ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2016

സീതാദേവി

സീതാദേവി

ലോകം ഇതുവരെ അറിഞ്ഞിട്ടുള്ള ഏറ്റവും മഹത്തായ ഗുണവതിയും പുണ്യവതിയുമാണ് സീതാദേവി. സീതയില്‍ സൗന്ദര്യം പരിശുദ്ധിയോടും,  ലാളിത്യത്തോടും, ഭക്തിയോടും തന്‍റെ ഭര്‍ത്താവിനോടുള്ള പരിശുദ്ധവും ആത്മാര്‍ത്ഥവുമായ വിശ്വസ്തതയോടും കൂടി കലര്‍ന്നിരിക്കുന്നു. ഭാരതീയര്‍ സീതയെ ദേവിയായി – മഹാലക്ഷ്മിയുടെ അവതാരമായി ആരാധിക്കപ്പെടുന്നു.
സീതാദേവി മാതൃകാ പത്നിയായിരുന്നു. ഭര്‍ത്താവായ ശ്രീരാമചന്ദ്രനോടുള്ള ആദമ്യമായ ഭക്തിയാല്‍ അവര്‍ ലോകവിശ്രുതയായിത്തീര്‍ന്നു.
കീര്‍ത്തിമാനും മഹാനുമായ ജനക മഹാരാജാവിന്റെ വത്സലപുത്രിയായിരുന്നു ജാനകീദേവി യജ്ഞം നടത്തുവാന്‍ വേണ്ടി ജനക മഹാരാജാവ് നിലം ഉഴുതപ്പോള്‍ സീത ഭൂമിക്കടിയില്‍ കാണപ്പെട്ടു. നാരദ മഹര്‍ഷിയില്‍ നിന്നും സാതാരഹസ്യം കേട്ട ജനകന്‍ ഭക്തി വാത്സല്യത്തോടെ സീതയെ വളര്‍ത്തി. അസാധാരണ വലിപ്പമുള്ള മഹത്തായ ശൈവചാപം – ത്രൈയംബകം – കുലച്ചുമുറിച്ച ശ്രീരാമചന്ദ്രന് സീതയെ വിവാഹം ചെയ്തു കൊടുത്തു.
സീത സാധാരണയായ സ്ത്രീയായിരുന്നില്ല. വിശ്വസ്തയായ പത്‌നിയുടെ ധര്‍മ്മങ്ങള്‍ പിതാവില്‍ നിന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
പിതാവായ ദശരഥമഹാരാജാവിന്റെ സത്യത്തെ പരിപാലിക്കുവാന്‍ പതിനാലു സംവത്സരം കാനനവാസത്തിന് പുറപ്പെടുന്നതിനുമുമ്പ് ശ്രീരാമചന്ദ്രന്‍, സീതയോട് രാമമാതാവായ കൗസല്യയെ ശുശ്രൂഷിച്ച് കൊട്ടാരത്തില്‍ താമസിക്കുവാന്‍ പറയുമ്പോള്‍ ഹൃദയത്തെ ഉണര്‍ത്തുന്ന സീതയുടെ മറുപടിയാണ് ചുവടെ ചേര്‍ക്കുന്നത്.
‘അല്ലയോ ആര്യപുത്രാ! അച്ഛന്‍, അമ്മ, പുത്രന്‍, പുത്രി, സഹോദരന്‍, സഹോദരി ഇവരെല്ലാം സ്വന്തം കര്‍മ്മത്താല്‍ ജീവിക്കുന്നു. ഭാര്യമാത്രമാണ് വിധിയില്‍ പങ്കാളിയാകുന്നത്. ഒരു സ്ത്രീയുടെ സര്‍വ്വവും അവളുടെ ഭര്‍ത്താവുമാത്രമാണ്. ഒരു സ്ത്രീ ആഡംബരങ്ങളെയോ സുഖഭോഗങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്റെ പ്രിയതമന്റെ പാദപത്മങ്ങളുടെ നിഴലാണ്. ഭര്‍ത്താവിനു സമമായി ലോകത്ത് അവള്‍ക്ക് ഒന്നുമില്ല. പ്രാണനില്ലാത്ത ദേഹവും ജലമില്ലാത്ത നദിയും പോലെയാണ് ഭര്‍ത്താവില്ലാത്ത സ്ത്രീ. കുട്ടിക്കാലത്ത് ഞാന്‍ പഠിച്ച ഈ ധര്‍മ്മങ്ങള്‍ ഞാന്‍ തീര്‍ച്ചയായും ഇപ്പോള്‍ ആചരിക്കും. അല്ലയോ ദേവാ! അങ്ങില്ലാതെയുള്ള അവസ്ഥയില്‍ ആഭരണം അണിയുന്നത് ഒരു ഭാരവും ലൗകിക സുഖഭോഗം ഒരു രോഗവുമാണ്. എന്റെ ഭര്‍ത്താവിന് ചെയ്യേണ്ട കടമകളെപ്പറ്റി ചിന്തിച്ചുകൊണ്ട് ഞാന്‍ കാനനത്തില്‍ അങ്ങുമായി കൊട്ടാരത്തിലെന്നപോലെ ജീവിക്കും. എന്റെ ജീവനാണ് അങ്ങ്. അല്ലയോ ദേവാ എനിക്ക് അങ്ങില്ലാത്ത ഒരു നിമിഷംപോലും ജീവിക്കാന്‍ വയ്യാ’
