ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 August 2021

ചിങ്ങത്തിലെ അത്തവും തിരുവോണവും തമ്മിൽ എന്താണ് ബന്ധം?

ചിങ്ങത്തിലെ അത്തവും തിരുവോണവും തമ്മിൽ എന്താണ് ബന്ധം?
         
ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രം. അന്നു തുടങ്ങി പത്താം ദിവസമാണ് തിരുവോണം. ഈ തിരുവോണമാണ് മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം എന്ന് വിശ്വസിക്കുന്നു. സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തം. പ്രകൃതിയാകെ വെള്ളി വെളിച്ചം പരത്തി പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ മാസത്തിലെ ദ്വാദശി തിഥിയിലാണ് തിരുവോണം. 27 നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമായി ആഘോഷിക്കുന്നതിനാൽ തിരുവോണമായി. വാമനായി അവതരിച്ച മഹാവിഷ്ണു, തന്നെ ചവിട്ടിത്താഴ്ത്തിയപ്പോൾ ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കലെങ്കിലും വന്നു കാണാൻ മഹാബലി അവസരം ചോദിച്ചു. ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് ഭൂമിയിലെത്താൻ ഭഗവാൻ മഹാബലിക്ക് അനുമതിയും നൽകി. തിരുവോണമായി ആഘോഷിക്കുന്നത് ഈ ദിവസമാണ്. മഹാബലിയെ വരവേൽക്കാൻ പത്തുദിവസം മലയാളികൾ ഒരുങ്ങുന്നു.

അത്തം നാളിൽ സൂര്യോദയത്തിന് മുൻപ് കുളിച്ച് മഹാബലിയെ വരവേൽക്കാൻ ആദ്യ പൂക്കളം ഒരുക്കണം. ഇങ്ങനെ പത്തു ദിവസം പൂക്കളം ഒരുക്കി കാത്തിരിക്കുന്ന പ്രജകൾക്കു മുൻപിൽ തിരുവോണനാളിൽ മഹാബലി എത്തും - സമ്പദ് സമദ്ധിയും ഐശ്വര്യവു നൽകാനായി.

മഹാവിഷ്ണു ഭക്തനായിരുന്ന, നരസിംഹാവതാരത്തിന് കാരണക്കാരനായ അസുര രാജാവ് പ്രഹ്ളാദന്റെ പൗത്രനാണ് മഹാബലി. സത്യധർമ്മാദികൾ പരിപാലിച്ചു പോന്ന മഹാബലി ഭൂമിയും സ്വർഗ്ഗവും കീഴടക്കി മൂന്നു ലോകത്തിന്റെയും അധിപനായി. ബലിയുടെ ഭരണകാലം ഭൂമിയിലെ ഏറ്റവും നല്ല കാലമായി പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും അദ്ധ്വാനിച്ചും മനുഷ്യർ ജീവിച്ചു. അസുരരാജാവായ മഹാബലി പാതാളമാണ് ഭരിക്കേണ്ടത്. അദ്ദേഹം സ്വർഗ്ഗവും ഭൂമിയും ആക്രമിച്ച് കീഴടക്കിയത് ധർമ്മ ലംഘനമാണെന്ന പരാതിയുമായി ഇന്ദ്രനും കൂട്ടരും മഹാവിഷ്ണുവിനെ സമീപിച്ചു. ബലിയെ ഉത്ബോധിപ്പിക്കേണ്ടത് കടമയാണെന്ന് വിഷ്ണുവിന് തോന്നി. ഇതിനുമുൻപേ ദൈത്യർ ദേവന്മരെ ദ്രോഹിക്കുന്ന കാര്യം ദേവമാതാവ് അദിതി ഭർത്താവിനോട് പരാതിപ്പെട്ടു. കശ്യപന്റെ നിർദ്ദേശം സ്വീകരിച്ച് അദിതി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താൻ പയോവ്രതം നോറ്റു. വ്രതാവസാനം മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് അദിതിയുടെ ഗർഭത്തിൽ കടന്ന് പുത്രനായി ജനിച്ച് ദേവകളെ രക്ഷിക്കാം എന്ന് വരം നൽകി. അദിതി ഗർഭിണിയായി, ഭാദ്രപദത്തിൽ തിരുവോണം നക്ഷത്രം ദിവസം വാമനൻ അവതരിച്ചു. ജനന നേരം ചതുർബാഹു ആയിരുന്ന ശിശു മാതാപിതാക്കൾ നോക്കിനിൽക്കേ രൂപാന്തരം പ്രാപിച്ച് ശിശുവായ വാമനനായി. ദേവകൾ ശിശുവിന് ഉപഹാരങ്ങൾ നൽകി ശക്തനാക്കി. സൂര്യൻ സാവിത്രിമന്ത്രം ഉപദേശിച്ചു. ബൃഹസ്പതി ഉപവീതമേകി. കശ്യപൻ അരഞ്ഞാണവും ആകാശം ഛത്രത്തെയും ഭൂമി കൃഷ്ണാജിനത്തെയും വനസ്പതിയായ സോമൻ ദണ്ഡത്തെയും അദിതി കൗപീനത്തെയും സപ്തർഷികൾ കുശപ്പുല്ലിനെയും ബ്രഹ്മാവ് കമണ്ഡലവും സരസ്വതി അക്ഷമാലയും കുബേരൻ പാത്രികയെയും സമ്മാനിച്ചു. മഹാബലി അപ്പോൾ ഒരു അശ്വമേധം നടത്തി അതിന്റെ പരിസമാപ്തിയുടെ ഭാഗമായി ഒരു മഹായാഗത്തിന് ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഛത്രം, ദണ്ഡം, കമണ്ഡലു എന്നിവ ധരിച്ച് തേജോരൂപിയായ വാമനൻ കടന്നു വന്നത്. വാമനനെ സ്വാഗതം ചെയ്ത് വണങ്ങിയ ബലി എന്ത് ദാനമാണ് വേണ്ടതെന്ന് ചോദിച്ചു. തനിക്ക് മൂന്ന് ചുവട് വയ്ക്കാൻ സ്ഥലം ദാനം വേണമെന്ന് വാമനൻ പറഞ്ഞു. അസുരഗുരു ശുക്രാചാര്യൻ അപകടം മണത്തു. പാടില്ല എന്ന ഉപദേശം മാനിക്കാതെ മഹാബലി ദാനത്തിന് സമ്മതിച്ചു.

