ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം.

കേരളത്തിലെ അതി പ്രാചീനമായ ക്ഷേത്രങ്ങളില് ഒന്നാണ് കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. .വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്.രുധിരമഹാകാളി ആയതിനാൽ നേരിട്ട് കാണാൻ സാധിക്കുകയില്ല. ഭക്ത ജനങ്ങൾ തൊഴുന്ന ഭാഗം(വടക്ക് നിന്ന് കാണുന്ന ഭാഗം) യഥാർത്ഥതിൽ ഒരു പ്രതിബിംബം മാത്രമാണ്
ഈവിഗ്രഹം നേരിട്ട് ദർശിക്കാൻ പാടില്ല എന്ന വിധി ഉള്ളത് കൊണ്ടാണ് രഹസ്യ അറയിൽ ഒരു കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നു .
ആദി പരാശക്തിയെ നാല് വ്യത്യസ്ത ഭാവങ്ങളിലാണ് പരശുരാമന് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തെക്ക് കന്യാകുമാരിയില് ബാലാംബികയും പടിഞ്ഞാറ് കൊടുങ്ങല്ലൂരില് ലോകാംബികയായും വടക്കു കൊല്ലൂരില് മൂകാംബികയും കിഴക്കു കരിമലയില് ഹേമാംബികയുമായാണ് ദേവി കുടികൊള്ളുന്നത്.
ഭദ്രകാളിയെ ഒരിടത്തും കുടിയിരുത്താന് കഴിയാതിരുന്ന കാലത്ത് വളരെയധികം താന്ത്രികവിദ്യകള് പ്രയോഗിച്ച് ആദ്യമായി കുടിയിരുത്താന് കഴിഞ്ഞത് കൊടുങ്ങല്ലൂരിലാണത്രേ... ഈ ക്ഷേത്രത്തില് നിന്ന് ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ള നൂറ് കണക്കിന് ശ്രീ ഭദ്രകാളീ ക്ഷേത്രങ്ങള് ഇന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്.
കൊടുങ്ങല്ലൂരില് ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ക്ഷേത്രനാഥന് ശിവനാണ്. ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്തി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
രുരുജിത്ത് സംവിധാനത്തിലാണ് ഇവിടെ ക്ഷേത്രപ്രതിഷ്ഠ. ഇതേ വിധി പ്രകാരമാണ് ഇവിടെ പൂജയും പൂജാകര്മ്മങ്ങളും നടക്കുന്നത്. രുരു എന്ന അസുരനെ ജയിക്കാന് യോഗമായ പ്രത്യേക സ്വരൂപത്തില് ആവിര്ഭവിച്ചതാണ് രുരുജിത്ത് ദേവതാഭാവത്തിന്റെ സങ്കല്പം. ഈ വിധത്തില് പ്രതിഷ്ഠിക്കുമ്പോൾ കാര്മ്മികന്റെ കഠിന തപസ്യയും കര്മ്മത്തിനാവശ്യമായ അതിനിപുണതയും ആവശ്യമാണ്. ഇതനുസരിച്ച് ശിവനെ സ്വതന്ത്രനായി കിഴക്കോട്ടഭിമുഖമായി പ്രതിഷ്ഠിക്കുന്നു.
കൊടുങ്ങല്ലുര് ഭഗവതി ക്ഷേത്രത്തിന് കണ്ണകി സങ്കല്പവുമായി ബന്ധപ്പെട്ട് ഒരു ഹെതീഹ്യമുണ്ട്. ഇളംകോവടികളുടെ ചിലപ്പതികാരത്തിലെ പതിവ്രതയായ നായികയാണ് കണ്ണകി. ഈ കണ്ണകിയെ പത്തിനി ദേവിയായി എ.ഡി രണ്ടാം നൂറ്റാണ്ടില് ചേരസാമ്രാജ്യ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില് ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിഎന്നാണ് വിശ്വാസം. ദാരിക വധത്തിനുശേഷമുള്ള വിശ്വരൂപമാണ് കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ.
