ഭക്ത ഹനുമാൻ
ഭാഗം - 08
രാക്ഷസരാജാവിന്റെ അശോകവാടിക ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും രമണീയമായ ഉദ്യാനമായി തോന്നി പവനപുത്രന്. തോട്ടം നിറയെ പലതരം പൂക്കൾ കുലകുലയായി വിരിഞ്ഞ് നിൽക്കുന്ന ചെറുമരങ്ങളാണ്. അവിടെ അശോകം, ഇലഞ്ഞി, ചെമ്പകം തുടങ്ങിയവയും മറ്റനേകം പുഷ്പവൃക്ഷങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. അവയിൽ പലതും പൂക്കാവടി പോലെ പൂത്തുലഞ്ഞു നിൽക്കുന്നു. മനോഹരമായി സംവിധാനം ചെയ്ത ലതാനികുഞ്ജങ്ങൾ, വള്ളിപ്പടർപ്പുകൾ, പുൽത്തകിടികൾ, പൊയ്കകൾ ഇവയെല്ലാം അശോകവനികയെ അലങ്കരിക്കുന്നു. ഹനുമാൻ പതുങ്ങിപ്പതുങ്ങി ചെന്ന് ഒരു വലിയ പൊന്നശോകത്തിന്റെ മുകളിൽ കയറി ഇലകൾക്കിടയിൽ ഒളിച്ചിരുന്നു. അവിടെയിരുന്നാൽ എല്ലാം വ്യക്തമായി കാണാം.
ഉദ്യാനഗൃഹത്തിന്റെ പുറത്തെ തിണ്ണയിൽ കാക്കക്കറുമ്പികളായ കുറെ രാക്ഷസികൾ കുത്തിയിരിക്കുന്നുണ്ട്. അവർക്കൊക്കെ കണ്ടാൽ പേടിച്ചു പോകുന്ന ആകൃതിയും വേഷവിധാനങ്ങളുമാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരിടത്ത് കുറേപ്പേർ ശൂലവും മറ്റ് ആയുധങ്ങളും കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടെത്തി. അവിടെ എന്താണെന്നറിയാൻ മരച്ചില്ലകൾക്ക് മുകളിൽ നിന്ന് ഏന്തി വലിഞ്ഞ് നോക്കി. ഘോരരൂപിണികളായ രാക്ഷസികൾക്ക് നടുവിൽ പുക പൊതിഞ്ഞ തീനാളത്തിനു തുല്യം ഒരു സ്ത്രീ തലയും കുമ്പിട്ടു കുനിഞ്ഞിരിക്കുന്നത് ഹനുമാന്റെ സൂക്ഷ്മ ദൃഷ്ടിയിൽ പെട്ടു.
ആ സ്ത്രീ വല്ലാതെ മുഷിഞ്ഞ് നിറംകെട്ട പുടവ എല്ലും തോലുമായ ശരീരത്തിൽ വാരി ചുറ്റിയിരിക്കുന്നു. അവളുടെ മുഖത്ത് ദുഃഖത്തിന്റെ കാർമേഘങ്ങൾ പടർന്നു നിൽക്കുന്നു. കണ്ണുകളിൽ നിന്ന് ഇടതടവില്ലാതെ നീർത്തുള്ളികൾ വീഴുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ ആ സ്ത്രീയെ താൻ മുൻപ് എവിടെയോ വെച്ച് കണ്ടിട്ടുള്ളത് പോലെ ഹനുമാന് തോന്നിത്തുടങ്ങി. "ഇവളുടെ ആകൃതി അപഹരിക്കപ്പെട്ട സീതാദേവിയുടെ രൂപവുമായി മിക്കവാറും ഒത്തുവരുന്നുണ്ട്. കുറേ ദിവസങ്ങൾക്കു മുൻപ് ഋശ്യമൂകപർവ്വതത്തിൽ ഇരിക്കുമ്പോൾ ഇവളെ ഞാൻ കണ്ടിരുന്നല്ലോ. ഇവൾ തന്നെയായിരുന്നു അന്നേദിവസം ആഭരണപ്പൊതി താഴെ എറിഞ്ഞതെന്നും തോന്നുന്നു''. എല്ലാം കൂട്ടിച്ചേർത്തു ചിന്തിച്ചപ്പോൾ ഹനുമാന് തീർച്ചയായി. "സംശയമില്ല ഇവൾ തന്നെ സീതാദേവി. എനിക്ക് കാണേണ്ടതും ഇവളെത്തന്നെ".
