ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 March 2018

യാഥാര്‍ത്ഥ്യം എന്ത്?

യാഥാര്‍ത്ഥ്യം എന്ത്?

മാക്‌സ്മുള്ളറാണ് 1853-ല്‍ ആദ്യമായി ആര്യന്‍ എന്ന പദത്തെ വംശീയമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയിലേക്കു കൊണ്ടുവന്നതെന്ന് ജൂലിയന്‍ ഹക്‌സിലി തന്റെ റെയ്‌സ് ഇന്‍ യൂറോപ്പ് എന്ന പുസ്തകത്തില്‍ വിലപിക്കുന്നു. അത് തീവ്രദേശീയവാദികളുടെയും ഉത്‌സുകരായ ചരിത്രകാരന്മാരുടെയും ഭാവനകളെ ഉദ്ദീപ്തമാക്കുകയും അവര്‍ ആര്യന്‍ വംശത്തെപ്പറ്റി വര്‍ണ്ണശബളമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു
പുരാവസ്തുശാസ്ത്രം ആര്യവംശത്തെക്കുറിച്ചോ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും വശത്തെക്കുറിച്ചോ തെളിവു നല്‍കുന്നില്ല. ഇക്കാര്യത്തില്‍ അതു പൂര്‍ണ്ണമായും നിശ്ശബ്ദമാണ്. ആര്യന്മാരുമായി ബന്ധപ്പെട്ട കാലഗണനയുടെ കാര്യത്തിലും അഭിപ്രായ ഐക്യം ഇല്ല. ഡൊണാള്‍ഡ് എ. മക്കന്‍സി പറയുന്നത് - ഈ ആക്രമണം എത്ര അളവോളം സാംസ്‌കാരികം എന്നതിനേക്കാള്‍ വംശീയമായിരുന്നു എന്നു നിശ്ചയിക്കാന്‍ വിഷമമാണ്- എന്നാണ്. മാത്രമല്ല ആദ്യമായി, ഇന്ത്യയാണ് പാശ്ചാത്യ സമൂഹങ്ങളുടെ ആദിമവംശത്തിന്റെ ജന്മദേശം, എന്ന ചരിത്ര പ്രാധാന്യമുള്ള ഒരു ഊഹാധിഷ്ഠിത സിദ്ധാന്തം ഷ്‌ളെഗല്‍ 'ലാംഗ്വേജ് ആന്‍ഡ് ദി വിസ്ഡം ഓഫ് ദി ഹിന്ദൂസ്' എന്ന തന്റെ പുസ്തകത്തില്‍ (1808) മുന്നോട്ടു വെക്കുകയും ചെയ്തു.

പ്രസിദ്ധ ഈജിപ്‌റ്റോളജിസ്റ്റും ഫിസിസിസ്റ്റും ആയ ഡോക്ടര്‍ തോമസ് യങ്ങ് 'ഇന്‍ഡോ-യൂറോപ്യന്‍' എന്ന സങ്കരപദം 1813-ല്‍ പ്രയോഗിച്ച ശേഷമാണ് ആര്യന്മാര്‍ എന്നത് ഒരു വംശത്തിന്റെ പേരായി പ്രചാരത്തില്‍ വരുന്നത്. ജര്‍മ്മന്‍ ഫിലോളജിസ്റ്റ് ആയ ക്‌ളാപ്പ്രോത്ത് 1823- ല്‍ തികച്ചും വംശീയാര്‍ത്ഥത്തില്‍  'ഇന്‍ഡോ-ജെര്‍മാനിക്' എന്ന, കുറേ ഭാഷകളുടെ കൂട്ടത്തെ സൂചിപ്പിക്കുന്ന പദമുണ്ടാക്കിയതും ഇതിന് സഹായകമായി. ഈ രണ്ടു പദങ്ങളും, ആര്യന്മാരാണ് പാശ്ചാത്യരുടെയും ഇന്ത്യക്കാരുടെയും പൊതുപൂര്‍വികര്‍ എന്ന ആശയത്തിന്റെ ഉല്‍ഭവത്തിനും വികാസത്തിനും ആധികാരികത നല്‍കാന്‍ ചരിത്രകാരന്മാരെയും ഫിലോളജിസ്റ്റുകളെയും ലിംഗ്വിസ്റ്റുകളെയും നിര്‍ബന്ധിതരാക്കി.

അതിനും മുമ്പ്, 1786-ല്‍, കല്‍ക്കട്ടാ സുപ്രീംകോടതിയുടെ ചീഫ്ജസ്റ്റിസ്സും ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന സര്‍ വില്ല്യം ജോണ്‍സ്, ഗ്രീക്ക്, ഗോഥിക്, ലാറ്റിന്‍, കെല്‍റ്റിക്, ഓള്‍ഡ് പേര്‍ഷ്യന്‍, സംസ്‌കൃതം എന്നിവ ഒരു ഭാഷാകുടംബമാണ് എന്ന കാഴ്ച്ചപ്പാട് മുന്നോട്ടു വെച്ചു. ഇത്, ഈ ഭാഷകള്‍ സംസാരിക്കുന്ന സമൂഹങ്ങള്‍ ഒരേ വംശക്കാരാകാമെന്ന നിഗമനത്തിനു വഴിവെച്ചു. ഭാഷാപരമായ സാദൃശ്യം എപ്പോഴും സാമൂഹ്യമായ ഏകതയുടെ കൃത്യമായ സമവാക്യമാകണമെന്നില്ല.

ഉദാഹരണത്തിന് മലയാളത്തിന്റെ കാര്യമെടുക്കാം. അതിന്റെ വ്യാകരണപരമായ ഘടനയുടെ വിവിധവശങ്ങള്‍ പരിശോധിച്ചാല്‍ മറ്റ് ഇന്ത്യന്‍ഭാഷകളെ അപേക്ഷിച്ച് ഇംഗ്ലീഷ് ഭാഷയുമായി അതിന് വളരെയേറെ അടുപ്പമുണ്ടെന്നു കാണാം- പ്രത്യേകിച്ചും ലിംഗം, സംഖ്യകളെക്കുറിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേരിയ വ്യത്യാസമൊഴികെയുള്ള ക്രിയാപ്രയോഗങ്ങള്‍ എന്നിവയില്‍. ഭാഷാപരമായ ഈ സാദൃശ്യം വംശീയമായ സാദൃശ്യത്തേക്കാളേറെ മലയാളികളും ഇംഗ്ലീഷുകാരും തമ്മിലുള്ള വംശീയമായ വലിയ വ്യത്യാസത്തെയാണല്ലോ കാണിക്കുന്നത്. മറ്റൊരു ഉദാഹരണമെടുക്കാം. അമേരിക്കന്‍ ഇന്ത്യക്കാര്‍, ഐസ്‌ലാന്‍ഡുകാര്‍, നീഗ്രോകള്‍ എന്നീ കൂട്ടര്‍ ഇംഗ്ലീഷാണല്ലോ മാതൃഭാഷയായ് കരുതി സംസാരിക്കുന്നത്. പക്ഷെ അവര്‍ക്ക് കെല്‍റ്റ്‌സ്, ട്യൂട്ടണ്‍സ്, ഏംഗിള്‍സ്, സാക്‌സണ്‍സ്, നോര്‍മന്‍സ് എന്നിവയുടെ സങ്കരസമൂഹമായ ഇംഗ്ലീഷുകാരുമായി വംശപരമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലല്ലോ.

