇടതുചെവിയില്‍ വച്ച് തുടര്‍ന്ന് വലതു ചെവിയിലും ശിരസ്സിലും വക്കുക. സ്ത്രീകള്‍ക്ക് ഇതുപോലെ വാങ്ങി മുടിയില്‍ (സഹസ്രാരവം) വച്ച് ഇടത് ചെവിയിലും വലതുചെവിയിലും വയ്ക്കാം. മിച്ചമുള്ളവ തറയില്‍ ഇടരുത്. പുഷ്പങ്ങളില്‍ ചവിട്ടാന്‍ പാടുള്ളതല്ല.

പ്രസാദം സ്വീകരിക്കുമ്പോള്‍ സംസാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രസാദ വസ്തുക്കള്‍ തറയിലിടരുത്. ക്ഷേത്രത്തിനകത്ത് തുപ്പുകയുമരുത്. നിവേദ്യത്തിന്റെ ഉച്ഛിഷ്ടം, ഇല അവ തറയിലിടുകയോ ഇല നക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല, നടയടച്ചാല്‍ ദര്‍ശനവും നിഷിദ്ധമാണ്.

പ്രസാദമെല്ലാം സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ ചുരുങ്ങിയത് ഒരു മൂന്നുപടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ച് പോവേണ്ടതാണ്. മറ്റൊരു സ്ഥലത്തും തങ്ങാതെ നേരെ വീട്ടില്‍ എത്തിയശേഷം പ്രസാദവും പുഷ്പങ്ങളും ചന്ദനവും എല്ലാം മറ്റുള്ളവര്‍ക്കും നല്‍കുക. ശേഷിക്കുന്നവ ശുദ്ധിയുള്ള സ്ഥലത്ത് (പൂജാമുറി) സൂക്ഷിക്കുക.

ചന്ദനം സ്വീകരിക്കല്‍

ചന്ദനം സ്വീകരിക്കല്‍

ഭഗവല്‍ പ്രസാദമായാണ് ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതു ഹസ്തത്തില്‍ വാങ്ങി ഇടതുകയ്യിലേക്ക് പകര്‍ന്ന് വലതുകൈയുടെ മോതിരവിരലിന്റെ അഗ്രംകൊണ്ട് ചന്ദനം ലലാടത്തില്‍ (നെറ്റിയില്‍) തൊടുക. സ്ത്രീകള്‍ നെടുകെയും പുരുഷന്മാര്‍ കുറുകെയും (ഗോപിക്കുറി) ആണ് കുറി വരക്കേണ്ടത്. ഈ സമയങ്ങളില്‍ പ്രതിഷ്ഠക്കനുസൃതമായ മന്ത്രങ്ങള്‍ ഉരുവിട്ടിരിക്കണം.

സ്ത്രീകള്‍ നെറ്റിക്കു പുറമെ കണ്ഠത്തിലും പുരുഷന്മാര്‍ മാറിടത്തിലുമാണ് തുടര്‍ന്ന് ചന്ദനം തൊടേണ്ടത്. പുരുഷന്മാര്‍ ഷര്‍ട്ടിടാതെയായിരിക്കണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ക്ഷേത്രദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ഫലം ഭക്തരില്‍ ഈശ്വരചൈതന്യം സന്നിവേശിക്കലാണ്.

നടയ്ക്കു മുന്നില്‍ പ്രതിഷ്ഠ സമാന്തരമായി തൊഴുതുനില്‍ക്കുന്ന ഭക്തനിലേക്ക് ഭഗവാന്റെ ചൈതന്യം മൂലാധാരം മുതല്‍ ഷഡാധാരങ്ങള്‍ ഓരോന്നിലും വന്നുനിറയുന്നു. ആ സമയം ഭക്തന്റെ അതത് ഭാഗങ്ങള്‍ ഉത്തേജിതമാകും. പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് നിഷ്‌കര്‍ഷിക്കപ്പെടുന്നത് ഇതുകൊണ്ടാണ്.

പുരുഷന്റെ മാറിടത്തിലേക്ക് ‘ദേവോര്‍ജ്ജം’ പ്രതിബന്ധമേതുമില്ലാതെ പ്രവഹിക്കപ്പെടും. മറയ്‌ക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കപ്പെടാതെയിരിക്കുമ്പോള്‍ ഭക്തനില്‍ സാമൂഹ്യവിരുദ്ധ പ്രവണത വളരുമെന്ന് ശാസ്ത്രം പറയുന്നു. ലൈംഗിക പ്രവണതയെ ഉത്തേജിപ്പിക്കാനല്ല, നിയന്ത്രിച്ചുനിര്‍ത്താനാണല്ലോ ക്ഷേത്രദര്‍ശനം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കഴുത്തിനു താഴെയുള്ള ഭാഗങ്ങള്‍ മറയ്‌ക്കേണ്ടതുമാണ്.

തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും

തീർത്ഥവും തീർത്ഥം സേവിക്കലും പ്രാധാന്യവും
 
അമ്പലത്തിൽ തൊഴുതുകഴിഞ്ഞാൽ  ശാന്തിക്കാരൻ തരുന്ന തീർത്ഥവും   പ്രസാദവും സ്വീകരിക്കുന്നത് ക്ഷേത്രദർശനത്തിന്റെ  ഭാഗമാണല്ലോ.   എന്താണ് തീർത്ഥത്തിന്റെ പ്രാധന്യം ?    ദേവനെ മന്ത്രപൂർവ്വം അഭിഷേകം ചെയ്ത ജലധാരയാണ് പാത്രത്തിൽ തീർത്ഥമായിട്ടെടുക്കുന്നത്,  ഇതിന്റെ മാഹത്മ്യം രണ്ടു തരത്തിലുണ്ട്. ദേവശരീരസ്പർശം കൊണ്ടും      മന്ത്രജപം കൊണ്ടും ഉള്ള പരിശുദ്ധിതന്നെ ആദ്യത്തേത്. തുളസീദളങ്ങൾ കിടന്ന്അതിന്റെ ഔഷധവീര്യം  സ്വാംശീകരിച്ചതാണത്രെ മറ്റൊരു മാഹാത്മ്യം.  വലതു കയ്യിന്റെ അഞ്ചുവിരലുകളും മടക്കിയാൽ ഉണ്ടാകുന്ന കൈകുമ്പിളിലാണ് തീർത്ഥം വാങ്ങേണ്ടത്. കൈകുമ്പിൾ അങ്ങനെതന്നെ ഉയർത്തി  ഉള്ളം കയ്യിൽ  പ്രകടമായി  ഉയർന്നുകാണുന്ന ചന്ദ്രമണ്ഡലത്തിന്റെയും  ശുക്രമണ്ഡലത്തിന്റെയും ഇടയ്ക്കുള്ള ഇടുക്കിലൂടെയാണു തീർത്ഥം സേവിക്കേണ്ടത്.

നമ്മുടെ വലത്കയ്യിൽ നാല് 'തീർത്ഥ'ങ്ങളുണ്ട് കൈപടത്തിൽ നിന്നു   നേരെ കീഴ്പ്പോട്ടുള്ളത് (നാം തീർത്ഥം സേവിക്കാൻ ഉപയോഗിക്കുന്നത്) "ബ്രഹ്മതീർത്ഥം". തള്ളവിരലിന്റെയും ചൂണ്ടാണിവിരലിന്റെയും ഇടക്കുള്ളത് "പിതൃതീർത്ഥം".   അതിനു നേരെ എതിരെ "ദേവതീർത്ഥം". ' ബ്രഹ്മതീർത്ഥ'ത്തിനു നേരെ  "കായതീർത്ഥം" .  

ചുണ്ടിന്റെ അശുദ്ധി  :-  വായയ്ക്കകം  എച്ചിലാണ്; തൊട്ടാൽ കൈകഴുകണം.  ചുണ്ടുകൾ സ്വതവേ എച്ചിലല്ല;  എന്നലും നാവിന്റെ സംസർഗ്ഗം മൂലം  ചുണ്ടുകളും  എച്ചിലായിട്ട് കരുതിപ്പോരുന്നു.   ചുണ്ടുതൊട്ടാലും കൈകഴുകണം. തീർത്ഥം സേവിക്കുമ്പോൾ മണിക്കണ്ടം ചുണ്ടിൽ തട്ടാൻ ഇടവരരുത്.  വായ് പിളർന്നുകൊണ്ടുതന്നെ ചുണ്ടുകൾ ഉള്ളിലോക്കയിട്ടുവേണം തീർത്ഥജലം കുടിക്കുവാൻ.  മേൽചുണ്ടോ, കീഴ്ചുണ്ടോ തൊടാനിടവരരുത് . തൊണ്ടയിൽ തട്ടണം അത്ര മത്രമായലും മതി.  തീർത്ഥ ജലം  സേവിച്ചതിന്റെ ബാക്കി ഉള്ളം കയ്യിൽ അവശേഷിക്കുന്നത്   അത്രയും ശിരസ്സിലും മുഖത്തും ദേഹത്തും തള്ളിക്കണം. സേവിച്ച തീർത്ഥത്തിൽ നിന്ന് ഒരു തുള്ളിപോലും താഴ്ത്തു വിഴാതെയും മറ്റുള്ളവരുടെ ദേഹത്തുപെടാതെയും  പ്രത്യേകം മനസ്സിരുത്തണം. അതുകൊണ്ട് തല നല്ലവണ്ണം മേൽപോട്ടു  മലർത്തിപ്പിടിച്ചുകൊണ്ടു വേണം തീർത്ഥം വായിലോട്ട് പകരാൻ....

ബിംബത്തിൽ മന്ത്രപൂർവ്വം അഭിഷേകം ചെയ്തുകിട്ടുന്ന തീർത്ഥജലം  ക്ലസ്റ്റേഡ് വാട്ടറിന് തുല്ല്യമായ പരിശുദ്ധിയുള്ളതണെന്നും തെളിഞ്ഞിട്ടുണ്ട്. കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് സാധാരണ ശുദ്ധജലത്തിൽ  രണ്ടു തുള്ളി ക്ലസ്റ്റേഡ് വാട്ടർ ഒഴിച്ച് കഴിക്കുന്നത് ആരോഗ്യരക്ഷയ്ക്കുത്തമമാണെന്നു കണ്ടിട്ടുണ്ട്. 

