പഴനിമല മുരുകൻ
മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ.
തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ .
തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ.
അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പഴനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പഴനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പഴനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ.
693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. മലകയറും മുൻപ് അടിവാരത്തിലെ ഗണപതിക്ഷേത്രത്തിൽ വിഘ്നനിവാരണത്തിനായി ഭക്തർ നാളികേരം, കർപ്പൂരം തുടങ്ങിയവ അർപ്പിക്കുന്നത് പതിവാണ്. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനാൽ ആനപ്പാതയെന്നും പേരുള്ള ഇടതുവശത്തു കൂടിയുളള താരതമ്യേന ചരിവു കുറഞ്ഞ പാതയിലൂടെ ക്ഷേത്രത്തിലേക്കു പോകാം.
ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം ബുദ്ധിമുട്ടായ പ്രായമായമുളളവരും കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നവരും കൂടുതലായും വിഞ്ച്റയിലും റോപ് കാറുമാണ് ആശ്രയിക്കുന്നത്. ഭക്തരിൽ ചിലർ കാവടിയെടുത്ത് വാദ്യമേളങ്ങളോടെയാണ് പഴനിമല കയറുന്നത്.
രാവിലെ ആറിന് വിശ്വരൂപദർശനം മുതൽ രാത്രി എട്ടിനുളള അത്താഴപൂജ വരെ ഏഴു നിത്യപൂജകളുള്ള ക്ഷേത്രമാണ് പഴനി. സൗജന്യമായി ദേവനെ കണ്ടു തൊഴാനുളള ക്യൂ, 20 രൂപ നൽകി അൽപം തിരക്കൊഴിഞ്ഞ് ദർശനം നടത്താവുന്ന ക്യു, 100 രൂപ ടിക്കറ്റ് നൽകേണ്ട വിഐപി ക്യൂ തുടങ്ങിയവയാണ് ദർശനത്തിനുള്ളത്. ക്യൂവിലേതിൽ കയറിയാലും ദേവന്റെ ക്ഷേത്രനടയ്ക്കു മുൻപിൽ എല്ലാം സംഗമിച്ച് രണ്ടു നിരയായി മാറുന്നു.
ഉൽസവം പോലുളള വിശേഷാവസരങ്ങളിൽ 10 രൂപ, 100 രൂപ ക്യൂവിന് ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും സങ്കരവാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം. അതേസമയം പലയിടത്തും കേരളീയ ക്ഷേത്രത്തിന്റേതെന്നു തോന്നുന്ന ചില നിർമാണ രീതികളും കാണാം. ശ്രീകോവിലിനു മുകളിൽ സ്വർണഗോപുരമാണുള്ളത്. ക്ഷേത്ര ഗോപുരത്തിനു സമീപമുള്ള നവരംഗമണ്ഡപം, ക്ഷേത്രാങ്കണത്തിന് ഇടതുവശത്തായി സന്ധ്യകഴിഞ്ഞ് സുബ്രഹ്മണ്യൻ തങ്കരഥത്തിൽ ഭക്തർക്കു അനുഗ്രഹാശിസുകളുമായി എഴുന്നള്ളുന്ന രഥവീഥി തുടങ്ങിയവ വേറിട്ട കാഴ്ചകളാണ്.
തൈപ്പൂയം, പൈങ്കുനി ഉത്രം, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിലൊഴികെ എല്ലാ ദിവസവും തങ്കരഥത്തിലുള്ള ഈ എഴുന്നള്ളത്തു നടക്കാറുണ്ട്. 63 കിലോ വെള്ളിയിലും നാലേമുക്കാൽ കിലോ സ്വർണത്തിലും തീർത്ത രഥത്തിൽ ഭഗവാന്റെ എഴുന്നള്ളത്ത് വീക്ഷിക്കാൻ മാത്രം നൂറുകണക്കിന് ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിലെത്തുന്നത്.
ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെ ചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയും മറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്.
നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു. അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽ ദണ്ഡായുധപാണി പകരുന്നത്.
