കമ്പരാമായണം കഥ
അദ്ധ്യായം :- 37
യുദ്ധകാണ്ഡം തുടർച്ച....
വിഭീഷണൻ ഇറങ്ങി പോയതിനുശേഷം രാവണൻ അനന്തര പരിപാടിയൊന്നും രൂപപ്പെടുത്താതെ യോഗം പിരിച്ചുവിട്ടു. രാവണൻ സ്വയം ചിന്തിച്ചു. സകല രഹസ്യങ്ങളും അറിവുള്ള വിഭീഷണൻ പറഞ്ഞുകൊടുക്കുന്ന മാർഗ്ഗങ്ങളിലൂടെ സുഗ്രീവവാദികളോടു കൂടി രാമൻ ലങ്കയിലേക്ക് വരും . ഇവിടെ ഒരു മഹാ യുദ്ധക്കളമായി തീരും. രാക്ഷസ വർഗ്ഗം മുടിയും. യുദ്ധാഗ്നി ലങ്കയെ കരിച്ചുകളയും. രാഘവൻ സീതയെ വീണ്ടെടുക്കും. അതിനുമുമ്പ് സീതയെ ഒന്ന് പരിഗ്രഹിക്കാൻ എന്തൊരുപായമുണ്ട്? ശരി നമ്മുടെ വിശ്വസ്തനായ വശികാചര്യനെ ഒന്ന് വരുത്തി നോക്കാം. രഹസ്യ ദൂതനെ അയച്ച് വശികാചാര്യനെ വരുത്തി.
വശീകരേ! നമുക്ക് വേണ്ടി പുതിയതായി ഒരു വേല നോക്കേണ്ടിയിരിക്കുന്നു എന്നു രാവണൻ വശികരാചാര്യനോട് പറഞ്ഞു.
അങ്ങേയ്ക്ക് ഒരു വസ്ത്രം ഒരു ദിവസം മാത്രം ഉടുത്താൽ മതിയല്ലോ എന്നും മറ്റൊന്ന് അടുത്തനാൾ വേറൊന്ന് ഇന്നേക്ക് പുതുമുണ്ട് വേണമായിരിക്കാം.
രാവണൻ പറഞ്ഞു നിൻറെ വ്യാജസ്തുതി ഒന്നും കേൾക്കാൻ ഇപ്പോൾ അവസരം ഇല്ല. ഞാൻ ഒരു സുന്ദരിയെ കൊണ്ടുവന്ന് ഇവിടെ ചിറയിരുത്തിയിട്ടുണ്ട്. മാസം 11 കഴിഞ്ഞു. അവൾ വശപ്പെടുന്നില്ല.. അവളെ ഒന്ന് പരിഗ്രഹിക്കണം. മാർഗ്ഗമുണ്ടോ?.
ഇതാണോ ബ്രഹ്മാണ്ഡകാര്യം നാള്? പേര്? ഒരു തിലകം സിന്ദൂരപ്പൊട്ട് ഇത് മാത്രം മതിയാകും.
പേര് സീത മഹാഭാഗ്യവിഹീനയായ ആ ലോകസുന്ദരി എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. പാതിവൃത്യം പോലും. പിന്നെ എങ്ങനെ അവൾ പൊട്ടു കാണും. എന്നാൽ അവൾ കുളിക്കുന്ന വെള്ളത്തിൽ സിന്ദൂരപ്പൊടി വിതറിയാൽ മതി . ഇവിടെ വന്നതിൽ പിന്നെ അവൾ കുളിച്ചിട്ടില്ല. വിരഹവ്രതമാണ് പോലും. അങ്ങനെയാണെങ്കിൽ ആഹാരസാധനത്തിൽ ഒരു ചൂർണ്ണം അല്പം ചേർത്തുകൊടുത്താൽ പറ്റിയിരിക്കും. അവൾ പതിനൊന്ന് മാസമായി നിത്യപട്ടിണിയാണ്. സ്വാധിനിഷ്ഠയാണത്രേ. ഉറക്കത്തിൽ ഒരു വശ്യദ്രാവകം ഒന്നും മണപ്പിച്ചാൽ ഒത്തിരിക്കും ഇവിടെ വന്നതിന് ശേഷം അവളൊന്നു ഉറങ്ങുകയോ ഒന്ന് കണ്ണടയ്ക്കുകയോ ഇതുവരെ ചെയ്തില്ല.
ആ സ്ഥിതിക്ക് അങ്ങ് ഇനി രമിക്കയല്ല വിരമിക്കുകയാണ് വേണ്ടത്. എനിക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.