മാക്‌സ്മുള്ളറാണ് 1853-ല്‍ ആദ്യമായി ആര്യന്‍ എന്ന പദത്തെ വംശീയമായ അര്‍ത്ഥത്തില്‍ ഇംഗ്ലീഷ് ഭാഷയിലേക്കു കൊണ്ടുവന്നതെന്ന് ജൂലിയന്‍ ഹക്‌സിലി തന്റെ റെയ്‌സ് ഇന്‍ യൂറോപ്പ് എന്ന പുസ്തകത്തില്‍ വിലപിക്കുന്നു. അത് തീവ്രദേശീയവാദികളുടെയും ഉത്‌സുകരായ ചരിത്രകാരന്മാരുടെയും ഭാവനകളെ ഉദ്ദീപ്തമാക്കുകയും അവര്‍ ആര്യന്‍ വംശത്തെപ്പറ്റി വര്‍ണ്ണശബളമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. ശാസ്ത്രജ്ഞരുടെയും മാനുഷിക മൂല്യവാദികളുടെയും, ആര്യന്‍ വംശത്തിന്റെ പ്രത്യേകതകള്‍ വിശദീകരിക്കുവാന്‍ കഴിയുമോ എന്ന വെല്ലുവിളികളെ നേരിടേണ്ടിവന്നപ്പോള്‍, മുപ്പത്തിയഞ്ചുവര്‍ഷത്തിനു ശേഷം, വിചക്ഷണനായ മാക്‌സ്മുള്ളര്‍, 1888-ല്‍, വംശീയാര്‍ത്ഥത്തിലല്ല സാധര്‍മ്മ്യമുള്ള കുറെ ഭാഷകളുടെ കൂട്ടം എന്ന അര്‍ത്ഥത്തിലാണ് താന്‍ ആ പദത്തെ പ്രയോഗിച്ചത് എന്ന ശക്തവും വ്യക്തവുമായ വിശദീകരണം നല്‍കുകയുണ്ടായി.

മാക്‌സ്മുള്ളറുടെ വിശദീകരണം ഇപ്രകാരമായിരുന്നു - നിറവും രക്തവും എന്തുതന്നെയായാലും ആര്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ആര്യന്‍മാര്‍. ആര്യന്‍മാര്‍ എന്നവരെ വിളിക്കുന്നത് അവരുടെ ഭാഷയുടെ വ്യാകരണം ആര്യന്‍ ആയതുകൊണ്ടാണ്, മറ്റൊരര്‍ത്ഥത്തിലുമല്ല. ഞാന്‍ ആര്യന്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് രക്തമോ, എല്ലോ, തലമുടിയോ, തലയോട്ടിയോ അല്ല തികച്ചും ആര്യന്‍ഭാഷ സംസാരിക്കുന്നവരെന്നു മാത്രമാണ് എന്നു വീണ്ടും വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഡോലിക്കോസഫാലിക് ഡിക്ഷ്ണറിയെക്കുറിച്ചോ ബ്രാക്കിസെഫാലിക് വ്യാകരണത്തെക്കുറിച്ചോ (രണ്ടും മനുഷ്യന്റെ തലയോട്ടിയുടെ ആകൃതിയെ വിശദമാക്കുന്ന ശരീരശാസ്ത്രഭാഗം) പറയുന്ന ലിംഗ്വിസ്റ്റി (ഭാഷാശാസ്ത്രജ്ഞന്‍) നേപ്പോലെ, ആര്യന്‍ വംശം, ആര്യന്‍ രക്തം, കണ്ണുകള്‍, തലമുടി എന്നെല്ലാം പറയുന്ന ഒരു വംശശാസ്ത്രജ്ഞന്‍ (എത്‌നോളജിസ്റ്റ്) പാപിയാണ്.

പക്ഷേ, ആര്യവംശത്തെ ചൊല്ലി നടന്ന ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയില്‍ മാക്‌സ്മുള്ളറുടെ വിശദീകരണം പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയില്ല. ആര്യന്‍വാദത്തെ ആത്മാര്‍ത്ഥമായി വിശ്വസിച്ച പലരും ആര്യന്മാരുടെ യഥാര്‍ത്ഥദേശം അന്വേഷിച്ചുപോയി. എത്‌നോളജിയുടെയും ഫിലോളജിയുടെയും സക്രിയ വിദ്യാര്‍ത്ഥിയായിരുന്ന ഡോക്ടര്‍ റോബര്‍ട്ട് ഗോള്‍ഡന്‍ ലാത്തം, 1851-നു ശേഷം, പടിഞ്ഞാറുഭാഗത്തുള്ള അവ്യക്തമായ ഏതോ പ്രദേശമാണെന്നു കണ്ടെത്തി. 1887-ല്‍ പ്രൊഫസര്‍ എ. എച്ച്. സെയ്‌സ്, മാഞ്ചസ്റ്ററിലെ ബ്രിട്ടീഷ് അസോസിയേഷനു വേണ്ടി ചെയ്ത ആന്ത്രോപ്പോളജി സംബന്ധമായ തന്റെ പ്രഭാഷണത്തില്‍, ആര്യന്‍ ഭാഷകളുടെ തൊട്ടില്‍ യൂറോപ്പാണെന്ന് അവകാശപ്പെട്ടു. സ്വീറ്റ് ഹെന്റ്‌റി പറയുന്നത് ആര്യന്‍ ആദിമമാതൃക, സ്വീഡനിലെ ഗ്രാമജില്ലകളില്‍ വിശ്വസ്തതയോടെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട് എന്നാണ്. ഹിസ്റ്ററി ഓഫ് ലാംഗ്വേജസ് എന്ന തന്റെ പുസ്തകത്തില്‍ ഇദ്ദേഹം പറയുന്നു- അവര്‍ ഏഷ്യന്‍വംശം ആയിരുന്നു എന്നു മാത്രമല്ല യൂറോപ്പിലെ ആദിമനിവാസികളായ ശിലായുഗത്തിലെ പ്രാകൃത (സാവേജസ്) രുടെ പിന്‍മുറക്കാരുമായിരുന്നുവെന്നും എല്ലാ തെളിവുകളും ഏതാണ്ടു ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ അവസാനം സ്വീറ്റ് ഹെന്റ്‌റി പറയുന്നത് ആര്യന്മാരുടെ തൊട്ടുമുമ്പുള്ള തലമുറ ഒരു സങ്കരവംശമായിരുന്നു എന്നുമാണ്.