നവപാഷാണം - ഒൻപതു തരം വിഷക്കല്ലുകൾ - കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒൻപതു വിഷക്കല്ലുകൾ ചേർത്തു നിർമിച്ച വിഗ്രഹത്തിൽ രാത്രിപൂജയ്ക്കു ശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു.
കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ (ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. വിഗ്രഹത്തിന്റെ ചെവികൾ അൽപം വലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.
പ്രഭാതത്തിൽ ദണ്ഡായുധപാണിയെങ്കിൽ സന്ധ്യയ്ക്ക് പട്ടും കിരീടവുമെല്ലാം ധരിച്ച് ദേവസേനാധിപതിയായും ചിലപ്പോൾ തൃക്കൈയ്യിൽ ശക്തിവേൽ ആയുധവുമായി നിൽക്കുന്ന വേലായുധസ്വാമിയായുമൊക്കെയാണ് ദേവൻ ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുക. സന്യാസി, വേടൻ, ബാലസുബ്രഹ്മണ്യൻ, രാജാവ് തുടങ്ങി വിവിധ പൂജാവേളകളിൽ വിവിധ രൂപങ്ങളിൽ ഭക്തർക്ക് വ്യത്യസ്തമായ ദർശനാമൃതമാണ് ദണ്ഡായുധപാണി പകരുന്നത്.
കുട്ടികൾക്ക് കുഴന്തൈവേലൻ യുവാക്കൾക്ക് ബാലസുബ്രഹ്മണ്യൻ കലാകാരന്മാർക്ക് ഷൺമുഖൻ തത്വചിന്തകർക്ക് സ്വാമിനാഥൻ കുടുംബങ്ങൾക്ക് വള്ളി-ദേവയാനീ കാന്തൻ സന്യാസിമാർക്ക് പഴനിയാണ്ടവർ എന്നിങ്ങനെ പോകുന്നു ഈ രൂപപരിണാമത്തിന്റെ ദർശനപ്പെരുമ. ഗുരുക്കൾ സമുദായത്തിലെ പൂജാരിമാർക്കാണ് ക്ഷേത്രത്തിലെ പൂജകൾക്ക് അവകാശം.
പണ്ടാരം എന്നറിയപ്പെടുന്ന സമുദായത്തിലുളളവർ സഹായികളായി രംഗത്തുണ്ടാവും. അത്താഴപൂജയ്ക്കു ശേഷം അന്നന്നുള്ള വരവുചെലവുകണക്കുകൾ ഭഗവാന്റെ വിഗ്രഹത്തിനു മുന്നിൽ വായിച്ച ശേഷം വിഗ്രഹം പ്രധാനപൂജാരിമാർ പള്ളിയറയിലേക്കു മാറ്റുന്നതാണ് പതിവ്. ദേവന് ഉറങ്ങുന്നതിനായി പ്രത്യേകം കട്ടിലും മറ്റും ഈ അറയിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശേഷാവസരങ്ങളിലൊഴികെ രാത്രി എട്ടരയോടെ തന്നെ ക്ഷേത്രം അടയ്ക്കും.
ബാലപ്രതിഷ്ഠയെന്ന നിലയിൽ ബാലകനായ സുബ്രഹ്മണ്യന് കൂടുതൽ വിശ്രമം വേണ്ടതുണ്ടെന്ന ഐതിഹ്യമാണ് ഇതിനു പിന്നിൽ.
