ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 15

ഭക്ത ഹനുമാൻ

ഭാഗം - 15

ശ്രീരാമചന്ദ്രനെ മനസാ നമസ്കരിച്ച് ഹനുമാൻ ഇടിമിന്നൽപോലെ പുച്ഛത്തിൽ ആളുന്ന അഗ്നിയോടുകൂടി ലങ്കാനഗരിയിലെ മണിമന്ദിരങ്ങളുടെ മുകളിൽക്കൂടി സഞ്ചാരം ആരംഭിച്ചു. ഒരു ഗൃഹത്തിൽ ചെന്നിരുന്ന് വാലിലുള്ള അഗ്നിയെ അവിടെ പടർത്തിയ ശേഷം മറ്റൊന്നിലേക്ക് കടക്കും. പൂന്തോട്ടങ്ങളും വിശേഷ നിർമ്മിതികളുമൊക്കെ ദഹിച്ചുതുടങ്ങി.

'തത് രുദ്രേണ ത്രിപുരം യഥാ'
ഭഗവാൻ ശ്രീ രുദ്രൻ എങ്ങിനെയാണോ ത്രിപുരങ്ങളെ ദഹിപ്പിച്ചത് അതുപോലെ മാരുതി ലങ്കാനഗരി മുഴുവൻ അൽപ്പസമയം കൊണ്ട് ഭസ്മമാക്കി. ഇങ്ങനെ സകല ഐശ്വര്യങ്ങളോടും കൂടിയ ലങ്കാപുരി അതിവേഗത്തിൽ ചാരമായി മാറുന്നത് നോക്കിനിന്ന രാക്ഷസന്മാർ ഭയത്തോടെ പരസ്പരം പറഞ്ഞു: "ത്രിലോകാധിപനും വജ്രായുധമേന്തിയവനുമായ മഹേന്ദ്രനാണോ ഇവൻ? അതോ സർവ്വലോകങ്ങളെയും നശിപ്പിക്കുന്ന അന്തകനോ? കാലാഗ്നിയോ, ആദിത്യനോ? അല്ലെങ്കിൽ മഹാപ്രതാപിയായ കുബേരനോ? ഇവരാരെങ്കിലും വാനരന്റെ രൂപമെടുത്ത് വന്നതായിരിക്കുമോ?

അങ്ങിനെയിരിക്കേ, മാരുതി ആ പരിസരം ഒന്ന് വീക്ഷിച്ചു. എല്ലാ ഭാഗത്തും അഗ്നിജ്വലിക്കുന്നത് കൊണ്ട് അത്യധികമായ പ്രകാശമുണ്ട്. ആ പ്രകാശത്തിൽ പേടിച്ചോടുന്ന രാക്ഷസന്മാരും വളർത്തുമൃഗങ്ങളും. ഇതൊക്കെ കണ്ടപ്പോൾ ഹനുമാന് തന്നെക്കുറിച്ച് ഒരു നിന്ദാഭാവമുണ്ടായി. "ലങ്കാപുരിയെ ഞാൻ എന്റെ ഇഷ്ടം പോലെ ദഹിപ്പിച്ചു. ഒട്ടും ആലോചിക്കാതെ ചെയ്ത ഒരു പ്രവൃത്തിയായിപ്പോയോ ഇത്? കോപത്തെ ചിന്താശക്തി കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നവരാണ് ധന്യന്മാർ. എനിക്കതിന് കഴിഞ്ഞില്ല, കഷ്ടംതന്നെ. രാക്ഷസന്മാരോടുള്ള കോപാവേശത്താൽ അജ്ഞത ബാധിച്ച ഞാൻ യഥാർത്ഥ വാനരസ്വഭാവം തന്നെയാണല്ലോ കാണിച്ചത്. ഈ അഗ്നിയിൽ സീതാദേവിക്ക് വല്ലതും സംഭവിച്ചിരിക്കുമോ?" പെട്ടെന്ന് ആഞ്ജനേയൻ അശുഭ ചിന്തകളെ വെടിഞ്ഞ് സ്വതസ്സിദ്ധമായ സാത്വികചിന്തകൾ വീണ്ടെടുത്തു. "ദുഷ്ടന്മാരായ രാക്ഷസർക്കെതിരേ ഞാൻ ചെയ്തതിൽ യാതൊരു തെറ്റുമില്ല. എപ്പോഴായാലും ഇത് സംഭവിക്കേണ്ടത് തന്നെയാണ്. ദേവി എങ്ങിനെ നശിക്കും? ദേവിയെ ആർക്ക് നശിപ്പിക്കാൻ കഴിയും?

