കമ്പരാമായണം കഥ
അദ്ധ്യായം :- 41
യുദ്ധകാണ്ഡം തുടർച്ച....
വാനരസേനകളുടെ ആക്രമണത്തിന്റെ പുരോഗതിയറിഞ്ഞ് അടങ്ങിയിരിക്കാനാകാതായിത്തീർന്ന രാവണൻ സ്വസൈനാധിപന്മാരെ യുദ്ധരംഗങ്ങളിലേക്കയച്ചു. അവരിൽ മഹാബാഹു നീലനോടും മഹാപാർശ്വൻ അംഗദനോടും മഹോദരൻ ഹനുമാനോടും മഹാകായൻ സുഗ്രീവനോടും നേരിട്ടു. രാക്ഷസ ഭടന്മാരും വാനരന്മാരും തമ്മിലുള്ള യുദ്ധത്തിൽ സന്ധ്യയോടു കൂടി രാക്ഷസ സേനയിൽ ഭൂരിഭാഗവും സേനാനായകന്മാർ നാല് പേരും മരണമടഞ്ഞു. ശേഷിച്ച രാക്ഷസർ ഓടി രണ്ടാംഘട്ട മതിൽക്കെട്ടിനുള്ളിൽ ഒളിച്ചു.
രണ്ടാം ദിവസം മൂന്നു കോട്ട വാതിലുകളിൽ മൂന്നു രാക്ഷസസേനാനായകന്മാർ മഹാസൈന്യങ്ങളോട് കൂടി യുദ്ധസന്നദ്ധരായിയെത്തി. വടക്കേഗോപുരത്തിൽ രാവണപുത്രനായ അതികായനും പ്രവേശിച്ചു. സാധാരണ രാക്ഷസയുദ്ധ രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് അധികായന്റെ യുദ്ധരീതി. അധികായൻ സൈന്യങ്ങളെ ഒഴിഞ്ഞ ഒരു ഭാഗത്തു മാറ്റി നിർത്തിയിട്ട് വിശ്വസ്തനായ ഒരു ദൂതനെ ഒരു സന്ദേശവുമായി ശ്രീരാമ സന്നിധിയിലേക്ക് അയച്ചു. താൻ രാവണന്റെ ഇളയപുത്രനാണെന്നും ആത്മാഭിമാനസംരക്ഷണത്തിന് യുദ്ധം ചെയ്യാൻ വന്നിരിക്കുകയാണെന്നും തനിക്ക് ലക്ഷ്മണനോട് മാത്രമാണ് യുദ്ധം ചെയ്യേണ്ടതെന്നും അങ്ങനെയൊരു പ്രത്യേകത എന്നെ സംബന്ധിച്ചിടത്തോളം ചെയ്യേണ്ടതായുണ്ടെന്നും ആയിരുന്നു ആ സന്ദേശം.
ശ്രീരാമൻ ഈ സന്ദേശത്തിലെ സാരാംശത്തെ വിഭീഷണനെ ധരിപ്പിച്ചു. വിഭീഷണൻ അധികായനെക്കുറിച്ച് നാരദനിൽ നിന്നും തനിക്ക് സിദ്ധിച്ചിരുന്ന കഥ ശ്രീരാമനെ പറഞ്ഞുകേൾപ്പിച്ചു.
ബ്രഹ്മാവിന്റെ ഒരു പകൽ കഴിഞ്ഞ് ഉണ്ടായ പ്രളയത്തിൽ മഹാവിഷ്ണു അനന്തനെ ആലിലയാക്കി താൻ ഒരു ശിശുവായി ജലപ്പരപ്പിൽ ശയിച്ചു. ബ്രഹ്മാവ് ശ്രീനാരായണ നാഭീസരോജത്തിൽ രാവുറക്കത്തിനുള്ള ഒരുക്കമായി. അപ്പോൾ സൃഷ്ടാവിന് ഒരു അഹങ്കാരം ഉണ്ടായി . ഞാൻ ഉണർന്നിരിക്കാത്തപക്ഷം ലോകം ശൂന്യമാണ്. സ്ഥിതിയും സംഹാരവും വേണ്ടിവരില്ല. തന്നെ ആശ്രയിച്ചാണ് സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ട് ത്രിമൂർത്തികളിൽ താൻ സകലാവലംബമായ പരബ്രഹ്മമാണ്, മറ്റു രണ്ടു മൂർത്തികൾ വെറും പേരിനുമാത്രം "ഇങ്ങനെ ഉദ്ധതമായി വിചാരിച്ചശേഷം ബ്രഹ്മാവ് നിദ്രയ്ക്കാരംഭിച്ചു.
