ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

നാം എന്തുകൊണ്ടാണ് ഒരു ഹിന്ദുവാകുന്നത്?

നാം എന്തുകൊണ്ടാണ് ഒരു ഹിന്ദുവാകുന്നത്?


ഈ ചോദ്യത്തിനു രണ്ടു ഉത്തരമാണുള്ളത്. ഒന്ന് ചേലാകര്‍മം ചെയ്ത് നിങ്ങളൊരു മുസ്ലീം ആയിട്ടില്ല. രണ്ട്, ജ്ഞാനസ്‌നാനം ചെയ്ത് നിങ്ങളൊരു കൃസ്ത്യാനിയും ആയിട്ടില്ല. അതുകൊണ്ട് കേവലം യാദൃശ്ചികമായി മാത്രം നിങ്ങളൊരു ഹിന്ദുവായിപ്പോയി. ഇങ്ങനെയാണോ നാം ഹിന്ദുവാകേണ്ടത്?
നാം ഹിന്ദുവാകേണ്ടത് കൃത്യമായ ആചരണങ്ങള്‍ കൊണ്ടാണ്. അല്ലാതെ മറ്റുള്ളവരെ ചീത്ത പറഞ്ഞുകൊണ്ടല്ല നാം നേട്ടം കൈവരിക്കേണ്ടത്?
നമുക്ക് കൃത്യമായ ആചരണമുണ്ടോ? ഉണ്ട്.

അത് ഏറെ തിരക്കു പിടിച്ച ഇക്കാലഘട്ടത്തില്‍ സാധ്യമാണോ?
ഹിന്ദുധര്‍മ്മരഹസ്യം വാങ്ങാം ഏതു തിരക്കിലും കേവലം ഇരുപതുമിനുട്ടു നേരം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന ആചരണം നമുക്കുണ്ട്. നമുക്ക് ഇത്തരത്തിലുള്ള യാതൊരു ആചരണവുമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ ആചരണമില്ലാത്തതുകൊണ്ടാണ് നമുക്ക് ഒരു മേഖലയിലും വിജയിക്കാന്‍ കഴിയാത്തത്. ഇന്ന് ഒന്നിലും സ്വന്തമായൊരു കാഴ്ചപ്പാട് ഈ സമൂഹത്തിനില്ലാതെ വന്നിരിക്കുന്നു. ഒന്നാമതായി ഒരാള്‍ ഒരു കച്ചവടം തുടങ്ങുകയാണെന്നിരിക്കട്ടെ. അതേ സ്ഥലത്തു അടുത്തു തന്നെ മറ്റൊരാള്‍ അതേ കച്ചവടം ചെയ്യാന്‍ തുടങ്ങും. അങ്ങനെ ഒന്നരമാസം കൊണ്ട് അഞ്ചു ഒരേ തരത്തിലുള്ള കച്ചവടങ്ങള്‍ ഒരേ സ്ഥലത്തു നാം ആരംഭിക്കും. കാരണം ഒരാള്‍ തുടങ്ങി. അതു ലാഭകരമാണെന്നു തോന്നി. ഉടന്‍ അനുകരണവും ആരംഭിച്ചു. ഇങ്ങനെ ഉള്‍ക്കാഴ്ചയില്ലാതെ ആരംഭിക്കുന്ന ഏതും സംരംഭവും വൈകാതെ അടച്ചു പൂട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം സ്വന്തമായി ഉള്‍ക്കാഴ്ചയില്ല. അതിനാല്‍ മറ്റൊരാളുടെ വെളിച്ചത്തില്‍ നമുക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഈ ഉള്‍ക്കാഴ്ച എങ്ങനെയാണു കിട്ടുക എന്നതാണ് പ്രധാനമായ പ്രശ്‌നം.
രണ്ടു കണ്ണു കൊണ്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. മൂന്നാമതൊരു കണ്ണു കൂടി അവശ്യം വേണം. സാധാരണ കാഴ്ച കൊണ്ട് സമൃദ്ധിയുണ്ടാക്കാന്‍ കഴിയില്ല. ശിവന് മൂന്നു കണ്ണുകളുണ്ടായിരുന്നു. എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ 'കണ്ണിനു കണ്ണു മനമാകുന്ന കണ്ണ്' വേണമെന്നു പറയും. ഈ കണ്ണ് നമുക്ക് ഉണ്ടായാല്‍ നാം രക്ഷപ്പെടും. ഇതുകൊണ്ടാണ് നാം ശിവനാകണം എന്ന് പ്രാചീനശാസ്ത്രങ്ങള്‍ പറഞ്ഞത്.
ശിവോളഹം ശിവനാണു ഞാന്‍ എന്നു പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ. നമ്മുടെ ഉള്ളില്‍ ശിവനുണ്ട്. 'ശീവോഭൂത്വാ ശിവംയജേത്' എന്ന സൂത്രവാക്യം തന്നെ ഇതാണു പറയുന്നത്. ശിവനായി ഭവിച്ച് ശിവനെ പൂജിക്കണം എന്നാണ് ഇതിനര്‍ത്ഥം. ആ ശിവനെ തൊട്ടറിയണം. അപ്പോള്‍ മറ്റാര്‍ക്കും ഇല്ലാത്ത വിജ്ഞാനവും കാഴ്ചപ്പാടുകളും പതുക്കെപ്പതുക്കെ നമ്മുടെ ഉള്ളില്‍ നിന്നു കിനിഞ്ഞിറങ്ങും. അതാണ് 'തപസ്സ്' എന്നു പറയുന്നത്. ആ തപസ്സിന്റെ രഹസ്യവും ശീലവും പിന്നീടു പറയാം. അത് എത്ര സരളമാണെന്നു അപ്പോള്‍ നമുക്ക് ബോധ്യമാകും. എത്ര ലളിതമാണ് ഭാരതീയ പാരമ്പര്യങ്ങള്‍ എന്നും അതെത്രമാത്രം ശാസ്ത്രയുക്തമാമെന്നും അപ്പോള്‍ നമുക്ക് മനസ്സിലാകും. പലരും പറയാറുണ്ട് ഹിന്ദുമതം സങ്കീര്‍ണമാണെന്ന്. അത് എവിടെ തുടങ്ങണമെന്നറിയില്ലെന്ന്. അത് പരന്നുകിടക്കുന്നതാണെന്നു പറയുമ്പോള്‍ പോലും അതിനൊരു തുടക്കമുണ്ട്. സാഗരത്തിന് എങ്ങനെയാണോ കൃത്യമായ തുടക്കമുള്ളത് അതേപോലെ. സാഗരം ബൃഹത്താണ്. എന്നുവെച്ച് അതിനു തുടക്കമില്ലേ? ഉണ്ട്.
