ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ നിന്നും ഏകദേശം 90 കിലോമീറ്റർ അകലെയും സമുദ്രനിരപ്പിൽ നിന്ന് 2313 അടി ഉയരത്തിലും സ്ഥിതിചെയ്യുന്ന ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ഗുഹകളാണ് ബോറ ഗുഹലു എന്നറിയപ്പെടുന്ന ബോറ ഗുഹകൾ. (പല ഗുഹകൾ ഒന്നിച്ചു ചേർന്ന ഒറ്റ ഗുഹ )
ഇത് പ്രകൃതി ഒളിപ്പിച്ചുവെച്ച അതി നിഗൂഢ പ്രതിഭാസം... വിശ്വാസങ്ങളും വിസ്മയങ്ങളും ഒന്ന് ചേർന്ന ബോറാ ഗുഹകൾ. മഹാത്ഭുതങ്ങൾ ഉള്ളിൽ ഒളിപ്പിച്ച ഇടമാണ്. ഒരു ക്യാൻവാസിലെ പെയിന്റിംഗുപോലെ, അസ്തമയ ചക്രവാളത്തിന്റെ ഭംഗി പോലെ മനോഹരമാണ് ഇതിനുള്ളിലെ കാഴ്ചകൾ. അമാവാസിയിലും സ്വയം പ്രകാശിക്കുന്ന ഗുഹാന്തർ ഭാഗം, അങ്ങനെ പലതും, നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കുവാൻ സാധിക്കുന്നത്രയും അവിശ്വസനീയമാണ് ബോറ ഗുഹ. അത് ഇവിടെ വിവരിക്കാൻ പോലും വാക്കുകളില്ല എന്നതാണ് സത്യം.
1807 ൽ ജോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ് ജോർജ് ആണ് വളരെ അവിചാരിതമായി ഈ ഗുഹകൾ കണ്ടെത്തിയത് എന്ന് ഗവണ്മെന്റ് രേഖകൾ പറയുന്നു.,
എന്നാല്‍ ഇതിനൊക്കെ മുമ്പ് ഒരു ആണ്‍കുട്ടിയാണ് ഈ ഗുഹ കണ്ടെത്തിയതെന്ന് പ്രാദേശിക വാസികളായ പഴമക്കാർ.
അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. അതിങ്ങനെ... ഒരിക്കൽ പശുക്കളെ മേയ്ച്ചു നടക്കവെ ഒരു ആൺകുട്ടി ഇവിടെ എത്തിച്ചേര്‍ന്നുവത്രെ. അവന്റെ പശുക്കള്‍ വഴി തെറ്റി ഈ ഗുഹയുടെ പരിസരത്തെത്തുകയും ഇവയെ അന്വേഷിച്ച് പിന്നാലെയെത്തിയ കുട്ടി ഗുഹ കണ്ടെത്തുകയായിരുന്നു. പശുക്കളെ തെരയുന്നതിനിടയില്‍ ഗുഹകളിലേക്ക് പ്രവേശിച്ച അവൻ അവിടെ സ്വാഭാവികമായി രൂപംകൊണ്ടതും, തേജോന്മയമായതും ആയ ഒരു ശിവലിംഗം കണ്ടു... അവന്റെ പശുക്കള്‍ സുരക്ഷിതമായി തന്നെ അവിടെയുണ്ടായിരുന്നു. തന്റെ പശുക്കളുടെ ജീവന് രക്ഷിച്ചത് അവിടെയുള്ള ശിവനാണെന്ന് ആ കുട്ടി വിശ്വസിച്ചു. പിന്നീട് ആ ഗുഹ ഒരു വിശുദ്ധമായ ഗുഹയായി മാറുകയായിരുന്നു. വാര്‍ത്ത ഗ്രാമത്തില്‍ പ്രചരിച്ചതോടെ ഗുഹകള്‍ക്ക് പുറത്ത് ഒരു ശിവക്ഷേത്രവും നിലവില്‍ വന്നു.
ബോറ ഗുഹകളുമായി ബന്ധപ്പെട്ട് മറ്റൊന്ന് കൂടിയുണ്ട്. ഗുഹയിലെ ശിവലിംഗത്തിന് മുകളില്‍ പശുവിന്റെ രൂപത്തിലുള്ള ഒരു വലിയ കല്ല് ഉണ്ട്. ഈ വിശുദ്ധ പശുവിന്റെ അകിടില്‍ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണങ്ങൾ ഒന്ന് ചേർന്നാണ് വിശാഖപട്ടണം നഗരത്തിലൂടെ ഒഴുകുന്ന ഗോസ്താനി നദി ഉത്ഭവിക്കുന്നത്, എന്ന് ഭക്തരുടെ വിശ്വാസം.
ശിവ-പാര്‍വതി, അമ്മ-കുട്ടി, മുതല, മനുഷ്യ മസ്തിഷ്കം, പശുവിന്റെ അകിട് എന്നിവയുടെ ആകര്‍ഷണീയമായ പ്രകൃതി നിർമ്മിത സ്റ്റലാക്റ്റൈറ്റ്, സ്റ്റാലാഗ്മൈറ്റ് രൂപങ്ങള്‍ ഈ വിസ്മയ ഗുഹകളിലുണ്ട്.
No comments:
Post a Comment