തൈപ്പൂയമാണ് പഴനിക്ഷേത്രത്തിലെ പ്രധാന ഉൽസവം. പാൽക്കാവടി, അന്നക്കാവടി, പുഷ്പക്കാവടി, പനീർക്കാവടി, പീലിക്കാവടി തുടങ്ങി വിവിധതരം കാവടികളുമായി ആയിരക്കണക്കിന് ഭക്തർ ഈ ദിനത്തിൽ ക്ഷേത്രത്തിലെത്തും. മഞ്ഞ വസ്ത്രം ധരിച്ച് പുഷ്പഹാരങ്ങളുമായി കാവടിധാരികൾ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന കാഴ്ചയിലാകും പഴനിയിലെ പാതകൾ തൈപ്പൂയത്തിന് മിഴിതുറക്കുക. ഭക്തിയുടെ മൂർത്തതലത്തിൽ മൗനവ്രതത്തിലായ കാവടിധാരികൾ കീഴ്ചുണ്ടിലും മറ്റും ചെമ്പിലോ പിച്ചളയിലോ പണിത വളയങ്ങൾ അണിയുകയും പുറത്തേക്കു കടിച്ചുപിടിച്ച നാവിൻതുമ്പിലോ, കവിളിലോ ചെറുശൂലങ്ങൾ ധരിച്ചും മറ്റുമാകും കാവടിയെടുക്കുക. കാഴ്ചക്കാർക്ക് ഭയാശങ്ക പകരുമെങ്കിലും ദേവനിൽ എല്ലാം അർപ്പിച്ച് കാവടിയേന്തുന്ന ഭക്തമാനസങ്ങൾ ഈ വേദനകൾ അറിയാറില്ലെന്നാണ് വിശ്വാസം.
പഴനിയിലെ പഞ്ചാമൃതം ലോകപ്രസിദ്ധമാണ്. പഴം, ഉണക്കമുന്തിരി, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഇത്. പഴനിക്കു സമീപം തന്നെയുളള ഗ്രാമത്തിൽ വിളയുന്ന ജലാംശം കുറവായ വാഴപ്പഴം ഉപയോഗിക്കുന്നതിനാൽ മാസങ്ങളോളം കേടുകൂടാതെയിരിക്കുന്നതാണ് ഈ പ്രസാദം. അഭിഷേകത്തിനു ശേഷമുള്ള പഞ്ചാമൃതം ദേവസ്ഥാനം സ്റ്റാളുകളിൽ ലഭിക്കുമ്പോൾ പല ബ്രാൻഡുകളിൽ കച്ചവടക്കണ്ണോടെ നിർമിച്ച സ്പെഷൽ പഞ്ചാമൃതവും പഴനിമലയുടെ അടിവാരത്തിൽ ലഭ്യമാണ്.
ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ നായാട്ടിനിടെ പഴനി മലയടിവാരത്തിലെത്തിയെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. താഴ്വാരത്തിൽ വിശ്രമിക്കുന്നിതിനിടെ സ്വപ്നദർശനത്തിൽ പരിസരത്ത് മറഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന്റെ സൂചന ലഭിച്ചതായും ക്ഷയോന്മുഖമായ ക്ഷേത്രം അദ്ദേഹം പുനർനിർമിച്ചുവെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചില നിർമിതികൾക്കുള്ള കേരളീയതനിമ ചേരമാൻ പെരുമാളുമായുള്ള ബന്ധത്തിന്റെ സൂചകങ്ങളാണ്.
തന്റെ സാമ്രാജ്യത്തിന് ഗുണകരമാവും വിധം ചേരമാൻ പെരുമാളാണ് ദണ്ഡായുധപാണിയുടെ വിഗ്രഹം പടിഞ്ഞാറു ദർശനമായി സ്ഥാപിച്ചതെന്നും വിലയിരുത്തലുണ്ട്. കാര്യമെന്തായാലും പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പഴനിയാണ്ടവൻ എന്നാണ് മലയാളികളിൽ പൊതുവേയുള്ള വിശ്വാസം.
സിദ്ധഭോഗർ ക്ഷേത്രം
പഴനിമല ക്ഷേത്രത്തിൽ പാർവതി പരമേശ്വരന്മാർക്കും ക്ഷേത്രാങ്കണത്തിൽ തന്നെ ഗണപതിക്കും പ്രത്യേക പൂജാഗൃഹങ്ങളുണ്ട്. സിദ്ധഭോഗർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആരാധനാസ്ഥലം. പതിനെട്ടു മഹാമുനിമാരിൽ ഒരാളായ സിദ്ധഭോഗരാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ബിസി മൂവായിരത്തിനു മേൽ ജീവിച്ചിരുന്ന സിദ്ധഭോഗരുടെ സമാധി സ്ഥലമാണ് പഴനി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുളള സിദ്ധഭോഗർ ക്ഷേത്രം. ശിവലിംഗം, നവദുർഗ, മരതക എന്നിവയുടെ പ്രതിബിംബങ്ങളും ഇവിടെയുണ്ട്. ഭോഗരുടെ സമാധിയും ക്ഷേത്രത്തിലെ ഗർഭഗൃഹവും ഭൂഗർഭപാതയിലൂടെ ബന്ധിച്ചിരിക്കുന്നതായും വിശ്വാസമുണ്ട്.