ക്ലസ്റ്റേഡ് വാട്ടറിന് വലിയ വിലകൊടുക്കണം  നമ്മുക്ക് തീർത്ഥജലം സൗജന്യമാണ്.

അമ്പലവും യജ്ഞനവും

അമ്പലവും യജ്ഞനവും

ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം,  എന്നിവയാണല്ലോ നിത്യകർമ്മങ്ങളായ പഞ്ചമഹായജ്ഞങ്ങൾ. ബ്രഹ്മയജ്ഞമെന്നാൽ വൃദപാഠം തന്നെ. എല്ല മഹാക്ഷേത്രങ്ങളിലും  (ദേവസം ബോർഡുകൾ വരും വരെ) പതിവായി 'മുറജപ'ത്തിന് ഒരു വേദജ്ഞനെ സ്ഥിരം ലാവണത്തിൽ നിയമിച്ചിരുന്നു. യജ്ഞശാലയിൽ വേദമന്ത്രപ്രയോഗങ്ങൾക്കുള്ള സ്ഥലമാണ് "സദസ്സ്"  സദസ്സിന്റെ സ്ഥാനമാണ് മണ്ഡപത്തിന്. അതു അതു വേദോച്ചാരണത്തിനുള്ളതാണെന്നർത്ഥം. അകത്തു പൂജ നടക്കുമ്പോൾ മണ്ഡപത്തിൽ നടക്കുന്ന മുറജപമാണ് അമ്പലത്തിലെ  ബ്രഹ്മയജ്ഞം.   ദേവയജ്ഞമെന്നാൽ ഹവനാദികളാണ്. അമ്പലത്തിൽ പൂജ ഹവനസമാനം തന്നെ. ബിംബത്തെ അഗ്നിജ്വാലയായി  സങ്കല്പിച്ച് സ്വാഹാകാരാന്തമന്ത്രങ്ങളെക്കൊണ്ട്  പ്രാണാഹൂതികളർപ്പിക്കുന്ന പൂജയിൽ അംഗന്യാസാദികളായ എല്ലാ അംശങ്ങളിലും  യാഗശാലയിൽ കേൾക്കുന്ന പദങ്ങളുപയോഗിച്ചു കാണാം. ശ്രീകോവിലകുന്ന കുണ്ഡത്തിൽ ബിംബമാകുന്ന അഗ്നിജ്വാലയിൽ സമർപ്പിക്കുന്ന ഹോമം തന്നെയാണ്  ദേവപൂജ.  തൂവാനടച്ചാൽ തിടപ്പിള്ളിയിൽ ചെയ്യുന്ന  വൈശ്യം പിതൃയജ്ഞവും ,  തൂവൽ ഭൂതയജ്ഞവും, നമസ്കാരം ഊട്ട് മനുഷ്യയജ്ഞവുമത്രെ.

ശീവേലിയും ശീഭൂതബലിയും:

ശീവേലിയും ശീഭൂതബലിയും:

മഹാക്ഷേത്രങ്ങളിലൊക്കെ അഞ്ചു പൂജയും മൂന്ന് ശീവേലിയും ഉണ്ടാകുമല്ലോ. എല്ലാപൂജയ്ക്കും 'തൂവാലടയ്ക്കൽ'  അഥവാ 'തൂവാൻ അടയ്ക്കൽ'  ഉണ്ടല്ലോ. അഗ്നികോണിൽ ഉള്ള (തിരുമുറ്റത്ത്)  ബലിക്കല്ലിൽ തന്ത്രി അഥവാ ശാന്തിക്കാരൻ ഓരോ പൂജയ്ക്കും ബലിതൂകും. ഈ ബലി എല്ലാ ദേവതമരേയും ഉദ്ദേശിച്ചുകൊണ്ടുള്ള ബലികൂടിയാണ് എന്ന് മനസ്സിലാക്കണം. ദേവന്റെ പാർഷാദന്മാരിലൊരാളാണ് അഗ്നി എന്നത് ശരി തന്നെ. അതേ സമയം അഗ്നി 'ഹുതവഹൻ' കൂടിയാണല്ലോ. ' സ്വാഹ'  കാരന്തമന്ത്രം കൊണ്ടാണ്  ബലിതൂകുന്നത്.  അഗ്നിയിൽ ഹവിസ്സ് ആഹൂതി ചെയ്യപ്പെടുകതന്നെയാണ്.  ആ ഹവിർഭാഗം എല്ലാവർക്കുമായി പങ്കുവെക്കപ്പെടുന്നു എന്ന സങ്കല്പത്തിൽത്തന്നെയാണ്  അഗ്നിക്ക് ബലിതൂകുന്നത്.    