അതിനാല്‍ ചില വംശശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും പാശ്ചാത്യ വംശലക്ഷണവും ആര്യന്‍ ഭാഷയുടെ പ്രത്യേകതകളും ചേര്‍ക്കാനുതകുന്ന  തരത്തിലുള്ള കുറിയ തലയുള്ള ആര്യന്‍ ജനതയെ സൃഷ്ട്ക്കാന്‍ പരിശ്രമിച്ചു. ഭാഷാപരമായി ആര്യന്‍ എന്നു കരുതാവുന്ന പല സമൂഹങ്ങളും വംശപരമായി ഒന്നാകണമെന്നില്ല. അതുകൊണ്ട് ആര്യന്‍ വംശം എന്നത് തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്ന് പ്രൊഫസര്‍ കിര്‍ച്ചോവ് തീര്‍ത്തു പറയുന്നു. ശാസ്ത്രീയമായി ആര്യന്‍ എന്ന പദം ദ്രവീഡിയന്‍ എന്നതുപോലെ ഭാഷാപരമാണ്. വംശപരമല്ല. പക്ഷേ സര്‍വസാധാരണമായി ആര്യന്‍ ഭാഷ സംസാരിക്കുന്ന ഒരു ജനത എന്നര്‍ത്ഥം അതിനു വന്നു ചേര്‍ന്നു  എന്ന് ഡബ്ല്യു. എച്ച്. മോര്‍ലാന്റും പറയുന്നു.

29 March 2018

കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രങ്ങൾ

കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രങ്ങൾ

” സര്‍വത പാണി ചരണേ
സര്‍വതോക്ഷി ശിരോമുഖേ
സര്‍വത ശ്രവണ ഘ്രാണേ
നാരായണി നമോസ്തുതേ”

ദേവിയുടെ കരചരണങ്ങളും ശിരോമുഖവും ശ്രവണഘ്രാണേന്ദ്രിയങ്ങളും എങ്ങും വ്യാപിച്ചു നില്‍ക്കുന്നു. മനുഷ്യനിലെ ചാലകശക്തിയായി ഊര്‍ജ്ജമായി എങ്ങും നിറഞ്ഞുനില്‍കുന്ന ദേവിയെ  നമുക്കും പ്രാത്ഥിക്കാം…

പനച്ചിക്കാട് സരസ്വതി ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. അതിപുരാതനമായ സരസ്വതിക്ഷേത്രമാണ്. ഇവിടെ പ്രധാന പ്രതിഷ്ഠയായി മഹാ വിഷ്ണുവും കുടികൊളളുന്നു. മഹാവിഷ്ണുവിനെ തൊഴുത തിനു ശേഷമാണ് സരസ്വതിയെ തൊഴുന്നത്. വളളിക്കുടിലിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലു സൈഡിലും ചുറ്റുമതിൽ കെട്ടിയിട്ടുളളതുകൊണ്ട് അവിടെ നിന്നു ആൾക്കാർക്ക് തൊഴാൻ സാധിക്കും. മൂകാംബിക ദേവിയാണ് പനച്ചിക്കാട് കുടി കൊളളുന്നത്. ഓലക്കുടയിൽ കുടിയിരുന്ന ദേവിയെ കാടിനകത്തു കിടന്ന ഒരു വിഗ്രഹത്തിലേക്ക് ആവാഹിക്കുകയായിരുന്നു. വളളികളാൽ മൂടിക്കിടക്കുന്നതു കൊണ്ട് കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു,. വിഗ്രഹം സ്പഷ്ടമായി കാണാൻ പ്രയാസമാണ്. പണ്ട് ചില ദിവ്യന്മാർ പൂജിച്ച വിഗ്രഹമായതിനാൽ ആ വിഗ്രഹത്തെ പൂജ ചെയ്യാൻ തപശക്തിയുളളവർ ഇല്ലാ എന്നാണ് പറയുന്നത്. അതിനാൽ ദേവിയെ ആവാഹിച്ചു കിഴക്കോട്ട് ദർശനമായി ഇരുത്തിയാൽ മതിയെന്നായിരുന്നു. അതുകൊണ്ട് പടിഞ്ഞാറോട്ട് ദർശനമായി ഒരു അർച്ചനാബിംബം കൂടി സ്ഥാപിക്കണമെന്നും, പൂജാ നിവേദ്യമെല്ലാം ആ ബിംബത്തിൽ അർപ്പിച്ചാൽ മതിയെന്നുമാണ് അരുളപ്പാടുണ്ടായത്. ദേവിയോടൊപ്പം ഇവിടെ യക്ഷിയമ്മയ്ക്കും പ്രാധാന്യമുണ്ട്. കാട്ടിൽ നിന്നു വിഗ്ര ഹമെടുക്കണമെങ്കിൽ അവിടെ പാർത്തിരുന്ന യക്ഷിയെ പ്രീതിപ്പെടുത്തണമായിരുന്നു. യക്ഷിക്ക് ഒരു നിവേദ്യം അർപ്പിച്ചതിനു ശേഷമാണ് ദേവിയെ ആവാഹിക്കാനുളള വിഗ്രഹം കാട്ടിൽ നിന്നെടുക്കാൻ കഴിഞ്ഞത്. ക്ഷേത്രത്തിലെ ഇലഞ്ഞിയുടേയും ഏഴിലം പാലയുടേയും കീഴിലാണ് യക്ഷി കുടികൊളളുന്നത്. അതുകൊണ്ട് ക്ഷേത്രത്തിൽ വരുന്ന ഭക്തർ യക്ഷിയേയും തൊഴണം എന്നാണ്. ഇവിടെ ഭജനയിരിക്കുന്നവർ ആദ്യം യക്ഷി യമ്മക്ക് ഒരു വറനിവേദ്യം അർപ്പിച്ചാണ് ഭജനയിരിക്കാൻ തുടങ്ങുന്നത്. നിരവധി ആളുകളാണ് ഈ പുണ്യസ്ഥലത്ത് ദർശനത്തിനായും കലാപരിപാടികൾ അവതരിപ്പിക്കുവാനും എത്തുന്നത്.‍

വടക്കും പറവൂർ ശ്രീമൂകാംബിക ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
പനച്ചിക്കാട് പോലെ തന്നെ കേരളത്തിൽ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ശ്രീമൂകാംബിക ക്ഷേത്രം. വെളളവസ്ത്രമുടുത്തു വെളളത്താമരയിലിരിക്കുന്ന സരസ്വതി ദേവിയാണ് ഇവിടെ കുടികൊളളുന്നത്. ഇടതു കൈകളിൽ വെളളത്താമരയും, ഗ്രന്ഥവും വലതുകൈകളിൽ അക്ഷരമാലയും വ്യഖ്യാനമുദ്രയുമാണ് ദേവിക്കുളളത്. പണ്ട് പറവൂർ വാണിരുന്ന തമ്പുരാൻ കൊല്ലൂർ മൂകാംബിക ഭക്തനായിരുന്നു, അദ്ദേഹത്തിനു പ്രായം ഏറെ ആയപ്പോൾ കൊല്ലൂരിലേക്കുളള യാത്ര ബുദ്ധിമുട്ടായി. അങ്ങനെ ഒരു ദിവസം മൂകാംബിക ദേവി സ്വപ്നത്തിൽ വന്നു ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചു കൊളളാൻ അനുഗ്രഹവും കൊടുത്തു. അങ്ങനെയാണിവിടെ ക്ഷേത്രം വന്നത്. ഇവിടെ ശ്രീകോവിലിനു ചുറ്റും താമരക്കുളമാണ്. സൗപർണ്ണികാ നദിയുടെ സങ്കല്പമാണിതെന്നു പറയുന്നു, ഇന്നിവിടെ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.