ശ്രീരാമചന്ദ്രന്‍ അതിന് മറുപടി പറഞ്ഞു. ‘പ്രിയേ മിഥിലജേ! നിന്നെ ഞാന്‍ എന്റെ കൂടെ വനത്തിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഘോരസിംഹവ്യാഘ്രസൂകര സൈരഭിവാരണ്യവ്യാള ഭല്ലൂക വൃകാദികള്‍, കൂടാതെ മാനഷഭോജികളായ രാക്ഷസന്മാരും മറ്റ് ദുഷ്ടജന്തുക്കളും സംഖ്യയില്ലാതോളമുണ്ട്. പുളിയുള്ള പഴങ്ങളും, വേരുകളും, കിഴങ്ങുകളുമില്ലാതെ കാട്ടില്‍ നിനക്ക് മറ്റു ഭക്ഷണമൊന്നും ലഭിക്കുകയില്ല. കല്ലും മുള്ളും നിറഞ്ഞ വന്‍കാട്ടില്‍ കൊടും തണുപ്പും കൊടുംകാറ്റും ഉണ്ടായിരിക്കും. അതുകൊണ്ട് മാതാവിനെ പരിചരിച്ച് കൊട്ടാരത്തില്‍ കഴിയുക. പതിന്നാലു സംവത്സരം തികഞ്ഞാല്‍ ഉടന്‍തന്നെ ഞാന്‍ തിരിയെ വരും’.
സീതാദേവി തന്റെ നിശ്ചയത്തില്‍ നിന്നും ഒട്ടും ചലിച്ചില്ല ദേവി പറഞ്ഞു ‘ദേവാ! അങ്ങു പറഞ്ഞ കഷ്ടതകള്‍ എല്ലാം നല്ല ഗുണങ്ങളായിട്ടാണ് എനിക്കു തോന്നുന്നത്. പുഷ്പങ്ങളേക്കാള്‍ മൃദുലമായിരിക്കും മുള്ളുകള്‍. ദുഷ്ടജന്തുക്കള്‍ക്കും, രാക്ഷസര്‍ക്കും ഞാന്‍ അങ്ങയുടെ കൂടെയായിരിക്കുമ്പോള്‍ എന്നെ തൊടുവാന്‍ ധൈര്യമുണ്ടായിരിക്കയില്ല. അങ്ങയുടെ കൂടെ എവിടെയായിരുന്നാലും അത് എനിക്ക് കൊട്ടാരത്തിലുള്ള വാസം പോലെയാണ്. വല്ലഭോച്ഛിഷ്ടം എനിക്കു അമൃതിനു സമമാണ്. ഞാന്‍മൂലം ഒരു പീഡയുമുണ്ടാകയില്ല ഭീതിയും എനിക്ക് അശേഷമില്ല. ഭര്‍ത്താവിനോടുകൂടി വനത്തില്‍ വസിക്കുന്നതിനു അവസരമുണ്ടാകുമെന്ന് ജ്യോതിശാസ്ത്രന്‍ പണ്ടു പറഞ്ഞിട്ടുമുണ്ട്. ഭാര്‍ത്താവിനോടു പിരിയാതെ മരണംവരെ ജീവിക്കണമെന്നാണ് പാണിഗ്രഹണമന്ത്രം അനുശാസിക്കുന്നത്. അതുകൊണ്ട് അങ്ങ് തനിച്ച് എന്നെ കൂടാതെ വനത്തില്‍ പോവുകയാണെങ്കില്‍ ഞാന്‍ എന്റെ ജീവനെ ത്യജിക്കുമെന്ന് അങ്ങയെ സാക്ഷിയാക്കി ശപഥം ചെയ്യുന്നു’. സീതയുടെ പ്രേമവും ഭക്തിയും കണ്ട് സന്തുഷ്ടനായ ശ്രീരാമചന്ദ്രന് സീതാദേവിയുടെ ഇംഗിതത്തിനു വഴങ്ങേണ്ടിവന്നു.
താങ്ങാനാവത്ത കഷ്ടതകളുടെ നടുവിലും സീതാദേവി ഹര്‍ഷഭരിതയായിരുന്നു. വ്യക്തിപരമായ സര്‍വസുഖങ്ങളും ഉപേക്ഷിച്ച് രാമനോടുകൂടി സീത കാട്ടില്‍പോയി. രാവണന്‍ സീതയെ കട്ടുകൊണ്ടു ലങ്കയില്‍ പോയി. അശോകവനത്തിലെ രാക്ഷസസ്ത്രീകള്‍ സീതയോടു നിന്ദ്യമായി പെരുമാറി. രാവണന്‍ സീതയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ലോകാപവാദവും അപകീര്‍ത്തിയും, നാണക്കേടും സീതയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. അവരുടെ ചാരിത്ര ശക്തിയാല്‍ എല്ലാ ദുഃഖങ്ങളും, ദുരിതങ്ങളും വീരോചിതമായി സഹിച്ചു. എന്തൊരു ശക്തമായ സാന്മാര്‍ഗിക വീര്യവും ആത്മശക്തിയുമാണ് സീതയക്കുണ്ടായിരുന്നത്! എല്ലാ നിരീക്ഷണവും പരീക്ഷണവും സഹിച്ച സീത ഒടുവില്‍ അഗ്നിപരീക്ഷയ്ക്കു വിധേയയാക്കുകയും, പരിശുദ്ധയാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.....

No comments:

Post a Comment