ശീവേലി (ശീബലി)യ്ക്കാകട്ടെ ബലിതൂകൽ ഒന്നുകൂടി വിസ്തരിക്കുകയായി.. അകത്തും പുറത്തുമുള്ള  എല്ലാ പാർഷാദന്മരുടെ ബലിക്കല്ലുകളിലും  വെവ്വേറെ ബലിതൂകും മാതൃക്കല്ലിലും  വലിയ ബലിക്കല്ലിലും വലിയബലിക്കല്ലിലും
'വിഷ്ണുപാർഷദേഭ്യഃ സർവ്വേഭ്യോ ഭൂതേഭ്യോ നമോ നമഃ സ്വാഹ'  എന്ന മന്ത്രം കൊണ്ടുകൂടി ബലിതൂകും. അപ്പോൾ വ്യപ്തി കുറെകൂടി വർദ്ധിച്ചല്ലോ, മാതൃക്കല്ലിൽ മാതൃഗണങ്ങൾക്ക് വിസ്തരിച്ചുതന്നെ ബലികൊടുക്കുന്നു.
മാതൃഭ്യോ നമഃ സ്വാഹാ ലോകമാതൃഭ്യോ നമഃ സ്വാഹ സർവ്വമാതൃഭ്യോ നമഃ സ്വാഹാ
സർവ്വ മാതൃഗണഭ്യോ നമഃ സ്വാഹാ എന്നീ നാലു മന്ത്രങ്ങൾക്കു പുറമേ
 
"നാനാരൂപാ മാതരഃ  പ്രതിദിശം  വ്യവസ്ഥിതാഃ 
ദിവ്യന്തരീക്ഷഭൌമാഃ     പാതാളനിവാന്യശ്ചേഽഹായാന്തു    വിഷ്ണ്വാജ്ഞയാ മാമനുഗൃഹ്ണന്തു പ്രതിഗൃഹ്ണന്തു പൂജാം  സർവ്വരൂപധാരിണ്യസ്താഭ്യോ ദേവീഭ്യോ നമോ നമഃ സ്വാഹാ"

എന്ന മന്ത്രം കൊണ്ടുകൂടി ഉണ്ട് ബലിതൂകൽ. ശ്രീഭൂതബലിയ്ക്കാട്ടെ  വ്യാപ്തി ഒന്നുകൂടി വർദ്ധിക്കുകയായി ഓരോ പാർഷദന്റെയും ബലിക്കല്ലിൽ അതാതു പാർഷദന്റെ മന്ത്രം കൊണ്ട് ബലിതൂകുന്നതിനു പുറമേ  ആ പാർഷദന്റെ പാർഷദന്മാർക്കുകൂടി ബലി തൂകലൂണ്ട്. പുറത്തെ പ്രദക്ഷിണത്തിന്റെ സംഖ്യയും വർദ്ധിക്കുന്നു. ഭൂതഗണങ്ങൾക്ക് ബലി തൂകാൻ മാത്രമായി ഒരു പ്രദക്ഷിണമുണ്ട്.

വിഷ്ണു പാർഷദേഭ്യഃ  സർവ്വേഭ്യോഭൂതേഭ്യോ നമോ നമഃ  സ്വാഹാ"  
(വിഷ്ണു എന്നു കാണുന്നിടത്തെല്ലം രുദ്ര/ ദുർഗ്ഗ/ ശാസ്തൃ/കാളി  തുടങ്ങിയ നാമങ്ങൾ അതാത് ദേവീദേവന്മർക്ക്) എന്ന മന്ത്രം കൊണ്ട് എല്ലാവർക്കുമായി ഉദ്ദേശിച്ച് എട്ടുദിക്കിലും പുറത്തേക്കും ബലി തൂകുന്നു. ഇതിൽ നിന്നൊക്കെ ആ പ്രദേശത്തുളള എല്ലാ അമാനുഷശക്തികളേയും തൃപ്തിപ്പെടുത്താനാണ് ബലികൾ എന്നു മനസ്സിലാക്കമല്ലോ. ഇതിനു പുറമെ ശീവേലിക്കും ശ്രീഭൂതബലിക്കും, ഉത്സവബലി മുതലാവയ്ക്കും  ചുറ്റമ്പലത്തിൽ നിന്നും പറത്തേക്ക് എഴുന്നളിക്കുമ്പോൾ  തന്ത്രി (മേശാന്തി)  ചെല്ലുന്ന പ്രാർത്ഥനാ മന്ത്രംകൂടി ശ്രദ്ധേയമാണ്

"യേ സമസ്തം ജഗത്വ്യാപ്യ തിഷ്ഠന്തി ബലികാങ്ക്ഷിണഃ  വിഷ്ണുപാരിഷദാഃ സർവ്വേ ഗൃഹ്ണന്തു ബലി മുത്തമം" 

ബലി തൂകലിന്റെ വ്യാപതി എത്ര വലിയതാണെന്ന് മനസ്സിലായില്ലെ?  ലോകം മുഴുവൻ വ്യപിച്ചു നിൽക്കുന്ന പാർഷദന്മാർക്കാണ്  ബലി തൂവുന്നത്.   

ശീവേലിമുതൽക്കുള്ള ബലികളൊന്നു തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ  ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എന്ന വസ്തുത അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ദേവൻ സാക്ഷിമാത്രമാണ്.
'തൽസാക്ഷിതം ക്ല്പ്തസുദീപ്തദീപ  വാദ്യാദിഹൃദ്യം ബലിമാതനോതു"
എന്നാണ്   തന്ത്ര സമുച്ചയവിധി. തന്റെ അനുചരന്മാരെക്കൊണ്ട് വന്നവർക്കെല്ലാം ചോറുവിളമ്പിക്കൊടുപ്പിക്കുന്ന സർവ്വാണിയുടെ മേൽനോട്ടം വഹിച്ചുക്കൊണ്ട് നിൽക്കുന്ന, പ്രഭുവിന്റെ നിലയാണ് ഈ ബലികളിൽ  ദേവനുള്ളത്. ദേവൻ തന്ത്രിയെക്കൊണ്ട് ഭൂതഗണങ്ങക്കെല്ലം ബലി തൂകിയ്ക്കുയാണ് എന്തിനു വേണ്ടി???.      

