ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

ഭക്ത ഹനുമാൻ - ഭാഗം - 04

ഭക്ത ഹനുമാൻ

ഭാഗം - 04

സുരസാദേവിയുടെയും ദേവാദികളുടെയും അനുഗ്രഹാശിസ്സുകളോടെ ഹനുമാൻ നിശ്ചയദാർഢ്യത്തോടെ രാവണസന്നിധിയിലേക്കുള്ള തന്റെ പ്രയാണം തുടർന്നു. പെട്ടെന്ന് അവിചാരിതമായ ഒരു തടസ്സം നേരിട്ട ഹനുമാൻ ആശങ്കയോടെ ആത്മഗതം ചെയ്തു: "ആരോ എന്റെ യാത്ര തടസ്സപ്പെടുത്താൻ പിന്നിലേക്ക് വലിക്കുന്നതായി തോന്നുന്നു. എതിരേ അടിക്കുന്ന കൊടുങ്കാട്ടിൽ പെട്ട കപ്പൽ പോലെയായി എന്റെ സ്ഥിതി. എന്തായിരിക്കും ഇതിന് കാരണം?"

തീക്ഷ്ണനയനങ്ങളോടെകാരണം അന്വേഷിച്ച് ചുറ്റിലും നോക്കിയ മാരുതി പെട്ടെന്ന് ജലത്തിൽ നിന്നുയരുന്ന ഒരു വികൃതസത്വത്തെ കണ്ടു. ഇപ്പോൾ പവനസുതന് കാര്യം മനസ്സിലായി. യാത്രക്കാരുടെ നിഴൽ പിടിച്ചു നിർത്തി അവരെ ചലനരഹിതരാക്കുന്ന ഒരു അത്ഭുത ജന്തുവിനെക്കുറിച്ച് ഒരിക്കൽ സുഗ്രീവൻ പറയുകയുണ്ടായി. സിംഹിക എന്ന് പേരുള്ള ആ രാക്ഷസി തന്നെയാണിത്.

വളരെപ്പെട്ടെന്ന് ശരീരം വലുതാക്കിയ സിംഹിക വായും പൊളിച്ചു ഇടിനാദം പോലെ അലറിക്കൊണ്ട് വായുനന്ദനനെ സമീപിച്ചു. അതിബലവാനും സമർത്ഥനുമായ മാരുതി, ദേഹം പെട്ടെന്ന് ചെറുതാക്കി അവളുടെ വായിലേക്ക് ചാടി. സിംഹിക ഹനുമാനെ വിഴുങ്ങുന്നത് സിദ്ധൻമാരും ചാരണന്മാരും സ്പഷ്ടമായി കണ്ടു.

ആ ഘോരരാക്ഷസിയുടെ ഉദരത്തിൽ എത്തിയ മനോവേഗമുള്ള ഹനുമാൻ നഖങ്ങളെ കൊണ്ട് രാക്ഷസിയുടെ ഉദരത്തെ പിളർന്നു പൂർവ്വാധികം ശക്തിയോടെ ആകാശത്തേക്കുയന്നു.

ഇതുകണ്ട ദേവാദി ഗഗനചാരികൾ ഹനുമാനെ ആശീർവ്വദിച്ചു: "അല്ലയോ കപിവര്യാ, ആർക്കും തന്നെ സാദ്ധ്യമാകാത്ത ഒരു പ്രവൃത്തിയാണ് അങ്ങ് ചെയ്തത്. ഈ ഭയങ്കരിയെ നിഗ്രഹിച്ചുവല്ലോ. അങ്ങ് ഉദ്ദേശിച്ച കാര്യം ശുഭമായി സാധിക്കട്ടെ. ധൈര്യം, നോട്ടം, ബുദ്ധി, സാമർത്ഥ്യം എന്നീ നാലെണ്ണം ഒത്തുചേർന്ന ഒരാൾ ഒരിക്കലും സ്വകൃത്യങ്ങളിൽ തളരുകയില്ല. ഇങ്ങനെ ബഹുമാന്യനും, സംപൂജ്യനുമായ ആ വാനരോത്തമൻ ആകാശമാർഗ്ഗത്തിലൂടെ ഗരുഡനെപ്പോലെ തന്റെ യാത്ര തുടർന്നു.

താമസിയാതെ ലങ്കാനഗരിയെ സമീപിച്ച ഹനുമാന് ഐശ്വര്യസമൃദ്ധമായ ലങ്കയിലെ വിചിത്രമായ ആരാമങ്ങളും, കൊട്ടാരങ്ങളും, ഉദ്യാനങ്ങളും എന്നിങ്ങിനെ ഓരോന്നായി കാണുവാൻ കഴിഞ്ഞു. ബുദ്ധിമാനായ മാരുതി തന്റെ ശരീരം ഒരു സാധാരണ കുരങ്ങന്റത് പോലെയാക്കി മാറ്റി. താനാരാണെന്ന് ലങ്കാവസികൾ ഇപ്പോൾ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് ഒരു പക്ഷേ ഹനുമാൻ മനസ്സിൽ കരുതിയിരിക്കാം.

ഏതൊരാൾക്കും കീഴടക്കാൻ കഴിയാത്ത ലവണാംബുധിയെ അത്ഭുതകരമായ വിധത്തിൽ തരണം ചെയ്ത ഹനുമാൻ, ത്രികുടാചലശൃംഗത്തിൽ പരിശോഭിക്കുന്ന ലങ്കാരാജ്യത്തെ സ്വൈര്യമായി നോക്കിക്കണ്ടു. വിശ്വകർമ്മാവിനാൽ നിർമ്മിക്കപ്പെട്ടതും വീരനായ രാവണനാൽ പരിപാലിക്കപ്പെടുന്നതുമായ ആ അത്ഭുതനഗരി ആഞ്ജനേയന് അത്യന്തം ആശ്ചര്യകരമായിത്തോന്നി.

തുടരും......

No comments:

Post a Comment