സരളമാണ് ഹിന്ദുമതവും വേദവുമൊക്കെ. സൂര്യന്‍ കിഴക്കുദിക്കുന്നെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും പറഞ്ഞാല്‍ മനസ്സിലാകും. കാരണം അതു സരളമാണ്. സരളമെന്ന പോലെ അത് അഗാധവുമാണ്. പക്ഷേ കൃത്യമായ പഠനം വേണം. ഒപ്പം സാധനയും. സാധനാരഹിതമായ വേദപഠനംകൊണ്ട് ഒന്നും നേടാനാവില്ല. വേദപഠനം ഒരു വ്രതമാണെന്നു പറയുന്നതു അതുകൊണ്ടാണ്. അല്ലാതെ ഒരു ജോലിയുമില്ലെങ്കില്‍ കുറച്ചു വേദപഠനം ആകാം; കുറേ പ്രഭാഷണങ്ങളാകാം എന്ന മട്ടിലല്ല. അഗാധമായ പഠനപാഠനം അതിന്നാവശ്യമാണ്.
അതിനൊരു തുടക്കമുണ്ട്. 'ആചാരപരമോധര്‍മ' എന്നു ഒരു സൂക്തിയുണ്ട്. ആചരണമാണ് പരമമായ ധര്‍മമെന്നു സാരം. എന്താണ് ഈ ആചരണം? ദിവസവുമുള്ള തപസ്സ്. ആ തപസ്സ് ഒരു കൊച്ചുവിളക്കാണ്. വലിയ ഇരുട്ടിലാണ് നാമിപ്പോള്‍ ഉള്ളത്. ആ ഇരുട്ടില്‍ വലിയൊരു പ്രകാശം നമുക്കു കിട്ടാന്‍ പ്രയാസമാണ്. അതുമല്ലെങ്കില്‍ അത്തരമൊരു പ്രകാശം ഉല്‍പാദിപ്പിക്കാന്‍ നമുക്കു സ്വയം കഴിയില്ല. ശരി. ഇപ്പോള്‍ ഒരു ചെറുദീപം നിങ്ങള്‍ക്കു കിട്ടുന്നു. ആ ദീപം കൊണ്ട് നിങ്ങള്‍ക്ക് ചുറ്റിലുമുള്ള രണ്ടടി കാണാം. അതാണ് ചെറിയൊരു സാധന. രണ്ടടി നടക്കുക. അപ്പോള്‍ തുടര്‍ന്നുള്ള രണ്ടടിയുടെ പ്രകാശം കാണാം. വീണ്ടും രണ്ടടിയ്ക്കു കൂടിയുള്ള പ്രകാശം. അങ്ങനെ നിങ്ങള്‍ക്ക് മൈലുകള്‍ താണ്ടി മുന്നേറാം. ഇതു തന്നെയാണ് സാധന അഥവാ തപസ്സ്. സാധന, തപസ്സ്, ജപം തുടങ്ങി അനേകം വാക്കുകള്‍ ഇപ്പോഴുണ്ട്.
ഈ വാക്കുകളെല്ലാം ഏറെ തെറ്റിദ്ധാരണയുണ്ടാക്കപ്പെട്ടവയാണ്. കാരണം ഒരു കാലത്ത് ഈ പദങ്ങള്‍ക്കുണ്ടായ അര്‍ത്ഥമേയല്ല ഇപ്പോഴവയ്ക്കുള്ളത്. സാധന എന്നു കേള്‍ക്കുമ്പോള്‍ അതെന്തോരു 'സാധനം' ആണെന്ന തോന്നലാണ് എല്ലാവര്‍ക്കും. തപസ്സ് എന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക താടിയും മുടിയും നീട്ടി 'സാധുബീഡി' പരസ്യത്തിലുള്ള ഒരാളെയാണ്. ജപമെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക ഒന്നരലക്ഷം ജപിക്കുന്ന കഥയാണ്. ഒന്നരലക്ഷവും മൂന്നുലക്ഷവും ഒക്കെ ജപിക്കണമെന്ന് ഒരു ശാസ്ത്രവും വാസ്തവത്തില്‍ ആവശ്യപ്പെടുന്നില്ല. ദൈനംദിന ജീവിതത്തെ പ്രകാശമാനമാക്കാന്‍, രണ്ടടി മുന്നോട്ടുവെയ്ക്കാന്‍ ഉള്ള ഒരു പദ്ധതി. അതു വളരെ സരളമാണ്. അത് ഘോരമായ ഒന്നല്ല. ഒരുപക്ഷേ നമുക്കതിനെ ബ്രഹ്മചര്യം എന്നുവിളിക്കാം.
മറ്റൊരു തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഈ ബ്രഹ്മചര്യം. ബ്രഹ്മചര്യം എന്നാല്‍ പലരുടേയും ധാരണ ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തില്‍ മറ്റൊരു തെറ്റിദ്ധാരണയാണിത്. വാക്കുകളുടെ അര്‍ത്ഥം നേരെ മനസ്സിലാകാത്തതാണ് ഇതിനൊക്കെ കാരണം. ഉദാഹരണമായി 'വെള്ളം' എന്ന പദം എടുക്കുക. വെള്ളം എന്ന പദത്തിന് എന്താണ് അര്‍ത്ഥം? വെള്ളമെന്നു തന്നെ. എന്നാല്‍ 'വെള്ളമടിക്കുക' എന്നാല്‍ വെള്ളം കുടിക്കുക എന്നല്ല അര്‍ത്ഥം. അവന്‍ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്ന വാക്യത്തിനാകട്ടെ ഈ അര്‍ത്ഥങ്ങളൊന്നുമല്ല ഉള്ളത്. അതായത് സാധാരണ വെള്ളം എന്ന വാക്കിനു പോലും ഇന്ന് അര്‍ത്ഥം തീരെ മാറിപ്പോയിരിക്കുന്നുവെന്നു സാരം. ഇങ്ങനെ നോക്കുമ്പോള്‍ നമുക്കു നഷ്ടമായ നിരവധി അര്‍ത്ഥങ്ങളാണ് ഇന്നു കാണുന്ന പല അനാചാരങ്ങളും. അര്‍ത്ഥമൊന്നു വേറെ. ആചരണം ഒന്നു വേറെ എന്ന നിലയിലാണ്.