നാട്ടുകർക്കെല്ലാവർക്കും  സർവ്വതോമുഖമായ ശ്രേയസുണ്ടാവാൻ വേണ്ടി. ക്ഷേത്രമാണ് എല്ലാ ജനപദങ്ങളുടെയും  കേന്ദ്രബിന്ദു ക്ഷേത്രേശനാണ് ജനപദത്തിന്റെ അധിനായകൻ . ആ പ്രദേശത്തുള്ള നല്ലവരും ചീത്തവരുമായ എല്ലാഭൂതഗണങ്ങളും  തൃപ്തരായാൽ മാത്രമേ ജനങ്ങൾക്ക് സ്വൈരജീവിതവും സമ്പൽ സമൃദ്ധിയും ഉണ്ടാവുകയുള്ളൂ.

ഭക്തി കർമ്മ ജ്ഞാനയോഗങ്ങളുടെ ഒത്തുചേരൽ

ഭക്തി കർമ്മ ജ്ഞാനയോഗങ്ങളുടെ  ഒത്തുചേരൽ

ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനിൽ നിന്ന് എന്തെങ്കിലും നേടുവാനുള്ള പ്രാർത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്‌ ഹനുമാനെന്ന് വ്യക്തമാക്കുന്ന ഒരു കഥ വാല്മീകിരാമായണത്തിലുണ്ട്.

ആത്മീയതത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ്‌ ഹനുമാൻ കൈകാര്യം ചെയ്യുന്നതെന്നു നോക്കുക. ഒരിക്കൽ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത് വനത്തിലിരിക്കുമ്പോൾ ഹനുമാനോട് രാമൻ ചോദിച്ചു. ‘വായുപുത്രാ നീ എന്നെ നിരന്തരം സേവിക്കുന്നു. നിന്റെ ഭക്തി അനന്യസാധാരണം തന്നെ. എന്നാൽ പറയൂ നിനക്ക് ഞാൻ ആരാണ്‌? എന്താണു നാം തമ്മിലുള്ള ബന്ധം?’ ഹനുമാന്‌ ആലോചിക്കാനൊന്നുമുണ്ടാ യിരുന്നില്ല. മനസ്സിൽ ദൃഢമായുറച്ച തെളിമയിൽ ഹനുമാൻ പറഞ്ഞു:

“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”

വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:

“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”

ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ;
ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു.
ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.

വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്‌ ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.

ഈ മൂന്നു തലങ്ങളിൽ ഹനുമാൻ പറയുന്ന അവസ്ഥകളെ നമുക്ക് സമൂഹത്തിൽ ഇന്നുള്ള മൂന്നു ആത്മീയചിന്താസരണികളുമായി താരതമ്യപ്പെടുത്താം.

ആദ്യത്തേത് ദ്വൈതം - ഭഗവാനും ഭക്തനും വേറെ വേറെ നില്ക്കുന്ന തലത്തിൽ ഭക്തന്റെ സ്ഥാനം ഭൃത്യന്റേതാണ്‌. അവന്റെ പ്രവർത്തനം ഭക്തിയാൽ പ്രചോദിതമായ കർമ്മയോഗത്തിന്റേതുമാവണം. തന്നെ ഭജിക്കുന്ന ഭൃത്യന്റെ കാര്യങ്ങൾ നോക്കുന്നത് യജമാനന്റെ കടമയുമാണല്ലൊ. പലപ്പോഴും ഈ ഒരു തലത്തിൽ നിന്ന് മാറാൻ പല ഭക്തന്മാർക്കും സാധിക്കാറില്ല.

രണ്ടാമത്തേത് വിശിഷ്ട ദ്വൈതമാണ്‌. ഇതിൽ ഭക്തന്റെയുള്ളം പരമ്പൊരുളിന്റെ ഒരു ഭാഗം അല്ലെങ്കിൽ പ്രതിഫലനമാണ്‌. ഇതിലും ഭക്തൻ പരമ്പൊരുളിൽ നിന്നും വിഭിന്നനാണ്‌. ഭഗവാന്റെ മഹത്വം പ്രകടിപ്പിക്കുവാനുള്ള ഒരുപാധിയാണ്‌ ഭക്തൻ. രാജയോഗവും കർമ്മയോഗവും ചേർന്ന ക്രിയായോഗമാർഗ്ഗം ഇതിൽ നമുക്ക് ദർശിക്കാം.

എന്നാൽ മൂന്നാമതു പറയുന്ന അദ്വൈതം രണ്ടില്ല എന്ന അവസ്ഥയാണ്‌. വേദാന്തികൾ പറയുന്ന തത്വമസി അവസ്ഥ. (ശബരിമലയിൽ തത്വമസി എന്ന ബോർഡു വച്ചിരിക്കുന്നത് ഭക്തനും അയ്യപ്പനും ഒന്നാണെന്നുള്ള ഈ ഭാവനയിലാണ്‌) ഹനുമാന്‌ ഇത് കേവലം വായിച്ചറിഞ്ഞ ജ്ഞാനമല്ല. സ്വരൂപത്തെ സാക്ഷാത്കരിച്ചുറച്ച ജ്ഞാനിയുടെ ദൃഢതയോടെയാണ്‌ ഹനുമാൻ പറയുന്നത്...