പെട്ടെന്ന് വാമനൻ ത്രിവിക്രമനായി. ഭഗവാന്റെ രൂപം വളർന്ന് വലുതായി. ആദ്യപാദം കൊണ്ട് ഭൂമിയെ ചവിട്ടി, ആകാശത്തെ ശരീരം കൊണ്ട് നിറച്ച് ദിക്കുകളെ കൈകൾ കൊണ്ട് അളന്ന് നിന്നു. രണ്ടാമത്തെ അടിയിൽ മഹിർലോകം, തപോലോകം എന്നിവയിൽ സമൃദ്ധമായ സ്വർഗലോകത്തെ അതിക്രമിച്ചു. വാമനനായി തന്റെ മുന്നിലെത്തിയിരിക്കുന്നത് മഹാവിഷ്ണുവാണെന്ന് മഹാബലി മനസിലാക്കി. അദ്ദേഹം ഭഗവാന്റെ പാദങ്ങളിൽ തലകുമ്പിട്ടിരുന്നു. ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കൽ വന്നു കാണാൻ മഹാബലി അവസരം ചോദിച്ചു. ആ അനുഗ്രഹം ചൊരിഞ്ഞ ശേഷം പാതാള ലോകത്തേക്ക് മടങ്ങിപ്പോകാൻ ഭഗവാൻ മഹാബലിയോട് ആവശ്യപ്പെട്ടു.

മഹാവിഷ്ണു പ്രധാന മാസമാണ് ചിങ്ങം. ശ്രീകൃഷ്ണനായും വാമനനായും കൽക്കിയായും അവതരിച്ചത് ചിങ്ങമാസത്തിലാണ്. വെളുത്തപക്ഷ ദ്വാദശി തിഥിയിൽ തിരുവോണം നക്ഷത്രത്തിലാണ് മഹാവിഷ്ണുവിന്റെ വാമനാവതാരം. കറുത്ത പക്ഷ അഷ്ടമിയിലാണ് കൃഷ്ണാവതാരം. വെളുത്തപക്ഷ അഷ്ടമിയിലാണ് കൽക്കി അവതരിക്കുക. അതല്ല ധനുവിലെ കറുത്ത പക്ഷ അഷ്ടമി, വൈശാഖ മാസത്തിലെ വെളുത്തപക്ഷ ദ്വാദശി എന്നെല്ലാം കൽക്കി അവതാരം സംബന്ധിച്ച് പക്ഷഭേദമുണ്ട്.