ബ്രഹ്മത്തില്‍ ചരിക്കുന്നതാണ് ബ്രഹ്മചര്യം. അതും ലൈംഗികബന്ധവും തമ്മില്‍ യാതൊരു ബന്ധവുമില്ല. രാവിലെ ഉണരുന്നു. ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോള്‍ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാന്‍ സദാ നമസ്‌കരിക്കുന്നു. പല്ലു തേയ്ക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മം നല്ല രീതിയില്‍ പരിലസിക്കുന്നതിന് പല്ലുവേണം. അതിനാല്‍ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലു തേയ്ക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്മത്തിനു വേണ്ടിയാണ്-ശിവനു വേണ്ടിയാണെന്നു സാരം. ശിവനുള്ളപ്പോള്‍ നാം ശരീരത്തെ കുളിപ്പിച്ചു വൃത്തിയാക്കിവെയ്ക്കുന്നു. ഈ ശിവനില്ലെങ്കിലോ അതു ശവമായി. ശിവമില്ലാത്തതാണ് ശവം. ഉള്ളിലുള്ള ബ്രഹ്മത്തെ കുളിപ്പിച്ചു കഴിഞ്ഞാല്‍ പൊട്ടു തൊടീക്കുന്നു. പൗഡറിടുന്നു, പൂമാല ചൂടിക്കുന്നു; ചിലര്‍ കോസ്മറ്റിക്കുകള്‍ വാരിപ്പൂശുന്നു. ഇതെല്ലാം ഉള്ളിലെ ബ്രഹ്മത്തിനു വേണ്ടിയാണെന്ന ബോധത്തോടെ ചെയ്യണം. അതു കഴിഞ്ഞാല്‍ ഉള്ളിലെ ബ്രഹ്മത്തിനു ഭക്ഷണം നല്‍കണം. അതും ശ്രദ്ധയോടെ ബോധപൂര്‍വം ഭക്ഷണം കഴിക്കുന്നു. ഉള്ളിലെ ബ്രഹ്മത്തെ ശിവനെയാണ് ഊട്ടുന്നത്. അതുകൊണ്ടാണ് ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നും, എഴുന്നേല്‍ക്കരുതെന്നും പറയുന്നത്.
ഭക്ഷണം കഴിക്കുന്നതു തന്നെ ഒരു അഗ്നിഹോത്രമാണ്. ഉള്ളിലെ ബ്രഹ്മത്തിനായി, അഗ്നിക്കായി അഞ്ച് ആഹുതികള്‍ നല്‍കുന്നു. പ്രാണായസ്വാഹാ, അപാനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ എന്നിങ്ങനെ. എല്ലാം വളരെ ഏറെ ബോധപൂര്‍വ്വം ചെയ്യണം. ഇങ്ങനെ ജീവിതത്തില്‍ ഓരോ കാര്യവും ബോധപൂര്‍വം ചെയ്യുമ്പോള്‍, ഉള്ളിലെ ബ്രഹ്മത്തിനു വേണ്ടി ചെയ്യുമ്പോള്‍-ആ ചര്യകളെ നാമെന്തു വിളിക്കും. ബ്രഹ്മത്തിനുവേണ്ടി ചെയ്യുന്ന ചര്യ ബ്രഹ്മചര്യമെന്ന പേരില്‍ അറിയപ്പെടും.
എന്നാല്‍ ചിലര്‍ ബ്രഹ്മചര്യമെന്നാല്‍ സ്ത്രീവിരുദ്ധസമീപനമാണെന്നു തെറ്റിദ്ധരിച്ചു. ഒരിക്കല്‍ നാരദന്‍ ഒരു നദീതീരത്തെത്തി. നാരദന് മറുകരയ്ക്ക് പോകാന്‍ ഒന്നും കിട്ടിയില്ല. അപ്പോള്‍ ഒരു ഋഷി അതുവഴിയെത്തി. ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരി ആരെന്് പറയുന്നുവോ അപ്പോള്‍ ആ നദി വഴിമാറുമെന്നു അദ്ദേഹം നാരദനോടു പറഞ്ഞു. നാരദന്‍ ആലോചിച്ചു. ആരാണ് ഏറ്റവും വലിയ ബ്രഹ്മചാരി. ഓ, അതു ഞാന്‍ തന്നെ. ഇന്നുവരെ ഒരു സ്ത്രീയെപ്പോലും ഒന്നു നോക്കിയിട്ടു കൂടിയില്ല താന്‍. അങ്ങനെ നാരദന്‍ പറഞ്ഞു: 'നാരദനാണ് ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയെങ്കില്‍ നദീ വഴിമാറൂ''വെന്ന്. നദി വഴി മാറിയില്ല. ആ ഋഷി ചിരിച്ചുകൊണ്ടു പറഞ്ഞു. നീ മനസ്സുകൊണ്ടു ബ്രഹ്മചാരിയല്ല. കൃഷ്ണനെ കുറിച്ചൊന്നു പറഞ്ഞുനോക്കൂ. ഒരുപക്ഷേ വഴിമാറിയാലോ എന്ന്.
നാരദന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ടു ചോദിച്ചു. 16008 ഭാര്യമാരുള്ള കൃഷ്ണനാണോ ബ്രഹ്മചാരിയെന്ന്. ഋഷി പറഞ്ഞു. ശരി, എങ്കിലും ഒന്നു ശ്രമിച്ചുനോക്കൂ എന്ന്. അങ്ങനെ നാരദന്‍ പറഞ്ഞു: 'കൃഷ്ണന്‍ ലോകത്തിലെ ഏറ്റവും വലിയ ബ്രഹ്മചാരിയാണെങ്കില്‍ നദീ നീ വഴിമാറിയാലും.''
അത്ഭുതമെന്നു പറയട്ടെ നദി വഴിമാറി.
അപ്പോഴും നാരദന്‍ ആലോചിക്കുകയായിരുന്നു. കൃഷ്ണന്‍ നിരവധി വിവാഹം കഴിച്ചിട്ടും ബ്രഹ്മചാരിയായിരിക്കുന്നൂവെന്ന്. അതാണ് കൃഷ്ണനെ കൃഷ്ണനാക്കിയത്. കൃഷ്ണന്‍ പറഞ്ഞത് സ്വന്തം ഭാവം എന്താണോ അതായിത്തീരുക എന്നതാണ്. എന്താണ് നമ്മുടെ ഓരോരുത്തരുടേയും സ്വന്തം ഭാവം?
നമ്മില്‍ പലരും മറ്റുള്ളവരെ അനുകരിക്കാനാണ് ശ്രമം. ഒരു റോസ്പൂവിന് ഒരിക്കലും ഒരു താമരയാകാനാവില്ല. റോസ് പൂവ് റോസിന്റെ സ്ഥാനത്ത് മഹത്തരമാണ്. താമരപ്പൂവ് താമരയുടെ സ്ഥാനത്തും. ഈ ലോകത്തിലെ ഏതു പുല്‍ക്കൊടിക്കും ഉണ്ട് അതിന്റേതായ സ്ഥാനം. ആ പുല്‍ക്കൊടിയില്ലാതെ ഈ ലോകം അപൂര്‍ണമായരിക്കും. നാം ഓരോരുത്തരും അങ്ങനെ തന്നെയാണ്. നാം ഓരോരുത്തരും ഈ ലോകത്തിലെ കവിതയുടെ ഭാഗമാണ്. അഥര്‍വവേദത്തില്‍ പറയുന്നു 'പശ്യദേവസ്യകാവ്യമ്' എന്ന്. ദേവന്റെ മഹത്തായ ഈ കാവ്യം കാണൂവെന്ന്. ആ കാവ്യത്തിലെ ഓരോ വാക്കുകളും അക്ഷരങ്ങളുമാണ് നാം ഓരോരുത്തരും. അതില്ലാതെ ഈ കാവ്യം അപൂര്‍ണമായിരിക്കും. ഈശ്വരന്‍ തൂണിലും തുരുമ്പിലുമുണ്ടെന്നു പറഞ്ഞത് ഇതേ അര്‍ത്ഥത്തിലാണ്.
ഇവിടെ സ്വന്തം ഭാവം എന്താണെന്നു മനസ്സിലാക്കാതെ എല്ലാവരും സംന്യസിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അവരോട് ആവശ്യപ്പെടുന്നത് ഒട്ടലില്ലാതിരിക്കാനാണ്. ഇന്ത്യയുടെ കാഴ്ചപ്പാട് അനാസക്തിയുടേതാണ്. ഇത് വേദപഠനം ഇല്ലാത്തതിനാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അനാസക്തി എന്നാല്‍ ഒട്ടലും ഒട്ടലില്ലായ്മയും രണ്ടും ത്യജിച്ചവന്‍ എന്നാണര്‍ത്ഥം. ഇതിനു പകരം ചിലര്‍ സ്ത്രീകളെ നോക്കാതിരിക്കും. അവര്‍ വരുന്ന സ്ഥലത്തേക്ക് വരാതിരിക്കും. അവരുടെ പടങ്ങള്‍ നോക്കാതിരിക്കും. അവരുടെ ശബ്ദം കേള്‍ക്കാതിരിക്കും. ഇതെല്ലാം കണ്ടാല്‍ തോന്നും ഇവര്‍ വീതരാഗരാകാത്തതിനു കാരണം സ്ത്രീകളാണെന്ന്. വാസ്തവത്തില്‍ ഇത് അനാസക്തിയാണെന്നു കരുതാന്‍ വയ്യ. ഇതും ഒരു തരത്തിലുള്ള ആസക്തിയാണ്. തന്റെ ഉള്ളിലുള്ള ആസക്തി നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് ഈ കാട്ടിക്കൂട്ടല്‍. അതുമല്ലെങ്കില്‍ സ്ത്രീകളോടുള്ള വിരോധമായി വേണം ഗണിക്കാന്‍. ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് സ്ത്രീകളും കൂടിച്ചേര്‍ന്നാണ്. ഓരോരുത്തരും ജന്മമെടുക്കുന്നതുപോലും ഈ സ്ത്രീകളില്‍ നിന്നു തന്നെയാണ്. എന്നാല്‍ നവീനവേദാന്തികള്‍ സ്ത്രീകളെ നരകത്തിന്റെ കവാടമായി പരിഗണിച്ചു. കാരണം അവര്‍ ഒരിക്കലും വേദമോ ഉപനിഷത്തുക്കളോ ഭഗവദ്ഗീതയോ വേണ്ട രീതിയില്‍ പഠിച്ചില്ല.
ഇതേപോലെയാണ് ചിലര്‍ക്ക് പണത്തിനോടുള്ള സമീപനം. ചിലര്‍ സ്വയം പ്രഖ്യാപിക്കും-ഞാനൊരിക്കലും പണം കൈ കൊണ്ടു തൊടില്ലെന്ന്. ഇക്കാലമത്രയും പണം ആരെയെങ്കിലും ദ്രോഹിച്ചതായി അറിവില്ല. പണത്തിനോടുള്ള വെറുപ്പിനെ നമുക്ക് അനാസക്തി എന്നു പറയാനാവില്ല. എന്താണ് നമ്മുടെ ഭാവം? സ്ത്രീയോടും പണത്തിനോടുമുള്ള നമ്മുടെ ഭാവമെന്താണ്? വെള്ളം ചൂടുള്ളതാണോ തണുത്തതാണോ? എന്താണ് വെള്ളത്തിന്റെ ഭാവം? ചൂടാക്കുമ്പോള്‍ വെള്ളം ചൂടാവുന്നു. തണുക്കുമ്പോള്‍ വെള്ളം തണുക്കുന്നു. വെള്ളത്തിന്റെ സ്വന്തം ഭാവം തണുത്തതുമല്ല, ചൂടുള്ളതുമല്ല. നമ്മുടെ കണ്ണുകളെ പരിശോധിക്കുക. അത് അടഞ്ഞതാണോ തുറന്നതാണോ? കണ്ണുകള്‍ ഉറങ്ങുമ്പോള്‍ അടഞ്ഞിരിക്കും. ഉണര്‍ന്നിരിക്കുമ്പോള്‍ അതു തുറന്നിരിക്കണം. ഇതേ കണ്ണുപോലെ, ഇതേ വെള്ളംപോലെയാണ് നമ്മുടെ ഭാവവും. അതിനോടു എന്തു ചേര്‍ക്കുന്നുവോ അതായി നാം മാറും. ശ്രീകൃഷ്ണന് ഇക്കാര്യമറിയാമായിരുന്നു. ചിലര്‍ക്ക് സ്ത്രീയില്ലാതെ ഒരു ദിവസം പോലും കാണാന്‍ കഴിയില്ല. ചിലരാകട്ടെ സ്ത്രീകളെ കാണുന്നതുതന്നെ വെറുക്കുന്നു. ഇവ രണ്ടും ഒട്ടലാണ്. ഒന്ന് സ്ത്രീയോടുള്ള ഒട്ടല്‍. മറ്റൊന്ന് സ്ത്രീവിരോധത്തോടുള്ള ഒട്ടല്‍. ആദ്യത്തെ ഒട്ടല്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തേത് ഒരിക്കലും തിരിച്ചറിയാനാകില്ല. കൃഷ്ണന്‍ ഇതു രണ്ടും തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ കൃഷ്ണന്‍ ബ്രഹ്മചാരിയായി. നാം ഒന്നും പഠിക്കാത്തതിനാല്‍ ഒന്നും നേടാനാകുന്നില്ല.