പഴനിയുടെ ഐതിഹ്യം
കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോകപ്രദക്ഷിണത്തിനായി യാത്രതിരിച്ചു.
സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതിപരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീപരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു.
ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും പഴനിമലയുടെ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിലെ ദണ്ഡായുധപാണിയായി നിലകൊണ്ടുവെന്നുമാണ് വിശ്വാസം.
സകലഅറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം നീയാണ് എന്നു പറഞ്ഞ് മകനെ സമാധാനിപ്പിക്കാൻ അവിടെയെത്തിയ പാർവതീപരമേശ്വരന്മാർ ശ്രമിച്ചതിനാലാണ് പഴനി എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ സുബ്രഹ്മണ്യൻ തിരുഅവിനാൻകുടിയിൽ നിലകൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പഴനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം.
ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ് (ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പഴനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്.
തലമുണ്ഡനം എന്ന നേർച്ച
തലമുണ്ഡന നേർച്ചയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതിയോളം വരില്ലെങ്കിലും പഴനിയിലും ഈ നേർച്ച ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിനു വർഷം പഴക്കമുള്ള ആചാരമെന്ന പെരുമയും ഇവിടുത്തെ തലമുണ്ഡനത്തിനുണ്ട്. മനസിലെ അഹന്ത ഒഴിവാക്കി ആത്മീയ ഉണർവ് നേടുകയെന്നതാണ് ഈ നേർച്ചയ്ക്കു പിന്നിലെ ഐതിഹ്യം. മുണ്ഡിത ശിരസുമായി നിലകൊളളുന്ന പഴനിയാണ്ടവനോട് സ്വയം താദാത്മ്യം പ്രാപിക്കുകയെന്ന വിശ്വാസവുമുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം ആദ്യത്തെ മുടിയൊഴിക്കാനും പലരും പഴനിയിൽ എത്തുന്നു.
കാവടി നേർച്ചയുടെ ഐതിഹ്യം
മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പഴനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല.
കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി.
പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പഴനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പഴനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതിവഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.
പഴനിമലയുടെ അടിവാരത്തിൽ താമസത്തിന് ഒട്ടേറെ ഹോട്ടലുകളുണ്ടെങ്കിലും ദേവസ്ഥാനം (ദേവസ്വം) വക സത്രത്തിലെ താമസസ്ഥലങ്ങളാണ് ഭക്തർക്ക് കൂടുതൽ ലാഭകരമാവുക. സാധാരണ മുറികൾ മുതൽ റസ്റ്റ് ഹൗസുകൾ, ഡീലക്സ് കോട്ടേജുകൾ, എസി റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. മറ്റുളളിടങ്ങളെക്കാൾ ചുരുങ്ങിയ നിരക്കിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
മലമുകളിലെ ക്ഷേത്രത്തിലും താഴ്വാരത്തെ വഴിയോരങ്ങളിലും ഭക്തരെ സഹായിക്കുവാൻ എന്ന നിലയിൽ പലരും എത്തുക പതിവാണ്. പൂജാസാധനങ്ങൾ നൽകി ഭീമമായ തുക ഈടാക്കുന്ന ഈ വിരുതന്മാരിൽ നിന്നകന്ന് ദേവസ്വം സ്റ്റാളുകളിൽ നിന്നും മറ്റും ലളിതമായ രീതിയിൽ പൂജാദ്രവ്യങ്ങൾ വാങ്ങി ദർശനം നടത്തുന്നതാകും ഉചിതം.