അത്തം മുതൽ പൂക്കളം ഒരുക്കേണ്ട ചിട്ടകൾ

അത്തം മുതൽ പൂക്കളം ഒരുക്കേണ്ട ചിട്ടകൾ

ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം. അതിന്റെ പ്രതീകമായാണ് ഇല്ലം നിറ നടക്കുന്നത്. പണ്ട് വീടുകളിൽ ആഘോഷിച്ചിരുന്നത് ഇന്നു ക്ഷേത്രങ്ങളിൽ മാത്രമായി. കർക്കിടകത്തിൽ ദാരിദ്ര്യം മഴയിൽ തകർത്താടുമ്പോൾ ചിങ്ങം ഉണ്ണാനും ഉടുക്കാനുമുളള സമ്പന്നത തന്നിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലമായതുകൊണ്ട് ആഘോഷങ്ങൾക്കു പഞ്ഞവുമില്ല. അതിനുദാഹരണമാണ് ഇന്നു നമ്മൾ ആഘോഷിക്കുന്ന അത്തച്ചമയവും പുലികളിയും സദ്യയും ഓണപ്പൂക്കളവുമെല്ലാം. ഓണം ഒരു കൊയ്ത്തുൽസവമാണ്.

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ  രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണ ദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

തൃക്കാക്കരയപ്പന്റെ പ്രിയ പുഷ്പം

തുമ്പപ്പൂവ് വിരിയിച്ചത് മഹാവിഷ്ണു; തൃക്കാക്കരയപ്പന്റെ പ്രിയ പുഷ്പം

തുമ്പപ്പൂവില്ലാതെ ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയനിയമം. എന്നാൽ ആ വിധി വരും മുൻപ് തുമ്പപ്പൂവും അതിന്റെ കൊടിയും മാത്രമാണ് ഓണപ്പൂക്കളത്തിൽ ഉപയോഗിച്ചിരുന്നത്. ഓണത്തപ്പനെ വയ്ക്കുന്ന തൂശനിലയിൽ തുമ്പപ്പൂവും ഇലയും തണ്ടും മാത്രമേ കാണൂ. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പൂവ് ആണിത്. പറശിനിക്കടവ് മുത്തപ്പന്റെ പ്രസാദവും പണ്ടേ തുമ്പപ്പൂവാണ്. പക്ഷേ ഈ തുമ്പ ഒരു കാലത്ത് പൂക്കില്ലായിരുന്നു; തുമ്പയും തുമ്പയിലയും പൂജയ്ക്ക് എടുക്കില്ലായിരുന്നു. ഈ അസ്പർശ്യത മാറ്റിയത് മഹാബലിയുടെ ആഗ്രഹപ്രകാരം മഹാവിഷ്ണുവാണ്.

ആ ഐതിഹ്യം ഇങ്ങനെ: സത്യധർമ്മാദികൾ പാലിച്ച് മഹാബലി തിരുമേനി ത്രിലോകങ്ങളും കീഴടക്കി വാഴുന്ന കാലത്ത് യാതൊരു ഉപയോഗവുമില്ലാതെ തൊടികളിൽ തഴച്ചു വളരുന്ന ഒരു പാഴ്ച്ചെടി മാത്രം ആയിരുന്നു തുമ്പ. ദേവലോകം നഷ്ടമായ ദേവേന്ദ്രനും സംഘവും വേഷപ്രച്ഛന്നരായി അലഞ്ഞുതിരിഞ്ഞു. ഒടുവിൽ അവർ ഭീതിയും സങ്കടങ്ങളും ശ്രീഹരിയുടെ മുൻപിൽ സമർപ്പിച്ചു. ഇന്ദ്രലോകം മഹാബലിയിൽ നിന്നും വീണ്ടെടുത്ത് നൽകാമെന്ന് മഹാവിഷ്ണു അവർക്കു വാക്കു നൽകി. ഇതേ സമയം ബലിചക്രവർത്തി മൂന്ന് ലോകങ്ങളുടെയും അധിപതിയായി വാഴുന്നതിന് വിശ്വജിത് മഹായാഗം നടത്തുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അസുരഗുരു ശുക്രാചാര്യരായിരുന്നു യജ്ഞാചാര്യൻ. തുടക്കം മുതൽ പല അപശകുനങ്ങളും കണ്ടു. യജ്ഞപൂജയ്ക്ക് കൊണ്ടു വന്ന പൂക്കളിലാണ് ആദ്യം അപശകുനം തെളിഞ്ഞത്. ഇറുത്തു കൊണ്ടു വന്ന പൂക്കൾ രണ്ടു നാഴികകൾക്കകം വാടിക്കരിഞ്ഞു. അതോടെ അവ വർജ്ജ്യമായി. പൂക്കൾ അർച്ചിക്കാതെ പൂജ പൂർണ്ണമാകില്ല. ഇനി എന്തുചെയ്യും ? മഹാബലി ചക്രവർത്തി ശുക്രാചാര്യരോട് പോംവഴി തേടി. “പൂക്കളില്ലെങ്കിൽ വേണ്ട; പറമ്പുകളിൽ വളരുന്ന ചെടികളായാലും മതി. വൈകിക്കേണ്ട. ഇറുത്തു കൊണ്ടു വന്നോളൂ. യാഗം തുടങ്ങാൻ നേരമായി.” ശുക്രാചാര്യർ കല്പിച്ചു. പരികർമ്മികൾ നാലുപാടും പാഞ്ഞു. വൈകാതെ അവർ പൂവട്ടികളുമായി വന്നു. അതില്ലെല്ലാം നിറഞ്ഞിരുന്നത് തുമ്പച്ചെടികളായിരുന്നു. അത് വൃത്തിയാക്കി ഇലകൾ അടർത്തിയെടുക്കാൻ മഹാബലി പരികർമ്മികളോടു നിർദ്ദേശിച്ചു. എന്നാൽ അതിന് തുനിയും മുൻപെ വടുരൂപത്തിലുള്ള ഒരു ബ്രഹ്മചാരി യജ്ഞശാലയിലേക്ക് കടന്നുവന്ന് മൂന്നടി സ്ഥലം ദാനമായി നൽകണം എന്ന് അഭ്യർത്ഥിച്ചത് മഹാബലി നിഷേധിച്ചില്ല.

ശുക്രാചാര്യൻ എതിർത്തിട്ടും ബലി വാഗ്ദാനത്തിൽ നിന്നും പിന്മാറിയില്ല. വാമനാവതാരമെടുത്ത വിഷ്ണു പെട്ടെന്ന് വാനോളം വലുതായി രണ്ടടിയാൽ ഭൂമിയും വാനവും അളന്നു തീർത്തു. മൂന്നാമത്തെ അടിക്കായി മഹാബലി സ്വന്തം ശിരസ് കുനിച്ചു കൊടുത്തു. സത്യവ്രതം ലംഘിക്കാത്ത അങ്ങയെ ഞാൻ സുതലത്തിലേക്ക് അയയ്ക്കുകയാണ്, അതിന് മുൻപ് അങ്ങേയ്ക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും അറിയിക്കാം. മഹാബലി പറഞ്ഞു, ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ ഭൂമിയിൽ വരാൻ അനുവദിക്കണം എന്നത് ആയിരുന്നു ആദ്യത്തേത്. രണ്ടാമത്, താൻ പൂജയ്ക്കായി ഇറുത്ത തുമ്പച്ചെടികൾ അതിന് ഉപയുക്തമാക്കണം, അവ പുഷ്പിക്കാനുള്ള അനുഗ്രഹവും അങ്ങ് നൽകണം.

ഇത് കേട്ട് പൂവട്ടിയിലിരിക്കുന്ന തുമ്പച്ചെടികളിൽ നിന്നും ഒരെണ്ണമെടുത്ത് ഭഗവാൻ തൊട്ടുതലോടി. ഇനി മുതൽ നിങ്ങൾ പുഷ്പിക്കും. നിങ്ങളുടെ പൂക്കൾ വെളുവെളുത്ത മനോഹരങ്ങളായ ചെറിയ ദളങ്ങളോട് കൂടിയവ ആയിരിക്കും. ആണ്ടിലൊരിക്കലെത്തുന്ന നിങ്ങളുടെ ആചാര്യന്റെ പ്രതീക പൂജക്ക് അവ ഉപയോഗിക്കണം. ആ പൂത്തണ്ടുകളും അതിൽ പൂജനീയങ്ങളാകും. അങ്ങനെയാണ് തുമ്പച്ചെടി പൂവിട്ടതും തുമ്പക്കുടങ്ങൾ ഓണത്തപ്പനിലെ അലങ്കാര വസ്തുക്കളായതും.

തുമ്പയിലയും പൂവും തണ്ടുമെല്ലാം ഔഷധമാണ്. ചിലർ തുമ്പപ്പൂവ് പിതൃക്രിയയ്ക്ക് ഉപയോഗിക്കാറുണ്ട്. കർക്കടക മാസത്തിലാണ് തുമ്പ തഴച്ചു വളരുന്നതും പൂവിടുന്നതും.

നന്മ, പവിത്രത, സൗമ്യത എന്നിവയുടെ പ്രതീകമാണ് തുമ്പപ്പൂ. തുമ്പപ്പൂവൂ പോലുള്ള ചോറ്, തുമ്പപ്പൂപോലുള്ള വെണ്മ, തുമ്പപ്പൂ പോല നരച്ചമുടി എന്നീ ഉപമകൾ കേരളീയർക്ക് സുപരിചിതം തന്നെ. കൊച്ചു തുമ്പപ്പൂവ് സുഗന്ധവാഹിയൊന്നുമല്ല. എന്നാൽ അതിന്റെ തരളത ആരെയും ആകർഷിക്കും. മനം മയക്കും. കണ്ടാലുടൻ ഒന്നു തൊട്ടു തലോടാൻ കൊതിക്കും.

വിഷ്ണു പാദാദികേശസ്തോത്രം

വിഷ്ണു പാദാദികേശസ്തോത്രം

വിഷ്ണു സ്മരണം തന്നെ സകലവിധ പാപശമനത്തിനും ഉപയുക്തമാണ്. അപ്പോള്‍ ശ്രീവിഷ്ണു ഭഗവാന്റെ നാമസ്‌തോത്രജപം എത്രമാത്രം ഫലസിദ്ധി പ്രദാനം ചെയ്യുന്നതാണെന്ന് ഊഹിക്കാമല്ലോ. ചിത്തശുദ്ധി സമാര്‍ജ്ജിക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ആദ്ധ്യാത്മിക സാധനയാണ് വിഷ്ണുപാദാദി കേശസ്‌തോത്രജപം. പ്രസ്തുത സ്‌തോത്രം നിത്യവും ജപിക്കുന്നതായാല്‍ മനഃസമാധാനവും സന്തുഷ്ടിയും ആത്മബലവും കരഗതമാകുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന്റെ രചയിതാവ് ജഗത്ഗുരു ശ്രീ ശങ്കരാചാര്യസ്വാമികളാണ്. വിഷ്ണുവിന്റെ പാദം മുതല്‍ കേശം വരെയും ശംഖചക്രാദി വിഭൂഷകളെക്കുറിച്ചും വളരെ പ്രതീകാത്മകമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. തൃശൂര്‍ മതിലകത്തു വച്ച് രചിച്ച ഈ സ്‌തോത്രകൃതി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആചാര്യസ്വാമികള്‍ സമാധിയായെന്നാണ് ഐതിഹ്യം. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യനായ പദ്മപാദാചാര്യരാണ് ഇത് പൂര്‍ത്തിയാക്കിയതെന്നും വിശ്വസിക്കുന്നു. വിഷ്ണുപാദാദികേശ സ്‌തോത്രത്തിന് പൂര്‍ണ സരസ്വതിസ്വാമികള്‍ 'ഭക്തിമന്ദാകിനി' എന്ന പേരില്‍ ഒരു വ്യാഖ്യാനം ചമച്ചിട്ടുണ്ട്. സദ്ഗുരു വിമലാനന്ദ സ്വാമികള്‍ മലയാളഭാഷയിലും വ്യാഖ്യാനം രചിച്ചിട്ടുണ്ട്. സ്രഗ്ധരാ വൃത്തത്തിലുള്ള 52 ശ്ലോകങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.                                                                                  വിഷ്ണുവിന്റെ കൈയിലുള്ള ശംഖ് ബ്രഹ്മതത്വമാണെന്ന് പറഞ്ഞിരിക്കുന്നു. പ്രഥമശ്ലോകത്തില്‍ തന്നെ ആ ശംഖിനെ വര്‍ണിച്ചിരിക്കുന്നു. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ യഥാക്രമം ചക്രായുധം, വില്ല്, ദിവ്യമായ ഖഡ്ഗം, കൗമോദകി എന്ന ഗദ, വാഹനമായ ഗരുഡന്‍, തല്പമായ അനന്തന്‍, ലക്ഷ്മി, പാദരേണുക്കള്‍, പാദതലത്തിലെ രേഖ, തൃപ്പാദങ്ങള്‍, അംഗുലികള്‍, പാദാംഗുലീ നഖങ്ങള്‍, പാദത്തിന്റെ മുകള്‍ഭാഗം, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍, ഊരുക്കള്‍, ജഘനം, കാഞ്ചീകലാപം, നാഭീദേശം, ഉദരം, രോമരാജി, മാറിടം, ശ്രീവത്സം, കൗസ്തുഭരത്‌നം, വൈജയന്തീമാല, ബാഹുമൂലം, കരങ്ങള്‍, കണ്ഠം, ഔഷ്ഠങ്ങള്‍, ദന്താവലി, വാഗ്‌രൂപം, കവിള്‍ത്തടങ്ങള്‍, നാസിക, നേത്രങ്ങള്‍, പുരികങ്ങള്‍, പുരികക്കൊടികളുടെ മധ്യഭാഗം, നെറ്റിത്തടം, അളകാവലി, മുടിക്കെട്ട്, കിരീടം, സമ്പൂര്‍ണ്ണ വിഗ്രഹം, അംശാവതാരങ്ങള്‍, ഭഗവാന്റെ സച്ചിദാനന്ദരൂപം, വിഷ്ണുധ്യാനപരായണരായ ഭക്തന്മാര്‍ എന്നിവയാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്. അവസാന ശ്ലോകത്തില്‍ വിഷ്ണുഭക്തന്മാര്‍ക്ക് ലഭിക്കുന്ന പരമാനന്ദ സ്വരൂപത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു. ശ്രീമദ് ഭാഗവതഗ്രന്ഥംപോലെ തന്നെ പരമപ്രഭുവായ ശ്രീ ഭഗവാന്റെ വാങ്മയസ്വരൂപമായിട്ടു തന്നെയാണ് ഭഗവത് ഭക്തന്മാര്‍ വിഷ്ണുപാദാദികേശ സ്‌തോത്ര ഗ്രന്ഥത്തെയും കല്പിച്ചിരിക്കുന്നത്. ശ്രീ ഭഗവാന്റെ അവതാരമഹിമയും ഭൂഷണവിശേഷവും ഏതൊരു ഭക്തന്റെ അന്തരംഗത്തിലാണോ നിഴലിക്കുന്നത്, അവിടെ ഭഗവാന്റെ സാന്നിധ്യം നിഷ്പ്രയാസം ദര്‍ശിക്കാം. സത്ചിത് ആനന്ദസ്വരൂപനായ ഭഗവാനെ അകക്കാമ്പില്‍ പ്രതിഷ്ഠിച്ചാല്‍ ഏതൊരു ദുഃഖത്തിനും ശമനമുണ്ടാകുന്നു. ആയതിനാല്‍ ഭഗവാന്റെ പാദാദികേശ സ്‌തോത്രജപം ശീലമാക്കുവാന്‍ ഭക്തമനസ്സുകള്‍ക്ക് സാധിക്കട്ടെ..                                                                          

വൃക്ഷങ്ങളുടെ ലക്ഷണങ്ങള്‍

വൃക്ഷങ്ങളുടെ ലക്ഷണങ്ങള്‍

വിശിഷ്ട നിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കേണ്ടുന്ന വൃക്ഷങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് എല്ലാ ഗ്രന്ഥങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. നിര്‍മ്മിതിക്ക് ഉപയോഗിക്കുന്ന തടി സര്‍വഥാ ഉത്തമവും ഗുണ പൂര്‍ണവും ആയിരിക്കണം. ഏറെ പ്രായമായ തടിയും വിളഞ്ഞിട്ടില്ലാത്ത വിധം പ്രായമില്ലാത്തതുമായ തടിയും സ്വീകാര്യമല്ല. അപ്രകാരം തന്നെ വൃക്ഷത്തിന് വളവോ ക്ഷതമോ ഉണ്ടാകാനും പാടില്ല. ഉചിതമായ സ്ഥലങ്ങളില്‍ വളരുന്ന വൃക്ഷങ്ങളെ സ്വീകരിക്കണം. പുണ്യപ്രദമായ മലമുകളിലോ, കാട്ടിലോ,പുഴയോരത്തോ നില്‍ക്കുന്ന വൃക്ഷങ്ങള്‍ ആണ് ഏറ്റവും അഭിലഷണീയമായിട്ടുള്ളത്. ഹൃദയത്തെ സന്തോഷിപ്പിക്കുന്നതും ആകര്‍ഷിപ്പിക്കുന്നമാകണം വൃക്ഷങ്ങള്‍. ഇത്തരത്തിലുള്ള വൃക്ഷങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചാല്‍ നിര്‍മ്മിതി തികച്ചും ഐശ്വര്യപ്രദമായിരിക്കും. സര്‍വസാര, അന്തസ്സാര വൃക്ഷങ്ങളാണ് സാമാന്യമായി നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നത്. പൊതുവെ നിസ്സാര വൃക്ഷങ്ങളെ യാതൊരു കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലാത്തതാകുന്നു. ബഹിസ്സാര വൃക്ഷങ്ങളെ താത്കാലിക നിര്‍മിതികള്‍ക്കായി ഉപയോഗിക്കാം. അന്യത്ര ഉപയോഗിക്കാവുന്ന വൃക്ഷങ്ങള്‍ താഴെപ്പറയുന്നവയാണ്.

പുന്ന, കരിങ്കാലി, ഇരിപ്പ, ചെമ്പകം, ഇരുള്‍ മരം, നീര്‍ മരുത്, വേങ്ങ, കുമിഴ്, പത്മം ,ചന്ദനം,  ഇലഞ്ഞി, വേപ്പ്, വേങ്ങ, കൊന്ന, ആഞ്ഞിലി, പ്ലാവ്, ഏഴിലംപാല ഭൗമി എന്നിവ. അപ്രകാരംതന്നെ ചില സ്ഥാനത്ത് നില്‍ക്കുന്ന വൃക്ഷങ്ങളെ ശാസ്ത്രം നിഷിദ്ധ വൃക്ഷങ്ങളായി കണ്ടിട്ടുണ്ട്. ക്ഷേത്രത്തിനടുത്തു നില്‍ക്കുന്ന വൃക്ഷങ്ങള്‍, ഇടിവെട്ടേറ്റത്, അഗ്നിബാധ കൊണ്ടോ അല്ലാതെയോ ഉണങ്ങിയത്, പ്രധാന സഞ്ചാര പാതയ്ക്ക് അരികില്‍ നില്‍ക്കുന്നത്, ധര്‍മ്മാനുഷ്ഠാന കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്ത് നില്‍ക്കുന്നത്, പക്ഷിമൃഗാദികള്‍ ഏറെ അധിവാസ സ്ഥാനമാക്കിയത്, കാറ്റു കൊണ്ടോ ആനകുത്തിയോ വളഞ്ഞു പോയത്, പിണഞ്ഞു നില്‍ക്കുന്നത്, പൊട്ടിയത്, ധാരാളം ചിതല്‍പ്പുറ്റുകള്‍ താഴെ വളര്‍ന്നത്, വള്ളികള്‍ വളരെ പടര്‍ന്നു കയറിയിട്ടുള്ളത്, പൊള്ളയായത്, കൊമ്പുകളില്‍ ചില്ലകള്‍ ഇല്ലാത്തത്,  പുഴുക്കളും പ്രാണികളും ആക്രമിച്ചത്, അകാലത്തില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്, ക്ഷേത്രങ്ങളിലും മറ്റു ആരാധനാകേന്ദ്രങ്ങളിലും വളരുന്നത്, ദേവതാധിവാസം സങ്കല്പിക്കപ്പെട്ടത്, കിണര്‍, കുളം, തടാകം തുടങ്ങിയ ജലസ്ഥാനങ്ങള്‍ക്ക് അരികില്‍ നില്‍ക്കുന്നത്, എന്നിങ്ങനെയുള്ളതെല്ലാം നിര്‍മ്മിതിക്ക് വര്‍ജ്യമായ വൃക്ഷങ്ങളാണ്. നിര്‍മ്മിതിക്ക് വേണ്ടിയുള്ള വൃക്ഷം കണ്ടെത്താനായി വനത്തിലേക്കാണ് സാധാരണയായി പോകേണ്ടത്. നല്ല ഗ്രഹസ്ഥിതി ഉള്ള ശുക്ലപക്ഷ ദിനത്തില്‍ ആണ് പോകേണ്ടത്. തടി കണ്ടെത്താന്‍ പോകുന്നതിനു മുമ്പ് യഥാവിധി ഭക്തിപുരസ്സരം ആചാരങ്ങളൊക്കെ അനുഷ്ഠിച്ചിരിക്കണം. ഈ സഞ്ചാരത്തിനിടയില്‍ ഉണ്ടാകുന്ന ശകുനങ്ങളും നിമിത്തങ്ങളും ശുഭകരം ആയിരിക്കണം. മുറിക്കുന്നതിന് തിരഞ്ഞെടുക്കുന്ന മരത്തെയും വനദേവതകളെയും സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍, ധൂപം വിശിഷ്ടഭോജ്യങ്ങള്‍, എന്നിവ കൊണ്ട് പൂജിച്ചു പ്രസാദിപ്പിക്കണം.

അദൃശ്യ ഭൂതങ്ങള്‍ക്ക് ബലി നല്‍കിയിട്ട് മുറിക്കാന്‍ പോകുന്ന മരത്തെ കണ്ടെത്തണം. ധാരാളം ശിഖരങ്ങള്‍ ഉള്ളതും ഋജുവായതും തടിച്ചുരുണ്ടതും വൃക്ഷത്തെ ആണ്‍ വൃക്ഷമായി പരിഗണിക്കുന്നു. താഴെ ഭാഗം തടിച്ചും മുകള്‍ഭാഗം കനം കുറഞ്ഞതുമാണ് സ്ത്രീ വൃക്ഷങ്ങള്‍. താഴെ കുറഞ്ഞും മുകള്‍ഭാഗത്ത് കനം കൂടിയും വന്നാല്‍ അത് നപുംസക വൃക്ഷമാകുന്നു. മുഹൂര്‍ത്ത സ്തംഭത്തിനായി ഏറ്റവും സ്വീകാര്യമായത് പുരുഷവൃക്ഷം ആണെങ്കിലും മറ്റു നിര്‍മ്മിതിക്ക് എല്ലാത്തരം വൃക്ഷങ്ങളെയും ഉപയോഗിക്കാറുണ്ട്. ആചാര്യന്‍ ശുദ്ധമനസ്‌കനായി ഛേദിക്കാന്‍ വിധിക്കപ്പെട്ട വൃക്ഷത്തിന് കിഴക്കുഭാഗത്ത് ദര്‍ഭ വിരിച്ച് വലതുവശത്ത് മഴു വെച്ച് രാത്രി ഉറങ്ങണം. പ്രഭാതത്തില്‍ ശുദ്ധോദകം മാത്രം പാനം ചെയ്ത് പടിഞ്ഞാറ് നോക്കി അനുമതിക്കായി മന്ത്രം ചൊല്ലി നമസ്‌കരിച്ചിട്ട് വൃക്ഷങ്ങളെ അഭിവാദ്യം ചെയ്യണം. തുടര്‍ന്ന് മഴുവിന്റെ വായ്ത്തലയില്‍ പാലും വെണ്ണയും നെയ്യും പുരട്ടി തെരഞ്ഞെടുത്ത വൃക്ഷങ്ങള്‍ക്ക് അടയാളം നല്‍കണം. ഭൂനിരപ്പില്‍ നിന്ന് ഒരു കോലുയരത്തില്‍ മൂന്നുപ്രാവശ്യം മുട്ടി ആചാര്യന്‍ പരിശോധിക്കണം. ജലമാണ് ആദ്യം പുറപ്പെടുന്നതെങ്കില്‍ അത് ഭാഗ്യത്തിന്റെ സൂചനയായി പരിഗണിക്കണം. പാലോ വെളുത്ത കറയോ വന്നാല്‍ അതും ശുഭസൂചനയായി കാണണം. എന്നാല്‍ ചുവന്ന കറ പ്രത്യക്ഷപ്പെട്ടാല്‍ അശുഭകരമായി കണ്ടു ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കേണ്ടതാണ്.

വൃക്ഷത്തിന്റെ പതനസമയത്ത് സിംഹഗര്‍ജനമോ,കടുവയുടെ അലര്‍ച്ചയോ, ആനയുടെ ചിഹ്നം വിളിയോ കേട്ടാല്‍ ശുഭ നിമിത്തമായി കാണണം. മറിച്ചു കരച്ചിലും, ചിരിയും, പക്ഷികളുടെ ശബ്ദമോ ആണ് കേള്‍ക്കേണ്ടി വരുന്നെങ്കില്‍ അതിനെ അശുഭമായി പരിഗണിക്കണം. ധ്വജം പോലുള്ള വിശിഷ്ട നിര്‍മിതികള്‍ക്കായി വൃക്ഷത്തെ സ്വീകരിക്കുമ്പോള്‍ താഴെ വീഴാത്ത വിധം സ്വീകരിക്കണം. മറ്റുള്ള സാഹചര്യങ്ങളില്‍ വൃക്ഷം മുറിക്കുമ്പോള്‍ അത് നിലം പതിക്കുന്നത് വടക്ക്അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്ക് ആണ് എങ്കില്‍ ശുഭകരം തന്നെയാണ്. മരം വീഴുന്നത് മതിലിലോ കല്ലിലോ വേങ്ങവൃക്ഷത്തിനുമേലോ ആണെങ്കില്‍ ശുഭമാണ്. മറിച്ചു വൃക്ഷങ്ങളുടെ ഇടയില്‍ തടഞ്ഞു നില്‍ക്കുന്നതോ തടി പൊട്ടി പൊളിഞ്ഞു വീഴുന്നതോ ശുഭകരമല്ല.