ദാരുകത്തിന്റെ തല, കട്ട്വംഗം, തൃശൂലം, വാള്, മണിസര്പ്പം, മട്ടകം, ഗ്രന്ഥം എന്നിവയോട് കൂടിയതാണ് അഷ്ടബാഹുക്കള്. വിഗ്രഹത്തില് അഷ്ടബാഹുക്കളുണ്ടെങ്കിലും കൈയിലെ ആയുധം പുറത്തേക്കു കാണാന് സാധിക്കില്ല. വിഗ്രഹത്തിന് പീഠത്തോടു കൂടി ആറടിയോളം ഉയരം വരും വലത്തേക്കാല് മടക്കിവെച്ച് ഇടത്തേക്കാല് താഴോട്ട് തൂക്കിയിട്ടാണ് ഇരുപ്പ്. തലയില് കിരീടം രാജകീയ പ്രൗഡിയെടുത്തു കാട്ടുന്നു. മുഖ്യ ശ്രീ കോവിലിന് കിഴക്കുഭാഗത്തായി ഒരു രഹസ്യ അറയുണ്ട്. ഈ രഹസ്യ അറയുടെ പടിഞ്ഞാറു ഭാഗത്തായുള്ള വാതില് തുറക്കുന്നത് മുഖ്യ ശ്രീകോവിലിനകത്തേക്കാണ്. ഒരിടഭിത്തികൊണ്ട് ശ്രീ കോവിലിനെ അറയില് നിന്ന് വേര്തിരിക്കുന്നു. ശങ്കരാചാര്യര് ശ്രീ ചക്രം പ്രതിഷ്ഠിച്ച ഈ രഹസ്യ അറ ശ്രീമുലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിന്റെ മധ്യത്തില് അതിപുരാതനമായ ഒരു ശിവക്ഷത്രമുണ്ട്. മകളായ കാളിയുടെ ശ്രീ കോവിലിനു മുന്നിലായി പിതാവായ ശ്രീ പരമേശ്വര പ്രതിഷ്ഠയാണിവിടെ. വടക്കോട്ട് ദര്ശനമായുള്ള ദേവിയുടെ ദാരു വിഗ്രഹവും കിഴക്കോട്ട് ദര്ശനമായുള്ള ശിവ പ്രതിഷ്ഠയും കൂടാതെ വടക്കോട്ട് ദര്ശനമായി സപ്തമാതാക്കളേയും നിര്യതികോണില് കിഴക്കോട്ട് ദര്ശനമായി ഗണപതിയേയും പടിഞ്ഞാട്ട് അഭിമുഖമായി വീരഭദ്രനേയും പ്രധാന ക്ഷേത്രത്തിന് പുറത്ത് ഈശാനകോണില് ക്ഷേത്രപാലകനേയും പ്രതിഷിഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വസൂരിമാല പ്രതിഷ്ഠയുണ്ട്. കുരുംബക്കാവിലെ പ്രധാന വഴിപാടായ ഗുരുതി നടത്തുന്നതിവിടെയാണ്.
കൊടുങ്ങല്ലൂര് ക്ഷേത്രത്തില് പ്രധാന ഉത്സവങ്ങളാണ് താലപ്പൊലി മഹോത്സവവും മീന ഭരണിയും. മകരം ഒന്നു മുതല് നാലു വരെയുള്ള നാലു ദിവസങ്ങളിലാണ് താലപ്പൊലി ആഘോഷിക്കുന്നത്. മുസിരിസ് പട്ടമമെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ചരിത്രത്തോളം പഴക്കമുള്ള ഒന്നു കുറേ ആയിരം യോഗക്കാരും കഠിന വ്രതം നോറ്റ് മലയിറങ്ങുന്ന മലയന്മാരും ആടുകളെ നടതള്ളാനെത്തുന്ന കുടുംബി സമുദായക്കാരും താലപ്പൊലിയുടെ ഭാഗമായി മാറുന്നു .
