രാജസ്ഥാനിലെ നിറം മാറുന്ന ശിവലിംഗം
എത്ര ചെറിയ കോട്ടയാണെങ്കിലും പറയാൻ കഥകൾ ഒരുപാടുണ്ടാകും. പിടിച്ചടക്കലുകളുടെയും കീഴടങ്ങലിന്റെയും ഒക്കെ മറക്കുവാൻ പറ്റാത്ത കഥകൾ... ബേക്കൽ കോട്ട മുതൽ അങ്ങ് കാശ്മീരിലെ ഹരിപർബത് കോട്ട വരെ ചെന്നാലും ചരിത്രത്തിലെ എന്തെങ്കിലും കഥകൾ കിട്ടാതിരിക്കില്ല. അത്തരത്തിൽ ഒരു കോട്ടയാണ് രാജസ്ഥാനിലെ അചൽഗഡ് കോട്ട. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണെങ്കിലും ഇവിടെ എത്തുന്നവർക്ക് ഒരു കുറവുമില്ല. കോട്ടയുടെ വിശേഷങ്ങളിലേക്ക്...
രാജസ്ഥാനിൽ മൗണ്ട് അബുവിന് സമീപമാണ് അചൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. 15-ാം നൂറ്റാണ്ടിൻറെ പാതിയിലാണ് ഈ കോട്ട നിർമ്മിക്കപ്പെടുന്നത്.
കോട്ടയുടെ ചരിത്രം പരിശോധിച്ചാൽ പല രാജാക്കന്മാരിലൂടെ കൈമറിഞ്ഞ് വന്നതാണെന്ന് കാണാം. പരാമാര രാജവംശമാണ് കോട്ട നിർമ്മിക്കുന്നത്. പിന്നീട് കോട്ട പുതുക്കിപ്പണിത് അചൽഗഡ് എന്ന പേരിടുന്നത് 1452 ൽ മഹാറാണാ കുംബയാണ്. അദ്ദേഹ്തിന്റെ ഭരണകാലത്ത് രാജാവ് നിർമ്മിച്ച, അല്ലെങ്കിൽ പുനരുദ്ധാരണം നടത്തിയ 32 കോട്ടകളിൽ ഒന്നായിരുന്നു അചൽഗഡ് കോട്ട.
കോട്ടയ്ക്കുള്ളിൽ മറ്റൊരു കോട്ടകൂടി വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പകുതിയിലധികവും നശിപ്പിക്കപ്പെട്ട നിലയിലാണ് കോട്ടയുളളത്. കോട്ടയിലേക്കുള്ള ആദ്യത്തെ കവാടം ഹനുമാൻപോൾ എന്നാണ് അറിയപ്പെടുന്നത്. ചെറിയ കോട്ടയിലേക്കുള്ള കവാടമായാണ് ഇതറിയപ്പെടുന്നത്. ഇത് കൂടാതെ ചമാപോൾ, എന്നു പേരായ ഒരു വാതിൽ കൂടിയുണ്ട്. അത് അകത്തെ കോട്ടയിലേക്കാണ് തുറക്കുന്നത്.
അചലേശ്വർ കോട്ടയുടെ തൊട്ടു പുറത്തായാണ് അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകൾ ദിവസവും നടക്കുന്ന ഈ ക്ഷേത്രത്തിൽ ശിവന്റെ പാദങ്ങളെ ആരാധിക്കുന്നു.
രാജസ്ഥാനിലെ സിരോഹി ജില്ലയിൽ ധോലാപ്പൂർ അചൽഡഗ് കോട്ടയ്ക്ക് സമീപമാണ് പ്രശസ്തമായ അചലേശ്വർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ പാർമ്മർ വംശമാണ് കോട്ടയും ക്ഷേത്രവും നിർമ്മിച്ചത് എന്നാണ് വിശ്വാസം.
ശിവന്റെ കാലിലെ പെരുവിരൽ ഇവിടെ ഉണ്ട് എന്നാണ് വിശ്വാസം. എല്ലാ ക്ഷേത്രങ്ങളിലും ശിവലിംഗത്തെയോ സ്വയംഭൂ പ്രതിഷ്ഠയെയോ ഒക്കെ ആരാധിക്കുമ്പോൾ ഇവിടെ മഹാദേവന്റെ വിരലിനെയാണ് ആരാധിക്കുന്നത്. ശിവന്റെ വിരലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം കൂടിയാണിത്.
ദിവസത്തിൽ മൂന്നു തവണ നിറം മാറുന്ന ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാവിലെ ചുവന്ന നിറത്തിൽ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലും വൈകിട്ട് ഗോതമ്പിന്റെ നിറത്തിലേക്കും മാറുന്ന അത്ഭുത പ്രതിഭാസമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.
ഇവിടുത്തെ അത്ഭുത ശിവലിംഗത്തെ മൂന്നു നിറത്തിലും കാണുവാൻ സാധിച്ചാൽ എന്താഗ്രഹവും സാധിക്കുമെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. അതിനായി രാവിലെ ഇവിടെ എത്തുന്നവർ മൂന്നു നിറങ്ങളിലും ശിവലിംഗം ദർശിച്ച ശേഷം രാത്രിയോടെയാണ് ഇവിടെ നിന്നും മടങ്ങുക. വിവാഹം ശരിയാകാത്ത ആളുകൾ ഇവിടെ എത്തി പ്രാർഥിച്ചാൽ പെട്ടന്ന് വിവാഹം ശരിയാവും എന്നുമൊരു വിശ്വാസമുണ്ട്.
പഞ്ചലോഹത്തിൽ തീർത്ത നന്ദിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരിക്കൽ മുസ്ലീം തീവ്രവാദികൾ ഇവിടം അക്രമിക്കാനെത്തിയ സമയത്ത് നന്ദി വിഗ്രഹത്തിൽ നിന്നും പ്രത്യേക തരത്തിലുള്ള ഈച്ചകൾ പുറത്തു വരുകയും അവ ക്ഷേത്രം നശിപ്പിക്കാനെത്തിയവരെ പായിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ക്ഷേത്രം അക്രമിക്കാനും നശിപ്പിക്കുവാനും എത്തിയവരെ പലതവണ ഈ ഈച്ചകൾ അക്രമിച്ച് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് പറയുന്നത്
രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബുവിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ കോട്ടയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. മൗണ്ട് അബുവിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. സിരോഹി ജില്ലയിലാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. രാജസ്ഥാനിലെ പ്രമുഖ നഗരമായ ഉദയ്പ്പൂരില്‍ നിന്ന് 176 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൗണ്ട് അബുവില്‍ എത്തിച്ചേരാം.ഇവിടെയാണ് ഏറ്റവും അടുത്ത് വിമാനത്താവളമുള്ളത്. ഡല്‍ഹിയില്‍ നിന്ന് 742 കിലോമീറ്റര്‍ അകലെയാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. അഹമ്മദ്ബാദ് (225 കി മീ), ജയ്പൂര്‍ (468 കി മീ) എന്നീ നഗരങ്ങളില്‍ നിന്നും മൗണ്ട് അബുവിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
No comments:
Post a Comment