ഭാഗം : 37
ജിയോലിക്കോട്ട്
ഉത്തരാഖണ്ടിലെ നൈനിറ്റാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ടാണ് ജിയോലിക്കോട്ട് എന്ന സ്വപ്നഭൂമി യാത്രക്കാര്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നത്. നൈനി തടാകത്തിലേക്കുള്ള പ്രവേശനകവാടം പോലെ നിലകൊള്ളുന്ന ജിയോലിക്കോട്ട് പൂക്കളുടെയും, പൂമ്പാറ്റകളുടെയും സൗന്ദര്യംകൊണ്ട് വേറിട്ടുനില്ക്കുന്നു.
സ്വാമി വിവേകാനന്ദനും, ശ്രീ അരബിന്ദോയുമടക്കം നിരവധി ദാര്‍ശനികരും സന്യാസിമാരും ധ്യാനിക്കാനായി തെരഞ്ഞെടുത്ത സ്ഥലംകൂടിയാണ് ഈ മലനാട്. നൈനി തടാകം, മുക്തേശ്വര്‍, കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്, രാംഗഢ്, പാന്‍ഗോട്ട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ പൂന്തോട്ടങ്ങള്‍, വിവിധതരം കായ്കനികള്‍, നൂറുനിറമുള്ള ചിത്രശലഭങ്ങള്‍ ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന ജിയോലിക്കോട്ടിന്റെ അന്തരീക്ഷത്തെ സ്വര്‍ഗ്ഗതുല്യം എന്നല്ലാതെ വേറൊന്നും വിശേഷിപ്പിക്കാനാവില്ല.
പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നത് ഹോളിഡേ റിസോര്‍ട്ടായ കോട്ടേജ് ആണ്. പ്രകൃതിയുടെ മടിത്തട്ടിലൂടെ അതിപുരാതനമായ ക്ഷേത്രങ്ങളിലേക്കും, സെമിത്തേരികളിലേക്കും, വാര്‍വിക്ക് സാഹിബിന്റെ ഗൃഹത്തിലേക്കുമൊക്കെ നിങ്ങള്‍ക്കിവിടെ നിന്നും ട്രെക്ക് യാത്ര നടത്താം. ജിയോലിക്കോട്ടിലെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ചെന്നാല്‍ തേന്‍ ശേഖരിക്കുന്ന കാഴ്ച കാണാം. ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ ശുദ്ധമായ തേനും, ഫ്രൂട്ട്സും വാങ്ങുകയുമാകാം. സ്ട്രോബറിയും, ഒലീവുമൊക്കെ ഇവിടുത്തെ വിപണിയില്‍ സുലഭമായി ലഭിക്കുന്നു. വൃക്ഷത്തൈകളും നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കും.
മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ജിയോലിക്കോട്ടില്‍ എത്തിച്ചേരുക വളരെ എളുപ്പമാണ്. പന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവുമടുത്ത വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നും ധാരാളം വിമാനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 18 കിലോമീറ്റര്‍ ദൂരെയുള്ള കത്ഗോടം റെയില്‍വേ സ്റ്റേഷന് ആണ് ജിയോലിക്കോട്ടിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്. സമീപ നഗരങ്ങളില്‍നിന്നും ജിയോലിക്കോട്ടിലേക്ക് ബസ് സര്‍വീസുകളുമുണ്ട്.
No comments:
Post a Comment