ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 53

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 53

സത്താള്

സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന എഴ് തടാകങ്ങളാണ്. ഗരുഡ് താള്‍, സീത താള്‍, പൂര്‍ണ താള്‍., രാം താള്‍, ലക്ഷ്മണ്‍ താള്‍, നള ദമയന്തി താള്‍, സുഖ താള്‍ എന്നിവയാണിവ. ഓക്ക് മരങ്ങള്‍ തിങ്ങി വളരുന്ന മെഹ്രാഖോണ്‍ താഴ്വരയിലാണ് സാത്താള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷ് അധിനിവേശകാലത്ത് ഒരു പ്രമുഖ തേയിലത്തോട്ടമായിരുന്നു ഇത്.

ഈ തടാകങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ന്യൂട്രിയന്‍റ്സ് അടങ്ങിയിട്ടുണ്ട് എന്നതൊരു പ്രത്യേകതയാണ്. ഒട്ടനേകം ജീവജാലങ്ങള്‍ ഇതിന് സമീപത്തായുണ്ട്. അഞ്ഞൂറോളം സ്വദേശികളും, വിദേശികളുമായ പക്ഷികളും, 525 ഓളം ഇനം ശലഭങ്ങളും, 20 തരം സസ്തനികളും, 1100 പ്രാണിവര്‍ഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. ബ്ലു മാഗ്പൈ, കിങ്ങ്ഫിഷര്‍, ബാര്‍ബെറ്റ്സ്, പ്രാപ്പിടിയന്‍, പലതരം കോഴിവര്‍ഗ്ഗങ്ങള്‍ തുടങ്ങി അനേക ഇനം പക്ഷികള്‍ ഇവിടെയുണ്ട്.

റെഡ് ബേസ് ജേസ്ബെല്‍സ്, റെഡ് ഹെലന്‍സ്, സില്‍വര്‍ സ്ട്രൈപ്പ്സ്, തുടങ്ങി അപൂര്‍വ്വ ഇനം ശലഭങ്ങളും സത്താളിലെ വനങ്ങളിലുണ്ട്. ഓര്‍ക്കിഡ്, മരുന്ന് ചെടികള്‍ തുടങ്ങി അനേകം അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും ഒരു ലോകമാണ് ഇവിടം. മറ്റ് ചില പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ് സത്താള്‍ മിഷന്‍ എസ്റ്റേറ്റ്, മെത്തേഡിസ്റ്റ് ആശ്രമം, ചിത്രശലഭ പാര്‍ക്ക്, സുഭാഷ് ധാര എന്നിവ. ക്യാംപിങ്ങ്, ബോട്ടിങ്ങ്, ട്രെക്കിങ്ങ്, മൗണ്ടന്‍ ബൈക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങി സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ ഒരിടമാണ് സത്താള്‍.

പട്നാഗര്‍എയര്‍പോര്‍ട്ടാണ് സത്താളിന് അടുത്തുള്ള വിമാനത്താവളം. റെയില്‍വേസ്റ്റേഷന്‍ അടുത്തുള്ളത് കാതഗോഡത്താണ്. അടുത്തുള്ള നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും.

ഡെല്‍ഹിയില്‍ നിന്ന് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ സത്താളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നൈനിറ്റാളില്‍ നിന്നും, രാമഗറില്‍ നിന്നും സത്താളിലേക്ക് സഞ്ചാരികള്‍ക്ക് ബസ് ലഭിക്കും.

No comments:

Post a Comment