ഓണചൊല്ലുകള്‍
ഓണമൊഴികള്‍ പണ്ടുകാലങ്ങളില്‍ നാട്ടില്‍ പറഞ്ഞ് കേട്ടിരുന്ന കുറച്ച് ഓണമൊഴികള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി
ചിങ്ങ മാസത്തിലെ തിരുവോണവും ആണ്‍കുട്ടിയുടെ പിറവിയും ആഘോഷിക്കുന്ന കേരളീയരുടെ പതിവാണ് ഈ പഴഞ്ചൊല്ലിനു പിന്നില്‍. കോരന് എന്നാല്‍ ദരിദ്രന് എന്നു വിവക്ഷ. ദരിദ്രന് എന്നും ദരിദ്രന് തന്നെയെന്നാണ് ഈചൊല്ലു കൊണ്ടര്‍ത്ഥമാക്കുന്നത്. ഓണം പോലുള്ള ആഘോങ്ങളോ കുട്ടി പിറക്കുന്നതു പോലുള്ള വിശേഷാവസരങ്ങളോ പണമില്ലത്താവര്‍ക്കു പ്രത്യേകമായൊന്നും നല്‍കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണിവിടെ. വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയന്‍മാര്‍ക്കു കഞ്ഞികൊടുത്തിരുന്ന സമ്പദായത്തെയും ഈ ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു.
ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം
പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ അപ്രധാന സംഗതികള്‍ കൊണ്ടു വരരുതെന്നാണ് ഈ ചൊല്ലുകൊണ്ടര്‍ത്ഥമാക്കുന്നത്.ഓണത്തിനു മലയാളികള്‍ നല്കുന്ന വന്‍ പ്രധാന്യത്തെയും ഇതു സൂചിപ്പിക്കുന്നു.
കാണം വിറ്റും ഓണം ഉണ്ണണം
ഓണമെന്നു കേട്ടാല്‍ മലയാളിയുടെ മനസ്സിലേയ്ക്കാദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. ഓണം ആഘോഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു തന്നെ ഈ ചൊല്ലാവാം. കാണനെമന്നാല്‍ വസ്തു. അത് വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിക്കുകയാണീ ചൊല്ലിലൂടെ.
ഓണമുണ്ട വയറേ ചൂളം പാടിക്കിട
സുഖലോലുപതയുടെയും അലസതയുടെയും പ്രതീകമാണല്ലോ ചൂളമടി. ഓണ നാളുകളില്‍ നാം സുഖലോലുപതയോടെ, അല്ലലറിയാതെ വസിക്കുന്നുവെന്ന് ഈ പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുന്നു.
ഓണത്തേക്കാള് വലിയ മകമുണ്ടോ
മലയാളിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഉത്സവം ഓണമാണെന്നു സൂചിപ്പിക്കുന്നു ഈ ചൊല്ല്. ചിങ്ങമാസത്തിലെ തിരുവോണവും അതിനു ശേഷം വരുന്ന മകവും മലയാളികള്‍ ആഘോഷിക്കാറുണ്ട്. എങ്കിലും ഒന്നാം സ്ഥാനം ഓണത്തിനു തന്നെ.
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി
കേരളത്തിന്റെ കാര്‍ഷിക സംസ്കാരവും ആഘോഷങ്ങളും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഓണം നമ്മുടെ വിളവെടുപ്പുത്സവം കൂടിയാണല്ലോ... ഓണാട്ടന്‍ നെല്‍ വിത്തു വിതച്ചു വിളവെടുപ്പിനു പാകമാവുമ്പോള്‍ ഓണക്കാലവുമായെന്നു പഴഞ്ചൊല്ലു വ്യക്തമാക്കുന്നു.
ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
ഓണാഘോഷത്തിനു കേരളീയര്‍ എന്തും ചെയ്യുമെന്ന് ഈചൊല്ലു വ്യക്തമാക്കുന്നു. കൈയ്യിലുള്ള സമ്പാദ്യമെല്ലാം മുടക്കി ഓണം ഘോഷിച്ചു കഴിഞ്ഞാല്‍ പിന്നെ ദാരിദ്യ്രമാണ് എന്നും സൂചനയുണ്ട്.
ഓണം പോലെയാണോ തിരുവാതിര
മലയാളിയുടെ മനസ്സില്‍ ഓണത്തിനുള്ള ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണിവിടെ. ഒട്ടും തന്നെ പ്രാധാന്യം കുറവല്ലാത്ത തിരുവാതിരയേക്കാള്‍ പ്രമുഖമാണ് ഓണം എന്ന് ഇവിടെ പറഞ്ഞു വയ്ക്കുകയാണ് പഴമക്കാര്‍.
ഓണം മുഴക്കോലു പോലെ
തിരുവോണം നക്ഷത്ര സമൂഹത്തിന്റെ ആകൃതി സൂചിപ്പിക്കാനാണ് ഈ ചൊല്ല്. മുഴക്കോലിന്റെ രൂപത്തിലാണ് ഈ നക്ഷത്ര സമൂഹത്തിന്റെ വിന്യാസം- എന്ന് പഴഞ്ചൊല്ലില്‍ നിന്നു മനസ്സിലാക്കാം.
ഓണവും വിഷുവും വരാതെ പോകട്ടെ
ഓണത്തെക്കുറിച്ചുള്ള മനോഹര സങ്കല്പങ്ങളുടെയെല്ലാം മറുവശം സൂചിപ്പിക്കുന്ന ചൊല്ലാണിത്. ഓണത്തിനും വിഷുവിനുമെല്ലാം ജന്മികള്‍ക്കു കാഴ്ചയര്‍പ്പിച്ചു വലഞ്ഞിരുന്ന കുടിയാന്മാരുടെ ശാപ വചനം....
അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താല്‍ ഓണം കറുക്കും.
അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ.
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനല്ലയൊ ഓണപ്പുടവ.
No comments:
Post a Comment