ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2024

ഷോഡശസംസ്കാരം - 19

ഷോഡശസംസ്കാരം

ഭാഗം - 19 [അവസാന ഭാഗം]

16. അന്ത്യേഷ്ടി
💗✥━═══🪷═══━✥💗
ഷോഡസക്രിയയിൽ ഏറ്റവും ഒടുവിലുള്ള സംസ്കാരമാണ് അന്ത്യേഷ്ടി. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട മരണാന്തര കർമങ്ങളെ കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. അന്ത്യശാസം വലിച്ചുകഴിഞ്ഞാൽ ശരീരം ശവമായി. അതിനെ നിലത്തു ദർഭ തെക്കോട്ട്‌ മുനയാക്കിയിട്ടതിനു മീതെ മലർത്തി കിടത്തി വായയും കണ്ണുകളും അടച്ചു, കാൽപെരുവിരൽ ചേർത്ത് കെട്ടി കൈകൾ നെഞ്ചിൽവച്ച് കൈയുടെ പെരുവിരൽ ചേർത്തുകെട്ടി പാദവും മുഖവുമൊഴിച്ച് ബാക്കിയെല്ലാം ശുഭ്രവസ്ത്രംകൊണ്ട് മൂടണം.

തലയുടെ ഭാഗത്ത് എളെളണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് വെക്കണം. ചുറ്റും എള്ളും അക്ഷതവും ചേർത്ത് വൃത്തം വരക്കണം. സാമ്പ്രാണി, അഷ്ടഗന്ധം എന്നിവ പുകച്ചു കൊണ്ടിരിക്കണം. വളരെ ദൈർഘ്യമേറിയ ചടങ്ങാണ് മരണാന്തര കർമങ്ങൾ.

മരണത്തിനു ശേഷം സംഭവിക്കുന്നത്...
💗✥━═══🪷═══━✥💗
പ്രാണൻ തട്ടുകളായി ജീവനിൽ നിന്നും വിട്ടുപോകുന്നു

ജീവന്റെ ആഴത്തിലോട്ടു പോയാൽ, അതിനെ അടിസ്ഥാനജീവനെന്നും സ്ഥൂലജീവനെന്നും തരം തിരിക്കാം. സ്ഥൂലശരീരത്തിലെ ഊർജ്ജത്തെയാണ് പ്രാണൻ എന്നുപറയുന്നത്. അത് അഞ്ചുവിധത്തിൽ പ്രകടമാകുന്നു.

സമാന, പ്രാണ, അപാന, ഉദാന, വ്യാന. ഡോക്ടർ വന്ന് ഒരാൾ മരിച്ചുവെന്ന് ഉറപ്പാക്കിയാൽ 21 മുതൽ 24 മിനിറ്റിനുള്ളിൽ സമാന പുറത്തേക്കു പോകുന്നു. സമാനയാണ് ശരീരത്തിലെ ചൂടൂ നിലനിർത്തുന്നത്.

മരണത്തിനു ശേഷം ആദ്യം സംഭവിക്കുന്നത്, ശരീരത്തിന്റെ താപനില താഴോട്ടു പോകുക എന്നതാണ്. പരമ്പരാഗതമായി ഒരാൾ മരിച്ചോ എന്നറിയാനായി കണ്ണുകളോ മറ്റു സംഗതികളോ ആരും പരിശോധിക്കാറില്ല, മൂക്ക് തൊട്ടു നോക്കും, മൂക്ക് തണുത്തിട്ടുണ്ടെങ്കിൽ അയാൾ മരിച്ചുവെന്നാണ് നിഗമനം.

മരിച്ച് 48, 64 മിനിറ്റുകൾക്കിടയിൽ പ്രാണൻ ബഹിർഗമിക്കുന്നു. ആറും പന്ത്രണ്ടും മണിക്കൂറുകൾക്കിടയിലാണ് ഉദാന പുറത്തുപോകുന്നത്.

ഉദാനൻ വിടവാങ്ങുന്നതിനു മുൻപ് ജീവനെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. [പലപ്പോഴും ഡോക്ടർമാർ  മരിച്ചുവെന്ന് വിധി എഴുതിയ ആളുകൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നത് ഈ കാരണം കൊണ്ടാണ്.] ഉദാനൻ പോയിക്കഴിഞ്ഞാൽ ശരീരത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാദ്ധ്യമാണ്.

മരണശേഷം എട്ടും പതിനെട്ടും മണിക്കൂറുകൾക്കിടയിലാണ് അപാന പോകുന്നത്. അതിനുശേഷമാണ് വ്യാന പോകാൻ തുടങ്ങുന്നത്. പ്രാണനെ ജീർണിക്കാതെ സൂക്ഷിക്കുന്നത് വ്യാനയാണ്. സ്വാഭാവിക മരണമാണെങ്കിൽ പതിനൊന്നോ പതിനാലോ ദിവസത്തോടെ മാത്രമേ വ്യാന നിശ്ശേഷം വിട്ടുപോകുന്നുള്ളൂ.

വാർദ്ധക്യത്തിലാണ് മരണമെങ്കിൽ ജീവൻ പടിപടിയായി ദുർബലമായിട്ടുണ്ടാകും. ഈ പതിനാലു ദിവസങ്ങളിൽ ശരീരത്തിൽ ചില പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും, കാരണം, ജീവന്റെ ചെറിയൊരംശം അപ്പോഴും ബാക്കിനിൽക്കുന്നു എന്നതുതന്നെ.

രണ്ടോ മൂന്നോ ദിവസം ശവം സംസ്കരിക്കാതെ വെച്ചാൽ അതിൽ രോമം വളരുന്നതു കാണാം. ദിവസവും താടിവടിക്കുന്ന ആളാണെങ്കിൽ ഈ വളർച്ച വ്യക്തമായി കാണാനാകും. നഖങ്ങളും വളരും. ചില രാജ്യങ്ങളിൽ ശവശരീരം പല ദിവസങ്ങൾ സൂക്ഷിക്കുന്ന പതിവുണ്ട്. അവിടങ്ങളിൽ ചുമതലപ്പെട്ടവർ നഖം മുറിച്ചുകളയും, താടിയും വടിച്ചുകളയും.

ശരീരം ഊർജ്ജസ്വമായിരിക്കേ അപകടമരണമാണ് സംഭവിച്ചതെങ്കിൽ, നാൽപ്പത്തെട്ടോ തൊണ്ണൂറോ ദിവസത്തോളം ചില ആന്തരികമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കും. ശരീരം ആകെ തകർന്നുപോയിട്ടുണ്ടെങ്കിൽ ഈ സാദ്ധ്യത കുറവായിരിക്കും, അല്ലെങ്കിൽ ജീവസ്പന്ദനം ഏതാണ്ട് 90 ദിവസത്തോളം തുടർന്നുപോകും.

ഈ കാലയളവിൽ ജീവനുവേണ്ടി നമുക്ക് ചിലത് ചെയ്യാനാകും. മരണവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ പലവിധ കർമ്മങ്ങളുണ്ട്. എത്രത്തോളം ഗൗരവപൂർവം നടത്തുന്നു, അതെത്രത്തോളം പരിഹാസ്യമാണ് എന്നതെല്ലാം തികച്ചും വേറെ വിഷയം. ഓരോരോ ഘട്ടത്തിലും കൃത്യമായി എന്തെല്ലാം ചെയ്യണമെന്ന് പ്രതിപാദിക്കുന്ന ഒരു ശാസ്ത്രം തന്നെ നമുക്കുണ്ട്.

മരണം കഴിഞ്ഞാൽ, പിന്നെ ഒരു കുഞ്ഞിനുള്ളയത്രപോലും വിവേകം ശേഷിക്കുന്നില്ല. ആ സമയത്ത് ഒരിറ്റു സന്തോഷം അവരുടെ മനസ്സിലേക്കു പകർന്നു നൽകാനായാൽ അത് ഒരായിരം മടങ്ങായാണ് അവരനുഭവിക്കുക.

അതുപോലെത്തന്നെ ദുരിതത്തിന്റെ കാര്യവും - ഒരു തുള്ളി, വലുതായ ദു:ഖമായിത്തീരും. ആ മനസ്സിലേക്ക് എന്തുതന്നെ ഇട്ടുകൊടുത്താലും അതൊരു നൂറായിരം മടങ്ങായി അവർ അനുഭവിക്കുന്നു. ഇതിനെയാണ് സ്വർഗമെന്നും നരകമെന്നും നമ്മൾ പറയുന്നത്.

സുഖമായ അവസ്ഥയാണെങ്കിൽ സ്വർഗം, ക്ലേശപൂർണമാണെങ്കിൽ നരകം. ഇതൊന്നും ഭൂമിശാസ്ത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനങ്ങളല്ല, അനുഭവമണ്ഡലങ്ങളാണ്. ശരീരം വിട്ടുപോയ ജീവൻ ഇത്തരം അനുഭവങ്ങളിൽ കൂടി കടന്നുപോകുന്നു.

മുറപ്രകാരം നടത്തുന്ന ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൂടി വിട്ടുപോയ ജീവന്റെ മനസ്സിലേക്ക് നമ്മൾ ഒരു തുള്ളി സ്നേഹജലം പകരുകയാണ്. ഓരോരോ കർമ്മങ്ങളിലൂടെ നമ്മൾ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവർക്കു ബൃഹത്തായ സുഖവും സന്തുഷ്ടിയും പകരാൻ സഹായിക്കുന്നു. ചെയ്യുന്നതെന്തായാലും അത് ആ ജീവന് അനുഭവിക്കാനുതകുന്ന രീതിയിൽ വിധിപ്രകാരം ചെയ്താൽ അത് അവർക്ക് ഉപകരിക്കും.

മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ
💗✥━═══🪷═══━✥💗
ഇന്ത്യയിൽ ആരെങ്കിലും മരിച്ചാൽ, ബന്ധുക്കൾ ചുറ്റും കൂടിയിരിക്കും. ശവശരീരത്തെ ആരും തനിച്ചാക്കി പോകാറില്ല. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ പരമ്പരാഗതമായി ആദ്യം ചെയ്യുന്നത് ശവശരീരത്തിന്റെ കാലിലെ പെരുവിരലുകൾ തമ്മിൽ കൂട്ടികെട്ടുകയാണ്. ഇപ്രകാരം ചെയ്യുന്നത് മൂലാധാരത്തെ നന്നായി ഇറുക്കിവെക്കാനാണ്.

ശരീരത്തിൽനിന്നും വിട്ടുപോയ ജീവൻ വീണ്ടും അതിലേക്ക് കടന്നുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 'ജീവിച്ചിരിക്കുന്ന ഈ ശരീരം യഥാർത്ഥത്തിൽ ഞാനല്ല' എന്ന ബോധത്തോടുകൂടിയല്ല ഒരാൾ ജീവൻ വെടിയുന്നതെങ്കിൽ ഏതെങ്കിലും ദ്വാരങ്ങളിൽകൂടി അത് വീണ്ടും അതേ ശരീരത്തിൽ കയറിപ്പറ്റാൻ ശ്രമം നടത്തും, പ്രത്യേകിച്ചും മൂലാധാരത്തിൽ കൂടി. ജീവന്റെ ഉത്ഭവം മൂലാധാരത്തിൽ നിന്നാണ്. ശരീരത്തിലെ ചൂട് അവസാനമായി വിട്ടുപോകുന്നതും, അതേ സ്ഥലത്തുനിന്നാണ്.

ദഹിപ്പിക്കൽ നല്ല കാര്യമാണ്, എല്ലാം പെട്ടെന്ന് അവസാനിക്കുന്നു. മരണം സംഭവിച്ചുകഴിഞ്ഞാൽ ഒന്നര മണിക്കൂറിനുള്ളിൽ ശവം ദഹിപ്പിക്കണം എന്നാണ് പഴയ ആചാരം. ഏറിവന്നാൽ നാലുമണിക്കൂർവരെ വെക്കാം. ജീവൻ തരം കിട്ടിയാൽ വീണ്ടും ആ ശരീരത്തിൽ പ്രവേശിക്കും എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

ജീവിച്ചിരിക്കുന്നവർക്കും പ്രാധാന്യമർഹിക്കുന്ന ഒരു ചടങ്ങാണിത്. ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം സംഭവിക്കുമ്പോൾ മനസ്സ് തരത്തിലും വിധത്തിലും കുതിക്കാൻ തുടങ്ങും. 'ഈശ്വരനൊരു തെറ്റുപറ്റിപ്പോയതായിരിക്കും. അതു തിരുത്തും' അല്ലെങ്കിൽ 'എന്തെങ്കിലും അത്ഭുതം സംഭവിക്കും, മരിച്ചയാൾ വീണ്ടും ജീവിക്കും' അങ്ങനെ പോകും അവരുടെ സങ്കൽപങ്ങൾ.

ഇതെല്ലാം യുക്തിക്കു ചേർന്നതല്ല എന്നിറിയാഞ്ഞിട്ടല്ല. മരിച്ച വ്യക്തിയോടുള്ള സ്നേഹാധിക്യം അങ്ങനെയെല്ലാം തോന്നിപ്പിക്കുന്നതാണ്. അതുപോലെത്തന്നെ ശരീരം വിട്ടുപോയ ജീവനും ആശിക്കുന്നു, തനിക്ക് വീണ്ടും ആ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന്.

മരണം നടന്ന വീട്ടിൽ എല്ലാവരും അലമുറയിട്ടു കരയുന്നതു കാണാം, എന്നാൽ ശവദാഹം കഴിയുന്നതോടെ ഏല്ലാവരും ശാന്തരാവുകയും ചെയ്യുന്നു. മരണമെന്ന യാഥാർത്ഥ്യം അവരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്നാണതിനർത്ഥം.

ശരീരം ചാമ്പലാകുന്നതോടു കൂടി ഇത് മനസ്സിലാക്കുന്നത് ജീവിച്ചിരിക്കുന്നവർ മാത്രമല്ല. ശരീരത്തിൽ നിന്നും വിട്ടുപോകേണ്ടിവന്ന ജീവനും കൂടിയാണ്. ഇനി ആ ശരീരത്തിലേക്കു കയറിപ്പറ്റാൻ തനിക്കു സാദ്ധ്യമല്ല എന്ന് അതിന് ബോദ്ധ്യപ്പെടുന്നു.

ഋണാനുബന്ധം
💗✥━═══🪷═══━✥💗
ഋണാനുബന്ധം എന്ന് നിങ്ങളിൽ അധികം പേരും കേട്ടിട്ടുണ്ടാകും. ഭൗതികതലത്തിൽ, വിശേഷിച്ചും ശാരീരികതലത്തിലുള്ള ഒരു ബന്ധമാണ് അത് സൂചിപ്പിക്കുന്നത്. രണ്ടു ശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ അവിടെ ഋണാനുബന്ധം ഉളവാകുന്നു.

പരസ്പരമുള്ള ഒരു ഐക്യം, അത് സ്നേഹത്തിന്റെയോ സൗഹൃദത്തിൻരെയോ ആകാം, ലൈംഗികബന്ധമാകാം. വെറുതെ ഒരാളുടെ കൈപിടിച്ച് കുറച്ചുനേരം ഇരുന്നാലും മതി. അന്യോന്യം വസ്ത്രങ്ങൾ കൈമാറുന്നതും ഋണാനുബന്ധത്തിന് വഴിയൊരുക്കുന്നു.

കുടുംബത്തിൽ ഒരാൾ മരിച്ചുകഴിഞ്ഞാൽ ഈ ഋണാനുബന്ധത്തെ മായ്ച്ചുകളയണം. ഇതിനുവേണ്ടിയും വിശേഷാൽ ചടങ്ങുകളുണ്ട്. സമുദ്രത്തിലോ ഗംഗയിലോ മറ്റു ജലാശയങ്ങളിലോ ചിതാഭസ്മം ഒഴുക്കുന്ന പതിവുണ്ട്. മരിച്ചവരുമായുള്ള ഋണാനുബന്ധം നിശ്ശേഷം അവസാനിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ ബന്ധം മുറിച്ചു കളഞ്ഞാലേ ജീവിക്കുന്നവരുടെ ജീവിതം സുഗമമായി തുടർന്നുപോകു, അതല്ല എങ്കിൽ അത് നിങ്ങളുടെ മാനസിക -ശരീരാവസ്ഥകളെ പലതരത്തിൽ ബാധിച്ചെന്നുവരാം. എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളെ ഇത് ബാധിക്കുന്നില്ല.

പ്രകൃതി തന്നെ അവർക്കതിനുള്ള സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ കൗമാരപ്രായക്കാരെ ഇത് ശക്തിയായി ബാധിക്കുന്നു. അതുകൊണ്ടാണ് മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങൾ യഥാവിധി അനുഷ്ഠിക്കണം എന്നുപറയുന്നത്. പ്രേതാത്മാക്കളുടെ ഊർജ്ജം അന്തരീക്ഷത്തിൽ തന്നെയുണ്ട്. അതിന് എളുപ്പത്തിൽ കടന്നുപിടിക്കാൻ സാധിക്കുന്നത് കൗമാര പ്രായത്തിലുള്ളവരെയാണ്.

ആ പ്രായത്തിൽ മനസ്സ് ഏറ്റവും ലോലവും ചഞ്ചലവുമായിരിക്കും. കൗമാരക്കാരുടെ ഇടയിലുള്ള സംഘർഷങ്ങൾക്ക് ഒരു കാരണം, നമ്മൾ മരിച്ചുപോയവരുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലാത്തത് കൊണ്ടാവാം, ഋണാനുബന്ധങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ നമ്മൾ കാണിക്കുന്ന അലംഭാവം.

നമ്മുടെ മുൻതലമുറക്കാർക്ക് ഈ പ്രശ്നം അത്ര കാര്യമായി നേരിടേണ്ടി വന്നിട്ടില്ല, കാരണം പരേതാത്മാക്കളുടെ കാര്യത്തിൽ അവർ അതീവ ശ്രദ്ധ പാലിച്ചിരിക്കുന്നു.

വികാരങ്ങളുടെ കെട്ടുകൾ മുറിച്ചുമാറ്റുക അത്ര എളുപ്പമാണോ?

വികാരങ്ങളെപ്പറ്റിയല്ല ഞാനിവിടെ പറഞ്ഞത്. വികാരം വ്യത്യസ്തമാണ്. അത് ജീവന്റെ രണ്ടാംഘട്ടത്തിൽ പ്രകടമാകുന്ന ഭാവമാണ്. മരിച്ചവരുമായുള്ള ശാരീരികമായ ചേർച്ചയാണ് ഋണാനുബന്ധം.

അതാണ് ജീവിച്ചിരിക്കുന്നവരിൽ നിന്നും മുറിച്ചു മാറ്റേണ്ടത്, കാരണം അതു തുടർന്നാൽ, അതു ചില രോഗങ്ങൾക്കും മാനസികാസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നു. മരിച്ചുപോയ ഒരാളുമായി നിങ്ങൾക്ക് വളരെയേറെ ഹൃദ്യമായൊരു ബന്ധമുണ്ടായിരുന്നുവെങ്കിൽ, അതിന്റെ സുന്ദരമായ ഓർമ്മ മനസ്സിൽ സൂക്ഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

ഋണാനുബന്ധം അവശേഷിക്കുന്നു എങ്കിൽ അത് നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും ദുർബലമാക്കും. അതുമാത്രമല്ല ജീവിതത്തിന്റെ തന്നെ ചുവടു പിഴച്ചുവെന്നുവരാം. ഇതെല്ലാം ഒഴിവാക്കാനാണ് നമ്മൾ ഋണാനുബന്ധം അവസാനിപ്പിക്കുന്നത്. ശാരീരികമായ ഓർമ്മകളാണ് ഇങ്ങനെ ഇല്ലാതാവുന്നത്.

വൈകാരികവും മാനസികവുമായ ഓർമ്മകൾ നമുക്ക് വിട്ടുകളയാനാവില്ല, അങ്ങനെ ചെയ്യുകയുമരുത്. നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ എങ്ങനെ മറന്നു കളയാനാകും? എന്തിനു മറന്നുകളയണം? മധുരോദാരമായൊരു ഓർമ്മയായി അവരെന്നും നിങ്ങളിലുണ്ടായിരിക്കട്ടെ.

മരണപ്പെട്ടവരുടെ നന്മയ്ക്കായി പരമ്പരാഗതമായി നടത്തിക്കൊണ്ടു പോരുന്ന ശ്രാദ്ധം പോലുള്ള ചടങ്ങുകൾകൊണ്ട്, ഉപദ്രവകാരിയായി മാറിയേക്കാവുന്ന ശേഷിക്കുന്ന ശാരീരികമായ ബന്ധങ്ങളെയും നമ്മൾ മുറിച്ചു മാറ്റുന്നു


ഷോഡശസംസ്കാരം - 18

ഷോഡശസംസ്കാരം

ഭാഗം - 18

15. സന്യാസം
💗✥━═══🪷═══━✥💗
സന്യാസി ആകുവാൻ നിശ്ചയിച്ച തീയ്യതിക്ക് മൂന്നുദിവസം മുൻപേ വ്രതം അനുഷ്ഠിച്ചു തുടങ്ങണം. സന്യാസ സംസ്കാരം ആരംഭിക്കുന്ന ദിവസം പുലർച്ചതന്നെ സന്യാസം സ്വീകരിക്കുന്നയാൾ എഴുന്നേറ്റു സന്യാസ കർമങ്ങൾക്ക് തുടക്കമിടണം. സന്യാസം സ്വീകരിക്കുമ്പോൾ അഞ്ചു തലമുടി ഒഴികെ ബാക്കിയെല്ലാം വടിച്ചുകളയണമെന്ന് നിർബന്ധമുണ്ട്. വളരെ വിപുലമായ സന്യാസിപരമ്പര ഭാരതത്തിനുണ്ട്. ശൈവ, വൈഷ്ണവവാദി മഠാധിപതികളും, ആചാര്യപരമ്പകളിലൂടെ പീഠാധിപതികളയാവരും, യോഗികളും, ഭക്തന്മാരും, കർമികളും, ജ്ഞാനികളും ഉൾപ്പെടെയുള്ള വിപുലമായ സന്യാസിപരമ്പരയണുള്ളത്. വ്രതം, യജ്ഞം, തപസ്സു, ധനം, ഹോമം, സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമങ്ങളിൽനിന്ന് വ്യതിചലിച്ചവനും സന്യാസം നൽകരുത്. സന്യാസ വേഷത്തിൽ ഭിക്ഷയെടുക്കുന്നത് പാപമാണ്. ധർമബോധവും ആചാര ശുദ്ധിയുമില്ലാതെ, അഗ്നിവസ്ത്ര (കാവിവസ്ത്ര)ത്തെയും സന്യാസത്തെയും അവഹേളിക്കുന്നവർക്കും അവരുമായി സമ്പർക്കത്തിൽ എർപെടുന്നവർക്കും പാപമാണ് ഫലം എന്ന് ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു. കപട സന്യാസികളെ രാജാവിന്‌ ശിക്ഷിക്കാം. സന്യാസിമാർ സ്വാധ്യായം, തപസ്സു എന്നിവ അനുഷ്ഠിക്കുന്നതോടപ്പം ജനോപകാരപ്രവത്തികളും ചെയ്യണമെന്നുണ്ട്.