അടുത്ത നിമിഷത്തിൽ ഒരു ഭീമരാക്ഷസൻ, മരുത്തൻ എന്ന മഹാമായാവിയെ ജനകമഹാരാജാവിന്റെ വേഷംകെട്ടിച്ച് സീതാ സമീപത്തിൽ കൊണ്ടുവന്ന് നിർത്തി. കൃത്രിമജനകൻ സീതയെ ഉപദേശിച്ചു തുടങ്ങി. മകളേ നീ നിമിത്തം വളരെ യുദ്ധമഹാപ്രളയം ഉണ്ടാകാൻ പോകുന്നു. അതിൽ അനേകം വാനരരും മനുഷ്യരും രാഷസന്മാരും നശിച്ചുപോകും. സർവ്വലോക വിജയിയായ ഈ രാവണചക്രവർത്തി രാമനെ നിഷ്പ്രയാസം നിഗ്രഹിക്കും. മേഘനാദൻ ലക്ഷ്മണനെ സംഹരിക്കും. നീ വിധവയും കേവലമനാഥയുമായിത്തീരും. നാടും വീടും നഷ്ടപ്പെട്ടവൻ ആണെങ്കിലും അത്തരത്തിലുള്ള ഒരു ഭർത്താവ് കൂടിയും ഇല്ലാതായിത്തീരാൻ ഇടയായാൽ; നിന്റെ നിർഭാഗ്യനില പിന്നെ എന്തായിരിക്കും? നീ ഏകാകിനിയായി പോകും. നിന്റെ ഭാവിയെക്കരുതിയെങ്കിലും രാവണനെ ആത്മനാഥനായി വരിച്ച് സർവ്വലോകചക്രവർത്തിനിയായി വർത്തിച്ചു കൊളളുക.
രാവണൻ പറഞ്ഞു സീതേ! ഐശ്വര്യദേവതയായ മഹാലക്ഷ്മി! ഞാൻ ഭവതിക്ക് ദാസനുദാസനാണ്. ഭവതിക്ക് മാതാവും പിതാവും ഇല്ല. ഈ ജനകൻ വളർത്തു പിതാവ് ആയിരിക്കാം. അദ്ദേഹത്തിൻറെ ഈ വന്ദ്യവയോധികന്റെ ഉപദേശമനുസരിച്ച് ആശംസ അനുഭവിക്കുകയും ചെയ്യുക . നമുക്ക് സ്വർഗ്ഗം പുതുക്കി പരിഷ്കരിച്ച് ഭംഗിയാക്കി അവിടെ ആവാസമാക്കുകയും ചെയ്യാം. സീത അനങ്ങിയില്ല, മിണ്ടിയില്ല , മുഖത്ത് പുച്ഛഭാവത്തിൽ ഒരു നിഴലാട്ടം മാത്രം ഉണ്ടായി.
ഇതറിഞ്ഞ രാവണൻ മായാജനകനെ നിർദയമായി പ്രഹരിച്ചു. ജനകൻ ദയനീയമായി വിലപിക്കാൻ തുടങ്ങി. സീത ദീനാനുകമ്പയോടെ ജനകവേഷധാരിയായ മായാവി ഒന്നു നോക്കി. പെട്ടെന്നയാൾ സ്വന്തം വേഷത്തിൽ മരുത്തരാക്ഷസനായി ഓടിമറഞ്ഞു. രാവണൻ ലജ്ജാഭാരത്താൽ നമ്രമുഖനും നഷ്ട്ടപ്രജ്ഞനുമായി ഗതികെട്ടവനെ പോലെ ദേവിയുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമായി. സീത അപ്പോഴും രാമസ്തുതി ചെയ്തുകൊണ്ടിരുന്നു.
ശ്രീരാമൻ ലങ്കയിൽ പ്രവേശിച്ച വാർത്തയറിഞ്ഞ് രാമൻ ശുകസരണന്മാരെ ശ്രീരാമസൈന്യസങ്കേതത്തിലെ സ്ഥിതിഗതിവിഗതികൾ നേരിട്ട് കണ്ടറിഞ്ഞ് വന്നറിയിക്കാൻ നിയോഗിച്ചു. ഉത്തരഗോപുരത്തിലെത്തി ശത്രുസങ്കേതങ്ങളിലേക്ക് ഒരു വിദൂരവീക്ഷണം നടത്തിയശേഷം സൂഷ്മനിരീക്ഷണത്തിനായി ,വാനരരൂപമെടുത്ത് പാളയത്തിനകത്തേയ്ക്ക് കടന്നു. അടുത്തുചെന്നു , വിഭീക്ഷണ ദൃഷ്ടിയിൽ പെടാതെ അവർ പലയിടങ്ങളിലും സഞ്ചരിച്ചു സ്ഥിതി വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കേ ജാംബവാനും ഹനുമാനും ശങ്കാപൂർവ്വം അനുഗമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ അവരെ പിടികൂടി. സുഗ്രീവന്റെ അടുക്കൽ ഹാജരാക്കി. ചോദ്യങ്ങൾകൊണ്ടും ഭേദ്യങ്ങൾ കൊണ്ടും വിഷമിച്ച് ചാരന്മാർ രാമദേവനെ വിളിച്ച് വിലപിച്ചു. ശ്രീരാമ നിർദ്ദേശപ്രകാരം ശുകസാരണന്മാരെ തൃപ്പാദ സന്നിധിയിലെത്തിച്ചു.
