വിക്രമാദിത്യസദസ്സിലെ പണ്ഡിതസഭയിലെ ഒരാളായിരുന്നു സകലശാസ്ത്രപാരംഗനും പൌരാണികനുമായിരുന്ന വരരുചി. ഒരിക്കല്‍ മഹാരാജാവ് രാമായണത്തിലെ ഏറ്റവും പ്രധാനമായ വാക്യവും ശ്ലോകവുമേതാണു എന്നു എല്ലാവരോടുമായി ചോദിക്കുകയും ആര്‍ക്കും ഉത്തരം പറയാനാവാതെ വരുകയും ചെയ്തു. കൃത്യമായ ഉത്തരം പറയുന്നതിനുവേണ്ടി 41 ദിവസത്തെ സാവകാശം ചോദിച്ചുകൊണ്ട് വരരുചി കൊട്ടാരം വിട്ടിറങ്ങി. പലസ്ഥലങ്ങളിലും സഞ്ചരിച്ച് പല വിദ്വാന്മാരോടും അന്യോഷിച്ചെങ്കിലും അവര്‍ പറഞ്ഞ മറുപടികളില്‍ തൃപ്തനാവാതെ വരരുചി സഞ്ചാരം തുടര്‍ന്നു. രാജാവിനോടുപറഞ്ഞ ദിനമെത്താറായതോടെ ആകെ വിഷണ്ണനായ വരരുചി ഒരു വനാന്തര്‍ഭാഗത്തുകണ്ട ആല്‍ത്തറയില്‍ കയറിക്കിടന്നു. വനദേവതമാരെ പ്രാര്‍ത്ഥിച്ചുകൊണ്ട് കിടന്ന അദ്ദേഹം ക്ഷീണം കാരണം അല്‍പ്പസമയത്തിനകം ഉറക്കമാവുകയും ചെയ്തു.
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ വരരുചി കണ്ണുതുറന്നു. പിന്നീട് ഉറക്കം വരാതെ അദ്ദേഹം അതേപടി കിടന്നു. ഈ സമയം ആകാശചാരികളായ ചില ദേവതമാര്‍ അവിടെയെത്തിച്ചേരുകയും ആല്‍മരത്തില്‍ സ്ഥിരവാസം ചെയ്യുന്ന ദേവതമാരുമായി വര്‍ത്തമാനം ചെയ്യുന്നതും വരരുചികേട്ടു. നിങ്ങള്‍ എവിടേപ്പോയിട്ട് വരുന്നതാണെന്ന്‍ ആല്‍മരത്തില്‍ സ്ഥിരതാമസമാക്കിയിരുന്ന ദേവതമാരിലൊരാള്‍ അപ്പോള്‍ അവിടെ വന്നുചേര്‍ന്ന ദേവതമാരോടായിചോദിച്ചപ്പോള്‍ അടുത്തൊരു പറയന്റെ വീട്ടില്‍ ഒരു പ്രസവമുണ്ടായിരുന്നു. അതിന്റെ ചോരയും നീരും കുടിയ്ക്കാനായി പോയതായിരുന്നുവെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് മാം വിദ്ധി എന്നറിഞ്ഞുകൂടാത്ത മൂഡശ്ശിരോമണിയായ വരരുചിയായിരിക്കും എന്നും ദേവത മറുപടിപറഞ്ഞു. ബുദ്ധിശാലിയായിരുന്ന വരരുചിക്ക് ദേവതമാരുടെ വാക്കു കേട്ടപ്പോള്‍ അടക്കാനാവാത്ത ആഹ്ലാദവും അതേപോലെ തന്നെ സന്താപവും ഹൃദയത്തിലങ്കുരിച്ചു. താന്‍ ഇത്രയും നാളും തേടിയലഞ്ഞ ഉത്തരം ലഭിച്ചപ്പോളുണ്ടായ സന്തോഷത്തെ തനിക്ക് ജാത്യാധഃപതനം സംഭവിക്കുമല്ലോ എന്ന ചിന്ത സന്താപമായി മാറ്റിച്ചു. വരുന്നതുപോലെ കാണാമെന്നോര്‍ത്ത് വരരുചി രാജകൊട്ടാരത്തിലേയ്ക്ക് നടന്നു.