ശ്രീകൃഷ്ണന്‍ ഗായകനായിരുന്നു, കവിയായിരുന്നു, ഉജ്വലപ്രഭാഷകനായിരുന്നു. രാഷ്ട്രീയ അമരക്കാരനായിരുന്നു. യുദ്ധതന്ത്രജ്ഞനായിരുന്നു. ദൂതനായിരുന്നു. നല്ലൊരു ഡ്രൈവറുമായിരുന്നു. ഇതെല്ലാമായിരുന്നിട്ടും സ്വന്തംഭാവം അദ്ദേഹം മറന്നതേയില്ല. ശ്രീകൃഷ്ണന്‍ ഈശ്വരനാണെന്നു എല്ലാവരും പറയുന്നു. അതെന്തോ ആകട്ടെ. അദ്ദേഹം ഇവിടെ സാധാരണ മനുഷ്യനായി ജീവിച്ചിരുന്നു. അദ്ദേഹം ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു. എന്റെ ഭക്തന്‍ എന്നെപ്പോലെയായിതീരുമെന്ന്. മാത്രമല്ല, ദുര്യോധനനുമായി സന്ധിസംഭാഷണത്തിനു യാത്ര തിരിക്കവെ, കൃഷ്ണന്‍ വഴിയില്‍ തേരു നിര്‍ത്തി സന്ധ്യാവന്ദനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ഗീതാജ്ഞാനികള്‍ പറയുന്നത് അതൊന്നും ചെയ്യരുതെന്നാണ്. കൃഷ്ണന്‍ സന്ധ്യാവന്ദനം ചെയ്യാന്‍ പറയുകയും ചെയ്യുകയും ചെയ്യുമ്പോള്‍ ഇവിടെയുള്ള ഭഗവദ്ഗീതയുടെ മൊത്തം മാര്‍ക്കറ്റ് കൈക്കലാക്കിയവര്‍ പറയുന്നത് അതൊന്നും ചെയ്യരുതെന്നാണ്. എന്താണിതിനു കാരണം? ഈ ചോദ്യത്തേക്കാള്‍ വലിയൊരു ഉത്തരമുണ്ട്. ഇത്തരം പഠിപ്പിക്കലുകള്‍ കൊണ്ട് നമ്മുടെ സമൂഹം വീര്യവും വീരതയും കെട്ടവരായി. ആചാരം പരമമായ ധര്‍മമാണ്. ആ ആചരണത്തില്‍നിന്ന് വ്യതിചലിക്കരുതെന്നാണ് ശ്രീകൃഷ്ണന്‍ സ്വന്തം ജീവിതദര്‍ശനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ധര്‍മത്തെ നാം രക്ഷിക്കുമ്പോള്‍ ധര്‍മം നമ്മേയും രക്ഷിക്കുന്നു. അതാണ് 'ധര്‍മോരക്ഷതിരക്ഷിതഃ' എന്ന ഉക്തിയുടെ അര്‍ത്ഥം.
ഒരു കൂട്ടര്‍ പൂജാവിരുദ്ധര്‍. മറുകൂട്ടര്‍ പൂജാഭ്രാന്തര്‍. ഈ ക്രിയാകലാപക്കാരുടേയും മിഥ്യാവാദികളുടേയും ഇടയില്‍പെട്ട് യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികള്‍ വട്ടം ചുറ്റുകയാണ്. എന്താണ് നാം ചെയ്യേണ്ടത്? കേവലം ഗീത വായിച്ചിരുന്നാല്‍ മതിയോ? അതോ ഒന്നും ചെയ്യാതിരിക്കണോ? ഒന്നേയുള്ളൂ ഉത്തരം. നിങ്ങളെ മനുഷ്യനാക്കുന്ന, ഊര്‍ജ്വസ്വലനും ക്രിയാകുശലനും സക്രിയനുമാക്കുന്നതിനെ സ്വീകരിക്കുക. ഒരാള്‍ ഒരു ഗൈഡു വാങ്ങുന്നു. ആ ഗൈഡ് നന്നായി പഠിക്കുന്നു. തോല്‍ക്കുന്നു. എന്നിട്ട് ടി.വി. പരസ്യത്തില്‍ ഞാന്‍ ഈ ഗൈഡു വാങ്ങിയതുകൊണ്ടാണ് തോറ്റതെന്നും അതിനാല്‍ നിങ്ങളെല്ലാവരും ഈ ഗൈഡ് വാങ്ങി പഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ആരാണ് തോല്‍ക്കാന്‍ സഹായിക്കുന്ന ഗൈഡു വാങ്ങുക?
ഇതുതന്നെയാണ് ഇന്നത്തെ ഹിന്ദുവിന്റെ സ്ഥിതി. അവര്‍ സ്വന്തമായ മേന്മകളുടെ കഥ പറയും. എന്നാല്‍ ജീവിതത്തില്‍ ദാരിദ്ര്യം മാത്രം. ജീവിതത്തില്‍ തോല്‍ക്കാന്‍ സഹായിക്കുന്ന ഗൈഡായി നമ്മുടെ മതം മാറി. ജീവിതത്തില്‍ വിജയിക്കാനാണ് വേദം പഠിപ്പിച്ചത്. ഹിന്ദു മനസ്സിലാക്കിയതാകട്ടെ തലതിരിച്ചും. കാരണം ഭാഗ്യവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കാനുള്ള രഹസ്യതാക്കോല്‍ നമുക്കില്ലാതെ പോയി. കുറച്ചു വളച്ചുകെട്ടിപ്പറഞ്ഞാല്‍ താക്കോല്‍ നമ്മുടെ പക്കലുണ്ട്. അത് എവിടെയിട്ടു തുറക്കണമെന്നറിയില്ലെന്നു മാത്രം. നാം പൂട്ട് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ കുട്ടികള്‍ നന്നായി പഠിക്കണമെന്നു നിങ്ങള്‍ക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ വേദത്തില്‍ മാര്‍ഗമുണ്ട്. നിങ്ങളുടെ കുട്ടികള്‍ സരസ്വതീകടാക്ഷമുള്ളവരാകണമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ വേദത്തില്‍ മാര്‍ഗമുണ്ട്. ദാരിദ്ര്യം അകറ്റണമെന്നും സമൃദ്ധികൈവരണമെന്നും ആഗ്രഹമുണ്ടോ വേദത്തില്‍ മാര്‍ഗമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അല്പം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഇന്നു ദൈനംദിന ജീവിതത്തില്‍ നാം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം വേദത്തിലുണ്ടെന്നു നാം തിരിച്ചറിയണമെങ്കില്‍ വേദം പഠിക്കാനുള്ള ശ്രമം ആവശ്യമാണ്.