ഇതി മേ നിശ്ചിതാമതി: എന്ന്. അവിടുന്നും ഞാനും തമ്മിൽ ഭേദമേതുമില്ല എന്ന് ഹനുമാൻ അസന്നിഗ്ദ്ധ്മായി പ്രസ്താവിക്കുന്നു. ജ്ഞാനയോഗത്തിന്റെ പാരമ്യത. ആത്യന്തികമായി, ജ്ഞാനമാണ്‌ പരമസാക്ഷാത്കാരത്തിലേയ്ക്കു നയിക്കുന്നതെ ന്നുറപ്പിക്കുന്ന യോഗവാസിഷ്ഠപ്രോ‍ാക്തമായ വിജ്ഞാനത്തിന്റെ നേരറിവാന്‌ ഹനുമാൻ പറയുന്ന ഈ ആത്മഭാവം.

അങ്ങിനെ ഹനുമാൻ ഹിന്ദു ആദ്ധ്യാത്മിക സിദ്ധാന്തങ്ങളിലെ മൂന്നു പ്രധാന ചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് നമുക്കൊരുജ്ജ്വല മാർഗ്ഗദീപമായി നിലകൊള്ളുന്നു...

ഗണപതി ഭഗവാന

"....ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിങ്കവീനാമുപമശ്രവസ്തമം;
ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പതേ
ആനശ്ശൃണ്വന്നൂതിഭിസ്സീദസാദനം....."

ഹേ ബ്രഹ്മണസ്പതേ, കർമ്മപാലക, ദേവഗണങ്ങളുടെ പതിയും, ക്രാന്തദർശികളിൽ വെച്ച് അഗ്രഗണ്യനും പൂർണ്ണമായ വിഭവസമ്പത്തും കീർത്തിയുള്ളവരിൽ വെച്ച് ഉത്തമനും പ്രശസ്ത്ന്മരുടെ മദ്ധ്യത്തിൽ അതിശയേന ശോഭിക്കുന്നവനും ആയ അങ്ങയെ ഞങ്ങളുടെ ഈ കർമ്മത്തിലേക്ക് ആഹ്വാനം ചെയ്യുന്നു അത്രയുമല്ല ഞങ്ങളുടെ സ്തുതിരൂപമായ ഈ ആഹ്വനത്തെ ശ്രവിച്ച് ഈ യജ്ഞശാലയിൽ ഞങ്ങളെ രക്ഷിച്ചു കൊണ്ട് അവിടുന്ന് സന്നിഹിതനായിരിയ്ക്കേണമേ...
എന്തൊക്കെ നാം വിലപ്പെട്ടത് എന്നു കരുതുന്നുവോ ആ ശക്തികളുടെ എല്ലാം അനുഗ്രഹം ബുദ്ധിയില്‍ സദാ ഉണ്ടാകേണമേ

ഭൌതികവും ആത്മീയവുമായ അഞ്ചു ഗണ സംഘാതങ്ങള്‍ എല്ലാത്തിലും അടങ്ങിയിരിക്കുന്നു. ഗണപതി ഭഗവാന്‍ ഈ അഞ്ചു പഞ്ചക ഗണങ്ങളുടെയും അധിപതി. സംഘാതങ്ങളുടെ വിശേഷങ്ങള്‍ പലതാകുംപോല്‍ അവയുടെ പൊതു നിയമങ്ങള്‍ അവയെ നിയന്ത്രിക്കുവാനും ഓര്‍മ്മിക്കുവാനും സഹായിക്കുന്നു. ഇതു ഏതു നിരീശ്വര വാദിക്കും അംഗീകരിക്കാവുന്ന തെ ഉള്ളൂ. ജ്ഞാനേന്ദ്രിയ പഞ്ചകം, കർമ്മേന്ദ്രീയ പഞ്ചകം, പ്രാണപഞ്ചകം, ഏകാദശ രുദ്രന്മാര്‍, ദ്വാദശ ആദിത്യന്മാര്‍, അഷ്ടവസുക്കള്‍ എന്നിവ പ്രപഞ്ചത്തിലെ ഗണങ്ങൾ. ഇവയുടെ നിയന്ത്രിക്കുന്ന പൊതു തത്വത്തെ ഗണപതി എന്നു പറയുന്നു .

ഗണങ്ങളില്‍ വസിക്കുന്ന ക്രാന്തദര്‍ശിത്തമുള്ള ജ്ഞനാതമമായ നിയമങ്ങളെ കുറിച്ചുള്ള ദൂര ദര്‍ശിത്വം തന്ന്‌ മഹാ സൂര്യന്‍രൂപങ്ങളെ കാട്ടിത്തരുന്നതുപോലെ സത്യത്തിന്‍റെ സമഗ്ര രൂപം സംഘ നിയമങ്ങളുടെ സമഗ്രപതിയും ക്രാന്തദര്‍ശി ത്വത്തിന്‍റെ പതിയുമായ അവിടുന്ന് കാട്ടി തരേണമേ...