നിങ്ങൾ ആരാണ്? എന്തിനിവിടെ വന്നു? രാമൻറെ ചോദ്യത്തിന് ഞങ്ങൾ ഈ ലങ്കയിലെ വനവാസികൾ ആയ രണ്ടു വാനരന്മാർ ആണ്.. അന്യരാജ്യത്തുനിന്ന് സ്വവർഗ്ഗക്കാർ ഇവിടെ വന്നിട്ടുണ്ടെന്ന് അറിഞ്ഞു സന്ദർശിക്കാൻ വന്നതാണ്. കൂടാതെ ഞങ്ങൾക്ക് കിട്ടിയ ഒരു രഹസ്യ വാർത്തയും ഇവിടെ അറിയിക്കേണ്ടതുണ്ട്.
ശ്രീരാമൻ പറഞ്ഞു സ്നേഹശീലത്തെ ഞാൻ അഭിനന്ദിക്കുന്നു . രഹസ്യമുണ്ടെന്ന് പറഞ്ഞത് എന്താണ്.
ഇവിടുത്തെ രാജാവായ രാവണൻ കൊടിയ കുടില തന്ത്രങ്ങളുടെ ഒരു നെടിയ യന്ത്രകൂടാരമാണ്. കപടതന്ത്രം രാവണൻ ഇപ്പോഴും എടുത്തിട്ടുണ്ട് . അതിനൊരു പിണിയാളായി സ്വന്തം ഇളയ സഹോദരനെ ഇങ്ങോട്ടയച്ചു. ഇവിടെ വന്നു ചേർന്ന വിഭീഷണൻ മഹാഅപകടകാരിയാണ് . തക്കമൊക്കുമ്പോൾ ഈ പാളയങ്ങൾ എല്ലാം തീവെച്ച് എല്ലാവരെയും എരിച്ചുകളയും.
സംഭാഷണഗതി ഇത്രത്തോളം ആയപ്പോൾ ഹനുമാൻ കൊടുത്ത അറിവനുസരിച്ച് വിഭീഷണൻ അവിടെ വന്നുചേർന്നു. അദ്ദേഹത്തെ കണ്ട ചാരൻമാർ പരുങ്ങുകയും പതുങ്ങുകയും ചെയ്തു തുടങ്ങി. ഉടൻതന്നെ വിഭീഷണൻ രംഗസ്ഥിതി മനസ്സിലാക്കി എന്തോ ഒന്ന് ധ്യാനിച്ചുകൊണ്ട് ശുകസാരണന്മാരുടെ ശിരസ്സുകളിൽ ഓരോ ചൊട്ടുകൊടുത്തു. അവർ പെട്ടെന്ന് രാക്ഷസരൂപികളായി മാറി. വാനരന്മാർ ചാടി വീണു അവരെ പിടികൂടി. ഗന്ത്യന്തരമില്ലാതെ ആത്മരക്ഷയ്ക്കായി ശ്രീരാമനോടഭയമിരന്നു. ശ്രീരാമൻ പറഞ്ഞു ചാരന്മാരെ നിങ്ങളെ സ്വാതന്ത്ര്യമായി വിട്ടയച്ചു കൊള്ളുന്നു . സേനസന്നിവേശങ്ങളെല്ലാം കണ്ട് മനസ്സിലാക്കി തിരിച്ചു ചെന്നു രാവണനെ വിവരങ്ങൾ അറിയിക്കുക . കൂടാതെ ഞാൻ പറഞ്ഞതായി ഒരു സന്ദേശം രാവണനെ ധരിപ്പിക്കണം. ദേവിയെ ഉടൻ തിരികെ ഏൽപ്പിക്കുക. അല്ലാത്തപക്ഷം രാക്ഷസ വർഗ്ഗം നിശ്ശേഷം നശിക്കും.
ശുഭസാരണന്മാർ വാനരസേനകളുടെ പാളയങ്ങളെല്ലാം സൂക്ഷിച്ച് പരിശോധിച്ച ശേഷം രാവണസമീപമെത്തി ശ്രീരാമൻറെ സുധീരമായ ഗംഭീര്യവും അപാരമായ ഔദാര്യവും കപിസേനകളുടെ ബാഹുല്യവും പ്രാബല്യവും എല്ലാമെല്ലാം കണ്ടാലെന്നവണ്ണം വിശദമാക്കി. കപികൾ തങ്ങളെ പിടികൂടിയതും ശ്രീരാമന് മുന്നിൽ ഹാജരാക്കിയതും വിഭീഷണൻ തങ്ങളെ വെളിപ്പെടുത്തിയതും ചാരന്മാരുടെ പ്രസ്താവനത്തിലുണ്ടായിരുന്നു. രാമദാസനായിത്തീർന്ന വിഭീഷണൻ പാലാഴിമഥന കഥയിലെ സൂര്യചന്ദ്രന്മാർക്കു തുല്യമാണെന്ന് അവർ പറഞ്ഞപ്പോൾ കഥയുടെ ഒരു സാമാന്യരൂപം ഗ്രഹിക്കാൻ ദശകണ്ഠന് ആഗ്രഹം ഉണ്ടായി.
തുടരും .....
No comments:
Post a Comment