നാല്‍പ്പത്തിഒന്നു ദിവസം പൂര്‍ത്തിയായിട്ടും വരരുചിയെ കാണാതെയായപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം രാജാവും ഖിന്നനായി. ആ മുഹൂര്‍ത്തത്തിലാണു വരരുചി രാജസദസ്സില്‍ എത്തിചേര്‍ന്നത്. രാമായണത്തിലെ ഏറ്റവും മികച്ച ശ്ലോകം
"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"
ആണെന്നും അതിലെ മാം വിദ്ധി ജനകാത്മജാം എന്നതാണു ഏറ്റവും പ്രധാനപ്പെട്ട വാക്യമെന്നും വരരുചി രാജസദസ്സില്‍ പറഞ്ഞു. മാത്രമല്ല ആ ശ്ലോകത്തെ പത്ത് വിധത്തില്‍ വ്യാഖ്യാനിച്ചുകേള്‍പ്പിക്കുകയും ചെയ്തു. എല്ലാം കേട്ട രാജാവും സദസ്സും വരരുചി പറഞ്ഞതാണ് കൃത്യമെന്ന്‍ സമ്മതിച്ച് തലകുലുക്കുകയും രാജന്‍ വരരുചിക്ക് ഒട്ടുവളരെ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് വരരുചി രാജാവിനെ സമീപിച്ച് തലേരാത്രിയില്‍ ഇന്ന സ്ഥലത്ത് ഒരു പറക്കുടിയില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിട്ടുണ്ട്, ആ കുട്ടിക്ക് മൂന്നു വയസാകുമ്പോഴേയ്ക്കും രാജ്യം നശിക്കും,അതുകൊണ്ട് ആ കുട്ടിയെ കൊന്നുകളയുന്നതാണുചിതം എന്നു സ്വകാര്യമായി രാജാവിനെയറിയിച്ചു. ബാലികാനിഗ്രഹം മഹാപാപമാണെന്നുവരികിലും മഹാബ്രാഹ്മണനായ വരരുചിയുടെ വാക്കുകള്‍ ധിക്കരിക്കണ്ട എന്നുകരുതിയ രാജാവ് മറ്റുള്ളവരുമായി കൂടിയാലോചിച്ച് വാഴപ്പിണ്ടികൊണ്ട് ഒരു ചങ്ങാടമുണ്ടാക്കിയിട്ട്, ആ കുഞ്ഞിന്റെ തലയില്‍ ഒരു ചെറുപന്തവും കൊളുത്തിക്കുത്തി ചങ്ങാടത്തില്‍ കിടത്തി നദിയിലൊഴുക്കിക്കളയുവാന്‍ ചട്ടം കെട്ടി കിങ്കരമ്മാരെ അയച്ചു. രാജകിങ്കരന്മാര്‍ ഉത്തരവ് അതേപടി നടപ്പാക്കിയിട്ട് കൊട്ടാരത്തില്‍ മടങ്ങിയെത്തുകയും തനിക്ക് സംഭവിക്കാമായിരുന്ന പോകുന്ന അധ:പതനം ഒഴിവായതില്‍ വരരുചി സന്തോഷിക്കുകയും ചെയ്തു.
കാലം കടന്നുപോകവേ ഒരുനാള്‍ വരരുചി സഞ്ചാരമധ്യേ ക്ഷീണം തീര്‍ക്കാനായി സമീപം കണ്ട ഒരു ബ്രാഹ്മണ ഗൃഹത്തിലേക്ക് ചെന്നുകയറുകയും തനിക്ക് ആഹാരപാനീയങ്ങള്‍ എന്തെങ്കിലും നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. കുളികഴിഞ്ഞുവരുമ്പോഴേയ്ക്കും എല്ലാം തയ്യാറാക്കാം എന്ന്‍ ആ വീട്ടുകാരന്‍ പറഞ്ഞതുകേട്ട് അയാളുടെ ബുദ്ധിശക്തിയൊന്നളക്കാനായി വരരുചി ഇപ്രകാരം പറഞ്ഞു.
"എനിക്ക് കുളികഴിഞ്ഞുടുക്കുവാന്‍ വീരാളിപ്പട്ടുവേണം,നൂറുപേര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുവേണം എനിക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമല്ല ഊണിനു നൂറ്റിയെട്ടുകൂട്ടം കറികള്‍ വേണം.ഊണുകഴിഞ്ഞാല്‍ മൂന്നുപേരെതിന്നണം നാലുപേര്‍ എന്നെ ചുമക്കുകയും വേണം"
വരരുചിയുടെ പറച്ചില്‍ കേട്ട വീട്ടുകാരനായ ബ്രാഹ്മണണ്‍ ആകെ അന്തിച്ചുപോയി. അപ്പോള്‍ വീട്ടിനകത്തുനിന്നും ഒരു കന്യക
"അദ്ദേഹത്തൊട് കുളിച്ചുവരാന്‍ പറയൂ അപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ എല്ലാം ഇവിടെ തയ്യാറായിരിക്കും"
എന്നു വിളിച്ചുപറഞ്ഞു. വരരുചി കുളിക്കുവാന്‍ പോയപ്പോള്‍ അന്ധാളിച്ചുനിന്ന ബ്രാഹ്മണനോടായി പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞു.
"അച്ഛാ അദ്ദേഹം ചോദിച്ചത് അത്ര പ്രയാസമുള്ള കാര്യങ്ങളൊന്നുമല്ല. കുളികഴിഞ്ഞു വരുമ്പോള്‍ ഉടുക്കുവാന്‍ വീരാളിപ്പട്ടുവേണം എന്നു പറഞ്ഞതിനര്‍ത്ഥം ഉടുക്കുവാന്‍ പുതിയ കോണകം വേണമെന്നാണു. പിന്നെ നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നതിനര്‍ത്ഥം വൈശ്യം കഴിക്കണമെന്നാണു. വൈശ്യം കഴിക്കുന്നതിലൂടെ നൂറുദേവന്മാരുടേ പ്രീതിയുണ്ടാകുമെന്നാണല്ലോ. നൂറ്റിയെട്ടുകൂട്ടം കറികള്‍ വേണമെന്നതിനര്‍ത്ഥം ഊണിനു ഇഞ്ചിക്കൂട്ടാന്‍ വേണമെന്നാണ്. ഇഞ്ചിക്കറി നൂറ്റിയെട്ടുകൂട്ടാനു തുല്യമെന്നാണു പറയപ്പെടുന്നത്. പിന്നെ മൂന്നുപേരെ തിന്നണമെന്ന്ത് വെറ്റിലയും അടയ്ക്കയും പുകയിലയും കൂട്ടിയുള്ള മുറുക്കും നാലുപേര്‍ ചുമക്കണമെന്നതിനര്‍ത്ഥം കിടക്കുവാന്‍ ഒരു കട്ടിലുവേണമെന്നുമാണ്. ഈ കാര്യങ്ങള്‍ ഒരുക്കുവാന്‍ അത്ര പ്രയാസമുണ്ടോ?"
മകളുടെ വിശദീകരണത്തില്‍ തൃപ്തനായ ബ്രാഹ്മണന്‍ അപ്പോള്‍ തന്നെ ആക്കാര്യങ്ങളെല്ലാമൊരുക്കുകയും കുളികഴിഞ്ഞുവന്ന വരരുചിയെ എല്ലാം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തു. താന്‍ പറഞ്ഞ കാര്യത്തിന്റെ ഗൂഡാര്‍ത്ഥം മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിക്കാനിടയായത് ആ കന്യകയുടെ ബുദ്ധിശക്തികൊണ്ടാണെന്ന്‍ മനസ്സിലാക്കിയ വരരുചി ആ കന്യകയെ തനിക്ക് വിവാഹം കഴിച്ചു നല്‍കണമെന്ന്‍ ബ്രാഹ്മണനോടായി ആവശ്യപ്പെടുകയും അടുത്തൊരു ശുഭമുഹൂര്‍ത്തത്തില്‍ വരരുചി ആ കുട്ടിയെ വിവഹം കഴിച്ചു സ്വഗൃഹത്തിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.