ഒരു വ്യക്തി സന്യാസി ആയാൽ അയാൾ അയാളുടെ പുത്ര ധർമം എങ്ങനെ നിറവേറ്റും ? അയാൾ എല്ലാ ഭൌതിക ബന്ധങ്ങളും വെടിയുകയല്ലേ ?
സന്യാസം എന്താണു എന്നാണു മനസ്സിലാക്കി വെച്ചിരിക്കുന്നത്‌?

നാം കേട്ടിട്ടുള്ള അല്ലെങ്കിൽ മനസ്സിലാക്കി വെച്ചിട്ടുള്ള സന്യാസം എന്തെന്നാൽ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച്‌ താടിയും മുടിയും വളർത്തി അല്ലെങ്കിൽ തല മുണ്ഡനം ചെയ്ത്‌ ആശ്രമത്തിലോ, കാശി, ഹരിദ്വാർ പോലുള്ള പുണ്യകേന്ദ്രങ്ങളിൽ പോയി താമസിക്കുകയോ ആണു. വാസ്തവത്തിൽ സന്യാസം എന്നാൽ അതല്ല. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം എന്നി നാലു മാർഗ്ഗങ്ങളിലൂടെയുള്ള ഒരുവന്റെ ധാർമ്മികമായ ജീവിതമാണു സന്യാസം. സ്കൂളിൽ പോവുക, കോളേജിൽ പോവുക നന്നായി പഠിക്കുക. ഇതാണു ഒന്നാമത്തെ മാർഗ്ഗമായ ബ്രഹ്മചര്യം. പഠിപ്പൊക്കെ കഴിഞ്ഞ്‌, അനുയോജ്യമായ ഒരു തൊഴിൽ കണ്ടെത്തി, ഒരു വിവാഹഹമൊക്കെ കഴിച്ച്‌ കുട്ടികളും മക്കളുമൊക്കെയായി, ഒപ്പം തന്റെ മാതാപിതാക്കളേയും ശുശ്രൂക്ഷിച്ച്‌ സംരക്ഷിച്ച്‌ ജീവിക്കുക എന്ന രണ്ടാമത്തെ മാർഗ്ഗമാണു ഗൃഹസ്ഥം. മക്കളെ പഠിപ്പിച്ച്‌ വലുതാക്കി അവർക്ക്‌ തൊഴിലൊക്കെ ആവുമ്പോഴേക്കും നമുക്ക്‌ 60 ഓ 65 ഓ വയസ്സൊക്കെയാവും. അപ്പോൾ അതുവരെയുള്ള സംബാദ്യങ്ങളും അലമാരയുടെ താക്കോലുമൊക്കെ മക്കളെ ഏൽപിച്ച്‌ അവരുടെ സംരക്ഷണയിൽ മറ്റ്‌ എല്ലാ ഭൗതികമായാ സകലതും ഉപേക്ഷിച്ച്‌ ഈശ്വരനെ മാത്രം ഭജിച്ച്‌ സകലതിൽ നിന്നും മുക്തനായി ജീവിക്കുക. ഇതാണു വാനപ്രസ്ഥം. ഇതിലൂടെ സന്യാസത്തെ പ്രാപിച്ച്‌ ഈ ദേഹത്തെ ഉപേക്ഷിക്കുക.

നമ്മുടെ ഋഷീശ്വരന്മാരുടെയൊക്കെ ജീവിതരീതിയും നമുക്ക്‌ ഉപദേശിച്ചു തന്നിട്ടുള്ളതുമൊക്കെ ഈയൊരു സന്യാസത്തെ കുറിച്ചാണു. ആദിശങ്കരനു ശെഷമാണു ആശ്രമ സമ്പ്രദായമൊക്കെ രൂപപെട്ടത്‌. ശങ്കരാചാര്യരും സന്യാസം സ്വീകരിച്ചിട്ടുള്ളത്‌ മാതാവിന്റെ പരിപൂർണ്ണ സമ്മതത്തോടെയും അനുവാദത്തോടേയും അനുഗ്രത്തോടെയുമാണു. അമ്മ എന്ന് തന്നെ കാണാൻ ആഗ്രഹിക്കുന്നുവോ ആ നിമിഷം ഞാൻ അമ്മയുടെ സമീപത്ത്‌ എത്തും എന്ന വാകുകൂടി സ്വന്തം മാതാവിനു കൊടിത്തിട്ടാണു ശങ്കരൻ ജഗത്ഗുരു ശങ്കരാചാര്യൻ എന്ന സന്യാസിയായത്‌. സന്യസം സ്വീകരിക്കുന്നതിനു മുമ്പ്‌ ഒരു പുത്രൻ എന്ന നിലക്ക്‌ താൻ ചെയ്യേണ്ട കടമ അതായത്‌ മഹത്തായ പുത്രധർമ്മമായ മതാപിതാക്കൾക്കു വേണ്ടി ബലിതർപ്പ്പണം ചെയ്യുന്നുണ്ട്‌. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്ക്‌ ജന്മം നൽകിയവർക്ക്‌ പിതൃകർമ്മം ചെയ്ത്‌ തന്റെ ധർമ്മം നിറവേറ്റുന്നു. സന്യാസം സ്വീകരിച്ച്‌ ആശ്രമത്തിൽ പോയിരുന്നാൽ പിന്നെ ഒരിക്കലും തന്റെ വീട്ടിൽ പോകരുതെന്നോ മതാപിതാക്കളെ കാണരുതോ എന്നോ ഇല്ല. തെറ്റായ കുറെ കാര്യങ്ങൾ സന്യാസത്തെ കുരിച്ച്‌ നാം മനസ്സിലാക്കിയിട്ടുണ്ട്‌.

ഒരാൾ ഒരു കുടുംബത്തിൽ നിന്ന് സന്യാസ മാർഗ്ഗം സ്വീകരിച്ചാൽ അതിന്റെ ഗുണം ആ കുടുംബത്തിന്റെ 7 തലമുറക്കും ലഭിക്കുന്നു. മാതാപിതാക്കൾ ചെയ്ത സുകൃതത്തിന്റെ ഫലമാണു പുത്രൻ സന്യാസിയാവുക എന്നത്‌. അതുപോലെ താൻ ചെയ്ത സത്പ്രവർത്തികളുടെ ഫലമാണു തന്റെ മതാപിതാക്കാൽ സന്യാസ മാർഗ്ഗത്തിലേക്ക്‌ പോവുക എന്നതു.

ഷോഡശസംസ്കാരം - 17

ഷോഡശസംസ്കാരം

ഭാഗം - 17

14. വാനപ്രസ്ഥം
💗✥━═══🪷═══━✥💗
സ്വധർമ്മാനുസൃതം ബ്രഹ്മചാര്യം ഗാർഹപത്യം എന്നി ആശ്രമങ്ങളിൽ കർത്തവ്യങ്ങൾ നിർവഹിച്ചിട്ട് വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കേണ്ടതാകുന്നു. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജീവിച്ചുകൊള്ളണമെന്നല്ല. വാനപ്രസ്ഥാശ്രമവൃതം സ്വീകരിച്ച് ഗൃഹത്തിനു പുറത്ത് സാമൂഹികധാർമ്മികരംഗങ്ങളിൽ യഥാശക്തി സേവനമനുഷ്ഠിച്ചുകൊണ്ട് ത്യാഗപൂർവ്വം ജീവിക്കണമെന്ന് തല്പര്യം. സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരായാൽ അവരെ ഗൃഹകാര്യങ്ങൾ ഏൽപ്പിക്കണം.

ഓരോ ആശ്രമവും അടുത്ത പടിയിലേക്ക് ഏറാനുള്ള തയ്യാറെടുപ്പാണ്. ബ്രഹ്മചര്യാശ്രമജീവിതം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കാനായിരുന്നു. അതുപോലെ ഗൃഹസ്ഥാശ്രമവും സ്വീകരിച്ചതും അതിനായിരുന്നു. കർത്തവ്യങ്ങളുടെ ഒഴിവുകഴിവുകൾ പറഞ്ഞ് അവിടെ തന്നെ പറ്റികൂടാനല്ല. ഓരോരുത്തരുടെയും കർമ്മബന്ധങ്ങളും കഴിവുമനുസരിച്ച് ജീവിതസൗകര്യങ്ങളുടെ ഏറ്റത്താഴ്ചകൾ ഉണ്ടായിരിക്കും. വ്യക്തിക്കൾക്കെന്നപോലെ കുടുംബത്തിലും സമുദായത്തിലും അതു അനുഭവപ്പെടും. എന്നാൽ അടിസ്ഥാനപരമായ ജീവിതമൂല്യം എല്ലാവർക്കും ഒരുപോലെയാണ്. അതു വേണ്ടവണ്ണം ബോദ്ധ്യപ്പെട്ടാൽ കർത്തവ്യങ്ങളുടെ പരിധി നിർണ്ണയിക്കാൻ കഴിയും . സാധാരനഗതിയിൽ ധാർമ്മിക-സമൂഹിക കാര്യത്തിൽ പങ്കെടുക്കാൻ പോലും പലരും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ട്. “എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് ഒരു നല്ല ചെയ്യാൻ കാര്യം തരപ്പെടുകയില്ല. “ സമയവും സൗകര്യവും ഉപയോഗപ്പെടുത്തണമോ ദുരുപയോഗപ്പെടുത്തണമോ എന്ന് തിരുമാനിക്കേണ്ടത് അവരവർ തന്നെയാണ്. ഇതുപോലെ തന്നെ ഗൃഹത്തിൽ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചിട്ട് വാനപ്രസ്ഥത്തിൽ പ്രവേശിക്കാമെന്നു കരുതുന്നതും ഒഴിവുകിഴിവാണ്. ജീവിതം ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ല. എത്ര തന്നെ ഡോക്ടർമാർ ഉണ്ടായിരുന്നാലും പോഷകാശഭക്ഷണങ്ങൾ നിറച്ചാലും. കായകല്പങ്ങൾ സേവിച്ചലും യമൻ നിയമമനുസരിച്ച് തട്ടിക്കൊണ്ടുപോകും.. അതിനാൽ ഗൃഹസ്ഥാശ്രമത്തിലെ കർത്തവ്യങ്ങൾ അതിന്റെ പരിധിക്കുള്ളിൽ ആകാവുന്നിടത്തോളം നിർവഹിച്ചിട്ട് അടുത്ത തലമുറക്ക് അവിടം ഒഴിഞ്ഞുക്കൊടുത്തുകൊണ്ട് വാനപ്രസ്ഥാശ്രമം സ്വീകരിക്കേണ്ടതാണ് തനിക്കും സമുദായത്തിനും നല്ലത്.

എല്ലാവിധ ആശാപാശങ്ങളിൽ നിന്നും വിമുക്തനും വിരക്തനുമായി സർവ്വജനഹിതകാരിയായ വർത്തിക്കണം. വാനപ്രസ്ഥൻ സ്വാർത്ഥമായ വിചാരങ്ങളും വാക്കുകളും കർമ്മങ്ങളും അദ്ദേഹം ധർമ്മത്തിന്റെ ഹോമകുണ്ഡത്തിൽ ആഹൂതി ചെയ്യുന്നു. അങ്ങനെ തന്റെതല്ലാം പരോപകാരർത്ഥമായി പരിണമിപ്പിക്കുകയും ജീവിതാനുഭവവും ബലവും അറിവും ധർമ്മാർത്ഥമായി സമൂഹക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യണം.

ദശവിധസ്നാനം, പഞ്ചാമൃതപാനം, അഭിഷേകം, ദണ്ഡനാരണം, കൗപീനധാരണം, ഹവനം, സങ്കൽപം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം , എന്നിവ വാനപ്രസ്ഥ സംസ്ക്കാരത്തിലെ ഭാഗങ്ങളാകുന്നു.

ദശവിധസ്നാനം
💗✥━═══🪷═══━✥💗
വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്ന യജമാനനെ ആചാര്യൻ കൊണ്ടുപോയി ഒരു പലകയിലിരുത്തി മന്ത്രോച്ചാരണപൂർവ്വം പത്തുവിധ സ്നാനം ചെയ്യിക്കുന്നു. ഭസ്മം, മണ്ണ്, പശുവിൻ ചാണകം, ഗോമൂത്രം, പശുവിൻ നെയ്യ്, പശുവിൻ പാൽ, പശുവിൻ തൈർ, മഞ്ഞൾ, കുശ, തേൻ. എന്നി സാധനങ്ങളാണ് , ഓരോന്നും നിർദ്ദിഷ്ട മന്ത്രോച്ചാരണപൂർവ്വം സ്നാനം ചെയ്യണം,

1 - ഭസ്മം:- ഈ ശരീരം അവസാനം ഭസ്മമായി തീരേണ്ടതാണ്, ഏത് സമയത്തും സംഭവിക്കുന്ന മരണത്തിന് ശേഷവും ജീവന്റെ സദ്ഗതിക്ക് വേണ്ടി തയ്യാറാവുന്നതിന്റെ തുടക്കമാണിത്.

2 - മണ്ണ്:- മാതൃഭൂമിയോട് ജീവനുള്ള കടപ്പാടിനെ സൂചിപ്പിച്ചുകൊണ്ട് മണ്ണ് ശരീരത്തിൽ പൂശി കുളിക്കുകയും ശിഷ്ടജീവിതം ദേശഭക്തിയിലും മാതൃഭൂസേവനത്തിലും നയിക്കണമെന്ന വൃതം ഉൾക്കൊള്ളുകയും ചെയ്യുന്നു.

3 - ചാണകം :- ചാണകത്തെപ്പോലെ ശരീരവും ചെടികൊടി സസ്യാദികൾക്ക് വളമായി സംസാരം ഫലഭൂയിഷ്ഠമാവട്ടെ എന്ന് സങ്കൽപ്പം .

4 - ഗോമൂത്രം :- ക്ഷാരഗുണപ്രധാനമായ ഗോമൂത്രം രോഗനാശന ശക്തിയുള്ളതാണ്. ബാഹ്യാഭ്യന്തര ദുർഗുണങ്ങളെ അകറ്റി സ്വച്ഛതയുൾക്കൊള്ളുക എന്നതാണ് ഗോമൂത്ര സ്നാന സങ്കൽപ്പം.

5 - പാൽ:- പശുവിന്റെ പാലിനെ പോലെ ശുദ്ധവും സ്വച്ഛവും ഉജ്ജീവനശക്തിദായകവുമായിരിക്കണം സ്വജീവിതം.

7 - തൈർ:- ഇതുവരെ ജീവിതം ഓളമടിച്ചുകൊണ്ടിരുന്നു, പാത്രത്തിലെ പാലിനെ പോലെ ഇളകികൊണ്ടിരുന്നു. ഇനി ഉറയിച്ച പാലിനെപ്പോലെ - തൈരിനെപ്പോലെ ത്യാഹത്തിൽ സ്ഥിരനിഷ്ഠനായിരിക്കും, പ്രലോഭനങ്ങക്ക് വഴിപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ആടുകയില്ല.

7 - നെയ്യ്:- ഗുരുത്വവും സ്നേഹവുമാണ് നെയ്യ്, ജീവിതത്തെ സരളവും സ്നേഹവുമായി തീർക്കുക എന്നതാണ്.

8 - മഞ്ഞൾ:- രോഗാണുക്കളെ നശിപ്പിക്കുന്നതും മംഗളസൂചകവുമായിരിക്കണം മഞ്ഞൾ, വിചാരം, വാക്ക്, പ്രവർത്തികളിൽ നാം ആഗ്രഹിച്ചിലെങ്കിലും കടന്നുകൂടുന്ന ദോഷങ്ങളെയും സമുദായത്തിലെ വികൃതഭാവങ്ങളെയും നേരിട്ട് അകറ്റുന്നതിന്നും തന്റേടത്തോടെ യത്നിക്കുമെന്ന് നിശ്ചയം.

9 - കുശ:- ഏതിലും കുശാഗ്രബുദ്ധിയോടെ ഇരിക്കുക. അധർമ്മത്തിനും അനീതിക്കുമെതിരെ തീക്ഷണതാപൂർവ്വം വർത്തിക്കുക.

10 - തേൻ :- മധുസ്നാനത്തിന്റെ താൽപര്യം സമഗ്രമായ സൗമ്യതയും മാധുര്യവുമാണ് . എല്ലാവർക്കും ഹിതകരമാം വിധം മധുരഭഷണം സേവന-ശുശ്രൂഷകൾ സാത്വികഭാവം സത്സംഗം മുതലായ ഗുണങ്ങളുടെ പോഷണം.

ഇതുവരെ ചെയ്തിട്ടുള്ള പാപകർമ്മങ്ങളുടെ പ്രായശ്ചിത്തമായും നവജീവിതത്തിന്റെ തുടക്കം കുറിക്കുന്നതിനായും, ഈ വിശേഷസ്നാനം വിധിച്ചിരിക്കുന്നു.

പഞ്ചാമൃതസേവനം
💗✥━═══🪷═══━✥💗
അതിനു ശേഷം പഞ്ചാമൃതം നൽകുന്നു, പശുവിൻപാൽ, പശുവിൻ നെയ്യ്, തേൻ, തുളസിയില, ശർക്കര എന്നിസാധങ്ങൾ മന്ത്രോച്ചരണപൂർവ്വം തയ്യാറാക്കുന്നതാണ് പഞ്ചാമൃതം, ശരീരികവും മാനസികവുമായ സാത്വിക ശുദ്ധീകരണമാണ്. പഞ്ചാമൃത സേവനത്തിന്റെ ഉദ്ദേശ്യം.

അഭിഷേകം
💗✥━═══🪷═══━✥💗
പഞ്ചാമൃത സേവനത്തിനുശേഷം വാനപ്രസ്ഥനെ സമുദായത്തിലെ സംസ്ക്കാര സമ്പന്നരും ധർമ്മസേവതൽപ്പരരുമായ 24 വ്യക്തികൾ ചേർന്നു അഭിഷേകം ചെയ്യുന്നു. അഭിഷേകം ചെയ്യുമ്പോൾ താൻ വരിച്ച വാനപ്രസ്ഥാശ്രമവ്രതത്തിന് സമുദായത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടെന്നും , വാനപ്രസ്ഥാശ്രമത്തിൽ അദ്ധ്യാത്മിക സാധനയോടപ്പം ശുദ്ധമനസ്സോടെ നിസ്വാർത്ഥമായി സമുദായസേവനമനുഷ്ഠിക്കമെന്നും മനസാ സങ്കൽപ്പിക്കണം, വിശാലമായ സമുദായവും ആദ്ധ്യാത്മികത്വവും അടങ്ങിയതാണ്.

പീതവസ്ത്രധാരണം
💗✥━═══🪷═══━✥💗
അതിനുശേഷം വാനപ്രസ്ഥൻ ഋഷിപൂജചെയ്ത് പീതവസ്ത്രം ധരിക്കുന്നു. സേവന നിഷ്ഠയുടെയും സാത്വിക ജീവിതത്തിന്റെയും ചിഹ്നമാണ്.

ചരടും കൗപീനവും
💗✥━═══🪷═══━✥💗
തുടർന്ന് വാനപ്രസ്ഥന്റെ കയ്യിൽ ചരടും കൗപീനവും ഏൽപ്പിക്കുന്നു. ഇന്ദ്രീയ സംയമത്തിന്റെയും ചുമുതലബോധത്തിന്റെയും പ്രതീകമാണ് ചരടും കൗപീനവും സ്വീകരിക്കുന്നത് . കൂടാതെ വാനപ്രസ്ഥാശ്രമം ശരിയായി പാലിക്കമെന്ന് ദൃഢവൃതം കൈക്കൊള്ളുന്നു,

ധർമ്മദണ്ഡ്
💗✥━═══🪷═══━✥💗
രാജാഭിഷേക സന്ദർഭത്തിൽ രാജാവിന് നിതിന്യായത്തിന്റെ ദണ്ഡ് ഗ്രഹിക്കുന്ന കർമ്മത്തെപ്പോലെയാണ് വാനപ്രസ്ഥൻ ധർമ്മദണ്ഡ് സ്വീകരിക്കുന്നത്. ജീവിതത്തിൽ സ്വധർമ്മ പാലനത്തിന് എപ്പോഴും തയ്യാറായിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ധർമ്മദണ്ഡ്. സ്വാദ്ധ്യായം, സാധന, സംയമം, ജനസേവ എന്നി ചതുർവിധ ധർമ്മകർത്തവ്യങ്ങളിൽ എപ്പോഴും ജാഗരൂകരായിരിക്കുമെന്ന ദൃഢസങ്കൽപ്പത്തോടെ ധർമ്മദണ്ഡ് സ്വീകരിക്കണം.

അനന്തരം വാനപ്രസ്ഥൻ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എന്നീ ദേവന്മാരെ സാക്ഷിപ്പെടുത്തി താൻ സദാ വൃതശീലനയിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം...