ദിവ്യജ്ഞാനമൂർത്തിയായ വിഷ്ണു ബ്രഹ്മാവിന്റെ ഉദ്ധതഭാവം ധരിച്ചു. അദ്ദേഹം സ്വന്തം കർണ്ണങ്ങളിൽ നിന്നും കുറേശ്ശെക്കർണ്ണമലമെടുത്ത് വെവ്വേറെയായി തന്നെ പ്രളയജലത്തിലേക്കെറിഞ്ഞു. അവ മധു പോലിരിക്കുന്ന കർണ്ണമലം മധു എന്നും കീടം പോലെ ഇരിക്കുന്ന മലം കൈടഭനെന്നും പേരുള്ള രണ്ട് വീരാസുരന്മാരായി രൂപമെടുത്തു. വൈഷ്ണവാംശങ്ങളായതുകൊണ്ട് അവർ ഉടനടി അതിശക്തരും ഭീമഗാത്രരുമായ മഹാദൈത്യന്മാരായിത്തീർന്നു.
ബലമദം മൂത്തുമുഴുത്ത് തങ്ങൾക്ക് എതിരാളികളില്ലാത്തതിനാൽ സമുദ്രത്തിൽ തന്നെ തുള്ളിച്ചാടി തിമർത്തു. തിരമാലകളെ തല്ലിത്തകർത്തു . അത്തരത്തിൽ " ഹ്രീം" എന്നൊരു മുഴക്കം എവിടെനിന്നോ അവർ കേട്ടു. ആ ദിവ്യധ്വനി രൂപത്തിൽ തന്നെ ആവർത്തിച്ചാവർത്തിച്ച് ജപിച്ചുകൊണ്ട് ദ്യൈത്യന്മാർ ദീർഘകാലം കഴിച്ചു കൂട്ടി. ചിരതരമായ ആ നിഷ്ഠയുടെ പ്രത്യേക ലക്ഷ്യമായി ഹ്രീംകാരരൂപിണിയായ ശക്തിദേവത അവർക്ക് പ്രത്യക്ഷപ്പെട്ടു . ആ ദേവതയിൽ നിന്നും അഭീഷ്ടവരങ്ങൾ വരിച്ചു. സകലായുധസമ്പാദ്യം സർവ്വത്രവിജയവ്യാപ്തിയും സ്വച്ഛന്ദമൃത്യുലബ്ധിയുമാണ് അവർ സമ്പാദിച്ച ഇഷ്ടവരങ്ങൾ. വരലഭാനന്തരം മല്ലിടാനാരുഭില്ലാതെ തമ്മിൽ തമ്മിൽ തന്നെ തല്ലിയും സമുദ്രജലം ഇളക്കിമറിച്ചും അങ്ങുമിങ്ങും കൂത്താടി കാലം കഴിച്ചു.
യുഗാന്തരങ്ങൾ ഏറെക്കഴിഞ്ഞു. ഒരിക്കൽ സമുദ്രജലപ്പരപ്പിന്റെ മുകളിൽ ഒരു താമരപ്പൂവ് കൂമ്പി നിൽക്കുന്നത് ആ വിക്രമികൾ കണ്ടു. അവർ ചെന്ന് താമരയിതളുകൾ എല്ലാം നുളളി പൊളിച്ച് അതിനുള്ളിലേക്ക് നോക്കി. ബ്രഹ്മാവ് അതിനകത്ത് സുഖനിദ്ര ചെയ്യുന്നു. മല്ലന്മാരായ അവർ ആ നിദ്രാണവൃദ്ധനെ തൂക്കിയെടുത്ത് പ്രളയജലത്തിൽ ഇട്ടു. ആഴത്തിൽ മുക്കി പിടിച്ചു. സൃഷ്ടികർത്താവ് ശ്വാസംമുട്ടി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നോക്കിയപ്പോൾ അപൂർവ സൃഷ്ടിപരമായ ക്രൂരാസുരന്മാരെയാണു മുന്നിൽക്കണ്ടത് . അവർ തങ്ങളോട് യുദ്ധം ചെയ്യാൻ പിതാമഹനോട് ആവശ്യപ്പെട്ടു . ബ്രഹ്മാവ് പേടിച്ചോട്ടം തുടങ്ങി. ദൈത്യന്മാർ പിന്നാലെയും. ഗത്യന്തരമില്ലാതായിത്തീർന്ന ബ്രഹ്മാവ് വിഷ്ണുവിൻറെ അടുത്തെത്തി .അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു. വിഷ്ണു ഉണർന്നില്ല. ബ്രഹ്മാവ് നിദ്രാദേവി സ്തുതിച്ചു. ദേവി വിഷ്ണുവിൽ നിന്നും മാറി. മഹാവിഷ്ണു ഉണർന്നു. വിഷ്ണുവിനോട് ബ്രഹ്മാവ് വിവരം ധരിപ്പിച്ചു. ബ്രഹ്മാദേവാ എന്താണിത്? അങ്ങേയുടെ നിദ്രാകാലമല്ലേ? ഇപ്പോൾ ഓടിച്ചാടി കളിച്ച് നടക്കുന്നതെന്ത്? കൂടെയുള്ളവരാരാണ്? ഇവർ എവിടെനിന്ന് എങ്ങനെ ഉണ്ടായി? അങ്ങല്ലേ സൃഷ്ടികർത്താവ്?