താലപ്പൊലിക്കാലത്ത് ക്ഷേത്ര നട അടക്കാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മകരം ഒന്നിന് രാവിലെ നട തുറന്നാല് മകരം അഞ്ചിന് ഉച്ച പൂജ കഴിഞ്ഞാണ് നട അടയ്ക്കുക. മുമ്പ് കാലത്ത് കാവില് ഏഴു ദിവസത്തെ താലപ്പൊലിയാണ് നടന്നിരുന്നത്. ഇന്നത് നാലായി ചുരുങ്ങി. കുരുംബക്കാവില് ദക്ഷിണേന്ത്യ മുഴുവന് അറിയാപ്പെടുന്ന ആഘോഷം മീനഭരണിയാണ്. ഭരണി ആഘോഷങ്ങള്ക്ക് തുടക്കമാകുന്നതോടെ കാവില് തൃച്ചന്ദനച്ചാര്ത്തിനെത്തുന്ന ശാക്തേയ കോമരങ്ങളുടെ ആരവമുയരുകയായി. ചെമ്പട്ട് ധരിച്ച് അരയില് അരമണി ചുറ്റി പള്ളിവാളും കാല് ചിലമ്പുമായി ഉറഞ്ഞുതുള്ളിയെത്തുന്ന കോമരങ്ങള് തലവെട്ടിപ്പൊളിച്ച് ചോരയൊഴുക്കി അമ്മയുടെ തിരുനടയില് സാഷ്ടാംഗം പ്രണമിക്കുന്ന കാഴ്ചയാണ് കാണാനാകുക.
കോഴിക്കല്ല് മൂടിക്കഴിഞ്ഞാല് കാളിയും ദാരികനുമായുള്ള യുദ്ധം തുടങ്ങിയെന്നാണ് വിശ്വാസം. ഭരണിയോടനുബന്ധിച്ച് കാവിലെത്തുന്ന കോമരങ്ങള് മൂപ്പനും മൂപ്പത്തിയുമായാണ് അറിയപ്പെടുക. കോഴിക്കല് മൂടല് മീനഭരണിയിലെ പ്രധാന ചടങ്ങാണ്. പണ്ട് കാവില് കോഴിയെ വെട്ടി ബലിയര്പ്പിച്ചിരുന്നു. പിന്നീട് കോഴി വെട്ട് നിന്നു പോവുകയും കോഴിക്കല്ല് മൂടല്കഴിഞ്ഞ് ചെമ്പട്ട് വിരിച്ച് അതിനുമേല് കോഴിയെവെച്ച് കോഴിയെ നടയിരുത്തുന്ന ഇന്നത്തെ സമ്പ്രദായം നിലവില് വരികയും ചെയ്തു. കടത്തനാട്ടിലെ തച്ചോളി തറവാട്ടുക്കാര്ക്കാണ് കോഴിയെ നടയിരുത്താനുള്ള അവകാശം.
മീനമാസത്തിലെ അശ്വതി നാളിലാണ് തൃച്ചന്ദനച്ചാര്ത്ത്. ദേവിയുടെ ശക്തി ചൈതന്യം വര്ദ്ധിപ്പിക്കുന്നതിനു ആണ്ടിലൊരിക്കല് നടത്തുന്ന പ്രത്യേക പൂജയാണിത്. ഇതിനായി പ്രത്യേകം വിളക്കും പൂജാപാത്രങ്ങളുമുണ്ട്. പരശുരാമന്റെ വിധി പ്രകാരമാണ് ഈ പൂജ. പൂജ നടത്താനുള്ള അവകാശം അടികള്ക്കാണ്. പൂജാ വിധികള് അതീവ രഹസ്യമായി വെയ്ക്കാന് അടികള് ശ്രദ്ധിക്കുന്നു.
