ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 September 2019

ഭക്ത ഹനുമാൻ - ഭാഗം - 06

ഭക്ത ഹനുമാൻ

ഭാഗം - 06

ഏതൊരു ധീരനെയും കിടിലം കൊള്ളിക്കുന്ന, ഭയാനകമായ ഒരു സ്ത്രീരൂപം വായുപുത്രന്റെ മുന്നിൽ നിന്ന് അലറുന്നു: "എടാ കാട്ടിൽ വസിക്കുന്ന മർക്കടാ, നിനക്കെന്താണ് രാവണ രാജധാനിയിൽ കാര്യം? നിന്റെ ജീവനെടുക്കുന്നതിന് മുൻപ് തുറന്നു പറയൂ, നീയാരാണ്? എന്തിനിവിടെ വന്നു?

അക്ഷോഭ്യനായി, മുന്നിൽ നിൽക്കുന്ന ഭീകരരൂപിണിയോട് ആഞ്ജനേയൻ തിരിച്ചു ചോദിച്ചു:  "നീ ആരാണ്? ഈ ഗോപുരദ്വാരത്തിൽ നിൽക്കാൻ എന്താണ് കാരണം? എന്നെ തടുത്തത് എന്തിനാണ്?

"രാവണന്റെ ആജ്ഞയനുസരിച്ച് ലങ്കാനഗരിയെ രക്ഷിച്ചു പോരുന്നവളും, ആർക്കും തോൽപ്പിക്കാൻ പറ്റാത്തവളുമായ ഞാൻ ലങ്കാലക്ഷ്മിയാണ്. എന്റെ അനുവാദമില്ലാതെ ആർക്കും ഗോപുരം കടന്ന് അകത്തു പോകാൻ സാദ്ധ്യമല്ല".

ലങ്കാലക്ഷ്മിയുടെ വാക്കുകൾ കേട്ട ഹനുമാൻ അനുനയ സ്വരത്തിൽ പറഞ്ഞു: "ഹേ മംഗളസ്വരൂപിണി, ഈ പ്രദേശം വേഗമൊന്ന് കണ്ട് ഞാൻ വന്നവഴി തന്നെ തിരികെ പോയ്ക്കോളാം".

ഈ വാക്കുകൾ ലങ്കാലക്ഷ്മിയെ കൂടുതൽ ക്രുദ്ധയാക്കി. അവൾ കൈത്തലം പരത്തി ഹനുമാന്റെ നെഞ്ചിൽ ഒന്നാഞ്ഞടിച്ചു.

ഒരു നിമിഷം മാരുതി ആലോചിച്ചു: "രാക്ഷസവംശമാണെങ്കിലും ലങ്കാലക്ഷ്മി ഒരു സ്ത്രീയാണ്. ശാസത്രമനുസരിച്ച് സ്ത്രീകളെ ഉപദ്രവിക്കുകയോ, വധിക്കുകയോ ചെയ്യുന്നത് വിദ്വാന്മാർക്ക് ഭൂഷണമല്ല. എങ്കിലും തന്റെ സ്വാമിയുടെ കാര്യം നടക്കുവാൻ ഇവളുടെ തടസ്സം നീക്കിയേ തീരൂ". ഹനുമാൻ തന്റെ ഇടത്തെ മുഷ്ടിചുരുട്ടി മുന്നിൽ നിൽക്കുന്ന ലങ്കാലക്ഷ്മിക്ക് കോപലേശമില്ലാതെ ഒരടി കൊടുത്തു. അതു കൊണ്ടു തന്നെ അവൾ വീണുകഴിഞ്ഞു.