ക്ഷേത്രപരിസരത്ത് ഭക്തരുടെ പക്കൽ നിന്നും പൂജാസാധനങ്ങൾ വാങ്ങി എളുപ്പം പൂജ നടത്തിത്തരാൻ നിരക്കീടാക്കിയും തട്ടിപ്പുകളുണ്ട്. പലപ്പോഴും ക്ഷേത്ര മതിൽക്കെട്ടിലെ ഒതുങ്ങിയ സ്ഥലങ്ങളിൽ ഇതിലെ തേങ്ങയും മറ്റും പൊട്ടിച്ചൊഴിച്ച ശേഷം ഭക്തർ ദർശനം നടത്തിയെത്തുമ്പോൾ അവ നൽകി പണം വാങ്ങുകയാണ് ഇവർ ചെയ്യുക. പൂജാദ്രവ്യങ്ങൾ ശ്രീകോവിലിനുള്ളിലെ പൂജാരിമാരെ ഏൽപ്പിക്കുകയാവും നല്ലത്.
പഴനിക്ഷേത്ര പരിസരം മലമുകളിൽ സജീവമായ വാനരപ്പട കൊണ്ടും ശ്രദ്ധേയമാണ്. അക്രമകാരികൾ അല്ലെങ്കിലും ബാഗുകളും മറ്റ് കൗതുകമുണർത്തുന്ന വസ്തുക്കളും നിമിഷനേരത്തിൽ ഇവ തട്ടിപ്പറിച്ചെടുക്കുന്നതു പതിവാണ്.
സന്ധ്യകളിൽ വൈദ്യുതദീപമാലകളിൽ അലങ്കരിച്ച് മലമുകളിൽ ഒരു രത്നകിരീടം പോലെ കാണുന്ന ക്ഷേത്രത്തിന്റെയും വൈകിട്ടോടെ പഴനിമലയുടെ താഴ്വാരത്തിൽ ദീപപ്രഭയിൽ സജീവമാകുന്ന തെരുവുകച്ചവടത്തിന്റെയും മനോഹാരിത ഒരു അപൂർവ രാത്രിക്കാഴ്ചയാണ്. പൗർണമി ദിനങ്ങൾക്കടുത്ത് ക്ഷേത്ര തീർഥാടനം സജീകരിച്ചാൽ മലമുകളിലെ ക്ഷേത്രത്തിൽ നിന്ന് പരിസരത്തെ മലനിരകളും താഴ്വാരങ്ങളും ചാന്ദ്രശോഭയിൽ കണ്ട് മനംനിറയ്ക്കാനുമാകും.
പഴനിമലയുടെ അടിയിൽ മലയെചുറ്റി ഗിരിവീഥി എന്നറിയപ്പെടുന്ന രണ്ടര കിലോമീറ്ററോളം വരുന്ന പ്രദക്ഷിണപാതയുണ്ട്. ക്ഷേത്രാരാധനയ്ക്കു വരുന്ന ഭക്തർ ഈ പാത ചുറ്റിവരുന്നതും പുണ്യകർമമായി കാണുന്നു.
തമിഴ്നാടിന്റെ പ്രധാന പട്ടണങ്ങളിൽ നിന്ന് പഴനിയിലേക്ക് ബസുകളുണ്ട്. പാലക്കാട്, എറണാകുളം, ചേർത്തല, ചങ്ങനാശേരി, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് പഴനി ബസ് ലഭിക്കും. പാലക്കാട് നിന്ന് ഉദുമൽപേട്ട് വഴി 67 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, മധുര, ഡിണ്ടിഗൽ, പഴനി വരെ 414 കിലോമീറ്ററുമുണ്ട്. കോട്ടയം, കുമളി, കമ്പം വഴി പഴനിയിലേക്ക് 294 കിലോമീറ്റർ സഞ്ചരിക്കണം.
ചെന്നൈ സെൻട്രൽ, പൊള്ളാച്ചി, മധുര, ഡിണ്ടിഗൽ, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്ന് പഴനി റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ ലഭിക്കും. പഴനി റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പഴനി ക്ഷേത്രം.
കോയമ്പത്തൂരാണ് സമീപത്തെ വിമാനത്താവളം. അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിമാന സർവീസുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഉദ്ദേശം നൂറു കിലോമീറ്റർ റോഡുമാർഗം പഴനിയിലെത്താം.
No comments:
Post a Comment