ഷോഡശസംസ്കാരം - 16

ഷോഡശസംസ്കാരം

ഭാഗം - 16

13. ഗൃഹസ്ഥാശ്രമം
💗✥━═══🪷═══━✥💗
വിവാഹസംസ്ക്കാരകർമ്മം കഴിഞ്ഞാൽ ഉടൻ തന്നെ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകൊള്ളണമെന്നില്ല. ആത്മസംയമനപൂർവ്വം ബ്രഹ്മചര്യാശ്രമം ശീലിച്ചവർക്ക് അപ്രകാരം തോന്നുകയില്ല. ശാരീരികബന്ധത്തെക്കാൾ മാനസികവും ബുദ്ധിപരവുമായി പ്രേമപൂർവ്വം ആശയവിനിമയം ചെയ്യും. വിവാഹാനന്തരം വധൂ-വരന്മാർ വരന്റെ ഭവനത്തിൽ ചെല്ലുമ്പോൾ വരന്റെ മാതാവും ബന്ധുജനങ്ങളും ചേർന്നു അവരെ സ്വീകരിക്കുകയും അവർക്കായി കുടുംബജീവിതം സങ്കൽപ്പിച്ച് അതിന്റെ ശ്രേയസ്സിനായി കുടുംബദീപം ജ്വലിപ്പിക്കുകയും ചെയ്യുന്നു.

ബ്രഹ്മചര്യാശ്രമത്തിൽ അഭ്യസിച്ച സമസ്ത വിദ്യകളും പുഷ്പിച്ച് ഫലം നൽകുന്ന മനുഷ്യജീവിതത്തിന്റെ പ്രഫുല്ലമായ രണ്ടാംഘട്ടമാണ് ഗൃഹാശ്രമം..

വർണ്ണാശ്രമധർമ്മമനുസരിച്ച് അവരവരുടെ ഗുണകർമ്മങ്ങളും ധനസ്ഥിതിയും പഠിപ്പും പരിചയവും അനുസരിച്ച് ഗൃഹാശ്രമസംസ്ക്കാരത്തിൽ കൂടുതൽ കുറവു കാണാമെങ്കിലും എല്ലാ ഗൃഹാശ്രമികളുടെയും മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ധർമ്മാർത്ഥകാമമോക്ഷമെന്ന പുരുഷാർത്ഥപ്രാപ്തി തന്നെ നാല് ആശ്രമങ്ങളുടെയും പ്രധാനകേന്ദ്രമായ ഗൃഹാശ്രമത്തിൽ സുഖസന്തോഷങ്ങളും സമാധാനവും നിലനിൽക്കുന്നെങ്കിലെ സമുദായത്തിലും രാഷ്ട്രത്തിലും അവ പുലരുകയുള്ളൂ. ഇക്കാരണത്താൽ തന്നെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ ഗൃഹസ്ഥാശ്രമ ധർമ്മങ്ങളെപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്നു. മനുസ്മൃതിയിൽ പറയുന്നു. സർവ്വ ജന്തുക്കളും പ്രാണവായുവിനെ സമാശ്രയിച്ച് എങ്ങനെ ജീവിക്കുന്നുവോ അപ്രകാരം ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി ഈ മൂന്നുപേരും ഗൃഹസ്ഥനെ സമാശ്രയിച്ച് ജീവിക്കുന്നു. ഏതു കാരണത്താൽ ഗൃഹസ്ഥൻ മറ്റുമൂന്നു ആശ്രമികളെയും വേദദ്ധ്യായനാദികളാലും, ധാനധർമ്മാദികളാലും നിത്യവും രക്ഷിക്കുന്നുവോ ആ കാരണത്താൽ ഗൃഹസ്ഥാശ്രമം ഉയർന്നതെന്ന് പറയപ്പെടുന്നു. ഇഹത്തിൽ സുഖത്തെയും പരത്തിൽ ശ്വശതമായ പുണ്യത്തെയും യാതൊരാൾ ഇച്ഛിക്കുന്നുവോ അയാൾ ഈ ഗൃഹസ്ഥാശ്രമം കർത്തവ്യകർമ്മനിഷ്ഠാപൂർവ്വം നിർവഹിക്കേണ്ടതാകുന്നു. അതു ജിതേന്ദ്രിയന്മാരാൽ സാധിക്കപ്പെടാൻ കഴിയുന്നതാകുന്നു.

ഒരു രാഷ്ട്രത്തിന്റെ വികേന്ദ്രികൃത രൂപമാണ് ഓരോ കുടുംബവും വീടും വിദ്യാലയവും മനുഷ്യസ്വഭാവരൂപവൽക്കരണത്തിന്റെ രണ്ടു മുഖ്യകേന്ദ്രങ്ങളാണല്ലോ. അതിൽ പ്രഥമവും പ്രധാനവുമായ വിത്തുവിതയ്ക്കപ്പെടുന്നത് ഭവനത്തിലാണ് അവിടുത്തെ വിചാരവും വാക്കും ആചരണവും ഓരോ മനുഷ്യശിശുവിന്റെയും മനസ്സിൽ പ്രഥമമായി പതിയുന്നു. അതുകൊണ്ട് ഗൃഹകാര്യങ്ങൾ ചിട്ടപ്പെടുത്തി നിത്യകർമ്മാനുഷ്ഠാനങ്ങൾ ക്രമപ്പെടുത്തി പരോപകാരാദിസൽകർമ്മനിരതനായി സദാ പ്രസന്നചിത്തരായി കുടുംബം നിയിക്കേണ്ടതാകുന്നു.

ഗൃഹസ്ഥാശ്രമികളോട് ഈശ്വരാജ്ഞ എന്താണെന്ന് വ്യഞ്ജിപ്പിക്കുന്ന വേദവാക്യങ്ങൾ വേണ്ടുവോളമുണ്ട്.

ധർമ്മം ആചരിക്കുമ്പോൾ ലാഭ-നഷ്ട വിചാരം പാടില്ല. ധർമ്മമാണ് പ്രധനം അതു നിങ്ങളുടെ യഥാർത്ഥ സുഖത്തിനു വഴിയൊരുക്കുന്നു. പരസ്പരം ഹിതകാംക്ഷികളായി നിങ്ങൾ കുടുംബത്തിലും സമുദായത്തിലും വർത്തിക്കുവിൻ ഐക്യമായി ജീവിക്കുവിൻ ധർമ്മവും - ധനവും ഇവയിലെതെന്ന് ചോദ്യം വന്നാൽ ധർമ്മത്തെ വരിക്കുന്ന ദമ്പതികളാണ് മാതൃകാദമ്പതികൾ , സർവ്വ സൽഗുണങ്ങളുടെയും ഇരിപ്പിടമാണല്ലോ ധർമ്മം. അത്തരം കുടുംബത്തിലെ സ്ത്രീ എല്ലാവർക്കും പൂജനീയയാണ്.

സ്ത്രീ-പുരുഷന്മാർ അവരുടെ സകലകൃത്യങ്ങളും ചെയ്ത് സന്മാർഗ്ഗനിഷ്ഠയോടുകൂടിയിരിക്കുവാൻ ശ്രമിക്കണം .

പതിയും പത്നിയും അവരവരുടെ സ്വഭാവവും ശാക്തിയുമനുസരിച്ച് ഗൃഹഭരണം നടത്തുമ്പോൾ ഐശ്വര്യവും ഗൃഹോപകരണങ്ങളും ധനവും ലക്ഷ്മിയുമാവരുത്. ജിവിതലക്ഷ്യത്തിനുള്ള ഉപകരണം മാത്രമാണവ. അൽപമായാലും ധാരളമായാലും ന്യായമായുള്ള വരുമാനം കൊണ്ട് സന്തോഷപൂർവ്വം ജീവിക്കുവാൻ തക്ക മനപ്രാസാദമുള്ളവരാണ് കർമ്മകുശലതയുള്ളവർ. ഗൃഹാശ്രമസംസ്കാരം പ്രധാനമായും പഞ്ചമഹായജ്ഞങ്ങളിലടങ്ങിയിരിക്കുന്നു. ബ്രഹ്മയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം, അതിഥിയജ്ഞം, ഭൂതയജ്ഞം , -എന്നീ അഞ്ചുയജ്ഞങ്ങൾ ഓരോ ഗൃഹത്തിലും പ്രതിദിനം അനുഷ്ഠിക്കേണ്ടതായ പ്രധാന സംസ്കാരകർമ്മങ്ങളാക്കുന്നു. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ആദ്യ ദിവസംതന്നെ പതി പത്നിമാർ ചേർന്ന് വിധിയാം വണ്ണം അതു അനുഷ്ഠിക്കണം.

ഓരോ കുടുംബത്തിലും പ്രതിദിനം ശ്രദ്ധാപൂർവ്വം അറിഞ്ഞ് അനുഷ്ഠിക്കേണ്ടതായ അഞ്ചു യജ്ഞനങ്ങളെ പറ്റി ധർമ്മ ശാസ്ത്രങ്ങളിൽ ധാരാളം പറഞ്ഞിട്ടുണ്ട്. മനുസ്മൃതിയിൽ ഇപ്രകാരം പറയുന്നു. ഋഷിയജ്ഞം , ദേവയജ്ഞം, ഭൂതയജ്ഞം, നൃയജ്ഞം , പിതൃയജ്ഞം, എന്നി പഞ്ചമഹായജ്ഞങ്ങൾ നിത്യവും യഥാവിധി ചെയ്യേണ്ടതാകുന്നു.

ഒരു വ്യക്തി പൂർണമായും കുടുംബ ബന്ധങ്ങളിൽ ഏർപെടുന്ന പ്രക്രിയയാണ് ഗൃഹസ്ഥാശ്രമം. മനുസ്മൃതിയിൽ ഗൃഹസ്ഥാശ്രമത്തെകുറിച്ച് ഇങ്ങനെ പറയുന്നു - സർവജന്തുക്കളും പ്രാണവായുവിനെ ആശ്രയിച്ചു എങ്ങനെ കഴിയുന്നുവോ അതുപോലെ ബ്രഹ്മചാരി, വാനപ്രസ്ഥൻ, സന്യാസി എന്നിവർ ഗൃഹസ്ഥനെ ആശ്രയിച്ചു ജീവിക്കുന്നു .

ഗൃഹസ്ഥൻ പഞ്ജമഹായജ്ഞം അനുഷ്ഠിക്കണം എന്ന് ധർമശാസ്ത്ര ഗ്രന്ഥങ്ങൾ അനുശാസിക്കുന്നു.

അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം. പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം. അതിഥിപൂജ മനുഷ്യയജ്ഞവും.
അധ്യാപനം ബ്രഹ്മയജ്ഞം

പിതൃയജ്ഞസ്തുതര്‍പ്പണം
ഹോമോദൈവോ ബലിര്‍ഭൗതോ
നൃയജ്ഞോളതിഥി പൂജനം
വേദധ്യയനം ബ്രഹ്മയജ്ഞം. അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം.

പഞ്ചമഹായജ്ഞങ്ങള്‍ ഏതുവിധം അനുഷ്ഠിക്കണമെന്ന് മനുസ്മൃതിയിലെ മൂന്നാം അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

സദാചാര ജീവിതം ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്കുള്ള മാര്‍ഗം പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനംകൊണ്ട് സാധ്യമാകും. വ്യക്തി തന്റെയും കുടുംബത്തിന്റെയും വിശ്വപരിസ്ഥിതിയുടെയും സൂക്ഷ്മഭൂതശക്തികളുടെയും വരുംതലമുറകളുടെയും ഭദ്രജീവിതത്തിനായി കര്‍മമനുഷ്ഠിക്കുമ്പോഴത്രേ അത് സദാചാരമാവുക. എന്നാല്‍ നമ്മുടെ ദേശകാലസ്ഥിതിക്കനുസരിച്ച് ഇവയെ അനുഷ്ഠിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കാന്‍ മേല്‍വിവരിച്ച പഞ്ചമഹായജ്ഞങ്ങള്‍ ഓരോന്നായി പരിശോധിക്കണം.

പഞ്ജമഹായജ്ഞം
💗✥━═══🪷═══━✥💗
1. ദേവയജ്ഞം
2. ബ്രഹ്മയജ്ഞം
3. പിതൃയജ്ഞം
4. നൃയജ്ഞം
5. ഭൂതയജ്ഞം

1. ദേവയജ്ഞം [ദേവപൂജ]
💗✥━═══🪷═══━✥💗
ഈശ്വരപ്രീതിക്കായി ഹോമം, സാളഗ്രാമാദിപൂജകള്‍, വിവിധങ്ങളായ യാഗങ്ങള്‍ തുടങ്ങിയവയാണ് ദേവപൂജ. ഇവയെല്ലാം ഈ കലിയുഗത്തില്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ നടത്താന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ല. പിന്നെ എങ്ങനെയാണ് ദേവപൂജ നടത്തുക? ഈശ്വരചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കാന്‍ ശീലിക്കുക തന്നെ. അതായത് മാനസപൂജ. അത് ധനികനും ദരിദ്രനും ആകാമല്ലോ. നാം ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മെ വിട്ടുപിരിയാതെ പിന്തുടരും. അതുപോലെ എല്ലായ്‌പ്പോഴും മനസ്സില്‍ ഈശ്വരചിന്ത ഉണ്ടായിരിക്കാന്‍ അഭ്യസിക്കണം. എല്ലാം ഈശ്വരന്‍ തന്നുകൊള്ളും എന്നുകരുതി ഒന്നും പ്രവര്‍ത്തിക്കാതിരിക്കരുത്. ‘താന്‍ പാതി ദൈവം പാതി’ എന്ന പഴഞ്ചൊല്ല് അക്ഷരംപ്രതി അന്വര്‍ത്ഥമാണെന്നോര്‍ക്കുന്നത് നന്ന്. ഏതെങ്കിലും രീതിയിലുള്ള ഈശ്വരചിന്താഭ്യസനം തന്നെയാണ് മാനസപൂജ എന്ന് പറയുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അധ്യാത്മ ശക്തിയെ ഇത് വര്‍ധിപ്പിക്കും.

ദേവകൾക്കുവേണ്ടി അഗ്നിയിൽ ഹോമിക്കുന്നത് ദേവയജ്ഞം. പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികൾ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന, ക്ഷേത്രദർശനം ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.

രാത്രിയും പകലും, പകലും രാത്രിയും സന്ധിക്കുന്ന ഇരുസന്ധ്യകളിലും ദീപമേറ്റി അഗ്നിജ്വലിപ്പിച്ച് സന്ധ്യാവന്ദനവും ഹോമവും നടത്തുക എന്നത് ഓരോ ഗൃഹസ്ഥാശ്രമിയുടെയും കർത്തവ്യമാണ്.

ദേവ യജ്ഞം എന്നത് അഗ്നിയിൽ ഹോമം ചെയ്യൽ എന്ന് പൊതുവിൽ പറയാം. അഗ്നിയെ ദേവന്മാരുടെ ജിഹ്വ (വായ) എന്നാണ് പറയുന്നത്.

അഗ്നൌ പ്രസ്തഹുതി:സമ്യഗ്
ആദിത്യമുപ തിഷ്ടതെ
ആദിത്യാദ് ജയതേ വൃഷ്ടിർ
വൃഷ്ട്ടെരന്നം തത പ്രജ:

എങ്ങനെയാണു ഹോമങ്ങളും യാഗങ്ങളും പ്രവർത്തന ക്ഷമമാകുന്നത് എന്ന് മേല്പ്പറഞ്ഞ മന്ത്രം ശ്രദ്ധിച്ചാൽ മനസ്സിലാകും. അഗ്നിയിൽ അർപ്പിക്കുന്ന ആഹുതികൾ ആദിത്യനെ അതായതു സൂര്യനെ പ്രാപിക്കുന്നു. ഭക്ത്യാദരപൂര്വവും മന്ത്രപുരസ്സരവുമായി അർപ്പിക്കുന്ന വിശേഷ ഹോമ ദ്രവ്യങ്ങളുടെ ആഹുതിരസം സൂര്യരശ്മികളുടെ സഹായത്താൽ മഴയായി ഭൂമിയിലേക്ക് തിരികെ പെയ്തിറങ്ങുന്നു. മഴമൂലം പ്രജകൾക്ക് അന്നം ലഭ്യമാകുന്നു.
നമ്മുടെ സൌരയൂധത്തിന്റെ നാഥനായ സൂര്യൻ തന്നെയാണ് നമ്മുടെ പ്രക്ത്യക്ഷ ദൈവം.

ഇദം ന: മമ.

എന്നുപറഞ്ഞാണ് ഹോമാദ്രവ്യങ്ങൾ അർപ്പിക്കുന്നത്.

“ദേവതോ ഉദ്ദേശേന ദ്രവ്യസ്യ ത്യഗോ യജ്ഞ:”

എന്നു പറഞ്ഞിരിക്കുന്നു.
യജ്ഞത്തിലെ പുരോഹിതനും ദേവനും ഋത്വിക്കും ഹോതവും ഫലദാദാവും എല്ലാം അഗ്നിയാണ് എന്ന്

പ്രാതഃപ്രാതർഗൃഹപതിർനോ അഗ്നിഃ
സായാം സായാം സൗമനസ്യദാതാ ......

ഹേ ഗൃഹരക്ഷകനും അഗ്നിസ്വരൂപനുമായ പ്രകാശസ്വരൂപിൻ ഞങ്ങൾ ദിനം പ്രതി രാവിലെയും വൈകുന്നേരവും അങ്ങയെ വിശേഷരീതിയിൽ ഉപാസിക്കുന്നവരായി ഭവിക്കട്ടെ അങ്ങയുടെ കൃപയാൽ ധനധാന്യ സമൃദ്ധരായി ഞങ്ങൾ നൂറ്റാണ്ടുകാലം വാഴട്ടെ!! ഇത്യാദി മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
നാം സുഖകരമായി അനുഭവിക്കുന്നതെന്തും അദൃശ്യമായ് ദേവതകളുടെ അനുഗ്രഹത്താൽ ഉളവാകുന്നവയാണെന്നും അവയെല്ലം അവസാനം തന്നെ യജ്ഞകർമ്മങ്ങളിലൂടെ ഈശ്വരാർപ്പണമായി ഭവിക്കണമെന്നും, അഗ്നി വായു ജലം പൃഥ്വി ആകാശം ഈ പഞ്ചഭൂതങ്ങളുടെ അധിഷ്ഠാനദേവതകളെ സങ്കല്പിച്ച് പുഷ്ടി മാധുര്യം സുഗന്ധം രോഗശമനം ഇത്യാദി ഗുണങ്ങളുള്ള ഹോമദ്രവ്യങ്ങൾ മന്ത്രോച്ചാരണപൂർവ്വം യജിക്കുന്നു. അതായത് ഓരോ ഇന്ദ്രിയങ്ങളും അധിഷ്ഠാനദേവസങ്കല്പം വഴി. നമ്മുടെ എല്ലാ കർമ്മങ്ങളും കർമ്മയോഗമാക്കി പരിണമിപ്പിക്കാനുള്ള സാധന കൂടിയാണിത്…

പഞ്ചമഹായജ്ഞത്തിലെ ഹോമരൂപത്തിലുള്ള ദേവയജ്ഞമാണ് പിന്നീട് ദേവ പൂജയായി രൂപാന്തരപ്പെട്ടത്. വിവാഹാനന്തരം പത്നീസമേതനായി ആവാഹനീയാദി ശ്രൌതാഗ്നികളിൽ, നേത്രാഗ്നികളിൽ അഗ്ന്യാധാനമെന്ന കർമ്മം നടത്തിയശേഷം ജീവിതാവസാനം വരെ രണ്ടുനേരവും നടത്തുന്ന ഹോമമാണ് അഗ്നിഹോത്രം.

അഗ്നിഹോത്രം ശൌതയജ്ഞമാണ്. പാകയജ്ഞവിധി പ്രകാരം ലൗകീകാഗ്നി (സാധാരണ അഗ്നി) യിലോ ഔപാസനാഗ്നി (വിവാഹസമയത്ത് ഹോമത്തിന് ഉല്പാദിപ്പിച്ച അഗ്നി) നടത്തുന്ന ഗൃഹകർമ്മമാണ് പഞ്ചയജ്ഞത്തിൽപ്പെടുന്ന ദേവയജ്ഞം. ഇതിൽ മുഖ്യമായും 12 ആഹുതികൾ ഉണ്ട്.

വ്യാഹൃതിക ഹോമങ്ങൾ 4 എണ്ണം അവ
(1). ഓം ഭൂഃ സ്വാഹ
(2). ഓം ഭുവഃ സ്വാഹ
(3). ഓം സ്വഃ സ്വാഹ
(4). ഓം ഭുർഭുവസ്വാഹ എന്നിവയാണ്.
പിന്നെ ആറെണ്ണം യജനമന്ത്രങ്ങളാണ്. ഇവ തൈത്തീരിയ സംഹിതത്തിലെ 3-2-5 ന്റെ സാധാരണ ഭാഷ്യത്തിൽ കാണാം.
അടുത്ത രണ്ടെണ്ണം
(1). സ്പഷ്ടകൃതവും
(2) പ്രജാപത്യവുമാണ്.
അങ്ങനെ ആകെ 12 ആഹുതികൾ (വേദവ്യാസ സ്മൃതി 3-32, 33)
ഈ ഹോമാദികൾ ഒന്നും നിത്യവും ചെയ്യാൻ സാധാരണ ജനത്തിനു പറ്റില്ലല്ലോ.എന്നാൽ മനസ്സുവച്ചാൽ മറ്റൊരു തരത്തിൽ ഇതു എന്നും ചെയ്യാൻ പറ്റും.
“പുണ്യ പാപങ്ങളാകുന്ന ഇന്ധനം ഇട്ടു ജ്വലിപ്പിച്ച ആത്മചൈതന്യമാകുന്ന ഹോമാഗ്നിയിൽ പഞ്ചേന്ദ്രിയങ്ങളാലും കർമ്മേന്ദ്രിയങ്ങളാലും പ്രചോതിതമായ “ആശകളെ” ആഹുതി ചെയ്യണം”

ഞാൻ, എന്റെ എന്ന സ്വാർത്ഥഭാവം, പരാർത്ഥമായ സമുദായഭാവത്തിലേക്കും അവിടെ നിന്നും പരമാർത്ഥിക ഭവത്തിലേക്കും ഉന്നതി പ്രാപിക്കണം നാം സ്ഥൂലാതീതമായ ലോകങ്ങളുമായി ബന്ധപ്പെട്ടവാരാണെന്നും ലോകങ്ങളാകട്ടെ പരസ്പരാശ്രയത്തോടുകൂടിയവായാണെന്നും ഉള്ള തത്ത്വബോധം നമ്മളിൽ ഉണർത്തുന്നതിനും ദേവയജ്ഞം സഹായകമായിരിക്കുന്നു.