സീതാദേവിയുടെ മാഹാത്മ്യം ഓർമ്മ വന്ന ഹനുമാൻ പെട്ടെന്ന് ശിംശപാവൃക്ഷച്ചുവട്ടിൽ ചെന്ന് ജാനകീദേവിയെ സാഷ്ടാംഗം നമസ്കരിച്ചു.  "ദേവീ, ലങ്കാനഗരിയിലെ എന്റെ ദൗത്യം പൂർണ്ണമായിരിക്കുന്നു. യാതൊരു വിഷമവും കൂടാതെ നിന്തിരുവടിയെ ഒരിക്കൽ കൂടി കാണാൻ സാധിച്ച ഞാൻ ഭാഗ്യവാൻ തന്നെ."

മടങ്ങിപ്പോകാൻ തയ്യാറായ കപീന്ദ്രനെ പുത്ര വാത്സല്യത്തോടെ വീണ്ടും വീണ്ടും നോക്കിക്കൊണ്ട് സീതാദേവി പറഞ്ഞു: "നീ ഏററവും സമർത്ഥനാണ്. ശത്രുവംശത്തെ തനിയെ നശിപ്പിക്കാൻ നിനക്ക് കഴിവുണ്ട്. ഒന്ന് തീർച്ച. ഇതുകൊണ്ട് നിനക്ക് അനശ്വരയശസ്സ് വർദ്ധിക്കുകയാണ് ഫലം. നീ ലക്ഷ്യത്തിലെത്തും. സംശയമില്ല." സീതാദേവിയെ വീണ്ടും നമസ്കരിച്ച് ആഞ്ജനേയൻ വിടവാങ്ങി.

ശത്രുസംഹാരപടുവായ ഹനുമാൻ അരിഷ്ടമെന്ന് പേരായ പർവ്വതത്തിൽ നിന്ന് കുതിച്ച് വടക്കോട്ട് ചാടാമെന്ന് തീരുമാനിച്ചു പർവ്വതശൃംഗത്തിൽ കയറി ലക്ഷ്മണസഹിതനായ ശ്രീരാമസ്വാമിയെയും സീതാദേവിയെയും അചഞ്ചലമായി മനസ്സിൽ പ്രതിഷ്ഠിച്ചു ഊക്കോടെ പർവ്വതത്തിൽ നിന്ന് കുതിച്ച് ആകാശത്തിൽ കൂടി വടക്കോട്ട് അവാച്യവേഗത്തിൽ ഗമിച്ചു.

ഘോരരാക്ഷസന്മാരെ അനേകം പേരെ നിഗ്രഹിച്ച്, ലങ്കാനഗരത്തെ ചാമ്പലാക്കി, അസുരേശ്വരനായ രാവണന് തീരാദുഃഖം, നൽകി, സീതാദേവിയെ പ്രണമിച്ച് അത്യുജ്വല തേജസ്വിയായ വായുതനയൻ ഞാൺ വിട്ട രാമബാണം പോലെ മഹേന്ദ്രഗിരിയുടെ മുകളിലെത്തി.

കടൽക്കരയിൽ കാത്തുനിൽക്കുകയായിരുന്ന വാനരസംഘത്തിന് മാരുതിയുടെ ഇടിനാദം പോലുള്ള ഗർജ്ജനം കേട്ട് അത്യധികം ഉത്സാഹമുണ്ടായി. ആ സംഘത്തിലെ വയോവൃദ്ധനും, ജ്ഞാനവൃദ്ധനുമാണ് ജാംബവാൻ. സന്തോഷാധിക്യത്താൽ വികസിച്ച മുഖത്തോടെ അദ്ദേഹം വാനരന്മാരോട് പറഞ്ഞു:

"സുഹൃത്തുക്കളേ, ഹനുമാൻ കാര്യം സാധിച്ചു കഴിഞ്ഞു. സംശയിക്കേണ്ട ആവശ്യമേയില്ല. കാര്യം സാധിക്കാതെ മാരുതി ഒരിക്കലും ഇതുപോലെ ഗർജ്ജിക്കില്ല."