എന്താണ് പുല ?

എന്താണ് പുല ?

പുനർ ലയിപ്പിക്കുന്നതു ആണ് പുല മരണ സമയം ശരീരത്തു നിന്നും ദശ പ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനജ്ജയ്ൻ പുറത്തു വരുന്നു. ധനജ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ ആ വ്യക്തി മരിക്കുമ്പോൾ ശരീരം വിട്ടു പുറത്തേക്കു ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്തമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു.  മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീര ശുദ്ധമാ യിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്.

"പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖപ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കുകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

ഹോമാഗ്നി നിരീക്ഷണം

ഹോമാഗ്നി നിരീക്ഷണം

സവിശേഷമായ നിരീക്ഷണം അർഹിക്കുന്ന അഗ്നി, പലപ്പോഴും വിസ്മരിക്കപ്പെടുന്ന  ഒരു കാര്യമാണ്. അഗ്നിയുടെ പ്രധാന ധർമ്മമായ ജ്വലിക്കുക എന്ന വസ്തുത.

1 -  "അഗ്നിർല്ലാലായതേ യത്ര ശുദ്ധി സ്ഫ്ടികസന്നിഭഃ
തന്മുഖം യത്ര വിജ്ഞേയം ചതുരംഗുലമാനതഃ 
സർവ്വകാര്യപ്രസിദ്ധ്യർത്ഥം ജിഹ്വയാം തത്ര ഹോമയേത്"

അഗ്നി ആളികത്തണം, നിറവ്യത്യാസങ്ങളില്ലാതെ നിർമ്മലമായിരിക്കണം. നാലു അംഗുലം (മാത്രാംഗുലം) അളവിൽ കുറയാതെ ജ്വലിക്കുന്ന അഗ്നി, അഗ്നിയുടെ മുഖമാണെന്നറിയുക, സർവ്വകാര്യങ്ങളുടെയും വിശേഷ സിദ്ധിക്കായി ജിഹ്വയിൽ (ജ്വാലയിൽ) തന്നെ ഹോമിക്കണം.

ശാരദാതിലകത്തിൽ ജിഹ്വയെ കുറിച്ച് പറയുന്നു. 

2 - " യത്ര പ്രജ്വലിതാ ജ്വാലാ തത്ര ജിഹ്വാ പ്രകിർത്തിതാ"

എവിടെയാണോ അഗ്നിയുടെ ജ്വാല ഉജ്ജ്വലിച്ചു കൊണ്ടിരിക്കുന്നത് അതിനെ അഗ്നിയുടെ ജിഹ്വാ എന്നറിയപ്പെടുന്നു.

'യത്ര പ്രജാലിത ജ്വാല ജിഹ്വാ സാ ജാതവേദസഃ'
അഗ്നിയുടെ വർണ്ണത്തെപ്പറ്റി പറയുന്നു.

3 - "സ്വർണ്ണസിന്ദൂരബാലാർക്കകുങ്കുമക്ഷൗദ്രസന്നിഭഃ 
സുവർണ്ണരേതസോ വർണ്ണഃ ശോഭനഃ പരികീർത്തിതഃ " 

സ്വർണ്ണത്തിന്റെയോ ഉദയസൂര്യന്റെയോ ഉരുകിയ പൊന്നിന്റെയോ നിറമുള്ള അഗ്നി ശോഭനമാണെന്നു പറയുന്നു.  

4   :- " പ്രദക്ഷിണാസ്ത്യക്തകമ്പാഃ ശുഭ്രാഭാഃ ശിഖിനഃ ശുഭാഃ
ശുഭദാ യജമാനസ്യ  രാഷ്ട്രസ്യാപി വിശേഷതഃ" 

പ്രദക്ഷിണഗതിയോടും ഇടതൂർന്നും നല്ല ശോഭയോടുകൂടിയും കത്തുന്ന അഗ്നി യജമാനനു മാത്രമല്ല രാജ്യത്തിനും കൂടി ശുഭത്തെ നൽകുന്നുവത്രേ.

5 :- "സ്നിഗ്ധേ പ്രദക്ഷിണാവർത്തേ സുസമിദ്ധേ ഹുതശനേ
വിധുമേലലിഹാനേ  ച ഹോതവ്യം കർമ്മ സിദ്ധയേ" 

ഇടമുറിയാതെയും  പ്രദക്ഷിണമ ക്രമമായും പുകയില്ലതെയും ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഹോമാഗ്നിയിൽ പരിശുദ്ധമുള്ള സ്മിത്തുകൾ ഹോമിച്ചാൽ. കർമ്മ സിദ്ധിയുണ്ടാകും.

അഗ്നിയുടെ അംഗങ്ങൾ  

6 :- "സധൂമോഗ്നിഃ ശിരോ ജ്ഞേയഃ നിർധൂമശ്ചക്ഷുരേവ ച
ജ്വലത്കൃഷ്ണോ ഭവേത് കർണ്ണഃ കാഷ്ഠ്മഗ്നേർനസാ തഥാ
പ്രജ്വലോഗ്നിസ്തഥാ ജിഹ്വാ ഏതദേവാഗ്നിലക്ഷണം ".

