ഭാഗം : 55
മുസ്സൂറി
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന് 1880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഹിമാലത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മുസ്സൂറിയില്‍ നിന്നാല്‍ ശിവാലിക് മലനിരകള്‍, ഡൂണ്‍ താഴ്വര എന്നിവയുടെ വശ്യമനോഹാരിത ആസ്വദിക്കാനാകും. യമുനോത്രി, ഗംഗോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രവേശന കവാടം എന്നും മുസ്സൂറി അറിയപ്പെടുന്നു.
ഒരുകാലത്ത് ഈ പ്രദേശത്ത് വളരെയധികം കണ്ടിരുന്ന മന്‍സൂര്‍ എന്ന കുറ്റിച്ചെടിയുടെ പേരില്‍ നിന്നാണ് മുസ്സൂറി എന്ന പേര് രൂപപ്പെട്ടത്. ഇവിടുത്തെ സാധാരണക്കാര്‍ക്ക് മുസ്സൂറി ഇപ്പോഴും മന്‍സൂരി തന്നെ. പുരാതന ക്ഷേത്രങ്ങള്‍, മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍, താഴ്വരകള്‍, വന്യജീവി സങ്കേതങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇവിടം പ്രശസ്തമാണ്. ജ്വാലാദേവി ക്ഷേത്രം, നാഗ് ദേവതാ ക്ഷേത്രം, ഭദ്രാജ് ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുന്നു.
ദുര്‍ഗ്ഗാദേവിയാണ് ജ്വാലാദേവി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയുടെ ഒരു കല്പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. നാഗദേവന്മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന നാഗ് ദേവതാ ക്ഷേത്രം പ്രദേശത്തെ മറ്റൊരു പ്രമുഖ ആരാധനാലയമാണ്. നാഗപഞ്ചമിയോട് അനുബന്ധിച്ച് ധാരാളം വിശ്വാസികള്‍ നാഗ് ദേവതാ ക്ഷേത്രം സന്ദര്‍ശിക്കുന്നു.
മനോഹരമായ കുന്നുകള്‍ മുസ്സൂറിയുടെ സവിശേഷതയാണ്. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ് ടിബ്ബ എന്നിവ ഈ കുന്നുകളുടെ കൂട്ടത്തില്‍ പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2122 മീറ്റര്‍ ഉയരത്തിലാണ് ഗണ്‍ ഹില്‍ സ്ഥിതി ചെയ്യുന്നത്. ഉയരത്തില്‍ രണ്ടാം സ്ഥാനമുള്ള മുസ്സൂറിയിലെ ഈ കൊടുമുടിക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് എല്ലാ ദിവസവും ഉച്ചയോടെ ഈ മലമുകളില്‍ നിന്ന് വെടിയൊച്ച ഉയരുമായിരുന്നു. പ്രദേശവാസികളെ സമയം അറിയിക്കാനായിരുന്നു വെടി വച്ചിരുന്നത്. ഈ വെടിശബ്ദം കേട്ടാണ് ഇവിടുത്തുകാര്‍ വാച്ചുകളിലും ഘടികാരങ്ങളിലും സമയം ക്രമീകരിച്ചിരുന്നതത്രേ. ഇപ്പോള്‍ മുസ്സൂറിയിലെ ജലസംഭരണിയാണ് ഈ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് റോപ് കാറില്‍ മലമുകളില്‍ എത്താം. റോപ് കാര്‍ യാത്ര സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്.
മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ലാല്‍ ടിബ്ബ. ഇവിടെ ഒരു ഡിപ്പോ പ്രവര്‍ത്തിക്കുന്നതിനാല്‍ ലാല്‍ ടിബ്ബ ഡിപ്പോ ഹില്‍ എന്നും അറിയപ്പെടുന്നു. ഓള് ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം 1967ല്‍ ലാല്‍ ടിബ്ബയില്‍ ഒരു ജാപ്പനീസ് ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്, കേദാര്‍നാഥ്, ബദരീനാഥ് എന്നിവ കാണാന്‍ കഴിയും. മുസ്സൂറിയിലെ മറ്റൊരു പ്രധാന മലനിരയാണ് നാഗ് ടിബ്ബ. ഇത് സര്‍പ്പങ്ങളുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. സാഹസ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
മസ്സൂറി മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ്. കെംപ്റ്റി, ഝരിപാനി, ഭട്ടാ, മോസ്സി എന്നീ വെള്ളച്ചാട്ടങ്ങളെ കുറിച്ച് എടുത്തു പറയേണ്ടതാണ്. സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെംപ്റ്റി വെള്ളച്ചാട്ടം മുസ്സൂറിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ഈ പ്രദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ടനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ജോണ്‍ മേക്കിനാന്‍ ആണ് ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചത്. ഝര്‍പാനി വെള്ളച്ചാട്ടവും പ്രശസ്തമാണ്. ഝര്‍പാനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. മുസ്സൂറിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഭട്ടാ വെള്ളച്ചാട്ടവും മോസ്സി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്.
പ്രശസ്തങ്ങളായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്സൂറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ ഇവിടെ നിരവധി യൂറോപ്യന്‍ സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. സെന്റ് ജോര്‍ജ്ജ്സ്, ദ ഓക് ഗ്രോവ്, വെയ്ന്‍ബെര്‍ഗ് അലെന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പുരാതനവും മികച്ചതും ആയ ബോര്‍ഡിംഗ് സ്കൂളുകളും മുസ്സൂറിയിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചാരികള്‍ക്ക് ട്രെക്കിംഗ് പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഇവിടെയുണ്ട്. പ്രകൃതിയെ തൊട്ടുരുമി നടക്കുന്നതിന് പറ്റിയ നിരവധി പാതകളും മുസ്സൂറി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നു.
വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും മുസ്സൂറിയില്‍ എത്താം. മുസ്സൂറിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം 60 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡം ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ്. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷനും ഡെറാഡം തന്നെ.
എല്ലായ്പ്പോഴും മുസ്സൂറിയില്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഇതു തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതും. എന്നിരുന്നാലും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയവും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയവും ആണ് മുസ്സൂറി സന്ദര്സനത്തിന് ഏറ്റവും അനുയോജ്യം.
ഡെറാഡമില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മുസ്സൂറിയിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നൈനിറ്റാളില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും ഇവിടേക്ക് സ്വകാര്യ ഡീലക്സ് ബസുകളും ലഭിക്കും.
No comments:
Post a Comment