ഇതുവരെ ആരും തന്നെ തോൽപ്പിച്ചിട്ടില്ല. ഈ വാനരൻ സാധാരണക്കാരനല്ല. ലങ്കാലക്ഷ്മി പിടഞ്ഞെഴുന്നേറ്റ് അതിവിനീതയായി കപീന്ദ്രനെ നോക്കി പറഞ്ഞു: "വീരനായ വാനരേന്ദ്രാ, മഹാബാഹുവായ അങ്ങ് എന്നിൽ പ്രസാദിക്കണേ. സത്വസമ്പന്നരായ മഹാബലവാന്മാർ ധർമ്മത്തിൽ അടിയുറച്ചു നിൽക്കുന്നവരാണ്. അമേയവിക്രമനായ അങ്ങ് ഇന്ന് എന്നെ പരാജയപ്പെടുത്തി. സത്യമായ ചില കാര്യങ്ങൾ ഞാൻ പറയാം. ബ്രഹ്മാവ് എനിക്കൊരു വരം തന്നിട്ടുണ്ട്. എന്നാണോ നിന്നെ ഒരു വാനരപ്രമുഖൻ ശക്തികൊണ്ട് കീഴടക്കുന്നത് അന്ന് ഈ ലങ്കയിലെ രാക്ഷസർക്ക് ആപത്ത് വന്നു എന്ന് മനസിലാക്കണം. ആ കാലമെത്തി എന്ന് ഞാനറിയുന്നു. അങ്ങ് അസുരനഗരിയിൽ യഥേഷ്ടം സഞ്ചരിച്ച് സ്ത്രീരത്നമായ സീതാദേവിയെ അന്വേഷിച്ചു കൊള്ളൂ".

ലങ്കാലക്ഷ്മിയുടെ പൂർവ്വ വൃത്താന്തത്തെക്കുറിച്ച് ഒരു കഥയുണ്ട്. ബ്രഹ്മാവിന്റെ ഭണ്ഡാരം കാത്തുസൂക്ഷിക്കുന്ന ജോലിയുണ്ടായിരുന്ന അവളുടെ പേര് വിജയലക്ഷ്മി എന്നായിരുന്നു. ഒരിക്കൽ ബ്രഹ്മാവിന് അപ്രിയമായ എന്തോ പ്രവൃത്തി ചെയ്യുകയാൽ അദ്ദേഹം അവളെ ശിക്ഷിച്ചു. 'നീ പോയി രാവണന്റെ ഗോപുരം കാത്തു വാണുകൊൾക' എന്നായിരുന്നു ശാപം. ശാപമോക്ഷം ഇരന്നപ്പോൾ, 'രാമാവതാരകാലത്ത് രാവണൻ അപഹരിക്കുന്ന രാമപത്നിയെ അന്വേഷിച്ച് ഹനുമാൻ എന്നൊരു വാനരവീരൻ ലങ്കയിൽ എത്തും. നീ അവനെ തടഞ്ഞു നിർത്തുമ്പോൾ അവൻ നിന്നെ അടിച്ചുവീഴ്ത്തും. അന്ന് നീ ശാപവിമുക്തയായിത്തീരും' എന്ന് ശാപമോക്ഷവും കൊടുത്തു.

ലങ്കാലക്ഷ്മിയുടെ വാക്കുകൾ ഹനുമാനെ സന്തുഷ്ടനാക്കി. വാനരചാപല്യമോ എന്ന് തോന്നുമാറ് മാരുതി ലങ്കാനഗരിയുടെ മതിൽ ചാടിക്കടന്ന് അകത്ത് പ്രവേശിച്ചു. രാജകീയ പ്രൗഢിയോടു കൂടിയ ലങ്കാവീഥികളിലൂടെ ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് പവനതനയൻ മുന്നോട്ട് നടന്നു. വീഥിയുടെ ഇരുവശത്തുമുള്ള രമ്യഹർമ്മങ്ങളിൽ നിന്ന് ഉയരുന്ന സംഭാഷണങ്ങളിൽ ആരെങ്കിലും സീതാദേവിയുടെ പേര് പരാമർശിക്കുന്നുണ്ടോ എന്നതായിരുന്നു ഹനുമാൻ ശ്രദ്ധിച്ചത്.

ലങ്കാധിപൻ രാവണൻ ലങ്കാരാജ്യത്തിന്റെ മദ്ധ്യത്തിൽ കാവലിനായി പതിനായിരം ഭടന്മാരെയാണ് നിർത്തിയിട്ടുള്ളത്. പൊന്നിന്റെ കമാനങ്ങളോട് കൂടിയ ഉന്നതമായ മതിൽക്കെട്ടുകൾ, താമരപ്പൂക്കൾ നിറഞ്ഞ പൊയ്കകൾ, ചുറ്റും കിടങ്ങുകൾ, അസംഖ്യം ലക്ഷണമൊത്ത കുതിരകളും ആനകളും വിശ്രമിക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ രാവണന്റെ കൊട്ടാരം ഇന്ദ്രനഗരി പോലെ ശോഭിച്ചിരുന്നു.