തട്ടാരമ്പലം സരസ്വതി ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ആയിരം വര്‍ഷത്തോളം പഴക്കമുളള ക്ഷേത്രമാണിത്. ഓടനാട് രാജാവ് പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിൽ നിന്നുളള ഒരു സ്വർണ്ണപ്പണിക്കാരനാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയുന്നു. ഉണ്ണുനീലി സന്ദേശത്തിൽ ഈ സ്ഥലത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. മാവേലിക്കരക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ടി.വി. പുരം സരസ്വതി ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
കോട്ടയം ജില്ലയിലെ വൈക്കം ഭാഗത്താണ് ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ദേവി ഹംസത്തിന്റെ പുറത്തു ഇരിക്കുന്നതായാണ് സങ്കല്പം. കൈകളിൽ വീണയും അക്ഷരമാലയും ഗ്രന്ഥവും അമൃത കുംഭവും പിടിച്ചിരിക്കുന്നു.

വടക്കുംകൂർ മൂകാംബിക ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു സരസ്വതി ക്ഷേത്രമാണിത്. വീണാപാണിയായ സരസ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മൂകാംബികയിൽ നിന്നു ദേവി ഇവിടെ വന്നതായാണു പറയപ്പെടുന്നത്. വടക്കുകൂർ രാജവംശത്തിന്റെ ക്ഷേത്രമാണ്. ഇവർ കൊല്ലൂർ മൂകാംബിക ഭക്തരായിരുന്നു.

പദ്മനാഭപുരം തേവർക്കെട്ട് സരസ്വതി ക്ഷേത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
അനന്തപുരിയുടെ ഭക്തിനിർഭരമായ ആഘോഷമാണ് നവരാത്രി ദിനങ്ങള്‍. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാ ളാണ് ഈ ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്. പദ്മനാഭ പുരം കൊട്ടാരത്തിനുളളിലെ ക്ഷേത്രമാണ് തേവർക്കെട്ട് സരസ്വ തി ക്ഷേത്രം. ക്ഷേത്രത്തോടനുബന്ധിച്ച് നവരാത്രി മണ്‌ഡപവും സ്ഥിതി ചെയ്യുന്നു. എല്ലാവർഷവും നവരാത്രി പൂജക്കായി സര സ്വതി ദേവി കൊട്ടാരത്തിൽ നിന്നു പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നെളളുന്നു. ദേവിയെ അനുഗമിക്കാൻ വെളളിമല യിൽ നിന്നു സുബ്രഹ്മണ്യ സ്വാമിയും ശുചീന്ദ്രത്തുനിന്നു മുന്നോട്ടി നങ്കയും എത്തുന്നു. പദ്മനാഭപുരത്തെ നവരാത്രി മണ്ഡപത്തിൽ ഈ ദേവതകളെയും പൂജിക്കുന്നു. കൂടെ ഉടവാളും, ഗ്രന്ഥങ്ങളും പൂജിക്കുന്നു, അനന്തപുരിയിലെത്തുന്ന സരസ്വ തി ദേവിയെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഗോപുരത്തിലുളള നവരാത്രി മണ്ഡപത്തിലാണ് പൂ‌ജിക്കുന്നത്. നവരാത്രിയോടനുബന്ധപ്പെടുത്തി സ്വാതിതിരുനാൾ ഒന്‍പത് രാഗങ്ങളിൽ ഒൻപത് കീർത്തനങ്ങള്‍ രചിച്ചിട്ടുണ്ട്.

ഉപദേശ കഥ അഗ്നി സ്വരൂപൻ

ഉപദേശ കഥ അഗ്നി സ്വരൂപൻ

അന്നത്തെ സന്ധ്യാവന്ദനം കഴിഞ്ഞു് ശിഷ്യന്മാർ ഗുരുവിനു ചുറ്റും കൂടിയിരിക്കയാണ്. ഗുരു  ഓരോരുത്തരോടും വിശേഷങ്ങൾ തിരക്കി.കൂട്ടത്തിലൊരു ശിഷ്യൻ എഴുന്നേറ്റു ഗുരുവിനെ വണങ്ങിക്കൊണ്ടു പറഞ്ഞു "ഭഗവൻ ഈ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയുണ്ടല്ലോ അവർ എന്നെ ഒരു മാസം കൂടെത്താമസിക്കാൻ  ക്ഷണിച്ചിരിക്കുന്നു."
"അതിനെന്താ ഒരാൾ ക്ഷണിച്ചതല്ലേ നീ തീർച്ചയായും പോണം" ഗുരു ചിരിച്ചു കൊണ്ട് പറഞ്ഞു.
  ഇതു കേട്ട് മറ്റു ശിഷ്യന്മാർ ഞെട്ടി! സർവ്വം മായയാണന്നു പറയുന്ന ഗുരു നേർവഴി പറഞ്ഞു കൊടുക്കുന്നതിനു പകരം ശിഷ്യനെയിതാ തെറ്റിലേക്ക് നയിക്കുന്നു. ഒരു പിറുപിറുക്കൽ ശബ്ദം ശിഷ്യന്മാരുടെ ഇടയിൽ വ്യാപിച്ചു. അവരിൽ ഒരുവൻ എണീറ്റ് ഗുരുവിനോടു ചോദിച്ചു:
       "
"ആചാര്യാ അങ്ങ് അവളോടൊപ്പം ഇതുപോലെ കഴിയാൻ എന്നെയും അനുവദിക്കുമോ?"
ഇല്ല ...! പെട്ടെന്നായിരുന്നു ഗുരുവിന്റെ മറുപടി -
"കാരണം നിന്നെയവൾ ക്ഷണിച്ചിട്ടില്ലല്ലോ."

പിന്നെ ആരും ഒന്നും പറഞ്ഞില്ല. വേശ്യ യോടൊപ്പം കഴിയാൻ അനുവാദം കിട്ടിയ ശിഷ്യൻ തന്റെ ഭാണ്ഡവും മുറുക്കി അങ്ങോട്ടു നടന്നു. ശിഷ്യന്മാരിൽ ചിലർ കൊതിയോടെയും മറ്റു ചിലർ ആശങ്കയോടെയും അയാളുടെ യാത്ര നോക്കി നിന്നു.' അവളോടൊപ്പം കഴിയുന്ന അവന് കൺട്രോളു കിട്ടുമോ? മഹാപാപത്തിൽ വീഴില്ലേ എന്നൊക്കെചിലർ സന്ദേഹിച്ചു.
    കൃത്യം ഒരു മാസം കഴിഞ്ഞതിന്റെ പിറ്റേന്നു' വേശ്യയുടെ ആതിഥ്യം സ്വീകരിച്ചു പോയ ശിഷ്യൻ മടങ്ങി വന്നു., ഒപ്പം ആ സ്ത്രീയുമുണ്ടായിരുന്നു.അവർ ഗുരുവിനെ നമസ്കരിച്ചു''....!മറ്റു ശിഷ്യന്മാർ നോക്കുമ്പോൾ ആ വേശ്യയും കാഷായം ധരിച്ച് സന്യാസിനിയായി
രിക്കുന്നു.!ഗുരു അവരെ രണ്ടു പേരെയും സ്വീകരിക്കുകയും ആ സ്ത്രീയെ സന്യാസി സംഘത്തിൽ ചേർക്കുകയും ചെയ്തു.
നോക്കൂ ! പുരാണത്തിൽ സ്പർശനമണിയെന്നൊരു രത്നത്തെക്കുറച്ചു പറയുന്നുണ്ട്... ആ രത്നം സ്പർശിക്കുന്നതെല്ലാം രത്നങ്ങളായിത്തീരുമത്രേ!
ഈ ശിഷ്യനും അങ്ങനെയുള്ള ഒരു സ്പർശനമണിയാണ്. അയാൾ ഒരു മാസം വേശ്യയോടൊത്തു പാർത്തപ്പോൾ ചീത്തയായില്ല പകരം അവരെ നേർവഴിയിലേക്ക് നയിച്ചു ' ജലത്തിൽ മാലിന്യം വീണാൽ ജലം അശുദ്ധമാകും' എന്നാൽ അഗ്നിയിൽ എന്തു വീണാലും അത് ശുദ്ധമാകും. അതു കൊണ്ടാകാം ഈശ്വരനെ അഗ്നി സ്വരൂപൻ എന്നു വിളിക്കുന്നത്. തന്നോടു ചേരുന്ന എന്തിനേയും നന്മയിലേക്കു നയിക്കുന്നവനാണ് ശ്രേഷ്ഠൻ! അഗ്നി സ്വരൂപൻ!