വ്യക്തി-കുടുംബ-സമൂഹതലങ്ങളിൽ നിത്യപ്രചോദനം നൽകി നേർവഴിക്കുള്ള സന്മാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തിലെത്തിക്കുന്നതാണ് ദേവയജ്ഞം

2. ബ്രഹ്മയജ്ഞം [ഋഷിപൂജ]
💗✥━═══🪷═══━✥💗
വേദാധ്യയനം ബ്രഹ്മയജ്ഞം. അതുതന്നെയാണ് ഋഷി പൂജ എന്നുപറയുന്നത്. അതായത് ഗുരുപൂജ. ലോകത്തിന്റെ അടിത്തറ കണ്ടറിഞ്ഞവരാണ് ഋഷിവര്യന്മാര്‍. അവര്‍ ഭാവി തലമുറകള്‍ക്കുവേണ്ടി സത്യം ദര്‍ശിച്ചവരത്രെ. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ഋഷിപ്രോക്തങ്ങളാണ്. ആ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ പാരായാണവും ഋഷിപൂജ തന്നെ. ജ്ഞാന സമ്പാദനം, ജ്ഞാനത്തിന്റെ ഉറവിടങ്ങളോടുള്ള ആരാധന, ജ്ഞാനാന്വേഷണം, ജ്ഞാന പ്രകാശനം ഇവയെല്ലാം ബ്രഹ്മയജ്ഞമാണ്. ‘പ്രജ്ഞാനം ബ്രഹ്മ’ എന്നതിന്റെ സാരം ഗ്രഹിച്ചാല്‍ ജ്ഞാനയജ്ഞമെന്താണെന്ന് മനസ്സിലാകും. ഉപജീവനത്തിനുള്ള വഴിതേടുകയല്ല വിദ്യാഭ്യാസം. ആത്മശുദ്ധികരവും ലോകശുദ്ധികരവുമായ സത്യജ്ഞാനം നേടുവാനുള്ള യജ്ഞമാണത്. വേദപഠന പ്രധാനമായ ഋഷിപൂജയെ ഇന്നത്തെ സാഹചര്യങ്ങളോട് യോജിപ്പിക്കണം. വായനയും ചിന്തയുംകൊണ്ടേ ജ്ഞാനം ഉണ്ടാകൂ. അധ്യയനവും അധ്യാപനവും ബ്രഹ്മയജ്ഞം തന്നെയാണ്. അധ്യയനം തപസ്യയായി സ്വീകരിക്കണം. ഹനുമാന്‍ വേദം പഠിച്ചത് സൂര്യദേവനില്‍നിന്നാണെന്ന് പറയുന്നു. സൂര്യന്‍ ഉദിച്ച് മുന്‍പോട്ട് സഞ്ചരിക്കും. ഹനുമാന്‍ സൂര്യന് അഭിമുഖമായി പിന്നോട്ട് നടന്നാണ് വേദങ്ങള്‍ അഭ്യസിച്ചതത്രെ. അതൊരു തപസ്യ തന്നെയാണ്. അത്രത്തോളം പോയില്ലെങ്കിലും അവധാനപൂര്‍വം സത്ഗ്രന്ഥങ്ങള്‍ പഠിച്ചാലും മതി. ഏവംവിധേന ഉള്ള പഠനങ്ങള്‍ ബ്രഹ്മയജ്ഞമാണ് എന്ന് ധരിക്കണം. ലോകശാന്തിക്ക് അവശ്യം വേണ്ടത് ഈ ഋഷിപൂജതന്നെയാണ്.

3. പിതൃയജ്ഞം [പിതൃപൂജ]
💗✥━═══🪷═══━✥💗
ഈശ്വരന്മാരെപ്പോലെ പിതൃഗുണങ്ങള്‍ എന്നൊന്നുണ്ടെന്ന് ഋഗ്വേദം. പിതൃക്കളുടെ സദ് വൃത്തികളെപ്പറ്റിയുള്ള വിശ്വാസം അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ക്കുണ്ടായിരുന്നു. ശ്രീമഹാഭാരതത്തില്‍ പിതൃക്കളുടെ വിഭാഗങ്ങളെപ്പറ്റിയും പിതൃപൂജയെപ്പറ്റിയും വ്യാസഭഗവാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേകം പിതൃക്കളുണ്ട്. നമ്മുടെ പിതാമഹന്മാരും പ്രപിതാമഹന്മാരും എല്ലാം പിതൃക്കളാണ്. ശ്രാദ്ധം, പാലൂട്ട്, പിണ്ഡം, ജലം എന്നിവകൊണ്ട് തര്‍പ്പണം. ഇങ്ങനെ പലതരത്തില്‍ പിതൃപൂജ ചെയ്യാം. നമ്മുടെ പൂര്‍വികന്മാര്‍ അനന്തര തലമുറകള്‍ക്കുവേണ്ടി ചെയ്ത സദ്കര്‍മങ്ങളെ നാം സ്മരിക്കണം. പഴഞ്ചന്മാരും പഴഞ്ചന്‍ മട്ടുകളും മോശമാണെന്ന ചിന്ത ഒരിക്കലും തോന്നാതിരിക്കണം. പണ്ടത്തെ കാരണവന്മാരെ ആദരിക്കുക, നമസ്‌കരിക്കുക തുടങ്ങിയവകൊണ്ട് അവരുടെ അനുഗ്രഹം ആഗ്രഹിച്ചവരായിരുന്നു ഭാരതീയര്‍. പിതൃലോകം മഹാസ്മൃതിയുടെയും അസ്തമിച്ചുപോകാത്ത സൂക്ഷ്മമായ ഊര്‍ജത്തിന്റെയും ലോകമാണ്. ഓരോ ജീവകോശത്തിന്റെയും ഉള്ളിലുള്ള സംസ്‌കാര സ്മൃതിയില്‍ പിതൃക്കളുടെ ലോകവുമടങ്ങുന്നു. നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ നേടിത്തന്ന പൂര്‍വകാല ശാസ്ത്രജ്ഞന്മാരെയും പൂര്‍വപിതാക്കളെയുമെല്ലാം നമ്മുടെ പിതൃഗണങ്ങളായി കണക്കാക്കണം. ഇന്ന് ജീവിച്ചിരിക്കുന്ന വന്ദ്യവയോധികന്മാരെയും നാം ആദരിക്കണം.

അഭിവാദനശീലസ്യ
നിത്യംവൃദ്ധോപസേവിതം
ചത്വാരി സംപ്രവൃദ്ധതേ
ആയുര്‍വിദ്യാ യശോ ബലം
നിത്യവും വന്ദ്യന്മാരെ വന്ദിക്കുന്നതുകൊണ്ട് (വന്ദിക്കുന്നവന്) ആയുസ്സ്, വിദ്യ, യശസ്സ്, ബലം ഇവ നാലും വേണ്ടതുപോലെ വൃദ്ധി പ്രാപിക്കുന്നു.
(മനുസ്മൃതി)

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. ശ്രാദ്ധ-തർപ്പാണാദികൾക്ക് പിതൃയജ്ഞമെന്നു പറയുന്നു. പരലോകപ്രപ്തരായ പൂർവ്വികരെ സ്മരിച്ച് അവർക്കായി നടത്തുന്ന പിതൃതർപ്പണവും ജീവിച്ചിരിക്കുന്ന മാതൃ-പിതൃവഴിയിലുള്ള ഗുരുജനങ്ങളെ ശ്രാദ്ധപൂർവ്വം ശുശ്രൂഷിക്കുന്നതും പിതൃയജ്ഞമാകുന്നു.

നാം ഇന്ന് അനുഭവിക്കുന്ന പല സുഖസൗഖര്യങ്ങൾക്കും നമ്മുടെ പൂർവ്വികന്മാരോടും പൂർവ്വകാലവംശപരമ്പരകളോടും കടപ്പെട്ടിരിക്കുന്നു.
അവരുടെ സൽകർമ്മങ്ങളും ത്യഗവും നാം നന്ദിപൂർവ്വം ആദരവോടുകൂടി സ്മരിക്കുകയും അത്പോലെ ജീവിച്ചിരിക്കുന്ന വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ ഗുരുജനങ്ങളെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും വേണം. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നിമിത്തം നമ്മുടെ ജീവിതം കുടുതൽ സുഗുമവും സന്തോഷപ്രദവുമായി തീരും.

ശ്രത് സത്യം ദധാതിയയാ ക്രിയയാ സാശ്രദ്ധാ
ശ്രദ്ധായായത് ക്രിയതേ തത് ശ്രാദ്ധം

യാതൊരു ക്രിയകൊണ്ട് സത്യം ഗ്രഹിക്കപ്പെടുന്നുവോ അത് ശ്രദ്ധയെന്നും, ശ്രദ്ധയോടുകൂടി ചെയ്യുന്ന കർമ്മം ശ്രാദ്ധമെന്നും പറയപ്പെടുന്നു.

"തൃപ്യന്തി തർപ്പയന്തിയേന പിതൃൻ തത് തർപ്പണം "
യാതൊരു കർമ്മം കൊണ്ട് മാതാപിതാക്കളും - അവരുടെ പൂർവ്വവംശപരമ്പരയും പ്രസാദിക്കപ്പെടുന്നുവോ അതു തർപ്പണം.

തർപ്പണം
💗✥━═══🪷═══━✥💗
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.

ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.

വിവിധ തർപ്പണങ്ങൾ
✥━═══🪷═══━✥
1. ഗുണ്ട തർപ്പണം -
💗✥━═══🪷═══━✥💗
ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

2. ബ്രഹ്മ യജ്ഞ തർപ്പണം -
💗✥━═══🪷═══━✥💗
ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.

3. പർഹേനി തർപ്പണം -
💗✥━═══🪷═══━✥💗
വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.

4. സാധാരണ തർപ്പണം -
💗✥━═══🪷═══━✥💗
അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.

ശ്രാദ്ധം
💗✥━═══🪷═══━✥💗
ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം.
പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.

ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ
പിതൃദേവോഭവ,
ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.
"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"
“ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ ഭക്ഷണാദികളൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്

4. നൃയജ്ഞം (അതിഥിപൂജ)
💗✥━═══🪷═══━✥💗
മനുഷ്യപൂജ തന്നെയാണ് അതിഥിപൂജ. ‘അതിഥി ദേവോ ഭവ’ എന്നത്രേ വൈദികാനുശാസനം. ആരാണ് അതിഥി? യാദൃച്ഛികമായി വന്ന് ഒരു രാത്രി മാത്രം താമസിക്കുന്നവനെയാണ് അതിഥി എന്നുപറയുന്നത്. യദൃച്ഛയാ ഗൃഹത്തില്‍ വന്നവനും പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവയെക്കുറിച്ച് ഒന്നും അറിയപ്പെടാത്തവനുമാണ് അതിഥി. അതിഥി ഭഗ്നാശയനായി മടങ്ങിയാല്‍ ഗൃഹനാഥന്റെ പുണ്യവും എടുത്തുകൊണ്ടുപോകുമത്രേ. ഇരിക്കാന്‍ ഒരു പായ്, കുടിക്കാനും കാലുകഴുകാനും ഇത്തിരിവെള്ളം, നല്ല വാക്ക് എന്നിവ സജ്ജനങ്ങളുടെ ഗൃഹത്തില്‍ ഒരിക്കലും ഇല്ലാതെവരികയില്ല. തനിക്കും കുടുംബത്തിനും കഴിക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ധാന്യമാവ് അതിഥിക്കു നല്‍കി കുടുംബാംഗങ്ങള്‍ പട്ടിണി കിടന്ന് അതിഥിയെ പൂജിച്ചതിന്റെ പുണ്യംപോലും ധര്‍മപുത്രര്‍ നടത്തിയ യാഗത്തിനില്ല എന്ന് ഒരു കീരി പറയുന്ന കഥ മഹാഭാരതത്തില്‍ കാണാം (കീരിയുടെ കഥ). യാഗത്തേക്കാള്‍ ശ്രേഷ്ഠമാണ് അതിഥി പൂജ എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ഏതുതരത്തിലുള്ള പരോപകാരത്തേയും മനുഷ്യപൂജയായി കണക്കാക്കാം. അത് നിസ്വാര്‍ത്ഥവും പ്രത്യുപകാരം ആവശ്യപ്പെടാത്തതും ആയിരിക്കണം. ‘അരാതി’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ദാനം ചെയ്യാത്തവന്‍ എന്നാണ്. ശത്രു എന്ന അര്‍ത്ഥത്തിലും അരാതിശബ്ദത്തെ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ദാനം ചെയ്യാത്തവന്‍ ലോകശത്രു ആകുന്നു എന്നു വന്നുകൂടുന്നു. ദാനത്തില്‍ ശ്രേഷ്ഠം അന്നദാനമാണ്.

ധര്‍മക്കാരന്‍ ചമഞ്ഞ് അലസജീവികളായ ധാരാളം ആളുകള്‍ നമ്മുടെ ഗൃഹങ്ങളില്‍ വന്നുചേരാറുണ്ട്. അപാത്രത്തില്‍ ദാനം ദാതാവിന് ആപത്തും പാപവും ഉളവാക്കും. അതുകൊണ്ട് ഈ കലിയുഗത്തില്‍ അതിഥിപൂജ തുടങ്ങിയ സത്കര്‍മങ്ങള്‍ ധര്‍മപര്യവസായിയായിരിക്കാന്‍ വിഷമമുണ്ട്. പല രീതിയിലുള്ള കാപട്യമുള്ളവര്‍ പല വേഷത്തില്‍ ഗൃഹങ്ങളില്‍ എത്താറുണ്ട്. അതുകൊണ്ട് ഗൃഹത്തില്‍ വരുന്ന അതിഥികളെ തിരിച്ചറിയുക ഏറെ ദുഷ്‌കരമാണ്. എന്നാലും ദാരിദ്ര്യം, രോഗം, വാര്‍ധക്യം, അനാഥത്വം ഇവയാല്‍ ദീനതയനുഭവിക്കുന്നവരെ അവശ്യം സഹായിക്കേണ്ടതാണ്. ഒരു നേരത്തെ ആഹാരം, അല്‍പം ആശ്വാസ വചനങ്ങള്‍ ഇവ ആകാമല്ലോ. അതാണ് മനുഷ്യപൂജ.

‘ ന കം ചന വസതൗ പ്രത്യാച ക്ഷിത്’ (തൈത്തരീയോപനിഷത്). കൊടുക്കാതെ ഭക്ഷിക്കുന്ന ഭോഗവാനെ മരണങ്ങള്‍ പ്രാപിക്കുന്നു.
‘ഉതാശിതമുപഗച്ഛന്തി മൃത്യുവഃ (ഋഗ്വേദം)
തനിയെ ഭക്ഷിക്കുന്നവന്‍ പാപത്തെത്തന്നെ ഭുജിക്കുന്നു. അന്യര്‍ക്ക് കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.

5. ഭൂതയജ്ഞം (ഭൂതബലി)
💗✥━═══🪷═══━✥💗
പക്ഷിമൃഗാദികള്‍ക്കുവേണ്ടി നല്‍കുന്ന ബലിയാണ് ഭൂതബലി. ഭോജ്യവസ്തുക്കളുടെ ഉല്‍പാദനത്തിനുവേണ്ടി കൃഷിസ്ഥലങ്ങള്‍ നന്നാക്കുമ്പോള്‍ നാം അറിയാതെ തന്നെ അനവധി ചെറുപ്രാണികളെ കൊല്ലുകയും പക്ഷിമൃഗാദികള്‍ക്ക് ഉപദ്രവം ഏല്‍പിക്കുകയും വേണ്ടിവരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഹിംസാദോഷത്തിന് പ്രായശ്ചിത്തം കൂടിയാണ് ഭൂതബലി. ഇന്ന് ജീവികള്‍ക്ക് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ ആവോളം ലഭിക്കാറില്ല. അപ്പോള്‍ ഈ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആഹാരം വേണം. അതുകൊടുക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കും. ആഹാരസാധനങ്ങള്‍ മുറ്റത്ത് എറിഞ്ഞുകൊടുത്തും മറ്റും പലതരത്തില്‍ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുതന്നെയാണ് ഭൂതബലി. നമ്മുടെ പൂര്‍വികന്മാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കാക്കയ്ക്കും പൂച്ചയ്ക്കും പട്ടിക്കും മറ്റും ആഹാരം കൊടുക്കുന്ന പതിവുണ്ടായിരുന്നു. മനുഷ്യന്റെ ദാനശീലം മനുഷ്യരില്‍ മാത്രം ഒതുങ്ങി നിന്നാല്‍പ്പോരാ. ഭൂമിയുടെ അവകാശികളെന്ന് പറയുന്ന സര്‍വജീവജാലങ്ങളിലേക്കും അത് വ്യാപിക്കണം. ഈ ദാനശീലം മനുഷ്യനെ മാത്രം ഉദ്ദേശിച്ചാകുമ്പോള്‍ അത് മനുഷ്യപൂജയായി. അതുതന്നെയാണ് നൃയജ്ഞം അഥവാ അതിഥിപൂജനം.

മനുഷ്യമനസ്സിനെ സംസ്‌കരിക്കുവാനുള്ള അനേകമാര്‍ഗങ്ങളില്‍ അതിപ്രധാനങ്ങളാണ് പഞ്ചമഹായജ്ഞങ്ങള്‍. ഇവ കാലാനുകൂലമായ ഭേദങ്ങളോടെ നിത്യജീവിതത്തില്‍ നടപ്പാക്കാവുന്നതാണ്. ഈ യജ്ഞങ്ങള്‍ ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും കുബേരകുചേലഭേദമെന്യേ നിഷ്പ്രയാസം അനുഷ്ഠിക്കാന്‍ സാധിക്കും. യജ്ഞം എന്ന പദം ചിലപ്പോള്‍, കാലസവിശേഷതകൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല. എന്നാല്‍ പഞ്ചമഹായജ്ഞമെന്ന ദര്‍ശനത്തെ വിസ്മരിക്കാനാവില്ല.

മണ്‍മറഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാം ഒരു മഹാപ്രഭാവത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണെന്നും എല്ലാം പൂജനീയമാണെന്നും ആരും അന്യരല്ലെന്നുമുള്ള ഭാരതീയ വിശ്വദര്‍ശനത്തിന്റെ കര്‍മപാഠമാണ് യഥാര്‍ത്ഥത്തില്‍ പഞ്ചമഹായജ്ഞ കല്‍പനയ്ക്കാധാരം.

ഷോഡശസംസ്കാരം - 15

ഷോഡശസംസ്കാരം

ഭാഗം - 15

13 . വിവാഹം
💗✥━═══🪷═══━✥💗
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധുജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. വർണാശ്രമ ധർമപ്രകാരം ബ്രഹ്മചാരിയായ വ്യക്തി ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന പവിത്രമായ ചടങ്ങാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം, പൈശാചം, എന്നിങ്ങനെ എട്ടുവിധം വിവാഹങ്ങൾ ഉണ്ട്.

1) ബ്രാഹ്‌മം:
💗✥━═══🪷═══━✥💗
പിതാവ്‌ കന്യകയെ പ്രതിഫലം വാങ്ങാതെ, നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു ഉദകസഹിതം യോഗ്യനായ ബ്രഹ്‌മചാരിക്ക്‌ കൊടുക്കുന്നതിനെയാണ്‌ ബ്രാഹ്‌മം എന്ന്‌ പറയുന്നത്‌.

2) ദൈവം:
💗✥━═══🪷═══━✥💗
പിതാവ്‌ കന്യകയെ യാഗത്തിനിടെ ഋത്വിക്കിന് / പുരോഹിതനു കന്യകയെ നൽകുന്നതു ദൈവം.

3) ആര്‍ഷം:
💗✥━═══🪷═══━✥💗
പിതാവ്‌ വരനിൽനിന്നു പശുവിനെയോ, കാളയെയോ സ്വീകരിച്ചുകൊണ്ടുള്ള കന്യാദാനം ആർഷം.

4) പ്രാജപത്യം:
💗✥━═══🪷═══━✥💗
പിതാവ്‌ തന്റെ പുത്രിയെ ധർമത്തിനനുസരിച്ചു വിവാഹജീവിതം നയിക്കാൻ അനുഗ്രഹിച്ച്‌ വരന്‌ കന്യാദാനം നല്‍കുന്നതാണ്‌ പ്രാജപത്യം.

5) ഗാന്ധര്‍വ്വം:
💗✥━═══🪷═══━✥💗
ആരോടും ചോദിക്കാതെയോ, പറയാതെയോ കാമുകി കാമുകന്മാര്‍ പരസ്പര സമ്മതത്തോടുകൂടി നടത്തുന്ന രഹസ്യവിവാഹമാണ്‌ ഗാന്ധര്‍വ്വം.

6) ആസുരം:
💗✥━═══🪷═══━✥💗
പുരുഷന്‍ പിതാവില്‍നിന്ന്‌ കന്യകയെ പണം അല്ലെങ്കില്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ നല്‍കി വിലയ്‌ക്കു വാങ്ങുന്നതിനെ ആസുരം എന്ന്‌ പറയുന്നു.

7) രാക്ഷസം:
💗✥━═══🪷═══━✥💗
സ്‌ത്രീകളെ അവരുടെ ഇഷ്‌ടമില്ലാതെ ബന്ധുക്കളെ തോൽപിച്ചു ബലാൽക്കാരമായി അപഹരിക്കുന്നതിനെ രാക്ഷസം എന്ന്‌ പറയുന്നു.

8) പൈശാചികം:
💗✥━═══🪷═══━✥💗
സ്‌ത്രീകള്‍ ബോധമില്ലാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റ്‌ അവസ്‌ഥകളില്‍ ഉഴലുകയോ, ഉറങ്ങുകയോ ചെയ്യുന്ന സമയത്ത്‌ അവളെ ബലാത്‌ക്കാരമായി ഭാര്യയാക്കുന്നതിനെ പൈശാചികം എന്ന്‌ പറയുന്നു.

ഇതില്‍ രാക്ഷസം, പൈശാചികം എന്നീ വിവാഹങ്ങള്‍ ധര്‍മ്മത്തിനും നീതിക്കും യശ്ശസിനും ആത്മാഭിമാനത്തിനും വ്യക്‌തിത്വത്തിനും നിരക്കുന്നതല്ല.

ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.

“ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ സത്യം പ്രതിഷ്ഠിതം യദീയം കുമാര്യഭിജാതാ തദിയമിഹ പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"

അശ്വലായനഗൃഹ്യ സൂത്രം പ്രകാരം പരസ്പരം കാണുകയും സംസാരിക്കുകയും പരസ്പരാനുരാഗത്തിലാവുകയും ചെയ്യുന്ന യുവതീയുവാക്കൾ തുടർന്ന് ബന്ധു-ഗുരുജനങ്ങളുടെ അനുവാദത്തോടെ വിവാഹം നടത്തുന്നു. വിവാഹത്തിനു കന്യക രജസ്വലയായി കുറഞ്ഞത് നാലുവർഷമെങ്കിലും കഴിഞിരിക്കണം. വരനു വധുവിനെക്കാൾ പ്രായം കൂടുതലായിരിക്കണം. വിവാഹിതരായശേഷം കുറഞ്ഞത് നാലുദിവസം കഴിഞ്ഞു വേണം ഗർഭധാനസംസ്കാരം നടത്തുവാൻ. വിവാഹസമയത്ത് വധുവരൻമാർ പ്രതിജ്ഞയെടുക്കണമെന്നു ധർമശാസ്ത്രഗ്രന്ഥം വിവരിക്കുന്നു

വരന്റെ പ്രതിജ്ഞ
💗✥━═══🪷═══━✥💗
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു.

ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു.

ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.

നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്‌.

നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും.

വധുവിന്റെ പ്രതിജ്ഞ
💗✥━═══🪷═══━✥💗
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു.

മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും.

എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.

അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌.

ഹൈന്ദവ വിവാഹ ചടങ്ങുകൾ എങ്ങനെ ?
💗✥━═══🪷═══━✥💗
സമുദായങ്ങളും ജാതികളും അനുസരിച്ച് കേരളത്തിലെ ഹൈന്ദവ വിവാഹ ആചാരങ്ങളും രീതികളും വ്യത്യസ്തങ്ങളാണ്. കന്യാദാനം, പാണിഗ്രഹണം, താലികെട്ട്, പുടവ കൊടുക്കല്‍ എന്നിങ്ങനെ ചില ആചാരങ്ങള്‍ പൊതുവായി എല്ലാ സമുദായങ്ങളും പിന്തുടര്‍ന്നു പോരുന്നു. ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു പരിപാടിയാണ് ഹിന്ദു വിവാഹം എന്ന് പൊതുവേ ഒരു ധാരണയുണ്ട് അതിനാല്‍ തന്നെ മതപരമായ ചടങ്ങെന്നതിലുപരിയായി ഇന്ന് വിവാഹാഘോഷമാണ്

വിവാഹപൂര്‍വ്വ ചടങ്ങുകള്‍
✥━═══🪷═══━✥
ജാതകപ്പൊരുത്തം
💗✥━═══🪷═══━✥💗
ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത ഹിന്ദുക്കളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഒരു വിവാഹാലോചന വന്നാല്‍ ജാതകപ്പൊരുത്തം നോക്കാത്തവര്‍ വിരളമാണ്. അറേഞ്ചഡ് മാര്യേജ് ആണെങ്കില്‍ ജാതകം ഒത്തുനോക്കല്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. ബ്രോക്കര്‍മാരും മാട്രിമോണിക്കാരുമെല്ലാം പൊരുത്തം ഒത്തുനോക്കി മാത്രം ആലോചനകള്‍ കൊണ്ടുവരുന്ന കാലമാണിത്. എന്തായാലും വീട്ടില്‍ ഒരു വിവാഹാലോചന വന്നാല്‍ വീട്ടുകാര്‍ ആദ്യം ഓടുക കണിയാന്റെ അടുക്കലേക്ക് ആകും. ആണിന്റെയും പെണ്ണിന്റെയും തമ്മിലുള്ള ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ആലോചനയുമായി മുന്നോട്ട് പോകുകയുള്ളു.

പെണ്ണുകാണല്‍
💗✥━═══🪷═══━✥💗
ജാതകങ്ങള്‍ ഒത്താല്‍ അടുത്തത് പെണ്ണുകാണലാണ്. അടുത്ത ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം കല്യാണച്ചെക്കന്‍ പെണ്ണിനെ ഔപചാരികമായി കാണാന്‍ ചെല്ലുന്നു. വളരെ ലളിതമായ ചടങ്ങാണിത്.

വീടുകാണല്‍
💗✥━═══🪷═══━✥💗
ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാല്‍ അടുത്തത് വീടുകാണലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചെക്കന്റെ വീട് സന്ദര്‍ശിക്കുന്ന പരിപാടിയാണിത്. മകള്‍ വന്നുകയറുന്ന വീട് കാണുകയും വീട്ടുകാരെ അടുത്തറിയുകമാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടി വീടുകാണലില്‍ പങ്കെടുക്കില്ല. ചിലപ്പോള്‍ ആണ്‍ വീട്ടുകാരും പെണ്ണിന്റെ വീടുകാണലിന് പോകാറുണ്ട്.

വിവാഹ നിശ്ചയം
💗✥━═══🪷═══━✥💗
അടുത്ത ബന്ധുക്കളുടെയും സുഹൃക്കളുടെയും സാന്നിധ്യത്തില്‍ ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണിത്. പണ്ടുകാലത്ത് കാരണവര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എന്നാലിന്ന് ഒരു മിനികല്യാണം പോലെ വിവാഹനിശ്ചയവും ആഘോഷിക്കാറുണ്ട്. നിശ്ചയത്തിന് ചിലപ്പോള്‍ മോതിരംമാറല്‍ ചടങ്ങും നടത്താറുണ്ട്. എന്നാല്‍ ചില കുടുംബങ്ങള്‍ വിവാഹത്തിനാണ് മോതിരംമാറല്‍ നടത്താറ്.

അയനം
💗✥━═══🪷═══━✥💗
വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില്‍ നടക്കുന്ന പരിപാടിയാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തലേന്ന് വീടുകളിലെത്തി വധൂവരന്മാര്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കുന്നു. ആഭരണങ്ങളും പട്ടുസാരിയുമായിരിക്കും സാധാരണയായി വിവാഹത്തലേന്ന് വധു അണിയുക. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി രാത്രിവിരുന്ന് ഒരുക്കുന്നു.

വിവാഹദിന ചടങ്ങുകള്‍
✥━═══🪷═══━✥
നമസ്‌കാരം
💗✥━═══🪷═══━✥💗
മംഗളകരമായ ഏതു കാര്യങ്ങള്‍ക്ക് മുമ്പും കുടുംബത്തിലെ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്‍ക്ക് നിര്‍ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്‌കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച് വിവാഹിതരാകാന്‍ പോകുന്നവര്‍ മുതിര്‍ന്നവരുടെ ആശീര്‍വാദം തേടുന്നു. ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച് പ്രായമായവര്‍ അനുഗ്രാശ്ശിസ്സുകള്‍ നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്‍ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജിക്കുന്നു.

താലികെട്ടും പുടവ കൊടുക്കലും
💗✥━═══🪷═══━✥💗
സാധാരണയായി വധുവിന്റെ തറവാട്ടില്‍ വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള്‍ കല്യാണമണ്ഡപത്തില്‍ വെച്ചോ ക്ഷേത്രങ്ങളില്‍ വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില്‍ ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നവര്‍ ഏറെയാണ്. ഗുരുവായൂരില്‍ വെച്ച് വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില്‍ ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞാല്‍ വധുവിന്റെ വീട്ടുകാര്‍ ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന്‍ കിണ്ടിയില്‍ വെള്ളമെടുത്ത് വരന്റെ കാല്‍ കഴുകും. തുടര്‍ന്ന് സഹോദരന്‍ വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായാണ് വരന്‍ ഇരിക്കുക. വരന് മണ്ഡപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.

ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്‍ക്കായി നല്ല സമയം കണിയാന്‍ ഗണിച്ചു നല്‍കാറുണ്ട്, മുഹൂര്‍ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്‍ത്തം ആയാല്‍ വരന്‍ വധുവിന്റെ കഴുത്തില്‍ താലി കെട്ടും. സ്വര്‍ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില്‍ കോര്‍ത്താണ് ഇത് വധുവിന് ചാര്‍ത്തുന്നത്. വിവാഹജീവിതത്തില്‍ താലി പവിത്രമായി കരുതിപ്പോകുന്നു.

വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം ..
"ഓം മംഗള ദേവതഃ പ്രിയതാം"

സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ ..

വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം.
"മമ ഹൃദയേ ഹൃദയം തേ അസ്തു
മമ ചിത്തേ ചിത്തമസ്തുതെ "

എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ

വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.

"സഹധർമ്മശ്ചര്യതാം ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ"
സഹധർമ്മത്തെ നീ ആചരിച്ചാലും.. ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാകങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.

ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം

'സമഞ്ജന്തു വിശ്വേദേവഃ
സംആപോ ഹൃദയാനിനൗ
സംമാതിരിശ്വാ സംധാതാ
സമുദേഷ്ടീദധാതുനൗ '

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ .

 താലികെട്ടിന് ശേഷം വരന്‍ വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്‍കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്.

പുടവ അഥവാ മന്ത്രകോടി
💗✥━═══🪷═══━✥💗
വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കൽ എന്ന പുടവ കൊടുക്കൽ. വസ്ത്രത്തിന് നിരവധി ധർമ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയിൽ. നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്കുക. ഈവിധ ഗുണങ്ങൾ നിർവഹിക്കുന്ന പുടവ വരൻ വധുവിന് നല്കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷൻ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോൾ ഈ അഞ്ച് ധർമ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.

വസ്ത്രം രക്ഷയുടെ പ്രതീകമാണ്. വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.
ഒന്ന്, നഗ്നത മറയ്ക്കുക
രണ്ട്, രൂപഭംഗി വരുത്തുക
മൂന്ന്, ശീതോഷ്ണങ്ങൾ ക്രമീകരിക്കുക
നാല്, വ്യക്തിത്വം സൂചിപ്പിക്കുക
അഞ്ച്, ആശ്രയം നൽകുക.
ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്. സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.

ഒന്ന്, സ്വയം അദൃശ്യയായി നിൽക്കണം
രണ്ട്, ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം
മൂന്ന്, സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം
നാല്, തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം
അഞ്ച്, തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.

(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.

(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.

(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.

(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ.

(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.

പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.

(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.

(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.

(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.

(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.

ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു

ശേഷം വരന്‍ വധുവിന്റെ നെറ്റിയില്‍ (സീമന്തരേഖയില്‍) സിന്ദൂരം ചാര്‍ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില്‍ സ്വര്‍ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്‍, വധൂവരന്മാര്‍ പരസ്പരം തുളസിമാല/പൂമാല അണിയിക്കല്‍ തുടങ്ങിയ ചടങ്ങുകളും ഉണ്ട്.

അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് സമര്‍പ്പിക്കുന്നു.

അങ്ങനെ വിവാഹ സംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നു.

കൈകകള്‍ ചേര്‍ത്ത് പിടിച്ച് വരനും വധുവും വിവാഹമണ്ഡപത്തിലെ വിളക്ക്/അഗ്നി മൂന്നുതവണ വലംവെക്കും. ഇതോടെ അഗ്നിസാക്ഷിയായി പ്രധാന വിവാഹചടങ്ങുകള്‍ പൂര്‍ത്തിയാകും.

തുടര്‍ന്ന് ഗംഭീരസദ്യയാണ്. വാഴയിലയിലാണ് സദ്യ വിളമ്പുക. ചോറ്, സാമ്പാര്‍, പരിപ്പ്, അവിയല്‍, കാളന്‍, തോരന്‍, പച്ചടി, കിച്ചടി, ഓലന്‍, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്‍ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യയ്ക്കുണ്ടാകും. ഈ പരമ്പരാഗത വിഭവങ്ങളെല്ലാം പച്ചക്കറി കൊണ്ടാണ് തയ്യാറാക്കുക എന്നതാണ് സദ്യയുടെ പ്രത്യേകത.

സദ്യയ്ക്ക് ശേഷം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് പറഞ്ഞയക്കുകയാണ് ചടങ്ങുകള്‍

ഗൃഹപ്രവേശം
💗✥━═══🪷═══━✥💗
ഗൃഹപ്രവേശത്തിനും മുഹൂര്‍ത്തമുണ്ട്. വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്‍കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല്‍ വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു.

കനകകാന്തിയില്‍ കല്യാണപ്പെണ്ണ്
💗✥━═══🪷═══━✥💗
വധൂവരന്മാരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹദിനം. അതുകൊണ്ട് തന്നെ അന്നേദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് വളരെ പ്രധാനമാണ്.

സ്വര്‍ണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമാണ് വരന്റെ വിവാഹവേഷം. ചിലപ്പോള്‍ ഷര്‍ട്ടിന് പകരം അംഗവസ്ത്രം (മേല്‍മുണ്ട്) ധരിക്കാറുണ്ട്. സ്വര്‍ണമാലയും ബ്രേസ്ലെറ്റും മോതിരങ്ങളുമാണ് വരന്റെ ആഭരണങ്ങള്‍.

കാര്യം കല്യാണച്ചെക്കനും പെണ്ണിനും തുല്യപ്രാധാന്യമാണെങ്കിലും വിവാഹദിനത്തില്‍ തിളങ്ങുക വധുവാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സ്വര്‍ണക്കസവോടു കൂടിയ പട്ടുസാരിയാണ് വധുവിന്റെ ആദ്യവേഷം. താലികെട്ടിന്റെ സമയത്ത് ഒന്ന്, അതിന് ശേഷം സദ്യ കഴിക്കുമ്പോള്‍ വെള്ളപ്പുടവ, വരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ വരന്‍ നല്‍കിയ മന്ത്രകോടി എന്നിങ്ങനെ വിവാഹദിനത്തില്‍ മൂന്നുതവണ വധു വസ്ത്രം മാറാറുണ്ട്.

വധുവിനെ സ്വര്‍ണത്തില്‍ പൊതിയുന്ന ദിനമാണ് വിവാഹദിനം. സുമംഗലിയാകുന്ന മകള്‍ക്ക് അണിയാന്‍ ഓരോ മാതാപിതാക്കന്മാരും തങ്ങളാല്‍ ആവും വിധം സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നു.

ഇന്ന് ഹിന്ദുക്കൾക്ക് വിവാഹം ഇന്നുള്ളത് ഒരു ആചാരം അല്ല മറിച്ചു ആർഭാടമാണ്... ആദ്യകാല വിവാഹങ്ങള്‍ ഇന്നത്തേതില്‍നിന്ന്‌ വ്യത്യസ്‌തമായിരുന്നു. അന്ന്‌ പുരുഷന്‍ സ്‌ത്രീകള്‍ക്കാണ്‌ പണം നല്‍കേണ്ടിയിരുന്നത്‌. ഈ സമ്പ്രദായമാണ്‌ 'സ്‌ത്രീധനം' എന്ന്‌ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ പദം പില്‍ക്കാലത്ത്‌ സ്‌ത്രീകള്‍ പുരുഷന്‌ നല്‍കേണ്ട പണമായിമാറി. വിവാഹം എന്നത്‌ കേവലം ഒരാണും പെണ്ണും തമ്മിലുള്ള ഒരുടമ്പടിയല്ല, മറിച്ച്‌ അത്‌ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള പരസ്‌പരബന്ധം കൂടിയാണ്‌.



ഷോഡശസംസ്കാരം - 14

ഷോഡശസംസ്കാരം

ഭാഗം - 14

11. സമാവർത്തന സംസ്കാരം
💗✥━═══🪷═══━✥💗
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു വിദ്യാർഥി ഗുരുദക്ഷിണ നൽകി ഗുരുവിന്റെ അനുഗ്രഹത്തോടെ സ്വഗൃഹത്തിലേക്ക് മടങ്ങുന്ന ചടങ്ങാണ് സമാവർത്തന സംസ്കാരം. പുരുഷൻമാർ 25 വയസുവരെയും സ്ത്രീകൾ 20 വയസുവരെയും ബ്രഹ്മചര്യമനുഷ്ഠിക്കണം എന്നാണ് നിയമം. ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥിയെ സ്നാതകൻ എന്ന് പറയുന്നു. സമാവർത്തനം പൂർത്തിയാക്കുന്ന സമയത്ത് ബ്രഹ്മചര്യചിഹ്ന്നങ്ങളായ വൽകലവും ദണ്ഡും ഉപേക്ഷിക്കുന്നു. അനന്തരം ആദിത്യഭിമുഖമായി നിന്ന് ആദിത്യജപം നടത്തി നഖങ്ങളും, തലമുടികളും വെട്ടികളയുന്നു. ആചാര്യ ഉപദേശത്തിന്റെ ആദ്യഭാഗം തൈത്തിരിയ ഉപനിഷത്തിൽ ഇങ്ങനെ പറയുന്നു.

""സത്യം പറയുക ധർമം ആചരിക്കുക.

പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമാദം ഉണ്ടാവരുത്.

ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.

ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്.

ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക.

പാപകരമായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്.

ദാനം ചെയ്യുമ്പോൾ മനസറിഞുകൊണ്ട്‌ മുഖപ്രസാദത്തോടെ നൽകുക.""

ഗുരുദക്ഷിണ നൽകി ബിരുദ്ധം സ്വീകരിച്ച് ഗുരുവിന്റെ അനുഗ്രഹത്തോടുകൂടി സ്വഗ്രഹത്തിലേക്ക് മടങ്ങുന്ന സംസ്ക്കരമാണിത് . ശോഭനമായ ഭാവിജീവിതത്തിന്റെ ആദ്യഭാഗം ഗുരുകുലത്തിൽ വെച്ചും അവസാനഭാഗം ബ്രഹ്മചാരിയുടെ ഗ്രഹത്തിൽ വെച്ചും നടത്തപ്പെടുന്നു.

വീര്യധാരണം, അഷ്ടാംഗമൈഥുനത്യാഗം, വേദവിദ്യദ്ധ്യായനം, ധർമ്മാചരണം എന്നിവ ബ്രഹ്മചാരിയുടെ ലക്ഷണമാണ്.

പ്രാചിനകാലത്ത് വേദപഠനത്തോടുകുടി മറ്റെല്ലാ വിദ്യകളും ആശ്രമധർമ്മങ്ങളും ബാലിക-ബാലന്മാരുടെ വാസനബലമനുസരിച്ച് അഭ്യസിപ്പിച്ചിരുന്ന പാഠ്യക്രമമാണ് ഉണ്ടായിരുന്നത്. ലോകരംഗത്ത് നിഭയമായി ധർമ്മനിഷ്ഠയോടുകൂടി ജീവിക്കുവാൻ പഠിച്ചു കഴിയുന്നതുവരെ ബ്രഹ്മചാര്യവൃതമനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥിയുടെ മനസ്സും ശരീരവും സംസ്കരിച്ച് സംസ്ക്കരിച്ച് പക്വതവരുത്തുന്ന പഠിപ്പും സമ്പർക്കവും സുലഭമായിരുന്നു. ലഘുജീവിതവും ഉന്നതദർശവും സ്വാഭാവികമായും പുലർന്നിരുന്നു. പുരാതനകാലത്ത് പുസ്തകക്കെട്ടുകൾ ചുമക്കാതെ തന്നെ ബ്രഹ്മചാര്യയായ വിദ്യാർത്ഥിക്ക് മന്ത്രം തന്ത്രം യന്ത്രം ജ്യോതിഷം ഗണിതം വൈദ്യം തുടങ്ങിയ ശാസ്ത്രീയ സാങ്കേത്തിക വിദ്യകളെല്ലം ബുദ്ധിനിലവാരത്തിലും പ്രായോഗികനിലവാരത്തിലും അഭ്യസിക്കുവാൻ സാധിച്ചിരുന്നു,

സ്വധർമ്മമായി ശിഷ്യനെ ഗുരു പഠിപ്പിക്കുകയും സ്വഭാവഗുണങ്ങൾ പോഷിപ്പിക്കുകയും ചെയ്തിരുന്നു, ഗുരുകുലത്തിൽ രാജാവിന്റെയും സന്താനങ്ങൾ ഏകോദരസഹോദരങ്ങളെ പോലെ ഗൃഹശുചീകരണം മുതൽ ഭരണകാര്യങ്ങൾ വരെ ആചരണപൂർവ്വം പരിശീലിച്ചിരുന്നു.
"നജാതു കാമാന്ന ഭയാന്ന ലോഭാൽ
ധർമ്മം ത്യജേൽ ജീവതസ്യാഽപിഹേതോ”
കാമമോ ഭയമോ ലോഭമോ നിമിത്തം ഒരിക്കലും സ്വധർമ്മത്തിൽ നിന്നും വ്യതിചലിച്ചിരുന്നില്ല. ജീവരക്ഷക്കുവേണ്ടിപോലും ധർമ്മം ത്യജിച്ചിരുന്നില്ല.

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയെ പ്രകടമാക്കുകയാണ് വിദ്യഭ്യാസം എന്ന് സ്വാമി വിവേകാനന്ദനും . യഥാർത്ഥ വിദ്യഭ്യാസമെന്നത് നമ്മിലുള്ള നല്ല അംശത്തെ വികസിപ്പിക്കുകയാണ് മനുഷ്യവർഗ്ഗത്തെക്കാൾ മഹത്തായൊരു മറ്റൊരു ഗ്രന്ഥമില്ല. എന്നു മഹാത്മാഗാന്ധിയും പറഞ്ഞതിന്റെ തല്പര്യവും ഇതു തന്നെ.

ശാരീരികവും മാനസികവുമായ സംയമവും തപസ്സുമാണ് വിദ്യാർത്ഥിയുടെ മുതൽ മുടക്ക്. "ബ്രഹ്മണീ ചരതീതി ബ്രഹ്മചാരി" ബ്രഹ്മചാരി എന്നു വെച്ചാൽ ബ്രഹ്മത്തിന്റെ അഥവാ ഈശ്വരന്റെ മാർഗ്ഗത്തിൽ ചരിക്കുക അതായത് മനസ്സിനെയും ഇന്ദ്രിയങ്ങളെയും ഈശ്വരീയലക്ഷ്യത്തിലേക്ക് നടത്തിക്കുക എന്നർത്ഥം. 'വീര്യോ വൈഭർഗ്ഗഃ ' വീര്യമാണ് തേജസ്സ് അതിന്റെ പ്രകാശത്തിലൂടെ വേണം വേദരൂപ ബ്രഹ്മത്തിന്റെ ദർശനവും സച്ചിദാനന്ദ സാക്ഷാത്ക്കരവുമുണ്ടാവാൻ .