വിവാഹനന്തരം സസുഖം കഴിഞ്ഞുവരവേ ഒരുനാള്‍ വരരുചി തന്റെ പ്രിയതമയുടെ തലമുടി ഭംഗിയായി ചീകിക്കെട്ടുവാന്‍ സഹായിച്ചുകൊണ്ടിരിക്കവേ തലയുടെ മധ്യഭാഗത്തായി ഒരു വ്രണമുണങ്ങിയ പാടുകാണുകയും അതെന്താണെന്ന്‍ ചോദിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ പണ്ട് ഒരു വാഴപ്പിണ്ടി ചങ്ങാടത്തില്‍ നദിയില്‍ കൂടെ ഒഴുകിവരുന്നസമയത്ത് തന്റെ വളര്‍ത്തുപിതാവിനു ലഭിച്ചതാണെന്നും തലയില്‍ തറച്ചിരുന്ന ഒരു പന്തത്തിന്റെ പാടാണു കാണുന്നതെന്നും ആ സാധ്വി ഭര്‍ത്താവിനോടായി പറഞ്ഞു. ഈ വാര്‍ത്തകെട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്ക് ഇത് പണ്ട് താന്‍ ഒഴിവാക്കിയെന്ന്‍ വിശ്വസിച്ചിരുന്ന അതെ പറയപ്പെണ്‍കുട്ടിതന്നെയാണെന്ന്‍ ബോധ്യപ്പെടുകയും വിധിയെ തടുക്കാനാവില്ല എന്നു സമാധാനിച്ചുകൊണ്ട് ആയുഷ്ക്കാലം മുഴുവന്‍ ദേശസഞ്ചാരം നടത്താമെന്ന്‍ വിചാരിച്ചു ഭാര്യയുമൊത്ത് യാത്ര തുടങ്ങുകയും ചെയ്തു.
ഓരോരോ ദിക്കുകളില്‍ സഞ്ചരിക്കവേ വരരുചിയുടെ ഭാര്യ ഗര്‍ഭം ധരിക്കുകയും ഗര്‍ഭം പൂര്‍ണ്ണമായി വേദനയാരംഭിച്ചപ്പോള്‍ സഞ്ചാരമധ്യേകണ്ട കാട്ടിനകത്തുകയറി പ്രസവിച്ചുകൊള്ളാന്‍ വരരുചി പറയുകയും ആ സ്ത്രീ അതേപടി ചെയ്തു അല്‍പ്പസമയത്തിനകം പ്രസവിക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി വിളിച്ചുചോദിച്ചു. വായുണ്ട് എന്ന്‍ ഭാര്യ പറഞ്ഞതുകേട്ട് വായുള്ള കുഞ്ഞിനു ഇരയും ദൈവം കല്‍പ്പിച്ചിട്ടുണ്ട് അതുകൊണ്ട് ആ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കുക എന്ന്‍ വരരുചി പറയുകയും ആ സ്ത്രീ അപ്രകാരം ചെയ്യുകയും ചെയ്തു. ഇങ്ങിനെ പലപ്പോഴായി പതിനൊന്നുവട്ടം ആ സ്ത്രീ പ്രസവിക്കുകയും ആദ്യം ചോദിച്ചതുപോലെ വരരുചി ചോദ്യം ചോദിക്കുകയും വായുണ്ടെന്ന ഭാര്യയുടെ മറുപടികേട്ട് എന്നാല്‍ അതിനെ അവിടെ ഉപേക്ഷിച്ചുകൊള്ളാന്‍ വരരുചി പറയുകയുമുണ്ടായി. ഇപ്രകാരമുണ്ടായ പതിനൊന്നു കുഞ്ഞുങ്ങളേയും പതിനൊന്നു ജാതിയില്‍ പെട്ടവര്‍ക്ക് കിട്ടുകയും അതാതു ജാതികളില്‍ അവര്‍ വളരാനാരംഭിക്കുകയും ചെയ്തു.
പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായി പ്രസവശേഷം പതിവുചോദ്യം ഭര്‍ത്താവു ചോദിച്ചപ്പോള്‍ കുഞ്ഞിനു വായില്ല എന്നു ഭാര്യ പറഞ്ഞു. എന്നാല്‍ ആ കുട്ടിയെ എടുത്തുകൊള്‍ക എന്ന്‍ വരരുചി പറഞ്ഞതുകേട്ട് കുഞ്ഞിനേയുമെടുത്ത് അവര്‍ ഭര്‍ത്താവിനൊപ്പം പുറപ്പെട്ടു. അല്‍പ്പസമയം കഴിഞ്ഞുനോക്കിയപ്പോള്‍ യഥാര്‍ത്ഥമായും ആ കുഞ്ഞിനു വായില്ലാതെയായിതീര്‍ന്നിരിക്കുന്നതായും അത് പിണമായതായും അവര്‍ക്ക് മനസ്സിലായി. വിശിഷ്ടകളായ പതിവൃതാരത്നങ്ങളുടെ വാക്കുകള്‍ അസ്ത്യമായി ഭവിക്കില്ലല്ലോ. വരരുചി ആ കുഞ്ഞിനെ ഒരു കുന്നിന്‍ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ടിച്ചു. അതാണു പ്രസിദ്ധമായ വായില്ലാക്കുന്നിലപ്പന്‍. ദേശസഞ്ചാരം തുടര്‍ന്ന വരരുചിയും ഭാര്യയും ഏതോ പുണ്യസ്ഥലത്തുവച്ച് മരണമടഞ്ഞ് സ്വര്‍ഗസ്ഥരാകുകയും ചെയ്തു.
പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേര്‍
1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍
പന്തിരുകുലത്തിലെ മൂത്ത ആളും ബ്രാഹ്മണനുമായിരുന്ന മെളത്തൂര്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുവച്ചാണ് എല്ലാകൊല്ലവും മാതാപിതാക്കളുടെ ചാത്തമൂട്ട് നടത്തിയിരുന്നത്. അന്നേദിവസം വായില്ലാക്കുന്നിലപ്പനൊഴിച്ചുള്ള എല്ലാവരും അവിടെ ഒത്തുകൂടുകയും ശ്രാദ്ധമൊക്കെ ഭംഗിയായി നടത്തി പിറ്റേന്നു പിരിയുകയുമായിരുന്നു പതിവ്. ഒരു ബ്രാഹ്മണഗൃഹത്തില്‍ പാണനും പറയനും ചാത്തനുമൊക്കെ വരുന്നതില്‍ അഗ്നിഹോത്രിയുടെ അന്തര്‍ജ്ജനത്തിനും മറ്റു ബന്ധുജനങ്ങള്‍ക്കും കടുത്ത നീരസമുണ്ടായിരുന്നെങ്കിലും ഒരു ശ്രാദ്ധകാലത്ത് ഊണ് കഴിഞ്ഞ് എല്ലാവരും നടുത്തളത്തില്‍ കിടന്നുറങ്ങവേ അഗ്നിഹോത്രികള്‍ തന്റെ അന്തര്‍ജ്ജനത്തേയും മറ്റും വിളിച്ച് തന്നെ തൊട്ടുകൊണ്ട് അവരെ നോക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത അവര്‍ കണ്ടത് പന്തിരുകുലത്തിലെ അംഗങ്ങളെല്ലാം ശംഖുചക്രഗദാപത്മാദികളായ ആയുധങ്ങളോടെ ചതുര്‍ബാഹുക്കളായി അനന്തന്റെ പുറത്ത് ശയിക്കുന്നതാണ്. വിസ്മയാകുലരായ അവര്‍ക്ക് പറയിപെറ്റ പന്തിരുകുലത്തിന്റെ മഹിമ ബോധ്യപ്പെടുകയും പിന്നീടൊരിക്കലും അവരോടുള്ള മുഷിവ് കാട്ടുകയും ചെയ്യുകയുണ്ടായിട്ടില്ല.
പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരുടേയും പേരുകള്‍ ചേര്‍ത്തുള്ള ഒരു ശ്ലോകം തഴെ ചേര്‍ക്കുന്നു.
"മേളത്തൂര്‍ അഗ്നിഹോത്രി രജകനുളിയന്നൂര്‍-
തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്ങത്തെഴും പാണനാരും
നെരേ നാറാണത്തുഭ്രാന്തനുമുടനകവൂര്‍
ചാത്തനും പാക്കനാരും"
No comments:
Post a Comment