രാവണന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി നടക്കുമ്പോൾ അതീവസുന്ദരിമാരായ രാക്ഷസപ്പെൺകൊടികൾ സന്തോഷത്തോടെ പരസ്പരം സംസാരിക്കുന്നതും കളിതമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും ആഞ്ജനേയൻ കണ്ടു. ഇവരെയൊക്കെ കണ്ടപ്പോഴും ആ കപീന്ദ്രന്റെ ശ്രദ്ധ ദുഃഖനിമഗ്നയായി, ഉത്തമരാജവംശജാതയായി, കൃശഗാത്രിയായി തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിതയായ സീതാദേവി അവരുടെ ഇടയിൽ എവിടെയെങ്കിലും ഉണ്ടോ എന്നതായിരുന്നു.

ആ വാനരശ്രേഷ്ഠന്റെ മനസ്സ് മന്ത്രിച്ചു: "ലങ്കാനഗരി മുഴുവൻ, മണിമാളികകളിലെല്ലാം കഴിയുന്നത്ര ശ്രദ്ധിച്ച് ഞാൻ സീതാദേവിയെ അന്വേഷിച്ചു നടന്നു. പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി രാവണന്റെ കൊട്ടാരത്തിനുള്ളിൽ കടന്ന് നോക്കുകതന്നെ".

സൂര്യന്റെ ശോഭയെ വെല്ലുന്ന അത്യുന്നതങ്ങളായ പൊൻമതിൽ നാലുഭാഗത്തുമുണ്ട്. ഉഗ്രരാക്ഷസന്മാർ എല്ലാ ഭാഗത്തും കാവലുണ്ട്. എങ്കിലും സമർത്ഥനായ മാരുതിക്ക് രാവണഗൃഹത്തിലേക്ക് പ്രവേശിക്കാൻ വളരെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല. രാജധാനിയുടെ അത്ഭുതവിശേഷങ്ങൾ നോക്കിക്കൊണ്ട് ആ വാനരവീരൻ മുന്നോട്ട് നീങ്ങി.

മഹാസാഗരം പോലെ ഗംഭീരമായ രാവണരാജധാനിയെ വർണ്ണിക്കുക എളുപ്പമല്ല. എങ്ങും മഹാരത്നങ്ങൾ പതിച്ചിരിക്കുന്നു. മാഹാത്മ്യമേറിയ ആനകൾ, തൂവെള്ള നിറത്തിലുള്ള കുതിരകൾ, ലക്ഷണമൊത്ത രഥങ്ങൾ. മന്ത്രിമാർക്കും സേനാപതികൾക്കും പ്രത്യേക ആലയങ്ങൾ, പുഷ്പങ്ങൾ നിറഞ്ഞ ആരാമങ്ങൾ ഇവയൊക്കെ കണ്ട് മുന്നോട്ട് നടന്ന ആഞ്ജനേയൻ പ്രഹസ്തന്റെ ഗൃഹത്തിന് മുന്നിലെത്തി. പ്രഹസ്തന്റെ ഗൃഹവും, തുടർന്ന് കുംഭകർണ്ണൻ, വിഭീഷണൻ, ഇന്ദ്രജിത്ത് തുടങ്ങി ഒട്ടേറെ അസുര വീരന്മാരുടെ വീടുകളിലും പവനാത്മജൻ സീതാദേവിയെ തിരഞ്ഞ് ചാടിക്കടന്നു നോക്കി. ഇങ്ങനെ നാലുപുറവുമുള്ള ഭവനങ്ങളെല്ലാം കടന്ന് അസുരേശ്വരൻ രാവണന്റെ അരമനയിലെത്തിച്ചേർന്നു...

തുടരും........

No comments:

Post a Comment