തൃചന്ദനച്ചാര്ത്തു തുടങ്ങിയാല് ആരും തെറിപ്പാട്ട് പാടാറില്ല. മൂന്നൂ മണിക്കൂറോളമാണ് പൂജ നടക്കുന്നത്. ശാക്തേയ സങ്കല്പമാണിത്. പൂജയില് മൂടുവെട്ടിയ കരിക്കും തൃമധുരവുമാണ് നിവേദ്യം. ബിംബത്തില് മഞ്ഞള്പ്പൊടി ആടിക്കുന്നു.കരിക്കിന് വെള്ളത്തില് മഞ്ഞള്പ്പൊടി ചേര്ത്ത് കുഴച്ച് ബിംബത്തില് ചാര്ത്തുന്നു. മത്സ്യം എന്ന സങ്കല്പത്തില് വെള്ളത്തില് മത്സ്യത്തെ വരച്ച് ദേവിക്കു തര്പ്പണവും തെറിപ്പാട്ട് മൈഥനവുമാണ്. ഇപ്രകാരം സമര്പ്പിക്കുന്ന പൂജയാണ് ശാക്തേയ പൂജ. ഈ പൂജ അശ്വനി ദേവകളുടെ സാന്നധ്യത്തില് നടക്കുന്നുവെന്നു സങ്കല്പം. തൃച്ചന്ദനച്ചാര്ത്ത് കഴിഞ്ഞ് നട തുറക്കുമ്പോള് ദര്ശനം നടത്തുന്നത് ഏറ്റവും ശ്രേയസ്ക്കരമെന്നാണ് വിശ്വസം.
തൃച്ചന്ദനച്ചാര്ത്ത് കഴിയുന്നതോടെ തമ്പുരാന് പട്ടുകൊട നിവര്ത്തി പിടക്കുന്നതൊടെ കാവുതീണ്ടല് ചടങ്ങിന് അവകാശിയായ പാലയ്ക്കല് വേലന് ക്ഷേത്രത്തില് ചെമ്പുതകിടില് തട്ടി കാവു തീണ്ടുന്നു. തുടര്ന്ന് വിവിധ തറകളില് നിലയുറപ്പിച്ചിട്ടുള്ള കോമരങ്ങളും ദേവീ ഭക്തരും ക്ഷേത്രത്തിനു ചുറ്റും ചെമ്പുപലകയില് അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് മൂന്നു പ്രദക്ഷിണം വെയ്ക്കുന്നു. കാവു തീണ്ടലിന് മുമ്പ് അല്പ സമയം കാവ് നിശബ്ദമായിരിക്കും. ഈ സമയം മൂന്നു കൃഷ്ണപരുന്തുകൾ ക്ഷേത്ര മുറ്റത്തെ ആലുകള്ക്കു മുകളിലും ഗോപുരത്തിനു മുകളിലും വട്ടമിട്ടു പറക്കും.ഭരണിക്കാലത്ത് പ്രസാദം ഉണക്ക ചെമ്മീനും പൊരിയുമാണ്. കോമരങ്ങള്ക്കിത് രോഗദുരിതങ്ങള്ക്കുള്ള ഔഷധമാണ്. കാവില് നിന്ന് കോമരങ്ങള് മടക്ക യാത്ര ആരംഭിക്കുന്നതോടെ സന്ധ്യക്കു ചെറുമികളുടെ തെയ്യാട്ടവും മുടിയാട്ടവും നടക്കുന്നു. പിറ്റേ ദിവസം പ്രഭാതത്തിലാണ് മീനഭരണിയാഘോഷം നടക്കുന്നത്. അശ്വതിക്കു കാവുതീണ്ടല് കഴിഞ്ഞ് നടയടക്കും. ഭരണി ദിവസം കാലത്ത് ഒരു പൂജ മാത്രം. അന്നു വരിയരി പായസം വച്ച് ദേവിക്കു നിവേദിക്കും. ഇതൊരു പത്യാഹാരമാണ്. ഭരണി കഴിഞ്ഞ് ആറാം ദിവസമാണ് നടതുറപ്പ്. മറ്റു ദിവസങ്ങളില് ഒരോ യാമങ്ങളിലും ഓരോ പൂജ. പണ്ടു കാലത്ത് ഭണ്ഡാരത്തറയിലെ തുരങ്കത്തിലൂടെ വന്ന് അടികള് പൂജ നടത്തിപോകും. ഇന്ന് കിഴക്കേ നടയിലൂടെ എത്തിയാണ് പൂജ നടത്തുന്നത്. നടത്തുറപ്പിന്റെ അന്ന് ഏഴാം യാമത്തിലാണ് പൂജ. അതോടെ കുരുംബക്കാവ് സാധാരണ ദിവസങ്ങളിലേക്കും പൂജാദികര്മ്മങ്ങളിലേക്കും മടങ്ങിയെത്തുന്നു.

1 comment: