ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2021

ഗരുഡൻ - 06

ഗരുഡൻ - 06

സർപ്പങ്ങളുടെ അഹങ്കാരം

വൃക്ഷക്കൊമ്പിൽ തൂങ്ങിയാടിത്തിമർത്തുകൊണ്ട് സർപ്പങ്ങൾ ഗരുഡനോട് പറഞ്ഞു: "ഹേ ഗരുഡാ, നീ പല സ്ഥലങ്ങളും കണ്ടവനല്ലേ. ഇതു പോലെ മനോഹരമായ ദ്വീപുകളിലേക്ക് ഞങ്ങളെ കൊണ്ടുപോകൂ. സർപ്പങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഗരുഡന്റെ ഉള്ളിൽ വല്ലാത്ത വെറുപ്പു തോന്നി. ഇവരെന്താണ് ഇങ്ങനെ പറയുന്നത്. ഇവരെ ചുമന്നുകൊണ്ട് നടക്കേണ്ട ബാദ്ധ്യത ഒന്നും തനിക്കില്ലല്ലോ. തന്നോടുമാത്രമായി ഇവർ ഓരോന്ന് ഇങ്ങനെ കല്പിക്കുന്നത് എന്തിനാണ്? ഒരു നിമിഷം ഗരുഡൻ ഓരോന്നു ചിന്തിച്ചിരുന്നു പോയി. "നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ, അദ്ദേഹത്തോടു പറയുന്നത്. നമ്മളേക്കാൾ എത്രയോ ഉന്നതിയിൽ നില്ക്കുന്ന ആളാണ് അദ്ദേഹം."' മറ്റു സർപ്പങ്ങളെ വാസുകി എന്ന സർപ്പം നിരുത്സാഹപ്പെടുത്തി. "ഒരു പക്ഷിശ്രേഷ്ഠനാണദ്ദേഹം. അദ്ദേഹത്തിന്റെ മുമ്പിൽ ഇങ്ങനെ ആവശ്യങ്ങൾ നിരത്തിയതുതന്നെ തെറ്റ്" ഏലാപുത്രൻ എന്ന സർപ്പം വാസുകിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചുകൊണ്ടു സംസാരിച്ചു. മറ്റ് സർപ്പങ്ങൾ വാസുകിയെയും ഏലാപുത്രനെയും ദേഷ്യത്തോടെ നോക്കി. ഇവർക്ക് ഒന്നു മിണ്ടാതിരുന്നുകൂടേ. പക്ഷിശ്രേഷ്ഠൻപോലും! നല്ലൊരു അവസരം ഒത്തുവന്നതാണ്. ഇവരുടെ പഞ്ചശീലതത്ത്വമൊക്കെ ആർക്ക് വേണം, മറ്റു സർപ്പങ്ങൾ മുറുമുറുത്തു. അമ്മയായ കദ്രു വാസുകിയെയും, ഏലാപുത്രനെയും മാറിമാറി നോക്കി. കദ്രു അസ്വസ്ഥയായിരുന്നു. വിനതയെയും മകനെയും അങ്ങനെ വെറുതെ വിട്ടുകൂടാ. അവരെക്കൊണ്ട് ശരിക്കും പണിയെടുപ്പിക്കണം. അതിനായി കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗിക്കണം. കദ്രുവിന്റെ മുമ്പിൽ കൂപ്പുകൈകളോടെ നില്ക്കുകയാണ് വിനത. എന്തെങ്കിലും ഒന്ന് പറയാൻപോലും അവൾക്കു കഴിയുന്നില്ല. "ഹേ ഗരുഡൻ, പറഞ്ഞതുകേട്ടില്ലേ. എന്താ ഇങ്ങനെ നോക്കിയിരിക്കുന്നത്. ആ ചിറകിലേറ്റി ഞങ്ങളെ മനോഹരമായ ദ്വീപിലേക്കു കൊണ്ടുപോകൂ. ഞങ്ങളും ഇതൊക്കെ ആസ്വദിക്കട്ടെ" സർപ്പങ്ങൾ വീണ്ടും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു. ഗരുഡൻ വിനതയോട് ചോദിച്ചു: “അമ്മേ, എന്താണ് ഈ സർപ്പങ്ങൾ നമ്മളോട് ഇങ്ങനെ ഓരോന്ന് കല്പിക്കുന്നത്. നമ്മൾ ഇതുവല്ലതും ഏറ്റിട്ടുണ്ടോ?"

"മകനേ, ഞാൻ കദ്രുവിന്റെ ദാസിയാണ്. എല്ലാം എന്റെ ദുര്യാഗം. പന്തയത്തിൽ ഈ സർപ്പങ്ങൾ എന്നെ ചതിച്ചു. അങ്ങനെ ഞാൻ പരാജിതയായി" വിനത ദുഃഖത്തോടെ നടന്ന കഥകൾ മകനെ പറഞ്ഞുകേൾപ്പിച്ചു. വിനത കദ്രുവിന്റെ ദാസിയാണെന്ന് അറിഞ്ഞപ്പോൾ ഗരുഡൻ ഞെട്ടിപ്പോയി. അതാണല്ലേ അമ്മ എപ്പോഴും കദ്രുവിന്റെ മുമ്പിൽ കൂപ്പുകൈകളോടെ നില്ക്കുന്നത്. കദ്രു പറയുന്നതെല്ലാം അമ്മ അനുസരിച്ചേ പറ്റു. മറുത്തൊന്നും പറയാൻ പാടില്ല-അത് അലിഖിതനിയമമാണ്. എത്രയോനാളായി അമ്മ ഇങ്ങനെ ക്ലേശം അനുഭവിക്കുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ദാസിയായിരിക്കുക. മാനസികമായും-ശാരീരികമായും എന്തുമാത്രം ബുദ്ധി മുട്ടുകൾ ആ സ്ത്രീ അനുഭവിക്കുന്നുണ്ടാവും. ദാസിയെക്കൊണ്ട് എന്തുജോലിയും ചെയ്യിക്കാനുള്ള അധികാരം യജമാനന് ഉണ്ടല്ലോ. ദാസിമാരുടെ വിഷമതകൾ ആരറിയാൻ. ദാസിയെക്കൊണ്ട് പണിയെടുപ്പിക്കുക എന്നത് യജമാനന്മാർക്ക് ഹരമാണ്. അമ്മ ദുഃഖിതയാണ്. ഒരു ദുഃഖപുത്രിയായിമാത്രം അമ്മ കഴിഞ്ഞാൽ മതിയോ? അമ്മയെ ദാസ്യവൃത്തിയിൽനിന്നും മോചിപ്പിക്കേണ്ട. അത് ഒരു മകന്റെ കടമയാണ്. തന്റെ അമ്മ മറ്റൊരാളുടെ അടിമയായിരിക്കുക. ഇല്ല, തനിക്ക് അത് ചിന്തിക്കാൻ പോലും ആവുന്നില്ല. ഗരുഡന്റെ ഹൃദയം പിടഞ്ഞു. പക്ഷേ, സത്യം അതാണ്-ആ മനസ്സ് മന്ത്രിച്ചു. പക്ഷേ, അമ്മയെ ഈ സാഹചര്യത്തിൽനിന്നും എങ്ങനെ മോചിപ്പിക്കാനാവും. ഗരുഡൻ ആലോചിച്ചു. തന്റെ സർവ്വകഴിവുകളും ഇതിനായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഈ സർപ്പങ്ങളുടെ ആക്ഷേപം തനിക്ക് സഹിക്കവയ്യ. ഒരു അതിരില്ലേ. കദ്രുവിന്റെ മുമ്പിൽ അടിമയോടെ നിൽക്കുന്നത് കാണുമ്പോൾ തന്റെ ഹൃദയം പൊള്ളുകയാണ്. സംഗതി ഒക്കെ ശരിതന്നെ. അമ്മയെ എങ്ങനെ മോചിപ്പിക്കും. എങ്ങനെ ഇതിന് പരിഹാരം കണ്ടെത്തും. ഗരുഡൻ പല വഴികളും ആലോചിച്ചു.

“മോനേ, നീ എന്താ ഇത്രയധികം ചിന്തിച്ചിരിക്കുന്നത്?'' വിനത അന്വേഷിച്ചു. “എന്റെ അമ്മയെപ്പറ്റി ആലോചിക്കുകയായിരുന്നു. എത്ര ദുരിതങ്ങൾ അമ്മ അനുഭവിച്ചു. ഇതിന് ഒരു അറുതിവേണ്ടേ?'' ഗരുഡൻ പറഞ്ഞു. “എന്നെക്കുറിച്ചോർത്ത് നീ വിഷമിക്കേണ്ട. എല്ലാം എന്റെ വിധി. കാത്തിരിക്കാൻ വേണ്ടി വിധിക്കപ്പെട്ടവളാണ് ഞാൻ. നീ പിറക്കുന്നതും നോക്കി ഞാൻ ആദ്യം കാത്തിരുന്നു. ഇനി ദാസ്യ വൃത്തിയിൽനിന്നുള്ള മോചനം. അതും എന്നെങ്കിലും സാധിച്ചേക്കാം. നീ വിഷമിക്കേണ്ട.'' ഒരു നിസംഗതയോടെ വിനത അറിയിച്ചു. ഒടുവിൽ ഗരുഡന്റെ മനസ്സിൽ ഒരാശയം ഉദിച്ചു. സർപ്പങ്ങളോടുതന്നെ ചോദിക്കുക. ഗരുഡൻ ദുഃഖിതനായി സർപ്പങ്ങളോട് ചോദിച്ചു: “എന്തുചെയ്തതന്നാലാണ് എന്റെ അമ്മയെ ദാസ്യ വൃത്തിയിൽനിന്നു മോചിപ്പിക്കുക.'' “നീ ദേവലോകത്തുനിന്ന് കുറെ അമൃത് കൊണ്ടുവരിക. അങ്ങനെയെങ്കിൽ ദാസ്യവൃത്തിയിൽ നിന്നും അമ്മയെ ഒഴിവാക്കാം.'' സർപ്പങ്ങൾ ഏകസ്വരത്തിൽ അറിയിച്ചു. അവരുടെ മറുപടി കേട്ട് ഗരുഡൻ തരിച്ചുനിന്നുപോയി. കുറച്ചു ആലോചിച്ചതിനു ശേഷം ഗരുഡൻ വിനതയോട് പറഞ്ഞു " അമ്മേ ഞാൻ അമൃത്കൊണ്ടുവരാൻ പോകുകയാണ് എന്നെ അനുഗ്രഹിച്ചാലും" എന്തോ ആലോചിച്ചിരിക്കുകയായിരുന്നു വിനത. മകന്റെ ശബ്ദം കേട്ട് അവൾ ചിന്തയിൽനിന്ന് ഉണർന്നു. നിറകണ്ണുകളോടെ വിനത ഗരുഡനെ നോക്കി. അപ്പോഴും കദ്രു തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭയമായിരുന്നു വിനതയ്ക്ക്. “ പിന്നെ അമ്മേ, എനിക്ക് നന്നായി വിശക്കുന്നുണ്ട്. കഴിക്കാൻ എന്തെങ്കിലും.'' ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഗരുഡൻ ചോദിച്ചു. “മകനേ, സമുദ്രത്തിന്റെ നടുവിലായി ഒരു നിഷാദാലയമുണ്ട്. അവിടെച്ചെന്ന് അനേകായിരം നിഷാദന്മാരെ പിടിച്ചുതിന്ന് വിശപ്പടക്കുക. ഒരുകാര്യം പ്രത്യേകം ഓർക്കണം. ബ്രാഹ്മണരെ കൊല്ലരുത്.'' വിനത പറഞ്ഞു. "ബ്രാഹ്മണന്റെ രൂപം എന്താണമ്മേ. അവരുടെ സ്വഭാവം എങ്ങനെ. തീ പോലെ എരിഞ്ഞാണോ ശോഭിക്കുന്നത്. അതോ സൗമ്യപ്രകാശനാണോ ബ്രാഹ്മണൻ. അമ്മ എല്ലാം വിശദമാക്കിത്തരിക.'' ഗരുഡൻ ആകാംക്ഷാഭരിതനായി. "തൊണ്ടയിൽ എത്തിയാൽ പൊള്ളുന്നവനാണ് ബ്രാഹ്മണൻ. കോപിച്ചാലും അവനെ കൊല്ലരുത്. തിന്നാൽ ദഹിക്കാതെ വയറ്റിൽ കിടക്കും. അത് ബ്രാഹ്മണനാണെന്ന് നീ അറിയുക.'' വിനത സൂചിപ്പിച്ചു.

