1. ചൂടോടെ ഉണ്ണണം.
ചൂടുചോറിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ (ദഹനശക്തിയെ) നിലനിർത്തുന്നു. ഉണ്ടത് ശരിയായി ദഹിക്കുകയും ചെയ്യുന്നു. വയറിൽനിന്നുളള വായുവിനെ നേർവഴിക്കാക്കുന്നു. ദേഹത്തിൽ കഫം കൂടിപ്പോകാതെ നോക്കുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.
2. മയമുളളതുണ്ണണം.
മയമുളളതിനേ രുചിയുളളൂ. അത് വയറിലെ തീയ്യിനെ നില നിർത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ശരീരബലം വർദ്ധിപ്പിക്കുന്നു. ദേഹത്തിന് സ്വാഭാവികമായ കാന്തിയുണർത്തുന്നു. അതിനാൽ മയമുളളതുണ്ണണം.
3. അളവറിഞ്ഞുണ്ണണം .
അളവറിഞ്ഞ് ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ സംതുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ് വേണ്ടാത്തത് പുറത്തുപോകുന്നു. വയറിലെ തീയ്യ് കെടാതെ കാക്കുന്നു. അതിനാൽ അളവറിഞ്ഞുണ്ണണം.
4. ദഹിച്ചശേഷമുണ്ണണം.
ആദ്യംകഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാൽ പലവട്ടം പാകംവന്ന നീരുകൾ (ദഹനരസം) കൂടിക്കലർന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാലോ, വാതം തുടങ്ങിയദോഷങ്ങൾ തുല്യാവസ്ഥയിലെത്തി ശരീരം നിലനിർത്തും. ശരിയായവിശപ്പുണ്ടാകും. കഴിച്ചത് വേണ്ടപോലെ ദഹിക്കും. ആയുസ്സ് പാലിക്കപ്പെടും. അതിനാൽ ദഹിച്ചശേഷമുണ്ണണം.
5. വിരുദ്ധമാവാത്തതുണ്ണണം.
കഴിക്കുന്ന സാധനങ്ങൾതമ്മിൽ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. പരസ്പരം ചേർന്നുപോകുന്നവയാകണമെന്നർത്ഥം. വിരുദ്ധങ്ങളായവ ശരീരത്തിൽ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവും. ഉദാഹരണത്തിന് പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറിൽ തൈരു ചേർക്കരുത്.
6. സുഖമായിരുന്നുണ്ണണം.
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാൽ വകയ്ക്കുകൊളളില്ല. അതിനാൽ സുഖമായിരുന്നുണ്ണണം.
7. തിടുക്കത്തിലുണ്ണരുത്.
വേഗംകൂടിയാൽ ചോറുവഴിമാറും. ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയറിയുകയേയില്ല. ദോഷവുമറിയില്ല. അതിനാൽ അതിവേഗംപാടില്ല.
8. തീരെപ്പതുക്കെയുണ്ണരുത്.
ഏറെപ്പതിഞ്ഞമട്ടായാൽ വയറുനിറയുന്നതറിയില്ല. അധികമുണ്ടുപോകും. കിണ്ണത്തിലെ ചോറ് ഇരുന്നാറും. ദഹനം ക്രമം വിട്ടാവും. അതിനാൽ ഊണ് തീരെവേഗതയില്ലാതെയും ആവരുത്.
9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്.
ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനം മറ്റൊന്നിലായാൽ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങൾ എല്ലാമുണ്ടാകും. അതിനാൽ ഉണ്ണുമ്പോൾ മിണ്ടാതെയും ചിരിക്കാതെയും ഉണ്ണണം.
10. അവനവനെ അറിഞ്ഞുണ്ണണം.
ഊണിനുളളതിൽ ഇതെനിക്കു നന്ന് ഇതാപത്ത് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുളളതേ ഉണ്ണാവൂ.
No comments:
Post a Comment