ഭജഗോവിന്ദം

ഭജഗോവിന്ദം

ശങ്കരാചാര്യസ്വാമികളുടെ പ്രസിദ്ധമായ 'ഭജഗോവിന്ദം' ഫിലോസഫി  എല്ലാവരും കേട്ടുകാണും.  സംസ്കൃതത്തിൽ നിന്നുളള പദാനുപദ വിവർത്തനമാണ് താഴെ കൊടുത്തിരിക്കൂന്നത് :-

ഭജ ഗോവിന്ദം (മോഹമുദ്‌ഗരം)

1.ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സംപ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

(അല്ലയോ മൂഢാത്‌മാവേ, നീ വ്യാകരണവും മറ്റും പഠിച്ച്‌ പഠിച്ച്‌ നിന്റെ സമയം കളയാതെ, ഉള്ള സമയം കൊണ്ട്‌ ഗോവിന്ദനെ ഭജിക്കുക. നിനക്കു മരണമടുക്കുന്ന നേരത്ത്‌ ഈ വ്യാകരണങ്ങളോ നീ അനുശീലിച്ച അഭ്യാസങ്ങളോ നിനക്ക്‌ തുണയുണ്ടാകില്ല, ഗുണവും ചെയ്യില്ല. ആയതിനാല്‍ നിനക്കു കിട്ടിയിരിക്കുന്ന സമയത്ത്‌ നീ നിന്റെ മൌഢ്യം ഉപേക്ഷിച്ച്‌ ഈശ്വരനെ ഭജിക്കുക.)

2.മൂഢജിഹീഹി ധനാഗമതൃഷ്ണാം
കുരു സദ്‌ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസോ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

(അല്ലയോ മൂഢനായ മനുഷ്യാത്‌മാവേ, നീ നിന്റെ ഭൌതികലാഭങ്ങളിലുള്ള അടങ്ങാത്ത ആഗ്രഹത്തെ വെടിയുക. ധനം ആര്‍ജ്ജിക്കാനുള്ള മോഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ അദ്ധ്വാനം കൊണ്ടും വിയര്‍പ്പു കൊണ്ടും നേടുന്നതില്‍ മാത്രം സന്തോഷമുള്ളവനായിരിക്കുക. ധനത്തോടുള്ള അത്യാഗ്രഹത്തില്‍, അതിന്റെ പിന്നാലേ പായാതെ, നീ ഈശ്വരനെ ഭജിക്കുക.)

3.നാരീ സ്‌തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

(സ്‌ത്രീകളുടെ സ്‌തനം, ഗുഹ്യപ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച്‌ പേര്‍ത്തും പേര്‍ത്തും ചിന്തിച്ച്‌ അവയില്‍ അമിതമായ മോഹമോ ആവേശമോ സൂക്ഷിക്കാതിരിക്കുക. എന്തെന്നാല്‍ ശരീരത്തിലെ മറ്റ്‌ അവയവങ്ങളെപ്പോലെ അവയും മാംസത്താല്‍ നിര്‍മ്മിച്ചിരിക്കുന്നവ മാത്രമാണ്‌. എല്ലാ സമയവും ഇതിനെക്കുറിച്ചോര്‍ത്ത്‌ സമയം കളയാതെ, ഉള്ള സമയത്ത്‌ മോക്ഷത്തിനായി ഈശ്വരനെ ഭജിക്കുക.)

4.നളിനീ ദളഗതജലമതിതരളം
തദ്ദ്വജ്ജീവിതമതിശയചപലം
വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ്‌ മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്‌. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത്‌ ഈശ്വരനെ ഭജിച്ച്‌ മോക്ഷം നേടുക.)

5.യാവദ്‌ വിത്തോപാര്‍ജ്ജനസക്ത-
സ്‌താവന്നിജപരിവാരോ രക്ത:
പശ്‌ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോപി ന പൃച്‌ച്ഛതി ഗേഹേ

(എന്നു വരെ നീ ധനം സമ്പാദിക്കാന്‍ ആരോഗ്യമുള്ളവനായിരുക്കുന്നുവോ അത്രയും കാലം മാത്രമേ നിന്നോട് എല്ലാവര്‍ക്കും സ്‌നേഹവും ഔല്‍സുക്യവുമുണ്ടായിരുക്കുകയുള്ളൂ. നീ സമ്പാദിക്കാന്‍ കഴിവില്ലാതാകുന്നതോടെ, നിന്റെ സ്വന്തം ബന്ധുക്കളാലും, മിത്രങ്ങളാലും പരിവാരങ്ങളാലുമൊക്കെ നീ പരിത്യജിക്കപ്പെടുന്നു.)

6.യാവത്‌ പവനോ നിവസതി ദേഹേ
താവത് പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൌ ദേഹാപായേ
ഭാര്യാം ബിഭൃതി തസ്‌മിന്‍ കായേ

(ശരീരത്തില്‍ ആത്‌മാവ്‌ നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാവരും നിന്നോട്‌ സ്‌നേഹവും സൌഖ്യവുമുള്ളവരായിരിക്കുന്നു. വായുരൂപത്തിലുള്ള ആത്‌മാവ്‌ നിന്റെ ശരീരത്തില്‍ നിന്നും അകന്നു പോകുന്നതോടെ നീ കേവലം ജഡമാകുന്നു. ഇന്നലെവരെ പുണര്‍ന്നുറങ്ങിയിരുന്ന നിന്റെ ഭാര്യ പോലും പിന്നെ നിന്റെ ശരീരത്തെ ഭയക്കുന്നു.)

7.അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്തി തത: സുഖ ലേശ: സത്യം
പുത്രാദപി ധനഭാജാം ഭീതി:
സര്‍വ്വത്രൈഷാ വിഹിതാ രീതി

(ധനമാണ്‌ ഒരുവന്റെ എല്ലാ നാശത്തിന്റേയും ഭയത്തിന്റേയും കാരണം. ഈ ഒരു സത്യത്തെ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്. ധനം ഒരുവനെ ശാശ്വതമായ സന്തോഷത്തിലേക്ക്‌ ഒരിക്കലും നയിക്കുന്നില്ല. ധനവാന്‍ സ്വന്തം പുത്രനെപ്പോലും ഭയക്കുന്നു. ഈ അവസ്ഥ സാര്‍വജനികമാണ്‌. ലോകത്തെവിടേയും ഇതു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും.)