അപ്പോഴേക്കും അവളുടെ ചിന്ത സർപ്പങ്ങൾ ചതിച്ച കൊടുംചതിയെക്കുറിച്ചായിരുന്നു. അവൾ പുത്രനെ അനുഗ്രഹിച്ചു. “നിന്റെ ചിറകുകൾ വായു കാക്കട്ടെ.  ശിരസ്സ് അഗ്നി കാക്കട്ടെ. ഉടൽ വസുക്കൾ കാക്കട്ടെ. നിനക്കായി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഇവിടെ കഴിഞ്ഞുകൂടാം. നിനക്ക് നന്മവരട്ടെ. നീ പോയി ഉദ്ദിഷ്ടകാര്യം സാധിച്ചുവരിക.'' ഗരുഡൻ അമ്മയെ ഒന്നുകൂടി നോക്കി. പിന്നെ തന്റെ ചുണ്ട് ആ പാദങ്ങളിൽ മുട്ടിച്ച് അവൻ നമസ്കരിച്ചു. ചിറകു വിരിച്ച് അവൻ ആകാശത്തിലേക്കു പറന്നുയർന്നു. മേഘപാളികളെ വകഞ്ഞുമാറ്റി അവൻ മുന്നോട്ടു കുതിച്ചു. നല്ല വിശപ്പുണ്ട് എങ്കിലും എല്ലാം സഹിച്ചു. നിഷാദന്മാരുടെ വാസസ്ഥലമായിരുന്നു ലക്ഷ്യം. ഒടുവിൽ നിഷാദന്മാർ വാഴുന്ന ദ്വീപിൽ അവൻ എത്തി. ചിറകടിയുടെ ശക്തികൊണ്ട് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നു. ഗരുഡൻ പൊടികൊണ്ട് മൂടി. കടലിലെ ജലം വറ്റിച്ചു. മുഖം ഒന്നുകൂടി വലുതാക്കി. വായ് വിടർത്തിപ്പിടിച്ചു. നിഷാദന്മാർ പേടിച്ചരണ്ട് അവന്റെ വായിലേക്ക് ഓടിക്കയറി. തക്കത്തിന് പക്ഷി ശ്രേഷ്ഠൻ വാ അടച്ചു. അങ്ങനെ അവൻ വിശപ്പടക്കി. തൊണ്ട യിൽ ഒരു ബാഹ്മണൻ ഭാര്യയോടൊപ്പം പ്രവേശിച്ചത് ഗരുഡൻ അറിഞ്ഞില്ല. അവന്റെ തൊണ്ട ചുട്ടു പൊള്ളാൻ തുടങ്ങി. അപ്പോഴാണ് അമ്മ പറഞ്ഞ കാര്യം ഗരുഡൻ ഓർത്തത്. അവൻ ബ്രാഹ്മണനോടായി പറഞ്ഞു: "ഞാൻ വായ തുറന്നുതരാം. നീ തൊണ്ടയിൽനിന്ന് പുറത്തേക്ക് പൊയ്ക്കൊള്ളുക.'' "എന്റെ ഭാര്യ നിഷാദിയാണ്. എന്റെ കൂടെ പോരുവാൻ അവളെയും അനുവദിക്കുക.'' ബ്രാഹ്മണൻ അറിയിച്ചു. “നീ നിന്റെ നിഷാദിയായ ഭാര്യയെയും കൊണ്ട് തൊണ്ടയിൽനിന്നും പുറത്തുചാടുക. എന്റെ തേജസ്സുകൊണ്ട് നീ നശിക്കാതിരിക്കട്ടെ.'' ബ്രാഹ്മണനെ ഗരുഡൻ അനുഗ്രഹിച്ചു. പറഞ്ഞതുപോലെ ബ്രാഹ്മണൻ ഭാര്യയോടുകൂടി ഗരുഡന്റെ വായിൽനിന്നും പുറത്തുചാടി. അവർ തങ്ങളുടെ താവളങ്ങളിലേക്കു മടങ്ങി.

No comments:

Post a Comment