വാനരന്മാരുടെയെല്ലാം കൈകൾ ആദരപൂർവ്വം താമരപ്പൂമൊട്ടു പോലെ ശിരസ്സിനു മുകളിലുയർന്നു. നോക്കിനിൽക്കേ അതുല്യബലവാനും പർവ്വതതുല്യശരീരിയുമായ ആഞ്ജനേയൻ മഹേന്ദ്രഗിരിയുടെ ഒരു ശിഖരത്തിൽ വന്നു നിന്നു.

ആനന്ദക്കണ്ണീരൊഴുക്കുന്ന വാനരന്മാർ ഓടിവന്ന് വീരഹനുമാന്റെ ചുറ്റും കൂട്ടംകൂടി നിന്നു. അവരിൽ ചിലർ ഓടിപ്പോയി ഫലമൂലാദികൾ കൊണ്ടുവന്ന് വായുപുത്രനെ സൽക്കരിച്ചു. മറ്റു ചിലർ ഹനുമാന് ഇരിക്കുവാൻ വൃക്ഷശാഖകൾ ഒടിച്ചിട്ട് ഇരിപ്പിടമുണ്ടാക്കി. എന്നാൽ മാരുതി ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ ഗുരുഭൂതന്മാരെയും, വന്ദ്യവയോധികനായ ജാംബവാനെയും, യുവരാജാ അംഗദനെയും യഥോചിതം വന്ദിച്ച് അതിവിനയത്തോടെ കണ്ടു സീതാദേവിയെ എന്ന രണ്ടു വാക്കുകൊണ്ട് അവരെ കാര്യം ധരിപ്പിച്ചു.

ജാംബവാൻ, അംഗദൻ, ഹനുമാൻ എന്നിവർക്ക് ചുറ്റും എല്ലാ വാനരന്മാരും സന്തോഷത്തോടെ വലിയ പാറക്കല്ലുകളിൽ കയറിയിരുന്നു. മാരുതിയെ എത്ര നോക്കിയിട്ടും അവർക്ക് തൃപ്തി വന്നില്ല. സമുദ്രത്തെ ചാടിക്കടന്നതും, ലങ്കയെയും, ദേവിയെയും, രാവണനെയും കണ്ട വർത്തമാനങ്ങൾ വിസ്തരിച്ച് കേൾക്കാൻ ആഗ്രഹിച്ചു കൊണ്ട് അവരെല്ലാം ചുററിലും കൈകൂപ്പിക്കൊണ്ട് ആഞ്ജനേയന്റെ കണ്ണുകളിൽ നോക്കിനിന്നു....

അവരിൽവെച്ച് പ്രായംകൂടിയതും അഭിവന്ദ്യനുമായ ജാംബവാൻ ഹനുമാനോട് ചോദിച്ചു: "ഏതു വിധമാണ് ദേവിയെ കണ്ടുപിടിച്ചത്? ദേവിയുടെ സ്ഥിതി എന്താണ്? കൊടും ക്രൂരകൃത്യങ്ങൾ ചെയ്യുന്ന രാവണൻ ദേവിയെ ഉപദ്രവിക്കുന്നുണ്ടോ? അതോ രക്ഷിക്കുന്നുണ്ടോ?  മഹാനായ മാരുതി, എല്ലാം വിശദമായി ഞങ്ങളോട് പറയൂ."

ജാംബവാന്റെ ചോദ്യങ്ങൾ കേട്ട ഹനുമാന് സന്തോഷം കൊണ്ട് രോമാഞ്ചമുണ്ടായി. സീതാദേവിയെയും രഘുവരനെയും മനസാ നമസ്കരിച്ച് മാരുതി താൻ മഹേന്ദ്ര പർവ്വതത്തിൽ നിന്ന് ചാടിയതു മുതൽ തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങൾ ഒന്നൊഴിയാതെ വിശദമായി അവരെ കേൾപ്പിച്ചു. ഒടുവിൽ തന്റെ വിവരണം ഉപസംഹരിച്ചു കൊണ്ട് വായുപുത്രൻ പറഞ്ഞു:  "ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താലും നിങ്ങളുടെ സങ്കൽപ്പരൂപമായ ശക്തിവിശേഷത്താലും രാജാ സുഗ്രീവനുവേണ്ടി ഈ പറഞ്ഞതെല്ലാം ഞാൻ ചെയ്തു. ലങ്കയിൽ ഞാൻ ചെയ്യാതെ ബാക്കിവെച്ചവ നിങ്ങൾ മുഴുമിപ്പിക്കണം."

തുടരും.........

No comments:

Post a Comment