ധാരളം പുകയോടുകൂടിയതാണ് അഗ്നിയെങ്കിൽ, അത് അഗ്നിയുടെ ശിരസ്സാണെന്ന്  ധരിക്കണം. തീരെ പുകയില്ലെങ്കിൽ (ജ്വലിക്കാൻ പാടില്ല) അതു കണ്ണുകളായും . കറുപ്പ് നിറത്തോടുകൂടി കത്തുന്നുവെങ്കിൽ ചെവിയാണെന്നും നല്ലവണ്ണം ജ്വലിക്കുന്നുവെങ്കിൽ നാവ് ആണെന്നും  അറിയുക.

ജിഹ്വയൊഴിച്ച് മറ്റുള്ള സ്ഥാനങ്ങളിൽ ഹോമിച്ചാലുള്ള ഫലം:- 

7 :- "കർണ്ണഹാമോ ഭവേദ്വ്യാധിർനേത്രൈരന്ധത്ത്വമീരിതം 
നാസികായാം മനഃപീഡാ മസ്ത്കേ ധനസംക്ഷയഃ 

കർണ്ണം  -  കറുത്തജ്വാല  -  വ്യാധി,
നേത്രം  -  പുകയില്ലാത്ത അഗ്നി(കനൽ) അന്ധത, 
നാസിക  - വിറകിനുപരി (കത്താത്ത തീ) മനഃപീഡ, 
ശിരസ്സ്  - പുകയോടുകൂടിയ തീ -   ധനനാശം, ദ്രവ്യനാശം. 

നന്നായി ജ്വലിക്കുന്ന അഗ്നിയിലേ ഹോമിക്കാൻ  പാടുള്ളൂ എന്നും മറിച്ചായാൽ ഫലത്തിനു വ്യതിയാനം സംഭവിക്കുമെന്നും വ്യക്തമാക്കുന്നു.

അഗ്നിയുടെ ഭാവവിശേഷങ്ങൾ. 

8 - വൈശാന്വരം സ്ഥിതം ധ്യായേത് സമിദ്ധോമേഷു ദേശികഃ  ശയാനമാജ്ജ്യഹോമേഷു, നിഷണ്ണം ശേഷവസ്തുഷു"...

സമിത്തുകൾ ഹോമിക്കുന്ന അവസരത്തിൽ അഗ്നി(ദേവത) ഇരിക്കുന്നതായും, നെയ്യു ഹോമിക്കുന്ന സമയത്ത്  കിടക്കുന്നതായും മറ്റുദ്രവ്യങ്ങൾ ഹോമിക്കുമ്പോൾ നിൽക്കുന്നതായും  ആചാര്യൻ ധ്യാനിക്കണം.

അഗ്നിക്ക് പുക സഹജമാണ് :- 

9 – “കുന്ദേന്ദുധവളാ ധൂമഃ വഹ്നേഃ പ്രോക്തഃ ശുഭാവഹഃ 
കൃഷ്ണഃ കൃഷ്ണഗതേർവർണ്ണോ യജമാനം വിനാശയാത്"

മുല്ലപൂ പോലെയോ      ചന്ദ്രനെ പോലെയോ നിറമുള്ള വെളുത്ത പുക അഗ്നിക്ക് അത്യന്തം ശുഭമാണ്.  എന്നാൽ കറുത്തതോ, കറുപ്പ് നിറം ഇടകലർന്നതോ ആയ്  പുക യജമാനനു ഹാനിയെ ചെയ്യുമത്രെ.

ഹോമാഗ്നി ഒന്നാന്തരം നിമിത്തനിർദ്ദേശകൻ കൂടിയാണ് എന്നറിയുക.  ഹോമാവസാനത്തിൽ കോരിവാർക്കുമ്പോൾ അഗ്നിയുടെ ജ്വലനത്തിന്റെ വ്യത്യാസമനുസരിച്ച് ആ ഹോമം കൊണ്ടുണ്ടാവാൻ പോകുന്നഫലത്തെയും  മനസ്സിലാക്കാൻ കഴിയും.

ജ്വാല കിഴക്കാദിയായി ചെരിഞ്ഞാലുള്ള ഫലം..

കിഴക്ക് - അഭിഷ്ട്സിദ്ധി
അഗ്നികോൺ - അഗ്നിഭയം
തെക്ക് -  മരണം ( ജീവനാശം)
നിതൃതികോൺ - വിസ്മൃതി
പടിഞ്ഞാറ് -  ശന്തി , സമാധാനം
വായുകോൺ - ശൂന്യം, നിഷ്ഫലം
വടക്ക് - മൃത്യുംജയം
ഈശ്വാനകോൺ -  ക്ഷേമം
മുകളിലേക്ക് ഊർദ്ധ്വശിഖ -  അഭിഷ്ട്സദ്ധി പെട്ടന്ന്

വളരെ വിപുലമായ പലസംഗതികളെയും ഉൾകൊളുകയും നൈമല്യത്തിന്റെയും ത്യഗത്തിന്റെയും ഉൽക്രിഷ്ട്ഭാവത്തെ  സാംശീകരിക്കുകയും സ്വച്ചമായ ജ്ഞാനത്തെ പ്രകാശിക്കുകയും ചെയ്യുന്ന അനുഷ്ടാനക്രമമാണ് ഹോമം.