“തം പ്രതീതം സ്വധർമ്മേണ
ധർമ്മദായഹരം പിതുഃ
സ്രാഗ്വിണം തല്പ ആസിന-
മാർഹയേത് പ്രഥമംഗവാ"

ബ്രഹ്മചാര്യാശ്രമത്തിൽതൻ്റെ പിതൃസ്ഥാനത്തിരിക്കുന്ന ആചര്യനെ ഉത്തമമായ ആസനത്തിലിരുത്തി പുഷ്പഹാരമണിയിച്ച് നമസ്കരിച്ച് യഥാശക്തി പശു വസ്ത്രം ധനം മുതലായവ ഗുരുദക്ഷിണയായി ശിഷ്യൻ സമർപ്പിക്കുന്നു. ഗുരുകുലവാസകാലത്ത് പ്രതിഫലേച്ഛകൂടാതെ ശിഷ്യന്റെ സംരക്ഷണകർതൃത്ത്വം മുഴുവൻ ഏറ്റെടുത്ത് തന്റെ ശിഷ്യൻ ഉത്തമ പൗരനായി പരമപുരുഷാർത്ഥിന് അർഹനായി ഭവിക്കണമെന്ന ആത്മാർത്ഥ വിചാരത്താൽ വിദ്യഭ്യാസവും യോഗക്ഷേമവും നൽകിയ ഗുരുനാഥന് ഗുരുദക്ഷിണ നൽകുന്നതും സ്വാഭാവികമായ പ്രേരണകൊണ്ടുമാത്രമായിരുന്നു. പവിത്രമായ ഗുരുശിഷ്യബന്ധത്താൽ ഉന്നീതമായ ഗുരുകുല വിദ്യഭ്യാസം സ്വയം പര്യാപ്തമായി നടത്തിയിരുന്നു.

താനികല്പദ് ബ്രഹ്മചാരീസലിലസ്യപൃഷ്ടേ
തപോ ഽ തിഷ്ഠപ്യമാനഃ സമുദ്രേ
സസ്നതോ ബഭ്രുഃ പിങ്ഗലഃ
പൃഥിവ്യാം ബഹുരോചതേ

സമുദ്രത്തെപ്പോലെ ഗംഭീരമായ ഉത്തമബ്രഹ്മചാര്യാശ്രമത്തിൽ തപോനിഷ്ഠാനായിരുന്ന വേദാന്തി വിദ്യകളഭ്യസിച്ചുകൊണ്ട് വീര്യരക്ഷയും ആചാര്യശുശ്രൂഷ ചെയ്ത വിദ്യാർത്ഥി ഗുണകർമ്മാനുസാരം ഉത്തമഗുണങ്ങളാൽ പരിപോഷിതനായി സമുദായത്തിനും രാഷ്ട്രത്തിനും പ്രകാശമാനമായി ഭവിക്കുന്നു. ആ ബ്രഹ്മചാരി എല്ലാവരുടെയും ധ്യന്യവാദത്തിനർഹനായി ഭവിക്കുന്നു.

ഗുരുകുല വിദ്യഭ്യാസം പൂർത്തിയാക്കി ബിരുദ്ധം നേടിയ വിദ്യാർത്ഥിയെ 'സ്നാതകൻ' എന്നു പറയുന്നു. സമാവർത്തസംസ്ക്കരത്തിൽ ഈശ്വരോപാസന, സ്വസ്തിവചനം, ശാന്തി പ്രകരണം, എന്നിവ എല്ലാവരും ചേർന്ന് നിർവഹിക്കും. മന്ത്രോച്ചാരണപൂർവ്വം യജ്ഞവേദിക്ക് ചുറ്റും പൂജിച്ചുവെച്ചിരിക്കുന്ന് ഔഷധജലത്താൽ സ്നാതകനെ അഭിഷേകം ചെയ്യുന്നു. തുടർന്ന് ബ്രഹ്മചാര്യ ചിഹ്നങ്ങളായ വൽക്കവും ദണ്ഡും യഥാവിധി വർജ്ജിക്കുന്നു. അനന്തരം പൂർവ്വാഭിമുഖമായി നിന്ന് ആദിത്യജപം നടത്തിയിട്ട് ബ്രഹ്മചാര്യവൃതകാലത്ത് വളർന്നിരുന്ന കേശനഖാദികൾ ഛേദിക്കും സ്നാനം ജലദർപ്പണാദികൾ കഴിച്ച് ശുഭവസ്ത്രധാരണം ചെയ്ത് ആചാര്യൻ നൽകിയ തൊപ്പി കുട വടി എന്നിവ ധരിച്ച് സ്വഗൃഹത്തിലേക്ക് പോകുന്ന സ്നാതകനെ ആചാര്യനും മറ്റു ശിഷ്യന്മാരും അനുഗമിക്കുന്നു.

ആഘോഷപൂർവ്വം സ്വഭവനത്തിലേക്ക് വരുന്ന സ്നാതകനെ മതാപിതക്കളും ബന്ധുമിത്രാദികളും ചേർന്ന് മംഗലാരതിപൂർവ്വം സ്വീകരിക്കുന്നു. ആചാര്യന് യഥോചിതം ദക്ഷിണ നൽകിയശേഷം കൂടിയിരിക്കുന്നവർക്കെല്ലം അന്നപാനാദികൾ നൽകി സ്ത്ക്കരിക്കണം. ആചാര്യന് ദക്ഷിണനൽകിയ ശേഷം ഔപചാരികമായി ബിരുദദാനോപദേശം നിർവഹിക്കുന്നു. അതിനുമറുപടിയായി സ്നാതകൻ ആചാര്യന്റെ ഗുണഗണങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കൃതജ്ഞത പറയുകയും തന്നെപ്പോലെ മറ്റു വിദ്യാർത്ഥികളെയും സുയോജ്യരാക്കുന്നതിന് ഗുരുവിന്ന് ആയുരാരോഗ്യ സൗഖ്യങ്ങളും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആചര്യോപദേശത്തിന്റെ ആദ്യഭാഗം തൈത്തിരീയ ഉപനിഷത്തിൽ "സത്യം വദ ധർമ്മം ചര സാദ്ധ്യായാത്മാ പ്രമദ' എന്നു തുടങ്ങൂ സൂക്ത പ്രകാരം സത്യം പറയുക ധർമ്മം ആചരിക്കുക പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രമദം ഉണ്ടാവരുത്. ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമദമുണ്ടാവരുത്. ഉത്തമരീതിയിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്. ദേവതകൾ മാതാപിതാക്കൾ ഗുരുജനങ്ങൾ എന്നിവരെ യഥോചിതം ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ധർമ്മാനുസൃതങ്ങളായ സൽക്കർമ്മങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊണ്ടിരിക്കുക. പാപകരങ്ങളായ പ്രവർത്തികൾ ഒരിക്കലും ചെയ്യരുത്. വിദ്വാന്മാരും ധർമ്മിഷ്ഠരുമായ സജ്ജനങ്ങളുമായി സദാസ്മ്പർക്കം പുലർത്തികൊണ്ടിരിക്കുക.. ധാനം ചെയ്യുന്നത് ശ്രദ്ധയോടു കൂടി മാത്രം അറിഞ്ഞു ചെയ്യുക., മുഖപ്രസാദത്തോടുകൂടി കൊടുക്കണം. നിങ്ങൾക്ക് എപ്പോഴേങ്കിലും കർമ്മാനുഷ്ഠാനത്തിലോ ആചാരസമ്പ്രദായത്തിലോ ഉപാസന ക്രമത്തിലോ വല്ല സംശയവുമുണ്ടായാൽ വിചാരശീലരും നിഷ്പക്ഷമതികളും കരുണാർദ്ര ഹൃദയരും ധർമ്മനിഷ്ഠയുള്ളവരുമായവർ അംഗീകരിക്കുന്ന ധർമ്മമാർഗ്ഗത്തെ അനുസരിച്ച് പ്രവർത്തിച്ചുക്കൊള്ളുക. ഇപ്രകാരം തന്നെ വർത്തിക്കേണ്ടതും അവരുടെ ശിലാചാരങ്ങളെ സംസ്ക്കരിച്ചു കൊള്ളേണ്ടതുമാകുന്നു.

വിദ്യഭ്യാസസംസ്കാരത്തിന്റെ ഉദ്ദേശമാണെന്നതിന്റെ സമാധാനം ആർഷസൂക്തങ്ങളിൽ കാണാം. ദുർവ്വാസന. അജ്ഞത മോഹം ഭയം അനീതി ഭ്രമം അസുരീപ്രവർത്തി മുതലായദുർഗ്ഗുണങ്ങളെ വേരോടെ അറുത്ത് മനുഷ്യരെ മനുഷ്യരെ സദാചാരപരായണതയും സേവനതത്പരതയും മംഗളപ്രദമായ ജീവിതവും ഉദ്ദീപിപ്പിക്കുന്നതിന് ശരിയായ വിദ്യഭ്യാസം കൊണ്ടെ കഴിയൂ. ബാഹ്യാഭന്തര ലോകങ്ങളിലെല്ലാം ഇതുമാത്രമാണ് സുഖസമൃദ്ധികൾക്ക് സാധനമായിട്ടുള്ളത്. ഉൽകൃഷ്ടവും ജ്ഞാനപൂർണ്ണവുമായ കർമ്മങ്ങളുടെ പരമോച്ച നില ജ്ഞാനയുക്തമായ വിദ്യയിലാകുന്നു. ഇതിന്റെ സദുപയോഗത്താൽ എല്ലാ ജീവിതരംഗങ്ങളിലും പലവിധ ഐശ്വര്യങ്ങളും സൗഖ്യവും അഭിവൃദ്ധിയും ഉണ്ടാവുമെന്നതിന് സംശയമില്ല. വിദ്യയുടെ ഉത്തമലക്ഷ്യം സർവ്വജ്ഞാനത്തോടപ്പം ആത്മജ്ഞാനം അഥവാ ബ്രഹ്മജ്ഞാനമാകുന്നു.

ഇങ്ങനെ വിദ്യഭ്യാസവും സമാവർത്തനവും കഴിഞ്ഞ ബ്രഹ്മചാരി യഥേഷ്ടം തന്റെ യോഗ്യതയും ഹിതവുമനുസരിച്ച് അടുത്ത ആശ്രമമായ ഗൃസ്ഥാശ്രമത്തിൽ പ്രവേശിക്കാം.


ഷോഡശസംസ്കാരം - 13

ഷോഡശസംസ്കാരം

ഭാഗം - 13

11 - വേദാരംഭം
💗✥━═══🪷═══━✥💗
ഉപനയനത്തോടുകൂടി വേദാരംഭ സംസ്കാരം വീട്ടിൽവച്ചും വിദ്യാരം ഭസംസ്കാരം ഗുരുകുലത്തിൽ വച്ചും നടത്തുന്നു.

ഷോഡശസംസ്‌കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭം ഉപാകർമം എന്നു പറഞ്ഞു വരുന്നു. "സംസ്‌കാരപൂർവം ഗ്രഹണം സ്യാദുപാകരണം ശ്രുതേഃ'' എന്ന്‌ ഇതിനെ അമരകോശത്തിൽ നിർവചിച്ചിരിക്കുന്നു; വേദം ഇതുകൊണ്ട്‌ സ്വീകരിക്കപ്പെടുന്നു എന്നാണ്‌ ഇതിന്റെ അർഥം. ഉപനയനത്തിനു ശേഷമേ ദ്വിജനാകുന്നുള്ളൂ; അതിനാലാണ്‌ അതിനു മുമ്പ്‌ വേദം പഠിക്കാന്‍ അധികാരിയാകാത്തത്‌. ഉപാകർമത്തിന്‌ ചില പ്രത്യേകദിവസങ്ങള്‍ തന്നെ മുഹൂർത്തകാരന്മാർ നിർദേശിച്ചിട്ടുണ്ട്‌. കർക്കിടക മാസത്തിൽ അത്തം നക്ഷത്രവും പഞ്ചമിയും കൂടി വരുന്ന ദിവസം ഉപാകർമം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ ചിങ്ങമാസത്തിൽ തിരുവോണ നാളിൽ പഞ്ചമി വന്നാൽ അന്നും ഇതിനു യോജിച്ച ദിവസമാകുന്നു; അതേ മാസത്തിൽ രണ്ടു തിരുവോണ നാളുകള്‍ വരുന്ന പക്ഷം രണ്ടാമത്തെ നാളിൽ ഇതു ചെയ്യാം. കന്നി മാസത്തിലാകട്ടെ രണ്ടു തിരുവോണനാളുകള്‍ ഉള്ളപക്ഷം രണ്ടു ദിവസവും ഉപാകർമത്തിനു കൊള്ളാം, ആഷാഢ മാസത്തിലെ വെളുത്തവാവിനും ഉപാകരണം ചെയ്യുന്നതിൽ വിരോധമില്ലെന്നു മുഹൂർത്ത സംഗ്രഹകാരന്‍ പറഞ്ഞിരിക്കുന്നു. വേദാധ്യയനം ശ്രദ്ധാപൂർവം അനുഷ്‌ഠിക്കേണ്ട ഒരു കർമമാകയാൽ ഉപനയനം കഴിഞ്ഞ്‌ വേദത്തിനധികാരിയായ ദ്വിജനെ ആചാര്യന്‍ ശുഭമുഹൂർത്തത്തിൽ വേദം അഭ്യസിപ്പിക്കാനാരംഭിക്കുന്നു. ഗൃഹ്യകർമങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്‌തകങ്ങളിൽ ഇതു ചെയ്യേണ്ട രീതികളെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. ഋഗ്വേദികള്‍, യജുർവേദികള്‍, സാമവേദികള്‍ എന്നിങ്ങനെ വിഭിന്നവേദങ്ങള്‍ അഭ്യസിക്കുന്നതിന്‌ അധികാരികളായവർ അവർക്കു വിധിച്ചിട്ടുള്ള രീതിയിൽ വേണം മേല്‌പറഞ്ഞ ശുഭദിവസങ്ങളിൽ വേദാധ്യയനം ആരംഭിക്കാന്‍.

[ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്. പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു.]

വിദ്യാരംഭസംസ്ക്കാരം
💗✥━═══🪷═══━✥💗
വേദത്തിൽ വിദ്യാരംഭത്തെ തന്നെ വേദാരംഭമെന്നു വിവക്ഷിക്കുന്നുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൗകികവുമായ് വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാകുന്ന സംസ്ക്കാരമാണ് വേദാരംഭം. നാല് ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്ന മനുഷ്യജീവിതത്തിന്റെ പ്രഥമഘട്ടം ഇവിടെ രൂപവൽകരിക്കപ്പെട്ടിരിക്കുന്നു.

വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭവസ്ത്രധാരിയായ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേക്ക് ആനയിക്കുന്നു, ആചാര്യനും ആഗതരായിരിക്കുന്ന ബന്ധുമിത്രാദികളും ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമായിരിക്കുമത്, കുട്ടിയെ യജ്ഞവേദിക്ക് പ്രദക്ഷിണമായി കൊണ്ടുവന്ന് മന്ത്രോച്ചാരണ പൂർവ്വം ജലപ്രോക്ഷണാദി ചടങ്ങുകൾ ചെയ്തത്തിനുശേഷം യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി കിഴക്കോട്ട് തിരിഞ്ഞ് - ഇടത്തെ കാൽമുട്ട് മടക്കി ഇരുത്തണം , ഇങ്ങനെയിരുന്ന് കൈക്കൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു.

'അധീഹിഭൂഃ സാവിത്രീംഭോ അനുബ്രൂഹി' (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൂതിയും, സാവിത്രിയും യഥാക്രമം മൂന്നും ചേർന്ന പരത്മാവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ച് തന്നാലും")

അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധരായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പര പ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചാര്യ ജീവിതത്തിന്റെ എല്ലാചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

"മാതൃമാൻ പിതൃമാൻ ആചാര്യവാൻ പുരുഷോ വേദ"... മാതാവ് പിതാവ് ആചാര്യൻ എന്നീ ഉത്തമാദ്ധ്യാപകരെ ലഭിച്ചിട്ടുള്ള ഒരാൾക്കു മാത്രമേ ശരിയായ അറിവ് സമ്പാധിക്കുവാൻ കഴിയൂ എന്ന് ധർമ്മ ശാസ്ത്രം. ഏതൊരാളിന്റെ മാതാപിതാക്കൾ ധർമ്മശാസ്ത്രത്തിൽ ശ്രദ്ധയുള്ളവരും പഠിപ്പുള്ളവരും ആകുന്നുവോ അയാളാണ് ഭാഗ്യവാൻ. അങ്ങനെയുള്ള കുടുംബമാണ് ധന്യമായവ. മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് എത്രത്തോളം സാരോപദേശവും സഹായവും ലഭിക്കുന്നുവോ അത്രത്തോളം മറ്റൊരാളിൽ നിന്നും ലഭിക്കുന്നതല്ല. അതുകൊണ്ടാണ് മാതൃമാൻ- ഭക്തിയും ധർമ്മതൽപ്പരരുമായ മാതാവുള്ളവൻ എന്ന് എടുത്ത് പറഞ്ഞിട്ടുള്ളത്. ഗർഭസ്ഥനാവുന്നതു മുതൽ വിദ്യഭ്യാസം കഴിയുന്നതു വരെ സ്വസന്താനങ്ങൾക്ക് സൗശീലം ഉപദേശിക്കുന്ന് പ്രസവിത്രിയാണ് പരമധന്യ...

വേദാരംഭത്തിൽ കുട്ടിയുടെ പിതാവ് നൽക്കുന്ന ഉപദേശം വളരെ ശ്രദ്ധേയമാണ്. ഗോപിലസൂത്രത്തിലെ "ആചാര്യാധീനോ ഭവാന്യത്രാധർമ്മാചരണാത്" എന്നു തുടങ്ങുന്ന ഉപദേശങ്ങളുടെ സാരം ഇപ്രകാരം ആണ്.

മകനെ നീ ഇന്നുമുതൽ ബ്രഹ്മചാര്യ വ്രതം സ്വീകരിച്ചിരിക്കുന്നു, നിത്യവും സന്ധ്യോപാസനകളും ഭക്ഷണത്തിനുമുമ്പ് ആചമനവും അനുഷ്ഠിക്കണം കൃത്യനിഷ്ഠയോടെ പഠിക്കുകയും പണിയെടുക്കയും വേണം. പകൽ കിടക്കരുത്, ആചാര്യന്റെ മുന്നിലിരുന്ന് വേദാദിവിദ്യകൾ വ്യക്തമായി പഠിക്കുക. വേദശാസ്ത്രങ്ങൾ അഭ്യസിച്ച് പൂർണ്ണമാകുന്നതുവരെ ബ്രഹ്മചാര്യവ്രതം പാലിക്കുക. ക്രോധവും കളിപറച്ചിലും വർജ്ജിക്കണം. കഥ ക്രിഡാ നോട്ടം ആലിംഗനം തുടങ്ങിയ കാമോദ്ദീപനങ്ങളായ എട്ടുവിധം മൈഥുനങ്ങൾ നിന്നെ തീണ്ടരുത്. തറയിൽ ശയിക്കുക , കട്ടിലും മെത്തയും ഉപയോഗിക്കാതിരിക്കുക. അമിതമായി ഭക്ഷിക്കരുത് , അധികം ഉറങ്ങരുത്, ഉറക്കമിളക്കരുത് . രാത്രി നാലാം യാമത്തിൽ - ബ്രഹ്മമുഹൂർത്തത്തിൽ - ഉണർന്നെഴുനേൽക്കുക. ശൗചം, ദന്തധാവനം സ്നാനം എന്നിവ നിർവഹിച്ചിട്ട് സന്ധ്യോപാസന ഈശ്വരപ്രാർത്ഥന യോഗഭ്യാസം സ്വാദ്ധ്യായം എന്നിവ നിത്യവും ആചരിക്കുക.

പിതാവിന്റെ ഉപദേശം ശിരസാവഹിച്ച് ബ്രഹ്മചാര്യം അനുഷ്ഠിക്കുമെന്ന് ഉറപ്പ് കൊടുത്തതിനുശേഷം ബ്രഹ്മചാരി യജ്ഞകുണ്ഡത്തിന് പ്രദക്ഷിണമായി വന്ന് പശ്ചിമഭാഗത്ത് നിൽക്കുന്ന മാതാപിതാക്കന്മാരെയും മറ്റു ബന്ധു-ഗുരുജനങ്ങളെയും നമസ്ക്കരിച്ച് അവരിൽ നിന്ന് ഭിക്ഷ വാങ്ങി ആചാര്യന്റെ മുന്നിൽ സമർപ്പിക്കണം. പിന്നിട് ആചാര്യന്റെ ആജ്ഞപ്രകാരം വിശേഷ ദ്രവ്യങ്ങൾ മന്ത്രോച്ചാരണ പൂർവ്വം ആഹൂതി നൽകിയിട്ട്... ഗോത്രോത്പന്നോഹം ഭോഭവന്ത മഭിവാദയേ" എന്നുച്ചരിച്ചുകൊണ്ട് ആചാര്യനെ നമസ്ക്കരിക്കുമ്പോൾ അദ്ദേഹം ' ആയുഷ്മാൻ വിദ്യാവാൻ ഭവസൗമ്യ" എന്നു പറഞ്ഞ് ആശിർവദിക്കും.

പിന്നിട് ഹവിഷ്യാന്നവും മറ്റു വിശേഷപദാർത്ഥങ്ങളും ചേർത്ത് ആചാര്യനെയും ശിഷ്യനെയും ഊട്ടണം. അതുപോലെ കൂടിയിരിക്കുന്നവരെയും സൽക്കരിച്ചയക്കുമ്പോൾ അവർ ബ്രഹ്മചാരിയെ നോക്കി

"ത്വം ബാലക! ത്വാമീശ്വരകൃപയാ വിദ്വാൻ
ശരീരാത്മനാബലായുക്തഃ കുശലീ
വീര്യവാനരോഗഃ സർവ്വം വിദ്യാ
അധീത്യാ ഽസ്മാൻ ദിദൃക്ഷുഃ സന്നാഗമ്യാഃ

എന്ന മന്തോച്ചാരണപൂർവ്വം ആശിർവദിക്കണം... തുടർന്ന് വിദ്യഭ്യാസം പൂർത്തിയാകുന്നതുവരെ ബ്രഹ്മചാരി ഗുരുകുലം കേന്ദ്രമാക്കി ജീവിക്കുന്നു. കുറഞ്ഞത് ഒമ്പതു കൊല്ലമെങ്കിലും ഗുരുകുലവിദ്യഭ്യാസം ചെയ്തിരിക്കണമെന്നുണ്ട്.


ഷോഡശസംസ്കാരം - 12

ഷോഡശസംസ്കാരം

ഭാഗം - 12

9. ഉപനയന സംസ്കാരം
💗✥━═══🪷═══━✥💗
യജ്ഞോപവീതം – പൂണൂല്‍ – ധാരണത്തിനുള്ള സംസ്‌ക്കാരമാണിത്. കുട്ടിയുടെ മനസ്സില്‍ വിഷയവാസനകള്‍ ഊറുന്നതിനുമുമ്പ് ഈ കര്‍മ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുന്‍പ് വര്‍ണ്ണാശ്രമധര്‍മ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘായുസ്സുണ്ടായിരുന്നതിനാല്‍ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളില്‍ ഉപനയനം നടത്തിയിരുന്നു. ധര്‍മ്മശാസ്ത്രങ്ങളുടെ കാലധര്‍മ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തില്‍ കുട്ടിക്ക് അഞ്ചുവയസ്സ് കഴിഞ്ഞാല്‍ ഈ സംസ്‌ക്കാരം നടത്താവുന്നതാണ്.

എന്നാല്‍ വര്‍ണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂല്‍ധാരണം ആര്‍ക്കെന്ന പ്രശ്‌നത്തെക്കാള്‍, ഉപനയനം എല്ലാവര്‍ക്കും ആവശ്യമുള്ള കര്‍മ്മമാണെന്നകാര്യം ശ്രദ്ധിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും – ശ്രദ്ധയുള്ളവരാണെങ്കില്‍ ശ്രദ്ധയുടെ സുരക്ഷിതത്വത്തിനും, ശ്രദ്ധയില്ലാത്തവരാണെങ്കില്‍ അത് ഉളവാക്കുന്നതിനും – ഉപനയന സംസ്‌ക്കാരവേളയില്‍ പൂണൂലോ പകരം കൈത്തണ്ടയില്‍ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്രസങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാര്‍മ്മികകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് ഒരു കുട്ടിക്കുള്ള അര്‍ഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലന്‍ ബ്രഹ്മചാരിയായിത്തീരുന്നു.

വേദാരംഭം – വിദ്യാരംഭത്തിന് അഥവാ ജ്ഞാനസമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്‌ക്കാരംകൊണ്ടാകുന്നു.

ഉപനയന സംസ്‌ക്കാരത്തിന് മുന്‍കൂട്ടി ബാലന്‍ മൂന്ന് ദിവസം അല്ലെങ്കില്‍ ഒരു ദിവസമെങ്കിലും പാലും പഴവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയം സമയം. ബാലന്‍ ശൗചസ്‌നാനാദികള്‍ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറ് വശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുമ്പോള്‍ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലന്‍ പൂണൂല്‍ കയ്യിലെടുത്തുകൊണ്ട് ആഹൂതികള്‍ അര്‍പ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂര്‍വ്വം ആചാര്യനാല്‍ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി ഈ മന്ത്രം ചൊല്ലി ബ്രഹ്മചര്യവ്രതം കൈക്കൊള്ളുന്നു.

ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരാസ്താത്
ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതേനോപനഹ്യാമി

സാരം – പരിശുദ്ധമാക്കാന്‍ പ്രാപ്തിയുള്ളവയിലേറ്റവും ശ്രേഷ്ഠമായതും ആദിയില്‍ ബ്രഹ്മാവിനോടൊപ്പം ആവിര്‍ഭവിച്ചതും ആയൂര്‍ബലവും മനശക്തിയും പ്രദാനം ചെയ്യുന്നതുമായ ശുഭ്രമായ പൂണൂല്‍ ഞാന്‍ ധരിക്കുന്നു. ജ്ഞാനവെളിച്ചവും ശക്തിയും ഇതിനാല്‍ സുരക്ഷിതമായി നില്ക്കുമാറാകട്ടെ.

പിന്നീട് ബ്രഹ്ചാരിയെന്ന നിലയില്‍ ആചാര്യാനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം.
യജ്ഞാഗ്നിയില്‍

ഓം അഗ്നേനേവ്രതപതേ വ്രതം ചരിഷ്യാമി
തത്തേ പ്രബ്രവീമി തച്ഛകേയം
തേനര്‍ദ്ധ്യാസമിതമഹമന്യതാ-
ത്സത്യമുപൈമി സ്വാഹാ-ഇദമഗ്നയേ ഇദം ന മമ.

ഇത്യാദി മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് വിശേഷാഹൂതികള്‍ നല്കണം. യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കുവശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുന്ന ആചാര്യനില്‍നിന്ന് അദ്ദേഹത്തിനഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി, ബ്രഹ്മചര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങള്‍ മന്ത്രോപദേശരൂപേണ സ്വീകരിക്കണം. ആചാര്യന്‍ ഉപനീതനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നതുപോലെ ബ്രഹ്മചാരി ആചാര്യനെക്കൊണ്ടും പ്രതിജ്ഞയെടുപ്പിക്കും. അതായത് ആചാര്യന്‍ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളില്‍ ശ്രദ്ധയും ഏകാഗ്രതയും ചെലുത്തി സ്വചിത്താനുകൂലം അനുവര്‍ത്തിക്കുവാന്‍ പ്രതിജ്ഞ ചെയ്യിക്കുന്നതോടൊപ്പം ബ്രഹ്മാചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട്, സന്ദേശങ്ങള്‍ ക്ഷമാപൂര്‍വ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേര്‍വഴിക്ക് നയിക്കണമെന്ന് ആചാര്യനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാര്‍ത്ഥം ആചാര്യന്‍

ഓം അസ്യബ്രഹ്മചാര്യസി പ്രാണസ്യ ബ്രഹ്മചാര്യസി
കസ്ത്വകമുപനയതേ കായത്വപരിദദാമി

ഇത്യാദി മന്ത്രങ്ങള്‍ ചൊല്ലുന്നു. സാമവേദഗാനത്തോടുകൂടി ഉപനയനകര്‍മ്മം സമാപിച്ചശേഷം ആചാര്യനെയും ഉപസ്ഥധിതരായിരിക്കുന്ന ജ്ഞാനികളെയും മറ്റും യഥോചിതം സത്ക്കരിക്കണം. യാത്രയാവുന്നതിനുമുന്‍പ് എല്ലാവരും ചേര്‍ന്ന്

ഓം തത്വം ജീവ ശരദഃ ശതം വര്‍ദ്ധമാനഃ
ആയുഷ്മാന്‍ തേജസ്വീ വര്‍ചസ്വീ ഭൂയാഃ

എന്ന മന്ത്രം ചൊല്ലി വടു (ബ്രഹ്മചാരി)വിനെ ആശീര്‍വദിക്കണം. യഥായോഗ്യം വേദം അഭ്യസിച്ച് കല്മഷരഹിതരായി, ധനത്തേക്കാള്‍ ധര്‍മ്മത്തെ മനസാ വാചാ കര്‍മ്മണാ ബഹുമാനിക്കുന്ന സമുദായക്ഷേമതല്പരനും ജിതേന്ദ്രിയനും ധര്‍മ്മാത്മാവുമായ വ്യക്തിയെയാണ് ‘ആചാര്യന്‍’ എന്ന സംജ്ഞകൊണ്ട് ധര്‍മ്മശാസ്ത്രങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത്.

ജ്ഞാനസമ്പാദനാര്‍ത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂര്‍വ്വം നോക്കുന്ന ആളാണ് ആചാര്യന്‍. അദ്ദേഹം ശിഷ്യനെ ഒരു പാറമേല്‍ നിര്‍ത്തി ആശീര്‍വ്വദിക്കുന്ന മന്ത്രം ‘ആ പാറപോലെ ഉറപ്പുള്ള ശരീരവും മനഃശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിര്‍ശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു.

സന്ധ്യാവന്ദനവും നിത്യകര്‍മ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ജാഗരൂകനായിരിക്കുക’ ഇത്യാദി പവിത്ര സങ്കല്പങ്ങള്‍ അടങ്ങിയതാണ്.

‘ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരും ഉപനയനകര്‍മ്മത്താല്‍ ജ്ഞാനത്തെ ആശ്രയിക്കാത്തവരും ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.’ എന്നാണ് വേദം അനുശാസിക്കുന്നത്. അടുക്കലേക്ക് കൊണ്ടുചെല്ലുകയെന്നതാണ് ഉപനയനത്തിന്റെ അര്‍ത്ഥം. ആദ്ധ്യാത്മികമായി ബ്രഹ്മത്തിന്റെ സമീപത്തിലേക്ക് ആചാര്യന്‍ ശിഷ്യനെ ആനയിക്കുന്നുവെന്ന് സാരം. യുഗധര്‍മ്മമനുസരിച്ച് പ്രാഥമികകര്‍മ്മത്താല്‍ ഹിന്ദുധര്‍മ്മത്തലേക്ക് അടുപ്പിക്കുക അഥവാ പ്രവേശിപ്പിക്കുകയെന്നതാണ് ഉപനയനം കൊണ്ടുദ്ദേശിക്കുന്നത്.

മാതൃഗര്‍ഭത്തിലായിരുന്നപ്പോള്‍, മാതാവിലൂടെ അവലംബിച്ച സംസ്‌ക്കാരവിശേഷം കൊണ്ട് ബാല്യത്തിലേ പ്രഭാവശാലികളായി ഭവിച്ച ഋഷികൂമാരന്മാരുടേയും രാജകുമാരന്മാരുടെയും വൈശ്യ-ശൂദ്രകുലജാതന്മാരുടെയും ദിവ്യചരിതങ്ങളുണ്ട്. വേദങ്ങളിലും, പുരാണേതിഹാസങ്ങളിലും, ദേശീയചരിത്രങ്ങളിലും മാത്രമല്ല ഇന്നും അത്തരം ബാലികാബാലന്മാര്‍ ജീവിച്ചിരിക്കുന്നു. അവരില്‍ ദൈവീപ്രഭാവത്തോടു കൂടിയവരും ഉണ്ട്. യാജ്ഞവല്ക്യന്‍, ധ്രുവന്‍, പ്രഹഌദന്‍, അഭിമന്യു, ജ്ഞാന സംബന്ധന്‍, ആദിശങ്കരന്‍, നരേന്ദ്രന്‍ എന്നിങ്ങനെ നിരവധി നാമങ്ങള്‍ ഉദാഹരണത്തിനായി ഉദ്ധരിക്കാം.

നരജന്മമെടുക്കുന്ന ജീവന് ഭൂജാതനാവുന്നതിന് മുന്‍പ് ഗര്‍ഭസ്ഥിതനായിരിക്കെ പൂര്‍വ്വജന്മങ്ങളെപ്പറ്റി ബോധമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ ജീവിതലക്ഷ്യത്തെപ്പറ്റിയും ബോധവാനാകുന്നു. ജീവാത്മാവ് പരമാത്മാവിനോട് അകംനൊന്ത് പ്രാര്‍ത്ഥിക്കകുയം പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഗര്‍ഭപാത്രത്തില്‍ തലകീഴായി വരിഞ്ഞുകെട്ടിയ രൂപത്തില്‍, അവിടെനിന്നും വിമുക്തനാവാന്‍ തപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ അവര്‍ണ്ണനീയമാണ്. എന്നാലും ഭൂജാതനാവുന്നതോടുകൂടി വിശ്വാമായയുടെ ആവരണംകൊണ്ട്, ശരീരാഭിമാനം നിമിത്തം അതെല്ലാം മറക്കുന്നു. അപൂര്‍വ്വമായ മനുഷ്യജന്മത്തെ സ്വാഗതം ചെയ്ത്, ശുദ്ധിവരുത്തി പരമലക്ഷ്യപ്രാപ്തി സുഗമമാക്കുന്ന പ്രക്രിയയാണ് ഓരോ സംസ്‌കാരകര്‍മ്മവും. മനുഷ്യജീവിതംതന്നെ പ്രാരബ്ധം, സഞ്ചിതം, ആഗന്തുകം എന്നീ മൂന്നുവിധകര്‍മ്മത്തോടുകൂടിയതാണ്. പ്രാരബ്ധം അനുഭവിച്ചു കൊണ്ടും തുടര്‍ന്നുള്ള സഞ്ചിതാഗന്തുകര്‍മ്മ ബന്ധങ്ങളിലകപ്പെടാതെയും കര്‍മ്മകുശലതയോടെ ജീവിക്കണമെങ്കില്‍ ഈശ്വരാര്‍പ്പണഭാവം വേണം. ഈ ഭാവശുദ്ധി ജീവിതപുരോഗതി സുഗമമാക്കുകയല്ലാതെ തടസ്സപ്പെടുത്തുന്നില്ല.

ഷോഡശസംസ്ക്കാരങ്ങളിൽ പ്രധാനപ്പെട്ട യജ്ഞോപവീത - പൂണൂൽധാരണത്തിനുള്ള സംസ്കാരമാണിത്. ചെറുപ്പത്തിൽ ഗായത്രീയുപദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോട് കൂടിയാണ്. ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നുവെന്നും ജ്ഞാനസമ്പാദനത്തിന് താൻ അർഹനായിക്കഴിഞ്ഞിരിക്കുന്നുമുള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്തു നൽക്കുന്ന ഗായത്രീയുപദേശത്തിന്നു ശേഷമാണ് ഗായത്രിയിൽ നിന്നും ഉൾഭവിച്ച വേദങ്ങളും വേദാന്തങ്ങളും മറ്റു ധർമ്മശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാകുന്നത്. ഉപനയനത്തോടപ്പം ബ്രഹ്മചാരിക്കു ലഭിക്കുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല. ബ്രഹ്മജ്ഞാന സമ്പാധനത്തിനുവേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നതെന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണിത്.

പ്രണവത്തോടും മൂന്ന് വ്യാഹൃതികളോടും ചേർന്ന് എഴുന്നളുന്ന ഗായത്രിയെ സ്വീകരിച്ചുകൊണ്ട് ഉപനയനം എങ്ങനെ വിധിപ്രകാരം നടത്തുന്നുവെന്ന് അറിഞ്ഞിരിക്കണം. സർവ്വവ്യാപകവും സർവ്വജ്ഞാനവും സർവ്വ ശക്തിയും നിറഞ്ഞ ഗായത്രി സ്വീകരിക്കപ്പെടുമ്പോഴുള്ള ഉപനയനസംസ്ക്കാരം വൈശിഷ്ട്യമാർന്നതും ദിവ്യവുമാണ്.

ഉപനയനത്തെ പൊതുവെ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണതിനുള്ള സംസ്ക്കരമെന്നാണ് . ആദ്യകാലങ്ങളിൽ എട്ട് പതിനൊന്ന് പന്ത്രണ്ട് എന്നീ പ്രായങ്ങളിലേതൊലേങ്കിലുമാണ് ഈ കർമ്മം നിർവഹിക്കപ്പെട്ടിരുന്നത്. ചിലപ്പോൾ അഞ്ചു വയസ്സിലും ഇത് അനുഷ്ഠിക്കാപ്പെടാറുണ്ട്. കുട്ടികകളുടെയുള്ളിൽ വിഷയവാസന കടന്നെത്തുന്നതിനുമുമ്പ് ഉപനയനം ചെയ്യിക്കണമെന്നാണ്. പവിത്രതയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ കുട്ടിയിൽ മാനസികവികാസവും സംഭവിക്കുന്നു. ശ്രദ്ധയും സുരക്ഷിതത്വവും നിലനിർത്താനായി ആർക്കും ഈ സംസ്ക്കാരകർമ്മം നിർവഹിക്കാവുന്നതാണെന്നാണ് ആചാര്യമതം. ഇളം പ്രായത്തിൽ പൂണൂൽ ധരിക്കുന്നതതോടെ കുട്ടിക്ക് ജ്ഞാനസമ്പാനത്തിന് അധികാരം ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

ഉപനയന സംസ്ക്കാരം ആരംഭിക്കുന്നതിനുമുമ്പ് മൂന്ന് ദിവസത്തെ വ്രതമാചരിച്ചുകൊണ്ടാണ്. ഈ ദിവസങ്ങളിൽ മിതാഹാരം മാത്രമേ കഴിക്കാവൂ എന്നാണ് ആചാര്യന്മാർ ഓർമ്മിപ്പിക്കുന്നത്. പ്രഭാതത്തിലാണ് ഉപനയനം അനുഷ്ഠിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായി യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭമുഖമായിരിക്കണം. ആ സമയം അച്ഛനും ബന്ധുമിത്രദികളും ഈശ്വരോപാസന യജ്ഞം എന്നിവ നടത്തണം അതിനുശേഷം ആചാര്യന്റെ ആജ്ഞപ്രാകാരം ആഹൂതികൾ അർപ്പിക്കണം. പിന്നീട് മന്ത്രോച്ചാരണ പൂർവ്വം അചാര്യനാൽ യജ്ഞോപവീതം. ധരിക്കണം മാത്രമാല്ല ആചാര്യൻ ചെല്ലുന്ന മന്ത്രം കേട്ട് മന്ത്രം ചൊല്ലുകയും വേണം . അതോടെ കുട്ടി ബ്രഹ്മചാരിയായിത്തീരുന്നു പിന്നീട് ജ്ഞാനസമ്പാദനത്തിന് യോഗ്യതയുള്ളവനായി പരിണമിക്കുന്നു.

"ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരസ്താത്
ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതാ തേനോപഹ്യാമി"

പവിത്രമാക്കി തീർക്കാൻ യോഗ്യമായതിൽ ഏറ്റവും ശ്രേഷ്ഠവുമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ഞാൻ ധരിക്കുകയാണ്. ഇതിനാൽ അറിവിന്റെ നിറവെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ.

പിന്നീട് ബ്രഹ്മചാരി എന്നനിലയിൽ ആചാര്യനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം . യജ്ഞാഗ്നിയിൽ. വിശേഷാഹൂതികൾ ചെയ്യണം . അതിനുശേഷം യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കു വശത്ത് പൂർവ്വാഭിമുഖമായിരിക്കുന്ന് ആചാര്യനിൽ നിന്നും അദേഹത്തിന് അഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി , ബ്രഹ്മചാര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങൾ - ഗായത്രീമന്ത്രം- മന്ത്രോപദേശപൂർവ്വം സ്വീകരിക്കണം . ആചാര്യൻ ഉപനീതനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും . അതുപോലെ ആചാര്യനും പ്രതിജ്ഞയെടുക്കും. അതായത് ആചാര്യൻ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളിൽ ശ്രദ്ധയും ഏകാഗ്രതയും ചൊലുത്തി സ്വചിത്താനുകൂലം അനുവർത്തിക്കാൻ പ്രതിജ്ഞ ചെയ്യുന്നതോടപ്പം ബ്രഹ്മചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട് സന്ദേഹങ്ങൾ ക്ഷമാപൂർവ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേർവഴിക്ക് നയിക്കണമെന്ന് ആചാര്യനെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കും

മന്ത്രോപാസനയിലൂടെ ബ്രഹ്മചാരി അനേകം കാര്യങ്ങൾ തിരിച്ചറിയുകയും. ഉൾക്കൊള്ളുകയും വേണം ഈ കർമ്മത്തോടെ താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളും, മറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്. ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്.

ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കു കൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്.
ത്രയീ വിദ്യകള് അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില് കര്മങ്ങള് അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില് ജനിച്ചതിന്റെ ചിഹ്നം. ഞാന് അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നം. തന്തുക്കള് ചേര്ന്ന് സൂത്രം അഥവാ നൂല് ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില് നിന്ന് ജീവന് ഉണ്ടാകുന്നത് പോലെ അണ്ഡത്തില് നിന്നാണ് ഈ പ്രപഞ്ചവുമുണ്ടായത്. അതുകൊണ്ട് ഈ മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന സൂത്രം ശരീരത്തില് ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ്. ഈ അണ്ഡത്തിനുള്ളില് ജീവനുള്ള ശരീരവും അതിനുള്ളില് ജീവാത്മാവും കുടികൊള്ളുന്നു. അവയും ഈ മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു. ഈശാനകോണ് മുതല് നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത്. ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷിണം ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷിണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു. ഈശാനകോണില് ഈശാനന് കിഴക്ക് ഇന്ദ്രന് തെക്കുകിഴക്ക് അഗ്നി തെക്ക് യമന് തെക്കുപടിഞ്ഞാറു അനന്തന് പടിഞ്ഞാറു വരുണന് പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന് എന്നീ ദേവതകളെ ഞാന് സദാ വാങ്ങുന്നു എന്നും ആ ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില് നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്" സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശ" വസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണത്തിന്റെ ഉദേശ്യമാണ്. ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന് എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം. സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില് പ്രസവിക്കുന്ന ആശയ പരമായ അണ്ഡം ഞാന് സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.
മൂന്നിഴകൾ ചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെ കാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാർത്ഥം ആചാര്യൻ
"ഓം അസൃബ്രഹ്മചാര്യസി പ്രാണസി ബ്രഹ്മചാര്യസി കസ്ത്വകമുപനയതേകായത്വാപരിദദാമി."