8.ബാലസ്‌താവത്‌ ക്രീഡാസക്താ
തരുണസ്‌താവത്‌ തരുണീസക്താ
വൃദ്ധസ്‌താവത്‌ ചിന്താസക്താ
പരമേ ബ്രഹ്മണി കോപി ന സക്ത:

(ബാല്യകാലത്ത്‌ ഒരുവന്‍ കളികളില്‍ ആസക്തിയുള്ളവനായിരിക്കുന്നു. യൌവ്വനകാലത്ത്‌ സ്‌ത്രീകളിലും ഭോഗക്രിയകളിലും ആസക്തനായിരിക്കുന്നു. വാര്‍ദ്ധക്യകാലത്ത്‌ തന്റെ മക്കളുടേയും ഭാര്യയുടേയും ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുമോര്‍ത്തുള്ള വ്യാധിയില്‍ മുഴുകിയിരിക്കുന്നു. ജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നീ ദു:ഖ ഹേതുവായി മുഴുകിവെച്ചിരിക്കുന്നതിനാല്‍ ഒരിക്കല്‍ പോലും തന്റെ ചിന്തകളെ ഈശ്വരഭജനത്തിനായി അവന്‍ മാറ്റിവെക്കുന്നില്ല.)

9.കാ തേ കാന്ത: കസ്‌തേ പുത്ര:
സംസാരോ: യ: മതീവ വിചിത്രം
കസ്യ: ത്വം ക: കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാത:

(യാഥാര്‍ഥ്യത്തെ ചിന്തിച്ചാല്‍ നിന്റെ ഭാര്യ, നിന്റെ പുത്രന്‍, പുത്രി, ഇവരൊക്കെ നിനക്ക്‌ ആരാണ്‌? ഇതു കേവലം വിചിത്രമായ ചില സംസാരബന്ധനങ്ങള്‍ മാത്രമാണ്‌. നീ എവിടെ നിന്നാണ്‌ വന്നത്? നീ ആരുടേതാണ്‌? ഇതൊന്നും സ്വയം ചിന്തിക്കാതെ, അല്ലയോ സോദരാ, ഇത്തരം സംസാരവൈചിത്ര്യങ്ങളില്‍ മനമുടക്കി സമയം പാഴാക്കാതെ ഈശ്വരനെ ഭജിക്കുക.)

10.സത്‌സംഗത്വേ നിസ്സംഗത്വം
നി:സംഗത്വേ നിര്‍മോഹത്വം
നിര്‍മോഹത്വേ നിശ്‌ചലതത്ത്വം
നിശ്‌ചലതത്ത്വേ ജീവന്‍ മുക്തി:

(സദ്‌ജനങ്ങളുമായുള്ള സംസര്‍ഗ്ഗത്താല്‍ മാത്രമേ ഇത്തരം മോഹിതമായ സംസാരബന്ധനങ്ങളില്‍ നിന്നും മോചനം ലഭിച്ച്‌ നിസ്സംഗതയിലേക്കെത്താന്‍ പറ്റുകയുള്ളൂ. ഈ നിസ്സംഗാവസ്ഥയിലെത്തിയാല്‍ ജടിലമായ മോഹങ്ങളെ അതിജീവിക്കാന്‍ കഴിയും. ഈ മോഹങ്ങളെ അതിജീവിക്കുന്നതോടെ, ശാശ്വതമായ തത്വത്തെ അറിയാന്‍ കഴിയും, അതു വഴി മാത്രമേ ഒരുവനു ജീവിത മുക്തി ലഭിക്കുകയുള്ളൂ.)

11.വയസി ഗതേ ക: കാമവികാര:
ശുഷ്‌കേ നീരേ ക: കാസാര:
ക്ഷീണേ വിത്തേ ക: പരിവാരോ
ജ്ഞാതേ തത്ത്വേ ക: സംസാര:

(യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല.)

12.മാ കുരു ധനജന യൌവ്വനപര്‍വ്വം
ഹരതി നിമേഷാത്‌ കല: സര്‍വ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ

(ഇഹലോകത്തെ സുഖസൌകര്യങ്ങളും സന്തോഷങ്ങളും യുവത്വവും ഒക്കെ
ഇന്ദ്രജാലങ്ങള്‍ പോലെ കേവലം നൈമിഷികമായി പ്രത്യക്ഷപ്പെടുന്നവയാണ്‌. ഇതെല്ലാം ഒന്നിനു ശേഷം മറ്റൊന്നെന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം മായകളില്‍ വഞ്ചിതരാകാതെ, ഈശ്വരനെ ഭജിച്ച്‌ മോക്ഷപദം സ്വീകരിക്കുക.)

13.ദിനയാമിന്യൌ സായം പ്രാത:
ശിശിരവസന്തൌ പുനരായാത:
കല: ക്രീഡതി ഗച്ഛത്യായു:
തദപി ന മുഞ്ചത്യാശാവായു:

(പകലും രാത്രിയും, പ്രഭാതവും പ്രദോഷവും , ശിശിരവും, വസന്തവും മാറി മാറി വന്നും പോയുമിരിക്കും. കാലം മനുഷ്യനെ ഇങ്ങനെ കളിപ്പിക്കുന്നതിനൊപ്പം അവന്റെ ആയുസ്സും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളുടെ പിടി വിടാതെ, മോഹങ്ങളില്‍ നിന്നും അവനെ വിടുവിക്കാതെ കാലത്തിന്റെ കൈകളിലെ കളിപ്പാട്ടമായിരിക്കുന്നു. ഇതിനിടയില്‍ മോക്ഷത്തെക്കുറിച്ച്‌ ചിന്തിക്കുന്നതേ ഇല്ല.)

14.കാ തേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജനസംഗതിരേകാ
ഭവതി ഭവാര്‍ണ്ണവതരണേ നൌകാ.

(ഹേ മൂഢാത്മാവേ, നീ പോലും നിന്റെ നിയന്ത്രണത്തിലല്ലാത്തയിടത്ത്‌ പരമമായ സത്യത്തെ അന്വേഷിക്കാതെ നീ എന്തിനാണ്‌ നിന്റെ ഭാര്യയെക്കുറിച്ചും, സ്വത്തിനേക്കുറിച്ചും ഇത്രയേറെ വ്യാകുലപ്പെട്ടു ജീവിക്കുന്നത്‌? ഈ മൂന്നുലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗവും ഈശ്വരഭക്തിയും ഒഴിച്ച്‌ മറ്റൊന്നും ജീവിതമാകുന്ന കടല്‍കടക്കാന്‍ നിന്നെ സഹായിക്കുകയില്ല.)

15.ജടിലോമുണ്ഡീ ലുഞ്ചിത കേശ:
കാഷായാംബര ബഹുകൃതവേഷാ:
പശ്യന്നപി ച ന പശ്യതി മൂഢ:
ഉദര നിമിത്തം ബഹുകൃത വേഷം

(ശിരസ്സില്‍ ജട പിടിപ്പിച്ചും തല മുണ്ഡനം ചെയ്തും കാഷായവസ്ത്രം ധരിച്ചുമൊക്കെ ആളുകളുണ്ട്‌. അവര്‍ക്കൊക്കെ കണ്ണുകളുണ്ടെങ്കിലും അവര്‍ കാണേണ്ടതു കാണുന്നില്ല. ഇവര്‍ ഉദരപൂരണത്തിനായി പല തരം വേഷം കെട്ടി ലോകത്തെ കബളിപ്പിക്കുകയാണ്‌. സന്യാസമെന്നത്‌ പുറമെ കാണിക്കുന്ന മോടികളിലല്ല, അത്‌ ശാശ്വതമായ സത്യത്തെ കണ്ടെത്തലിലൂടെ മാത്രമേ സാധിതമാകുന്നുള്ളൂ.)

16.അംഗം ഗളിതം പലിതം മുണ്ഡം
ദശനവിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാപിണ്ഡം.

(പ്രായാധിക്യത്താല്‍ ശരീരം വളഞ്ഞുപോകുന്നു, തലമുടി നരയ്‌ക്കുന്നു, വായിലെ പല്ലുകള്‍ എല്ലാം കൊഴിഞ്ഞു പോകുന്നു. വടിയുടേയോ പരസഹായമില്ലാതെയോ നിവര്‍ന്നു നില്‍ക്കാനാകുന്നില്ല..എന്നിട്ടും മനുഷ്യന്‍ അവന്റെ ആഗ്രഹങ്ങളില്‍ നിന്നും ഒട്ടും പിന്നോട്ടു പോകുന്നില്ല. )

17.അഗ്രേ വഹ്‌നി, പൃഷ്‌ഠേ ഭാനു:
രാത്രൌ ചിബുക സമര്‍പ്പിത ജാനു:
കരതലഭിക്ഷ, സ്തരുതല വാസ:
തദപി ന മുഞ്ചത്യാശാപാശ:

(കയറിക്കിടക്കാനിടമില്ലാത്തവെങ്കിലും, മരത്തിന്റെ കീഴെ വസിക്കുന്നവനാണെങ്കിലും, ഭിക്ഷ എടുത്ത്‌ ജീവിക്കുന്നവനാണെങ്കിലും, രാത്രിയില്‍ പുതക്കാനില്ലാതെ താടി മുട്ടോടു ചേര്‍ത്തുറങ്ങേണ്ട ഗതികേടുള്ളവനാണെങ്കിലും, അവന്‍ ആശയില്‍നിന്നോ, ആഗ്രഹങ്ങളില്‍ നിന്നോ പിന്നോട്ടു പോകാതെ ജീവിക്കുന്നു.)

18.കുരുതേ ഗംഗാസാഗരഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീന: സര്‍വ്വമതേന
മുക്തിര്‍ ഭവതി ന ജന്മശതേന

(ഒരുവന്‍ ഗംഗാനദിയില്‍ കുളിച്ചതുകൊണ്ടോ, അനേകം വ്രതങ്ങളെടുത്തതുകൊണ്ടോ, ഒരുപാട്‌ ദാനകര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ, മോക്ഷപ്രാപ്തിക്കര്‍ഹനാകുന്നില്ല. മഹത്തായ ഈശ്വരജ്ഞാനമില്ലാത്തവന്‌ നൂറു ജന്മങ്ങളെടുത്താലും മോക്ഷം ലഭിക്കുന്നില്ല. ഇഹബന്ധങ്ങളെ ത്യജിച്ചുള്ള ഈശ്വരധ്യാനമാണ്‌ മോക്ഷപ്രാപ്തി.)

19.സുരമന്ദിരതരുമൂലനിവാസ:
ശയ്യാഭൂതലമജിനം വാസ:
സര്‍വപരിഗ്രഹഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:

(സര്‍വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും. ക്ഷേത്രകവാടങ്ങളിലോ, വൃക്ഷച്ചുവട്ടിലോ മാന്‍തോല്‍ മാത്രം പുതച്ചു കിടന്നുറങ്ങുന്നവനും, ജീവിതത്തോടു പോലും ആഗ്രഹമില്ലാത്തവനുമായ ഒരാളെ എന്തുകൊണ്ടാണ്‌ ശല്യപ്പെടുത്താന്‍ കഴിയുക.?)

20.യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗവിഹീന:
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ

(യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഭോഗാസക്തിയില്‍ മുഴുകിയിരിക്കുന്നതുകൊണ്ടോ, ഒരു സാമൂഹ്യജീവിയായി എല്ലവരോടുമൊപ്പം കഴിയുന്നതുകൊണ്ടോ, അഥവാ ഏകാകിയായി ഇരിക്കുന്നതുകൊണ്ടോ, ഒരുവന്‍ സന്തോഷവാനായിരിക്കണമെന്നില്ല. സുഖം എന്നതു ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട ഒന്നാണ്‌. ഉള്ളിന്റെ ഉള്ളില്‍നിന്നും ഈശ്വരജ്ഞാനത്തിന്റെ തിരിച്ചറിവുകൊണ്ടുണ്ടാകുന്ന സന്തോഷമാണ്‌ നിത്യമായിട്ടുള്ളത്‌.)

21.ഭഗവദ്‌ഗീതാ കിഞ്ചിദധീതാ
ഗംഗാജല ലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമോപി ന ചര്‍ച്ചാ.

(ഭഗവദ്‌ഗീതയെക്കുറിച്ചുള്ള അല്പമാത്രമെങ്കിലും അറിവോ, ഒരു തുള്ളിയെങ്കിലും ഗംഗാജലം കുടിക്കാനുള്ള ഭാഗ്യമോ, അല്‍പ്പമെങ്കിലും കൃഷ്ണനെ ഭജിക്കാനുള്ള അവസരമോ കിട്ടിയാല്‍ മരണസമയത്ത്‌ നിങ്ങളെ മോക്ഷത്തിനു അതു സഹായിക്കുന്നതാണ്‌.)

22.പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ

(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്‌, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)

23.രഥ്യാകര്‍പ്പം വിരചിത കന്‌ഥ:
പുണ്യാപുണ്യവിവര്‍ജ്ജിത പന്‌ഥാ:
യോഗീ യോഗനിയോജിത ചിത്തോ
രമതേ ബാലോന്മത്തവദേവ:

(കീറിപ്പഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ എല്ലാം ഉപേക്ഷിച്ചും സര്‍വസംഗപരിത്യാഗിയായി ധ്യാനനിരതനായി വര്‍ത്തിക്കുന്ന യോഗി ബാഹ്യമായ എല്ലാ സൌഖ്യങ്ങള്‍ക്കും അപ്പുറത്തുള്ള ശാശ്വതമായ ആ സത്യത്തിന്റെ വെളിപാടുള്ളവനാകുന്നു. അവനെ ചിലപ്പോള്‍ ഒരു ബാലകന്റെ ചാപല്യത്തോടെയോ, ഒരു ഭ്രാന്തനെപ്പോലെയോ കാണാന്‍ കഴിഞ്ഞേക്കാം.)

24.കസ്‌ത്വം കോഹം കുത ആയാത:
കാ മേ ജനനീ കോ മേ താത:
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം തൃക്ത്വാ സ്വപ്‌നവിചാരം

(നീ ആരാണ്‌? ഞാന്‍ ആരാണ്‌? ഞാന്‍ എവിടെ നിന്നു വന്നു? അമ്മ ആരാണ്‌? അച്ഛന്‍ ആരാണ്‌? ജ്ഞാനബുദ്ധിയിലൂടെ തിരിച്ചറിവു നേടിയാല്‍ ഇതെല്ലാം ഒരു സ്വപ്‌നവിചാരമാണെന്നു മനസ്സിലാകും. മായയിലൂടെ സൃഷ്‌ടിക്കപ്പെട്ട സംസാരദു:ഖത്തിന്റെ ഹേതുവാണ്‌ ഇത്തരം ബന്ധനങ്ങള്‍. മഹാജ്ഞാനത്തിലൂടെ ഇതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഈ മായയില്‍ നിന്നും മുക്തി നേടാനാകും

25.ത്വയി മയി ചാന്യത്രൈകോവിഷ്ണുര്‍
വ്യര്‍ത്ഥം കുപ്യസി മയ്യസഹിഷ്ണു
ഭവ സമ ചിത്ത: സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യത്തി വിഷ്ണുത്വം

(എന്നിലും നിന്നിലും എല്ലായിടവും ഒരേ ഒരാളായ വിഷ്ണു (ഈശ്വരന്‍) മാത്രമേ ഉള്ളൂ. പലരേയും പലരൂപത്തില്‍ കാണുന്നത്‌ നിന്റെ തെറ്റാണ്‌. നിന്നിലുള്ള അതേ ദൈവാംശമാണ്‌ മറ്റുള്ളവരിലുമുള്ളത്‌ എന്നു നീ അറിയണം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാണ്‌ എന്ന നിന്റെ അഹങ്കാരമാണ്‌ നിന്നെ ഈശ്വരനെ അറിയുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്‌. ഒരേ ദൈവത്തിന്റെ അംശമെന്ന രീതിയില്‍ സമസ്തലോകത്തേയും അറിഞ്ഞു ജീവിക്കുക.)

26.കാമം ക്രോധം ലോഭം മോഹം
ത്വക്ത്വാത്‌മാനം ഭാവയ കോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
സ്‌തേ പച്യന്തേ നരകനിഗൂഢാ

(ഭോഗാസക്തി, കോപം അത്യാഗ്രഹം, മോഹം എന്നിവയാണ്‌ നിന്നെ ബന്ധിച്ചിരിക്കുന്നത്‌. അതില്‍ നിന്നും നിന്നെ വിടുവിച്ച്‌ നീ ആരെന്ന് ആലോചിക്കുക. നിന്നിലെ നിന്നെ നിന്നില്‍ തന്നെ അന്വേഷിക്കുക. നിന്നിലെ നിന്നെ അറിയുമ്പോള്‍ നീ ഈശ്വരനെ അറിയുന്നു. സ്വയം അറിയാത്തിടത്തോളം ഇപ്പോഴെന്നപോലെ നീ മരണശേഷവും നരകയാതനകളിലേക്കു പതിക്കും.)

27.ഗേയം ഗീതാനാമസഹസ്രം
ധ്യേയം ശ്രീപതിരൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

(ഭഗവത്‌ഗീത വായിക്കുക, വിഷ്ണു സഹസ്രനാമം ജപിക്കുക, ലക്ഷ്മീ ദേവിയെ ഭജിക്കുക, അങ്ങനെ നിന്റെ മനസ്സിനെ ഈശ്വരനോട്‌ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുക. നീ പുണരുന്ന നിന്റെ ധനവും സമ്പത്തും ദരിദ്രര്‍ക്കു നല്‍കി ഈശ്വരനെ പുണരുവാന്‍ ശീലിക്കുക.)

28.ശത്രൌ മിത്രേ പുത്രേ ബന്ധൌ
മാ കുരു യത്നം വിഗ്രഹ സന്ധൌ
സര്‍വസ്‌മിന്നപി പശ്യാത്‌മാനാം
സര്‍വത്രോത്‌സൃജ ഭേദാജ്ഞാനം

(ആരേയും ശത്രുവെന്ന രീതിയിലോ, മിത്രമെന്ന രീതിയിലോ, സഹോദരനെന്ന രീതിയിലോ, ബന്ധുവെന്ന രീതിയിലോ കാണാതിരിക്കുക. നിന്റെ മനസ്സിന്റെ ഊര്‍ജ്ജത്തെ ഇത്തരം ബന്ധുത്വം, ശത്രുത എന്നീ വികാരങ്ങളിലൂടെ പാഴാക്കിക്കളയാതിരിക്കുക. എല്ലാവരോടും ഒരേ തരം മാനസികനിലയില്‍ വര്‍ത്തിക്കുക, എല്ലാവരേയും ഒന്നേപ്പോലെ കാണുക. നിന്നിലുള്ള ഈശ്വരന്‍ എല്ലാവരിലും ഉണ്ടെന്നു മനസ്സിലാക്കണം.)

29.സുഖത: ക്രിയതേ രാമാഭോഗ:
പശ്‌ചാത്‌ ഹന്ത! ശരീരേ രോഗ:
യദ്യപി ലോകേ മരണം ശരണം
തദപി മുഞ്ചതി പാപാചരണം.

(എത്രമാത്രം ഭോഗാസക്തിയില്‍ ഒരുവന്‍ മുഴുകുന്നുവോ, അത്രമാത്രം അവന്‍ രോഗാതുരനുമാകുന്നു. മരണം ഒഴിവാക്കാനാകാത്തതാണെന്നും അന്ത്യമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ മനുഷ്യന്‍ ഇത്തരം പാപങ്ങളില്‍ മുങ്ങിത്തന്നെ ജീവിക്കുന്നു.)

30.പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം

(ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണായാമം ചെയ്യുക, ഇഹത്തിലെ ശാശ്വതും നശ്വരവുമായവയെ തിരിച്ചറിയുക, ജപങ്ങളിലൂടെയും ധ്യാനങ്ങളിലൂടെയും ശരീരത്തില്‍ നിന്നും ആത്‌മാവിനെ മൌനമായി ഈശ്വരപാദങ്ങളിലെത്തിക്കുക. ലൌകികതയില്‍ നിന്നും ആത്മാവിനെ വിടുവിച്ച്‌ ധ്യാനത്തിലൂടെ ഈശ്വരപാദങ്ങളിലെത്തുക.)

31.ഗുരുചരണാംബുജ നിര്‍ഭരഭക്ത:
സംസാരാദചിരാദ്‌ ഭവ മുക്ത:
സേന്ദ്രിയ മാനസ നിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം

(ഇന്ദ്രിയങ്ങളുടെ മേല്‍ വിജയിച്ച ഒരു മനസ്സുമായി ഗുരുവിന്റെ പാദപങ്കജങ്ങളില്‍ നിങ്ങളെ സമര്‍പ്പിക്കുക. ഇഹത്തിലെ എല്ലാ വിധ മോഹങ്ങളേയും പരിത്യജിച്ച്‌, മനസ്സിനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും വിടുവിച്ച്‌ നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ധ്യാനത്തിലൂടെ തിരിച്ചറിഞ്ഞു കണ്ടെത്തി നിങ്ങളെ സമര്‍പ്പിക്കുക.)