വേദപഠനത്തിന് സംസ്‌കൃതം പഠിക്കണമോ, അതു നമുക്കൊക്കെ പഠിക്കാന്‍ പാടുണ്ടോ? സ്ത്രീകള്‍ക്ക് വേദം പഠിക്കാന്‍ പാടുണ്ടോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉണര്‍ന്നു വന്നേക്കാം. യഥാര്‍ത്ഥത്തില്‍ എല്ലാവരും പഠിക്കേണ്ടതാണ് വേദങ്ങള്‍. കാരണം വേദത്തില്‍ നമുക്ക് ഐശ്വര്യമുണ്ടാകുന്നതിന്റെ മാര്‍ഗങ്ങളുണ്ട്. ഇന്ന് ഏറ്റവുമധികം ആളുകള്‍ വിഷമിക്കുന്നത് കുട്ടികളുടെ പഠിപ്പിനെ ഓര്‍ത്താണ്. അവരുടെ ബുദ്ധിയെക്കുറിച്ചാണ് ഏറിയകൂറും അച്ഛനമ്മമാരുടെ വിഷമം. വാസ്തവത്തില്‍ ആദ്യകാലത്ത് ഓരോ കുട്ടികളേയും എങ്ങനെ വളര്‍ത്തണമെന്ന ഒരു കൃത്യമായ പദ്ധതി നിലവിലുണ്ടായിരുന്നു. ബുദ്ധിയുണ്ടാകുന്നതിന് മേധാസൂക്തമാണ് ജപിക്കേണ്ടത്. മേധാസൂക്തം രാവിലെ കുട്ടികളെക്കൊണ്ട് ജപിപ്പിച്ചാല്‍ കൃത്യമായി മൂന്നുമാസം ഇതു തുടര്‍ന്നാല്‍ ബുദ്ധിവികാസം ഉണ്ടായിത്തുടങ്ങുമെന്നു ഋഷീശ്വരന്‍മാര്‍ പറയുന്നു. 'എന്റെ ബുദ്ധി ഏകാഗ്രമായി എല്ലാ കാര്യങ്ങളേയും ഗ്രഹിക്കാനുള്ള ശക്തി പ്രദാനം ചെയ്യേണമേ' എന്ന് അര്‍ത്ഥം വരുന്ന നാല് മന്ത്രങ്ങളാണ് മേധാസൂക്തം. ആ മന്ത്രം ജപിക്കുമ്പോള്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ അഗ്നി ഒരു പ്രകാശപുഞ്ജമായി നമ്മില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. ആ മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതോടെ നമ്മുടെ മസ്തിഷ്‌കത്തിലെ കോശങ്ങളും കലകളും നാഡികളും ഉണര്‍ന്ന് ജ്വലിക്കും. ഈ മന്ത്രജപം ആരംഭിക്കുന്നതോടെ ബ്രാഹ്മതേജസ്സും, ക്ഷാത്രവീര്യവും ശോഭയും ശ്രേയസ്സുമെല്ലാം നമ്മിലേക്ക് കടന്നുവരും.
ഇതേപോലെ തന്നെയാണ് സരസ്വതീസൂക്തവും. സരസ്വതീസൂക്തം രാവിലെ ഉണര്‍ന്നെഴുന്നേറ്റ് ശരിക്കും വിദ്യാര്‍ത്ഥികള്‍ ജപിക്കാന്‍ തുടങ്ങുകയാണെങ്കില്‍ വ്യത്യാസം ഒരു മഹാത്ഭുതമായി നമ്മില്‍ വന്നുചേരും. സരസ്വതീസൂക്തം ജപിക്കുമ്പോള്‍ നമ്മുടെ നാഡികളിലും ഞരമ്പുകളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ചും മറ്റും പിന്നീടു പറയാം. 'മേധ' എന്നാല്‍ ബുദ്ധി എന്നാണര്‍ത്ഥം. സരസ്വതി വിദ്യാദേവിയും. മേധാസൂക്തവും സരസ്വതീസൂക്തവും നമ്മില്‍ ഉളവാക്കുന്ന ശക്തിവിശേഷം ഒരു അഗ്നിയായി മാറുന്നു. ആ അഗ്നിയുടെ അംശം നമ്മില്‍ പ്രകാശിക്കാന്‍ തുടങ്ങുമെന്നര്‍ത്ഥം. അതേപോലെ തന്നെയാണ് ദാരിദ്ര്യം അകറ്റുന്നതിനു ശ്രീസൂക്തം ജപിക്കണം. ശ്രീസൂക്തത്തിലെ മന്ത്രങ്ങളുടെ അടുക്കും അതിന്റെ ഛന്ദസ്സും ചേര്‍ത്ത് ചൊല്ലുമ്പോള്‍ ആ മന്ത്രങ്ങളിലെ ചില ശബ്ദതരംഗങ്ങള്‍ മസ്തിഷിക്കത്തിലും നാഡീഞരമ്പുകളിലും മാറ്റമുണ്ടാക്കും. ആ മാറ്റം മസ്തിഷ്‌കത്തിലും പുതിയ ചിന്താചക്രവാളങ്ങള്‍ക്ക് ജന്മമേകും. പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ തുറന്നുവരും. ഇത്തരം കാര്യങ്ങളെല്ലാം മറ്റൊരു പുസ്തകത്തില്‍ വിശദമായി പിന്നീട് ചര്‍ച്ച ചെയ്യേണ്ടതുകൊണ്ട് ഇപ്പോള്‍ ഇവിടെ മറ്റു കാര്യങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം. എന്തായാലും ബുദ്ധിയും സരസ്വതിയും പണവും മറ്റു സമ്പത്തുകളുമെല്ലാം ഉണ്ടാകാനുള്ള മന്ത്രസാധനകള്‍ നിലനില്‍ക്കുന്നുണ്ട്.
ഒരാള്‍ രാവിലെ എഴുന്നേല്‍ക്കുന്നു. രാവിലെ കൈകളിലേക്ക് നോക്കി ചൊല്ലുന്ന ശ്ലോകം തന്നെ എടുക്കുക.
കരാഗ്രേവസതേ ലക്ഷ്മി:
കരമധ്യേസരസ്വതീ
കരമൂലേസ്ഥിതാ ഗൗരീ
പ്രഭാതേ കരദര്‍ശനം
പ്രഭാതത്തില്‍ സ്വന്തം കൈകളിലേക്ക് നോക്കുക. അവിടെ കൈവിരലിന്റെ അറ്റത്ത് ലക്ഷ്മിയാണ്. ലക്ഷ്മി വേദത്തില്‍ പണത്തിന്റെ ദേവതയാണ്. എന്റെ കൈയില്‍ പണമുണ്ടാക്കാന്‍ ശേഷിയുള്ള ലക്ഷ്മിയുണ്ടെന്ന തിരിച്ചറിവാണ് ഈ പ്രസ്താവന. പണമുണ്ടാക്കാന്‍ കഴിവുണ്ടായിട്ട് പിന്നെ എന്തിനാണ് ദരിദ്രവാസിയായി ജീവിക്കുന്നതെന്ന ഒരു ചോദ്യം അവനവനില്‍ തന്നെ ഉണര്‍ന്നുവരും. സ്വന്തം നിലയ്ക്ക് പണമുണ്ടാക്കാനുള്ള ശേഷിയുണ്ടെന്നു തിരിച്ചറിയണമെന്നാണ് ഈ പ്രസ്താവനയുടെ സ്വരം. കരമധ്യേ സരസ്വതി എന്നാല്‍ എന്റെ കരത്തിന്റെ മധ്യത്തില്‍ സരസ്വതിയുണ്ടെന്നു അര്‍ത്ഥം. മധ്യത്തില്‍ സരസ്വതിയുണ്ടെന്നു പറഞ്ഞാല്‍ വിദ്യയുണ്ടാക്കാനുള്ള ശേഷി തന്നിലുണ്ടെന്നു മനസ്സിലാക്കണം. ഗൗരിയാകട്ടെ മംഗളകാരിയാണ്. ബുദ്ധിയും സിദ്ധിയും ഉണ്ടെങ്കില്‍ പിന്നെ നമ്മെ ഭൗതികലോകത്ത് ചെറുത്തുതോല്‍പ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക? ഈയൊരു ആത്മവിശ്വാസമാണ് പ്രഭാതത്തിലെ കരദര്‍ശനം എന്ന ചിന്തയ്ക്ക് നിദാനം. ഇന്ന് ഹിന്ദുസമുദായത്തില്‍ മാത്രമല്ല സമൂഹത്തിലൊന്നാകെ ഈ ആത്മവിശ്വാസത്തിന്റെ അഭാവം പ്രകടമാണ്. ആത്മവിശ്വാസം ആര്‍ജ്ജിക്കാനാണ് ഈ ശ്ലോകം നാം ചൊല്ലുന്നത്. അതേപോലെ പല്ലുതേയ്ക്കുമ്പോള്‍ ജപിക്കേണ്ട ഒരു മന്ത്രത്തെക്കുറിച്ച് പറയുന്നുണ്ട് തന്ത്രശാസ്ത്രത്തില്‍. 'ക്ലീം കാമദേവായ നമഃ' എന്ന ഈ മന്ത്രം ജപിക്കുമ്പോള്‍ 'ക്ലീം' എന്ന ബീജാക്ഷരം ഉണര്‍ത്തുന്ന ആകര്‍ഷകത്വം ഏറെയാണ്. നമ്മില്‍ ആകര്‍ഷണീയമായ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കുകയാണ് ഈ ജപത്തിലൂടെ ചെയ്യുന്നത്.
ഇങ്ങനെ നാം ആത്മവിശ്വാസം നേടിയെടുക്കുകയും ഐശ്വര്യത്തേയും സമൃദ്ധിയേയും ആസ്വദിക്കുകയും വേണം. അതോടൊപ്പം തികഞ്ഞ ആധ്യാത്മികനായി ഇരിക്കുകയും വേണം. ഭൂമി ഗോളാകാരമെന്ന് കണ്ടെത്തിയ വൈദിക ഋഷി ദീര്‍ഘതമസ്സ് വിവാഹിതനായിരുന്നു. ഗൃഹസ്ഥനായിരുന്നു. ഭൗതികശാസ്ത്രപഠനത്തില്‍ മുമ്പനായിരുന്ന അദ്ദേഹം ഒപ്പം ഒരു ഋഷിയുമായിരുന്നു. വേദത്തിന്റെ കാഴ്ചപ്പാട് അതാണ്. ഒരേസമയം ആധുനികനായിരിക്കുക. ഒപ്പം ഉള്ളില്‍ നല്ലൊരു ഋഷിയുമായിരിക്കുക. ഋഷിത്വം എന്നാല്‍ നാലാംകിട നാടകങ്ങളില്‍ കാണുന്ന കോമാളിവേഷമെന്നല്ല അര്‍ത്ഥം. ആസേതു ഹിമാചലം ഋഷിമാരായിരുന്ന ഒരു കാലഘട്ടമുണ്ടായിരന്നു. അന്ന് എല്ലാവരും ഋഷിമാരായിരുന്നു. എല്ലാവരും വിവാഹം കഴിക്കുകയും ആധുനിക മനുഷ്യരായി ജീവിക്കുകയും ചെയ്തു. അന്ന് ജീവിതത്തിന് ഒരു പ്രകാശമുണ്ടായിരുന്നു. ഇന്നും സാധനാനിര്‍ഭരരായ ഋഷിമാര്‍ക്ക് ഐശ്വര്യമേയുള്ളൂ.
സുനാമി അപകടങ്ങള്‍ ഉണ്ടായപ്പോള്‍ നൂറുകോടിരൂപ കൊടുക്കാന്‍ ഒരു ഹിന്ദുസന്യാസിനിയ്ക്കു മാത്രമേ കഴിഞ്ഞുള്ളൂ. ലോകത്തിലെ ഏറ്റവും ആധുനികമായ ക്ഷേത്രവും ഹിന്ദുവിന്റേതാണ്! ലോകമഹാത്ഭുതങ്ങളിലൊന്നെന്നു കരുതപ്പെടുന്ന ലണ്ടനിലെ സ്വാമി ലക്ഷ്മീനാരായണ ക്ഷേത്രം നിര്‍മിച്ചതും വൈദികര്‍ തന്നെ. ശാസ്ത്രയുക്തമായി കാര്യങ്ങള്‍ ചെയ്യുക എന്നതിനര്‍ത്ഥം അനാചാരമായി ജീവിക്കുക എന്നല്ല. തത്ത്വമറിഞ്ഞ് ജീവിക്കുകയാണ് വേണ്ടത്.
ഏതു ഹിന്ദുദേവതയെ എടുത്താലും അവയ്‌ക്കെല്ലാം ചില അടിസ്ഥാന ഭാവങ്ങളുണ്ട്. എല്ലാ ദേവീദേവന്മാരുടേയും ഒരു കാല്‍ നിലത്താണ് മറുകാല്‍ മടിയിലും. ഒരേസമയം ഞാന്‍ ഈ പ്രപഞ്ചത്തിലാണ്. അതായത് പ്രാപഞ്ചികമായ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിട്ടും വിജയിച്ചുംവരിക. അതേസമയം ഞാന്‍ ഈ പ്രപഞ്ചത്തിന്റെ മായികഭാവങ്ങളില്‍ നിന്നെല്ലാം വേറിട്ട് ഈശ്വരങ്കല്‍ ജീവിക്കുക. അതാണ് ഒരു കാല്‍ നിലത്തും മറുകാല്‍ മടിയിലുമായി ദേവതകള്‍ നിലനിന്നത്.
വിശ്വാമിത്രനാല്‍ രക്ഷിക്കപ്പെടുന്ന ഈ ഭാരതം എത്രയോ അത്യുന്നതിയില്‍ വിരാജിച്ചിരുന്നെങ്കില്‍ അതിനു കാരണം ഈ മാധ്യമമാര്‍ഗമായിരുന്നു. ഒരേസമയം പ്രപഞ്ചത്തില്‍ അതേസമയം ഈശ്വരനില്‍ എന്ന കാഴ്ചപ്പാട് സര്‍വ്വതോന്‍മുഖമായ പുരോഗതി കൈവരിക്കാന്‍ അവര്‍ക്ക് ശക്തിയും ഓജസ്സും തേജസ്സും നല്‍കി. കിരീടകുണ്ഡലങ്ങളണിഞ്ഞ ദേവതകള്‍, ജ്ഞാനമുദ്രയുള്ള ദേവതകള്‍, അവര്‍ ഈശ്വരീയമായ ദര്‍ശനവും പകര്‍ന്നുനല്‍കി.
അതേപോലെ തൃശ്ശൂലം, മയില്‍പ്പീലി, തലയോട്ടി, ഉടുക്ക്, ശംഖ്, ചക്രം, ഗദ, പത്മം എന്നിങ്ങനെ നിരവധി ചിഹ്നങ്ങളും ഈ ദേവതകള്‍ക്കുണ്ടായിരുന്നു. അവയാകട്ടെ നമ്മുടെ യഥാര്‍ത്ഥശക്തിയെ പ്രകാശിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജകേന്ദ്രങ്ങളായിരുന്നു. ഇങ്ങനെ ആകെക്കൂടി നോക്കുമ്പോള്‍ മനുഷ്യന്റെ ദൈനംദിനപ്രതിസന്ധികളെ ഇല്ലാതാക്കി എല്ലാകാലത്തേക്കും സര്‍വഐശ്വര്യങ്ങളും ഉണ്ടാകുന്നതിനുള്ള മാര്‍ഗരേഖയാണ് വേദമെന്നു പറയാം. നാം ഒരു ഡിവിഡി പ്ലെയര്‍ വാങ്ങുന്നുവെന്നു കരുതുക. അതു വാങ്ങുമ്പോള്‍ എങ്ങനെ അത് ഉപയോഗിക്കണമെന്നു കാണിക്കുന്ന ഒരു പുസ്തകവും നിങ്ങള്‍ക്കു ലഭിക്കും. അതുപോലെ തന്നെയാണ് സൃഷ്ടിയുടെ ആദിയില്‍ ഈ പ്രപഞ്ചത്തെ സംബന്ധിച്ച സര്‍വ്വ അറിവും ഉള്‍ക്കൊള്ളുന്ന ഒരു അറിവ് നമുക്ക് ഈശ്വരന്‍ കനിഞ്ഞുനല്‍കിയത്. ആ അറിവിനെയാണ് വേദം എന്നു പറയുന്നത്. 'വേദം' എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അറിവ് എന്നായതിനു കാരണവും അതു തന്നെ. എല്ലാ വസ്തുക്കളിലും അതതിനെ സംബന്ധിച്ച അറിവും കൂടെയുണ്ട്. ഉദാഹരണത്തിന് പഞ്ചസാര എടുക്കുക. C12H22O11 എന്ന വിജ്ഞാനം പഞ്ചസാര എവിടെയുണ്ടോ അവിടെയെല്ലാം ഉണ്ട്.
ലോകത്തിലെ എല്ലാ അറിവുകളും അതതു വസ്തുക്കളില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്നു. ഇതുകൊണ്ടാണ് തൂണിലും തുരുമ്പിലും ഈശ്വരന്‍ ഉണ്ടെന്നു പറയുന്നതും! അറിവിനെ ഈശ്വരന്‍ എന്നു തന്നെയാണ് വേദങ്ങള്‍ വിളിക്കുന്നത്. അപ്പോള്‍ എല്ലാ തരത്തിലുമുള്ള അറിവ് വേദത്തിലുണ്ടെന്നു പറയുമ്പോള്‍ ഇന്നു പുസ്തകരൂപത്തിലുള്ള വേദത്തില്‍ എല്ലാം ഉണ്ടെന്നല്ല. മറിച്ച് എല്ലാ വസ്തുക്കളിലും അതു സംബന്ധിച്ച അറിവും കൂടെയുണ്ടെന്നാണ്. വേദം കേവലം പുസ്തകരൂപത്തില്‍ വായിച്ചതു കൊണ്ട് ഒരു പുണ്യവും ലഭിക്കുകയില്ല. അങ്ങനെ പുസ്തകം വായിച്ചാല്‍ പുണ്യം കിട്ടുമെങ്കില്‍ ആദ്യം അതു കിട്ടേണ്ടത് പ്രൂഫ് വായിക്കുന്നവര്‍ക്കാണല്ലോ. പ്രൂഫ് വായിക്കുന്നവര്‍ക്ക് വേദം വായിച്ചതുകൊണ്ട് മോക്ഷം ലഭിച്ചതായി ഇന്നുവരെ അറിവില്ലതാനും. കാരണം പുസ്തകവായനയ്ക്ക് അപ്പുറത്ത് 'സാധന' എന്ന ഒന്നുണ്ടെന്നു സാരം. 'സാധന' ഇല്ലാതെ ഒരു വേദം പഠിച്ചതുകൊണ്ടോ വേദാന്തം പഠിച്ചതുകൊണ്ടോ ഉപനിഷത് പഠനം കൊണ്ടോ ഒന്നും നേടാന്‍ കഴിയുന്നില്ല. 'സാധന' എന്നാല്‍ തപസ്സാണ്.
(ഹിന്ദുധര്‍മ്മരഹസ്യം എന്ന പുസ്തക നിന്ന്)

No comments:

Post a Comment