ഇത്യാദി മന്ത്രങ്ങൾ ചൊല്ലുന്നു. ഉപനയനകർമ്മം അവസാനിച്ച ശേഷം , ആചാര്യനെയും ഉപസ്ഥിതരായവരെയും യഥോചിതം സൽക്കരിക്കണം. യാത്രയാവുന്നതിനുമുമ്പ് എല്ലാവരും ചേർന്ന് ബ്രഹ്മചാരിയെ-- " ഓം ത്വം ജീവശരദഃ ശതം വർദ്ധമാനഃ ആയുഷ്മാൻ തേജസ്വീ വർചസ്വീഭൂയഃ  എന്ന മന്ത്രം ചൊല്ലി ആശിർവദിക്കണം

" യഥായോഗ്യം വേദങ്ങൾ അഭ്യസിച്ച് കല്മഹരഹിതരായി, ധനത്തെക്കൾ ധർമ്മത്തെ മനസ്സാ വാചാ കർമ്മണാ ബഹുമാനിക്കുന്ന സമുദായ ക്ഷേമ തൽപ്പരനും ജിതേന്ദ്രിയനും ധർമ്മാത്മാവുമായ വ്യക്തിയെയാണ് ആചാര്യൻ എന്ന സംജ്ഞകൊണ്ട് ധർമ്മശാസ്ത്രങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത്. ജ്ഞാന സമ്പാദനാർത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂർവ്വം നോക്കുന്ന ആളാണ് ആചാര്യൻ. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുന്ന മന്ത്രം " പാറപോലെ ഉറപ്പുള്ള ശരീരവും മനശക്തിയും ഹേ ശിഷ്യനിനക്ക് ഉണ്ടാകട്ടെ. നിന്റെ പവിത്രവൃതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കനുള്ള കരുത്ത് നിന്നക്ക് ഉണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു, സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക, എപ്പോഴു ജ്ഞാനമാർഗ്ഗത്തിലേക്ക് ജാഗരൂഗനായിരിക്കുക. ഇത്യാദി പവിത്ര സങ്ക്ൽപ്പങ്ങൾ അടങ്ങിയതാണ്. ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരം, ഉപനയന കർമ്മത്താൽ ജ്ഞാനത്തെ ആശ്രയിക്കാത്തവരും , ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.

മനുഷ്യനായി ജനിക്കുന്ന ജീവൻ സംസ്ക്കരകർമ്മം കൊണ്ട് ദ്വിജൻ ആവണമെന്ന് ധർമ്മശാസ്ത്രത്തിൽ പറയുന്നു. അതായത് മനുഷ്യരൂപത്തിൽ ജനിച്ചുവളർന്നാൽ മാത്രം പോരാ മനുഷ്യത്വവികാസത്തിന്റെ രണ്ടാം പിറവി ( ദ്വിജത്വം) സംസ്ക്കാരകർമ്മത്തെകൊണ്ട് നേടണമെന്ന് താൽപര്യം. ബ്രഹ്മചര്യാശ്രമം തന്നെ രണ്ടാം പിറവി മുതൽ ആരംഭിക്കുന്നു. യജ്ഞോപവീത - ഉപനയനസംസ്ക്കാരം മുതൽ ബ്രഹ്മചാരിയുടെ യജ്ഞോപവീതം , വൽക്കലം. , കൗപീനം സ്വധർമ്മാചരണത്തിന്റെ പ്രതിജ്ഞാസൂത്രങ്ങളാണ്. ദണ്ഡ് (വടി) സ്വധർമ്മ സംരക്ഷണത്തിന്റെ ബാദ്ധ്യസ്ഥസ്വരൂപമായ മാനദണ്ഡമാകുന്നു. മാനവദർശനങ്ങളെ സ്വായത്തമാക്കുന്ന ബ്രഹ്മചാരി സ്വകർത്തവ്യങ്ങളെപ്പറ്റി ബോധവാനാകുന്നു. മതാപിതാഗുരുജനങ്ങളോടെന്നപോലെ സ്വസമുദായത്തോടും സ്വരാജ്യത്തോടും തനിക്കുള്ള ഋണബാദ്ധ്യാതകളെ പറ്റി യഥായോഗ്യം ഗ്രഹിക്കുന്നു. ആത്മമോക്ഷത്തിനും ജനഹിതത്തിനും വേണ്ടി സ്വജീവിതം യജ്ഞസ്വരൂപമാക്കിത്തീർക്കുന്നതെങ്ങനെയെന്ന് അഭ്യസിക്കുന്നു. എല്ലാം ഗായത്രി തത്ത്വത്തിലൂടെ ലഭിക്കുന്ന പ്രചോദനത്താൽ നിർവഹിക്കുന്ന ദിനചര്യക്രമത്തിൽകൂടെയാണ് സാധിക്കുന്നത്.

യജ്ഞാത്മകമായ ശരീരത്തിൽ ഒമ്പതു സൂത്രങ്ങളോടുകൂടിയ യജ്ഞോപവീതം യജ്ഞമയജീവിതത്തിന്റെ പ്രതീകമാകുന്നു. അന്ധകാരജഡിലമായവയെ ദ്വിതീയദിവ്യജീവിതത്തെയും ഗ്രഹിക്കുന്നു. യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്ന് ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നി ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം. ഹൃദയത്തിൽ വിശാല പ്രേമം, വാക്കിൽ മാധുര്യം, വ്യവഹാരത്തിൽ സരളത, സ്ത്രീകളിൽ മാതൃത്വഭാവന, കർമ്മങ്ങളിൽ കലയുടെയും സൗന്ദര്യത്തിന്റെയും ആവിഷ്ക്കരണം, എല്ലാവരോടും ഔദാര്യസേവനഭാവം , ഗുരുജനങ്ങളോടും, മൂത്തവരോടും ബഹുമാനം, സദ്ഗ്രന്ഥങ്ങളുടെ സ്വദ്ധ്യായം , സത്സംഗം, സാധനയിൽ രുചി, ശരീരം, വസ്ത്രം, വീട്, പരിസരങ്ങൾ എന്നിവ സ്വച്ഛവും ശുചിയായും കലാപരമായും സൂക്ഷിക്കുക. ആലസ്യവും നിരാശയും അകറ്റുക, എല്ലായ്പ്പോഴും ചൊടിയോടും ചുറുചുറുപ്പോടും കൂടി എല്ലാകാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നിവ ഉപനയനം നിർവഹിച്ച ബാലന്റെ ലക്ഷണങ്ങളാകുന്നു.

യജ്ഞോപവീതഉപനയനസംസ്ക്കരത്തോട് കൂടി വേദമന്ത്ര ദീക്ഷസ്വീകരിക്കുകയും വിദ്യരംഭസംസ്ക്കരം നടത്തുകയും ചെയ്യുന്നു. ഇവ ഓരോന്നും മുറപ്രകാരം ബ്രഹ്മചാര്യത്തിന്റെ ഭാഗങ്ങളാകുന്നു. അതായത് ബാല-കിശോരാവസ്ഥകളിലെ (വിദ്യാർത്ഥിജീവിതഘട്ടത്തിലെ) സംസ്ക്കരസോപാനങ്ങളാകുന്നു. ഉപനയനം , വിദ്യാരംഭം, സമാവർത്തനം. തുടങ്ങിയ സംസ്ക്കരങ്ങൾ പൂർണ്ണ ജീവിതത്തിന്റെ പരിശീലനഘട്ടമാണ്. യൗവനാരംഭം വരെയുള്ള ബ്രഹ്മചര്യാശ്രമജീവിതം


ഷോഡശസംസ്കാരം - 11

ഷോഡശസംസ്കാരം

ഭാഗം - 11

8. ചൂഡാകർമ സംസ്കാരം
💗✥━═══🪷═══━✥💗
ഷോഡശക്രിയകളിൽപ്പെടുന്ന എട്ടാമത്തെ ക്രിയ ആണ് ചൗളം. കുഞ്ഞു ജനിച്ചു മൂന്നുവർഷം കഴിയുമ്പോഴോ അതിനുമുൻപേ വേണമെങ്കിൽ ഒരു വയസു തികഞ്ഞതിനു ശേഷമോ ഉത്തരായന കാലത്തെ ശുക്ലപക്ഷത്തിലൊരു ശുഭമുഹൂർത്തത്തിൽ തലമുടി കളയുന്ന കർമമാണിത്. പക്ഷേ പിന്നീട് ഏഴാം വയസ്സുവരെ ഈ കാലയളവ് നീട്ടി. ആദ്യം വലതു, ഇടതു, പിന്നിൽ, മുന്നിൽ എന്നീ ക്രമത്തിലാണ് മുടി മുറിക്കേണ്ടത്. മുടി മുറിച്ചതിനു ശേഷം വെണ്ണയുടെയോ പാലിന്റെയോ പാട തലയിൽ പുരട്ടണം. പിന്നീടു കുട്ടിയെ കുളിപ്പച്ചതിനു ശേഷം തലയിൽ ചന്ദനം കൊണ്ട് സ്വസ്തി ചിഹ്നം വരക്കണം.

ഷോഡശസംസ്കാരം - 10

ഷോഡശസംസ്കാരം

ഭാഗം - 10

7. അന്നപ്രാശന സംസ്കാരം
💗✥━═══🪷═══━✥💗
കുഞ്ഞിന് ആദ്യമായി അന്നം അല്ലെങ്കില്‍ ചോറൂണ് നല്‍കുന്ന കര്‍മ്മമാണ് ഇത്. അന്നം പചിപ്പിക്കാനുള്ള ശക്തി ശിശുവില്‍ ഉണ്ടാകുമ്പോള്‍ ആറാം മാസത്തില്‍ ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

ഷഷ്‌ഠേ മാസ്യന്ന പ്രാശനം
ഘൃതൗദനം തേജസ്‌കാമഃ
ദധിമധുഘൃ തമിശ്രിതമന്നം പാശ്രയേത്

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറില്‍ നെയ്യ്, തേന്‍, തൈര് ഇവ മൂന്നും ചേര്‍ത്ത്, മാതാപിതാക്കളും പുരോഹിതനും ബന്ധുമിത്രാദികളും യജ്ഞവേദിക്കുചുറ്റും യഥാസ്ഥാനങ്ങളിലിരുന്ന് ഈശ്വരോപാസന ഹോമാദികര്‍മ്മങ്ങള്‍ – നടത്തി നിവേദിക്കുകയോ ആഹൂതി നല്‍കുകയോ ചെയ്യണം. പ്രസ്തുത അന്നം യജ്ഞാഗ്നിയില്‍ ആഹൂതി ചെയ്യുമ്പോള്‍ ഉച്ചരിക്കുന്ന വേദമന്ത്രം

ഓം പ്രാണേനാന്നമശീയ സ്വാഹാ
ഇദം പ്രാണായ – ഇദം ന മമ
ഓം അപാനേന ഗന്ധാനശീയ സ്വാഹാ
ഇദമപാനായ – ഇദം ന മമ
ഓം ചക്ഷുഷാ രൂപാണ്യശീയ സ്വാഹാ
ഇദം ചക്ഷുഷേ – ഇദം ന മമ
ഓം ശ്രേത്രേണ യശോf ശീയ സ്വാഹാ
ഇദം ശ്രോത്രായ ഇദം ന മമ

ഇങ്ങനെ നെയ്യും തേനും ചേര്‍ത്ത് ആഹൂതി ചെയ്യുന്നതിനുമുമ്പ് വളരെ പവിത്രമായി പാകം ചെയ്യുന്ന ചോറുമാത്രം ആഹൂതി ചെയ്തിരിക്കണമെന്നുണ്ട്. അതിന്റെ മന്ത്രങ്ങളില്‍ ഒന്ന് ഇതാണ്

ഓം ദേവീം വാചമ ജനയന്ത ദേവാസ്താം
വിശ്വരൂപാഃ പശുവോ വദതി
സനോ മന്ദ്രേഷമൂര്‍ജ്ജം ദുഹാനാ
ധേനൂര്‍വാശാസ്മാനുപസുഷ്ട് തൈതു സ്വാഹാ

നിവേദ്യ അന്നത്തില്‍ അഥവാ ആഹൂതി നല്‍കിയതിന്റെ ശിഷ്ടാന്നത്തില്‍ അല്പംകൂടി തേന്‍ ചേര്‍ത്ത് – ഭഗവല്‍ പ്രസാദമെന്നഭാവത്തില്‍

ഓം അന്നപതേ f നസ്യ നോ
ദേഹ്യനമി വസൃസൂക്ഷ്മിനഃ
പ്രദാതാരം താരിഷ ഉര്‍ജേനോ
ധേഹി ദ്വിപതേ ചതുഷ്പദേ

എന്ന മന്ത്രജപപൂര്‍വ്വം മൂന്നുപ്രാവശ്യം കുഞ്ഞിനുകൊടുക്കണം. ചടങ്ങിനുമാത്രം അല്പമാത്രം തേച്ചുകൊടുത്താല്‍ മതിയാവും പിന്നീട് ശിശുവിന്റെയും അന്നപ്രാശനം നടത്തിയവരുടെ വായ്, കൈയ് എന്നിവ വെള്ളമൊഴിച്ച് ശുദ്ധിചെയ്തിട്ട് മാതാപിതാക്കളും കൂടിയിരിക്കുന്ന സ്ത്രീപുരുഷന്മാരും ചേര്‍ന്ന് ഈശ്വരാപ്രാര്‍ത്ഥനാപൂര്‍വ്വം

‘ത്വം അന്നപതിരന്നാദോ
വര്‍ദ്ധമാനോ ഭൂയാഃ’

എന്നുചൊല്ലി ആശീര്‍വദിക്കണം അന്നത്തിന്റെ സൂക്ഷ്മവും പവിത്രവുമായ ശക്തിവിശേഷത്തേയും ജീവേശ്വര ബന്ധത്തിന് അതെങ്ങനെ കാരണമായി ഭവിക്കുന്നുവെന്നും ബോദ്ധ്യപ്പെടുത്തുന്ന പുരോഹിതന്റെയോ ആചാര്യന്റേയോ പ്രഭാഷണം ഈ സന്ദര്‍ഭത്തിലുണ്ടായിരിക്കണം.

ഈ സംസ്‌കാര കര്‍മ്മം ആദ്യാവസാനം പിതാവിനെക്കാള്‍ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. പുരോഹിതനേയും ഗുരുജനങ്ങളെയും പിതാവ് സ്വീകരിച്ച് സത്കരിച്ചാലും. സ്ത്രീകളെയും കുട്ടികളെയും മാതാവുതന്നെ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യണമെന്നുണ്ട്.

കുട്ടിയുടെ ശബ്ദമാധുര്യം, സ്വഭാവനൈര്‍മല്യം, ആരോഗ്യം എന്നിവയ്ക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് ആന്നപ്രാശന കര്‍മ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ ഭക്ഷണത്തിന്റെ സൂക്ഷ്മഭാഗത്തില്‍നിന്ന് മനോ വികാസമുണ്ടാകുന്നു. അന്നം ന്യായപൂര്‍വ്വം ആര്‍ജ്ജിച്ചതും സാത്വികവും പവിത്രസങ്കല്പത്തോടുകൂടി തയ്യാറാക്കുന്നതുമാകണം.

ശിശുവിന്റെ ഹൃദയത്തില്‍ എപ്രകാരമുള്ള ഗുണങ്ങള്‍ ഉളവാകണമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണപാനീയങ്ങള്‍ പാകമാക്കിക്കൊടുക്കണം. ഭക്ഷണത്തെ ഔഷധം, പ്രസാദം, ബ്രഹ്മസ്വരൂപി എന്നീവിധത്തില്‍ മനസ്സിലാക്കി പ്രസന്നഭാവത്തില്‍ ഭുജിക്കണമെന്ന് പൊതുവിധിയുണ്ട്.

ശിശുവിന്റെ തുലാഭാരം നടത്തി – ശിശുവിന്റെ തൂക്കത്തിനുതുല്യം അന്നം ദാനം ചെയ്യുന്ന ചടങ്ങ് അന്നപ്രാശന സംസ്‌കാരത്തില്‍ കഴിവുള്ളവര്‍ ചെയ്യണമെന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ജപിക്കുന്ന വേദമന്ത്രമിതാണ്

ഓം തേജോ f സി ശുക്രമമൃതമാ
യുഷ്യ ആയുര്‍മേ പാഹി
ദേവസ്യ ത്വാ സവിതുഃ
പ്രസവേ f ശ്വിനോര്‍
ബാഹുഭ്യാം പുഷ്‌ണോ ഹസ്താ
ഭ്യാമാദാദേ



ഷോഡശസംസ്കാരം - 9

ഷോഡശസംസ്കാരം

ഭാഗം - 09

6. നിഷ്ക്രമണ സംസ്കാരം
💗✥━═══🪷═══━✥💗
ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ്ഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് നിഷ്ക്രമണ സംസ്കാരം. ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്. ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം. ഗൃഹാന്തര്‍ഭാഗംവിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സചീകരിക്കുന്നതാകുന്നു ഈ കര്‍മ്മത്തിന്റെ ഉദ്ദേശ്യം.

കര്‍മ്മത്തിനായി പങ്കെടുക്കുന്നതിനായിവന്ന ബന്ധുമിത്രാദികള്‍ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് മാതാവ് എടുത്തുകൊണ്ടുവരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂര്‍വ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തിവചനം മുതലായവ യഥാവിധി അനുഷ്ഠിക്കുകയും ചെയ്തിട്ട് ശിശുവിനെ ശിരസ്സില്‍ സ്പര്‍ശിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലണം.

ഓം അംഗാദ ഗാത് സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവ ശരദഃശതം
ഓം പ്രജാപതേഷ്ട്വാ ഹിംഗാരേണാവജിഘ്രാമി
സഹസ്രായുക്താസൗ ജീവ ശരദഃശതം
ഗവാം ത്വാഹിങ്കരേണാവജിഘ്രാമി
സഹസ്രായുഷാസൗ ജീവ ശരദഃശതം

അനന്തരം മാതാവിന്റെ കൈയ്യില്‍ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സില്‍ മൗനമായി സ്പര്‍ശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തുകൊണ്ട് ഇരുവരും പ്രസന്നതാപൂര്‍വ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദര്‍ശനം ചെയ്യിക്കുകയും വേണം. അപ്പോള്‍ ചൊല്ലുന്നമന്ത്രം.

ഓം തച്ചക്ഷുര്‍ദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരത്
പശ്യേമ ശരദഃ ശതം, ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃ ശത ദമീനൗഃസ്യാമ
ശരദഃ ശതം ഭൂയശ്ച ശരദഃ ശതാത്

ഇങ്ങനെ മന്ത്രോച്ഛാരണപൂര്‍വ്വം വായുസഞ്ചാരമുള്ള വെളിസ്ഥലത്ത് അല്പനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തുവരുമ്പോള്‍ അവിടെകൂടിയിരിക്കുന്നവരെല്ലാം ചേര്‍ന്ന് ‘യുക്തം ജീവ ശരദഃ ശതം വര്‍ത്തമാന’ എന്ന മന്ത്രോച്ഛാരണപൂര്‍വ്വം ശിശുവിനെ ആശീര്‍വദിക്കണം. പിന്നീട് പുരോഹിതപ്രഭാഷണവും സംസ്‌കാരകര്‍മ്മത്തില്‍ പങ്കെടുത്തവര്‍ക്ക് സല്‍ക്കാരവും നടത്തണം. അന്നു വൈകുന്നേരം ചന്ദ്രന്‍ ഉദിച്ച് പ്രകാശിക്കുമ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ എടുത്തുകൊണ്ട് വീട്ടിന്റെ പുറത്തുവന്ന് മാറിമാറിവന്ന് കൈയില്‍ ജലമെടുത്ത് ചന്ദ്രനെ നോക്കി

ഓം യദദശ്ചന്ദ്രമസി കൃഷ്ണം
പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിശ്വാസ്തത് പശ്യ
ന്മാഹം പൗത്രമഘംതദം.

എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ജലം ഭൂമിയില്‍ പ്രോഷിക്കുകയും ശിശുവിനെ ചന്ദ്രദര്‍ശനം നടത്തിക്കുകയും വേണം.

ഷോഡശസംസ്കാരം - 8

ഷോഡശസംസ്കാരം

ഭാഗം - 08

5. നാമകരണ സംസ്കാരം
💗✥━═══🪷═══━✥💗
ശിശുവിന്റെ ജനനത്തിനു ശേഷം പതിനൊന്നാംദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണ സംസ്കാരം. 

ഓരോ സംസ്‌കാരത്തിലും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തി വചനം, ശാന്തിവചനം എന്നിവയെല്ലാം ശിശുവിനും വേണ്ടി പിതാവും പുരോഹിതനും നിര്‍വ്വഹിക്കണം.

മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏല്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം. മുറജപപ്രകാരം നാമകരണവും വിശേഷ യജ്ഞാഹുതികളോടെ നടത്തുന്നു. 

ആണ്‍കുട്ടികള്‍ക്ക് ഐശ്വര്യം, വീര്യം, വിദ്യ, ബലം മുതലായ ഗുണങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന പേരുകളും പെണ്‍കുഞ്ഞുങ്ങള്‍ക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങള്‍ അടങ്ങുന്നതുമായ പേരുകള്‍ വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകര്‍മ്മത്തിനുവേണ്ടി വന്ന് ഉപസ്ഥിതരായിരിക്കുന്നവരെല്ലാം ചേര്‍ന്ന് സാമൂഹിക ഉപാസന നടത്തും.

പുരോഹിതന്റെ നാമകരണ സംസ്‌കാര വിഷയത്തെ സംബന്ധിച്ച് പ്രഭാഷണത്തിനു ശേഷം യഥോചിതം സല്‍ക്കരിക്കപ്പെടുന്നു. ആഗതര്‍ യാത്രചോദിച്ച് പിരിയുമ്പോള്‍ ശിശുവിനെ നോക്കി 

ഹേ ബാലകാ! ത്വ മായുഷ്മാന്‍
വര്‍ച്ചസ്വീ, തേജസ്വീ, ശ്രീമാന്‍ ഭൂയാ:-

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും, യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യസമ്പന്നനുമാകട്ടെ.”

എന്ന് ആശിർവദിക്കുന്നു.

നാമകരണത്തില്‍പോലും ബാലികാബാലന്മാരെ സത്തുക്കളുടെ സത്കര്‍മ്മങ്ങളിലേക്ക് ആകര്‍ഷിക്കത്തക്കവിധം പൂര്‍വ്വികര്‍ ശ്രിദ്ധിച്ചിരുന്നു

നാമധേയം തയോശ്ചാപി
മഹാപുരൂരുഷ കര്‍മ്മണാം.
വിശദാനം പ്രേരകഞ്ച ഭവേല്‍
സ്വഗുണ ബോധകം.