മണ്ണാറശാല നാഗരാജ ക്ഷേത്രം
കാവ് മനുഷ്യന് ആത്മീയമായ ഒരോർമയാണ്. സസ്യജന്തുജാല വൈവിധ്യം ആരാധിക്കപ്പെടുന്ന സർപ്പക്കാവുകൾ പകരുന്ന ആത്മീയാനുഭവവും ഇതാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കു വന്നെത്തുന്ന ഓരോ ഭക്തനും, കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ ആശ്രമാന്തരീക്ഷം പകരുന്ന പച്ചപ്പിൽ പൊതിഞ്ഞ വിശ്വാസം 14 ഏക്കറോളം വരുന്ന കാവിനുള്ളിലാണു പങ്കു വെക്കുന്നത്.
ക്ഷേത്രദർശനത്തോളം പ്രധാനമാണു കാവുകളിൽ വണങ്ങുന്നതും. ഇവിടെ ഒടിഞ്ഞു വീഴുന്ന മരങ്ങൾ പോലും വിറകിനെടുക്കാതെ മണ്ണോടു ചേരാൻ അനുവദിക്കണമെന്നാണു വിശ്വാസം.
കേരളത്തിലെ കാവുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരിടം ആണ് മണ്ണാറശാല. നാഗരാജാവിനെ പരശുരാമന്‍ പ്രതിഷ്ഠിച്ചത് ഇവിടെയാണ് .
നാഗരാജാവും,നാഗയക്ഷിയമ്മയും, നാഗ ചാമുണ്ഡിയും, മറ്റനേകമനേകം നാഗ പ്രതിഷ്ഠകളും വാഴുന്നിടം. നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ്.
ക്ഷേത്രത്തിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു.
ഇല്ലത്തെ വല്യമ്മയാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം. അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും.നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു.
ഇതിനോട് ചേര്‍ന്ന് തന്നെ ശാസ്താവ്, ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്.
പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തി പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍. അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി. ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപ വനങ്ങളില്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധി ആയ മനയിലേക്ക് ഓടി. വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷപെട്ട് വാസുദേവ് - ശ്രീ ദേവിമാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് ഭാഗ്യം ചൊരിഞ്ഞുകൊണ്ട് എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി. അന്ന് അഗ്നിയണഞ്ഞു മണ്ണ് ആറിയ ശാല പിന്നീട് മണ്ണാറശാലയായി .
ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളുണ്ടായി.
ജ്യേഷ്ഠനായി സര്‍പ്പ ശിശുവും, അനുജനായി മനുഷ്യശിശുവും. കാലമായപ്പോള്‍ ജ്യേഷ്ഠന്റെ നിര്ദേശ പ്രകാരം അനുജന്‍ ഗൃഹസ്ഥാശ്രമം സ്വീകരിച്ച് സുസ്സന്താനങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യേഷ്ഠനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.
അതീവ ദുഖിതയായ മാതാവിനോട്, അമ്മയ്ക്ക് ദർശനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ നടത്തുന്ന പൂജയില്‍ തൃപ്തനായി കൊള്ളാമെന്നു സ്വാന്തനമേകി മറയുകയും ചെയ്തു.
അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത.
ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനത്തിനാണ് അമ്മയുടെ പദവി. സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ നിത്യ ബ്രഹ്മചാരിണിയായി കഴിയുന്നു.
എല്ലാ മാസവും ആയില്യം നാള്‍ നിലവറയ്ക്ക് സമീപം നൂറും പാലും, ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവയും നടത്തുന്നു.
വർഷങ്ങൾക്കു മുൻപ്,, കന്നി മാസത്തിലെ ആയില്യത്തിനു തിരുവിതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദര്‍ശനം നടത്തുക പതിവ് ആയിരുന്നു.
ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാരാജാവ് തുലാമാസത്തില്‍ ദര്‍ശനം നടത്തുവാന്‍ നിശ്ചയിച്ചു .
ഉല്‍സവം ഭംഗിയാക്കുവാന്‍ വേണ്ട ഏർപ്പാടുകളും ചെയ്തു. ആദ്യ ദര്‍ശനം മുടങ്ങിയതിന് പ്രായചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴിവാക്കി നല്‍കുകയും ചെയ്തു. അന്ന് മുതലാണ് തുലാമാസത്തിൽ "മണ്ണാറശാല ആയില്യമായത്".
മണ്ണാറശാലയിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണ് വിശ്വാസം. നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകിയും.
ശിവ സാമീപ്യ നിദർശനമായി ക്ഷേത്ര മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം. പാലും പഴവും, പാല്പായസ്സവും, ഉപ്പും, മഞ്ഞളും, പുറ്റും മുട്ടയും സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ .
പാലുള്ള മരങ്ങളാണു സർപ്പക്കാവുകളിൽ പ്രധാനം. പാല, മരോട്ടി, ചൂണ്ടപ്പന, പൈൻ, കരിഞ്ഞോട്ട, ഇയ്യോലി, പൊന്നാമ്പൈൻ, ആഞ്ഞിലി, വല്ലഭം, ചാര് തുടങ്ങിയവയെല്ലാം കാവുകളിൽ നിറയുന്നു. സർപ്പങ്ങൾ മാത്രമല്ല, കാവ് ആവാസ വ്യവസ്ഥയാക്കിയ ജീവജാലങ്ങളും ഒട്ടേറെ.
ക്ഷേത്രത്തിലെ കിഴക്കേ കാവ് മണിനാഗവും കരിനാഗവുമായും തെക്കേക്കാവ് നാഗയക്ഷിയും നാഗചാമുണ്ഡിയുമായും അപ്പൂപ്പൻകാവ് അഞ്ചുതല നാഗവും കുഴിനാഗവുമായും പാളപ്പെട്ടിക്കാവ് പറനാഗവുമായും, പുലക്കാവ് പുലസർപ്പവുമായും ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റു ദേവതകളായ ശാസ്താവിനെയും ഭഗവതിയെയുമെല്ലാം കാവുകളോടു ചേർന്നാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. പടിഞ്ഞാറേക്കുളം, കുര്യാങ്കുളം, തീർഥക്കുളം, പാത്രക്കുളം തുടങ്ങി പത്തോളം കുളങ്ങളുമുണ്ട്. ഭക്തരിൽ പലരും പ്രകൃതിയോടു ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ചു വരുന്നവരാണ്. മണ്ണാറശാലയിലെ അമ്മയോട് അതേറ്റു പറയാൻ വരുന്നവരോട് അമ്മ പറയുന്ന മറുപടികളിൽ പോലുമുണ്ട് പരിസ്ഥിതി സ്നേഹം. മരങ്ങൾ വീട്ടലേക്കു ചായുന്നെന്നും, മുറിക്കുന്നതിൽ തെറ്റുണ്ടോ എന്നും ചോദിച്ചെത്തുന്നവരോട് അമ്മ പറയും. ‘മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ മരം മുറിക്കാവൂ. പൂർണമായും മുറിച്ചു നീക്കരത്. ചുവട് അവിടെ നിർത്തണം.’ ക്ഷേത്രത്തോടു ചേർന്നുള്ള നാഗയക്ഷിക്കാവിൽ കേരളത്തിലെ പലസ്ഥലങ്ങളിലെ ക്ഷേത്രക്കാവുകളിൽ നിന്നുള്ള നാഗപ്രതിഷ്ഠകളുണ്ട്. നശിച്ചുപോയ കാവുകളിൽ ബാക്കിയായവ.
മണ്ണാറശാലയിലെ പ്രതിഷ്ഠാവേളയിൽ വാസുകിയുടെ ചൈതന്യം പ്രകടമായും അനന്തന്റേത് അന്തർലീനമായും കണ്ടു. പ്രകടമായി വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ ക്രമമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
സ്ത്രീകളെ പൂജകളിൽ നിന്ന് മാറ്റി നിർത്തിയിരുന്ന കാലഘട്ടത്തിൽ പോലും സ്‌ത്രീ പൂജ ചെയ്‌തിരുന്ന ഏക ക്ഷേത്രം മണ്ണാറശാലയാണ്. ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. അമ്മയുടെ ദർശനം ഭക്‌തർക്കു നിർവൃതി ദായകവും.
കന്നി, തുലാം മാസങ്ങൾ സർപ്പദൈവങ്ങളുടെ പിറന്നാൾ മാസങ്ങളാണ്. ആയില്യവ്രതം ആചരിച്ചുതുടങ്ങേണ്ട മാസവും കന്നിമാസമാണ്. ആയില്യവ്രതം ഏകാദശിവ്രതമായിട്ടും ഒരിക്കലായിട്ടും നൊയമ്പായിട്ടും ആചരിക്കാവുന്നതാണ്. ശൈവവും വൈഷ്‌ണവവുമായിട്ടുള്ള സകല നാമങ്ങളും ആയില്യവ്രതത്തിനു ജപിക്കാവുന്നതാണ്.
ആയില്യ വ്രതമനുഷ്‌ഠിക്കുന്നതും അന്ന് ക്ഷേത്ര ദർശനം നടത്തുന്നതും വളരെ ശ്രേഷ്‌ഠമാണ്. മൂന്നു വർഷത്തേക്ക് മുടങ്ങാതെ ആയില്യ വ്രതമനുഷ്‌ഠിച്ചാൽ മുക്കോടി ദേവകളും അനുഗ്രഹിക്കുമെന്നാണ് വ്രതസാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
No comments:
Post a Comment