ബ്രഹ്മാവ് പറഞ്ഞു പ്രളയകാലം നിദ്രപൂണ്ടു കിടന്നപ്പോൾ എവിടെനിന്നോ ഇവർ അവിടെ വന്ന് എന്നെ ഉണർത്തി . അവരോട് യുദ്ധം നടത്തണമെന്ന് ആവശ്യപ്പെട്ടു . എനിക്ക് യുദ്ധം അറിയുമോ? അതിനു കരുത്തുണ്ടോ? കഴിവുണ്ടോ? ഇവർ സമ്മതിക്കുകയില്ല .ഞാൻ പേടിച്ചോടി അഭയംതേടി വന്നിരിക്കുകയാണ്. ഇവരെ സൃഷ്ടിച്ചതും ഞാനല്ല . സൃഷ്ടിയെ സംബന്ധിച്ച് എനിക്കുണ്ടായ അഭിപ്രായവും അഹങ്കാരവും അജ്ഞതമൂലം ആയിരുന്നു . അവിടുന്ന് അനുകമ്പാപൂർവം ക്ഷമിച്ചരുളുക. ഇവരിൽ നിന്നും എന്നെ രക്ഷിക്കുക.
വിഷ്ണു ബ്രഹ്മാവിനെ പിന്നിൽ മാറ്റിനിർത്തി. അസുരന്മാരോട് ഏറ്റുമുട്ടി. ജയമോ പരാജയമോ സിദ്ധിക്കാതെ ഇരുപക്ഷക്കാരും ഏറെക്കാലം യുദ്ധംചെയ്തു . തന്ത്രശാലിയായ വിഷ്ണു ഒരു യുക്തി പ്രയോഗിച്ചു. അത്യന്തം സമർത്ഥന്മാരായ
നിങ്ങളുടെ യുദ്ധവൈദഗ്ദ്ധ്യത്തെ ഞാൻ അതിരറ്റഭിനന്ദിക്കുന്നു . പാരിതോഷചിഹ്നമായി നിങ്ങൾക്കിഷ്ടമുള്ള വരം തരാൻ ഞാൻ സന്നദ്ധനായിരിക്കുന്നു . എന്തു വേണമെങ്കിലും വരിച്ചു കൊളളുക
അഹങ്കാരികളായ അസുരന്മാർ പറഞ്ഞു ഞങ്ങളോട് യുദ്ധത്തിൽ തോറ്റു നിൽക്കുന്ന നിന്നോട് ഞങ്ങൾ വരം വാങ്ങാനോ? വേണമെങ്കിൽ ഞങ്ങൾ നിനക്ക് ഇഷ്ടമുള്ള വരം തരാം . ആവശ്യപ്പെട്ടുകൊളളുക.
നിങ്ങൾ പറയുന്നത് സത്യമാണോ എന്ന് ചോദിച്ച വിഷ്ണുവിന് അവർ വരം നൽകാമെന്ന് സത്യം ചെയ്തു. നിങ്ങളുടെ വധമാണ് വരമായി വരിക്കാൻ ഉള്ളത്. ആ വരം തരിക എന്ന് വിഷ്ണു ആവശ്യപ്പെട്ടു.
അസുരന്മാർ പറഞ്ഞു വരദാനസത്യം ഞങ്ങൾ ലംഘിക്കുകയില്ല. യുദ്ധത്തിൽ ഞങ്ങൾക്കുള്ള അഭിനിവേശം അല്പം പോലും കുറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ ആശ നീ പൂർത്തിയാക്കി തരണം.
വിഷ്ണുഭഗവാൻ അത് സമ്മതിച്ചു. ഞാൻ വരിച്ച വരം ആദ്യം നടക്കട്ടെ. നിങ്ങളുടെ അഭീഷ്ടം നിറവേറത്തക്ക സാഹചര്യം ഞാൻ ഉണ്ടാക്കി തരാം. നിങ്ങൾ മരിച്ചു വീണ്ടും ഒരാൾ ഖരനായും അന്യൻ അതികായനായും ജനിക്കട്ടെ. ത്രേതായുഗത്തിൽ ഞാനൊറ്റയ്ക്ക് യുദ്ധംചെയ്തു ഖരനെ യുദ്ധവിരക്തി വരുത്തി വധിച്ചു കൊള്ളാം. അനന്തൻ ഒറ്റയ്ക്ക് തൃപ്തിയാംവണ്ണം ആയോധനം ചെയ്ത അധികായനെ നിഗ്രഹിക്കും. നിങ്ങൾക്ക് രണ്ടുപേർക്കും സംതൃപ്തിയും വിരക്തിയും മുക്തിയും ലഭിക്കാൻ ഇടയാകട്ടെ . അനന്തരം മഹാവിഷ്ണു 2 തൃത്തുടകളിലും ഓരോ അസുരന്മാരെ നിർത്തി സുദർശനചക്രം കൊണ്ട് അവരെ നിഗ്രഹിച്ചു . അവരുടെ പുനർജന്മമാണ് ഖരാതികായന്മാർ.
തുടരും .....
No comments:
Post a Comment