ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 51

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 51

റാണിഖേത്‌

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള റാണിഖേത്‌ പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ സ്ഥലമാണ്‌.

കുമയോണിലെ രാജ്‌ഞിയായ പദ്‌മിനി ഒരിക്കല്‍ റാണിഖേത്‌ സന്ദര്‍ശിക്കുകയും ആ പ്രദേശത്തിന്റെ മനോഹരാതിയില്‍ ആകൃഷ്‌ടയാവുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ അവരുടെ ഭര്‍ത്താവായ സുഖര്‍ദേവ്‌ രാജാവ്‌ അവിടെ ഒരു കൊട്ടാരം നിര്‍മ്മിക്കുകയും റാണിഖേത്‌ എന്ന്‌ പേര്‌ നല്‍കുകയും ചെയ്‌തു എന്നാണ്‌ നാടോടികഥകളില്‍ റാണിഖേതിനെ കുറിച്ച്‌ പറയുന്ന കഥ . ഈ കൊട്ടാരവുമായി ബന്ധപ്പെടുന്ന ചരിത്രപരമായ തെളിവുകള്‍ ഒന്നും തന്നെ നിലവില്‍ അവശേഷിക്കുന്നില്ല എങ്കിലും റാണിഖേതില്‍ ഈ കഥയിപ്പോഴും പറയപ്പെട്ടു കൊണ്ടിരിക്കുന്നു.

1869 ല്‍ ബ്രിട്ടീഷുകര്‍ ഈ സ്ഥലം വീണ്ടും കണ്ടെത്തിയതായും അവരുടെ വേനല്‍ക്കാല വസതിയായി റാണിഖേതിനെ മാറ്റുകയാണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്‌. ഇതിന്‌ പുറമെ ബ്രിട്ടീഷ്‌ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനം ഇവിടേയ്‌ക്ക്‌ മാറ്റുകയും ചെയ്‌തു. കൊളോണിയല്‍ പാരമ്പര്യം നിലനിര്‍ത്തികൊണ്ട്‌ റാണിഖേത്‌ നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനമെന്ന നിലയില്‍ പ്രശസ്‌തമാണ്‌. ഹരിത വനങ്ങളാലും പുല്‍ത്തകിടികളാലും മനോഹരമായ റാണിഖേത്‌ ഇന്ന്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌.

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന റാണിഖേത്‌ കുമയോണിലെ ഏറ്റവും ഉയര്‍ന്ന മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ സുദ്രനിരപ്പില്‍ നിന്നും 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിഖേതിലേയ്‌ക്ക്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 60 കിലോ മീറ്റര്‍ ദൂരമെ ഉള്ളു. അല്‍മോറ ടൗണില്‍ നിന്ന്‌ റാണിഖേതിലെത്താന്‍ 50 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. പൈന്‍, ഓക്ക്‌, ദേവതാരു മരങ്ങള്‍ നിറഞ്ഞ വനത്തിന്‌ മധ്യത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ റാണിഖേത്‌ നല്‍കുന്നത്‌.

പുള്ളിപ്പുലി, കലമാന്‍, മല ആട്‌, ചുവന്ന മുഖമുള്ള കുരങ്ങ്‌, ചെന്നായ തുടങ്ങി വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെ ഈ വനത്തില്‍ കാണാം. ഇതിന്‌ പുറമെ നിരവധി ക്ഷേത്രങ്ങളുടെ നാടു കൂടിയാണ്‌ റാണിഖേത്‌. ട്രക്കിങ്ങിനും പ്രകൃതി ഭംഗി ആസ്വദിക്കാനും അനുയോജ്യമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിഖേതിലുണ്ട്‌.

നൈനിറ്റാള്‍, അല്‍മോറ, ബരേലി, തുടങ്ങി സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം എപ്പോഴും റാണിഖേതിലേക്ക്‌ ബസ്‌ സര്‍വീസുകള്‍ ഉണ്ട്‌. ന്യൂഡല്‍ഹിയില്‍ നിന്നും റാണിഖേതിലേയ്‌ക്ക്‌ ടൂറിസ്റ്റ്‌ ബസുകളും സര്‍ക്കാര്‍ ബസുകളും സ്ഥിരം സര്‍വീസ്‌ നടത്തുന്നുണ്ട്‌.

No comments:

Post a Comment