ഭർത്താവിനോടുള്ള പ്രേമവായ്പ് കൊണ്ട് രാജസുഖങ്ങൾ ചവിട്ടി തെറിപ്പിച്ചു കാട്ടിലേക്ക് പോരുകയും കായും കിഴങ്ങുകളും തിന്ന് ഭർത്താവിനോടൊപ്പം ജീവിക്കുകയും ചെയ്ത ആ പരമസാധ്വിയുടെ ദർശനം ഹനുമാനെ കൃതാർത്ഥനാക്കിത്തീർത്തു. ഹനുമാൻ അശോകമരത്തിന്റെ കൊമ്പിലിരുന്ന് മനസ്സ് കൊണ്ട് സീതാദേവിയെ വണങ്ങി.
പുതുവസ്ത്രങ്ങളോ, ആഭരണങ്ങളോ യാതൊന്നും ധരിക്കാതെയും, വിഷാദമഗ്നമായ മുഖത്തോടെയും ശിംശപാവൃക്ഷച്ചുവട്ടിലിരിക്കുന്ന സീതാദേവിയുടെ ഉജ്വലകാന്തിയുള്ള വദനാരവിന്ദം കണ്ടപ്പോൾ ഹനുമാന് അവർണ്യമായ സന്തോഷമുണ്ടായി. ദേവിയെ കണ്ടതുകൊണ്ട് ഉണ്ടായ സന്തോഷം ഉള്ളിലടക്കി, എങ്ങിനെ ദേവിയെ അഭിമുഖീകരിക്കും എന്നുള്ള ചിന്തയോടുകൂടി ഹനുമാൻ ആ മരത്തിന്റെ ഇലകളുടെ മദ്ധ്യത്തിൽ മറഞ്ഞിരുന്നു.
രാത്രിയുടെ അന്ത്യയാമമായി. പെട്ടെന്ന് വേദോച്ചാരണങ്ങളുടെയും മംഗളവാദ്യഘോഷങ്ങളുടെയും ശബ്ദം കേട്ടു. ലങ്കാധിപൻ ഉറക്കം വിട്ടെഴുന്നേൽക്കുന്ന സമയമായി എന്ന് ആഞ്ജനേയന് മനസ്സിലായി. വാദ്യഘോഷങ്ങളോടൊപ്പം രാക്ഷസനാരിമാരുടെ അരഞ്ഞാണുകളുടെയും കാൽച്ചിലമ്പുകളുടെയും നാദം അടുത്തേക്ക് വരുന്നു. അസാമാന്യങ്ങളായ കർമ്മങ്ങൾ അനേകം ചെയ്തിട്ടുള്ള അത്യധികം ബലവാനായ അസുരേശ്വരൻ അശോക വനികയിലേക്ക് എഴുന്നള്ളുന്നതായി ആഞ്ജനേയൻ കണ്ടു.
സീത രാവണൻ വരുന്നത് കണ്ട് പേടിച്ചു വിറയ്ക്കാൻ തുടങ്ങി. അയാൾ സീതയുടെ മുന്നിൽ വന്നുനിന്നു. പിന്നെ മധുരവാക്കുകളാൽ സീതയെ പ്രസാദിപ്പിക്കാൻ മുതിർന്നു. "സുന്ദരി, എന്നെക്കാണുമ്പോൾ നീയെന്തിന് പേടിക്കുന്നു? ഞാൻ എന്റെ പ്രാണനെക്കാൾ അധികം നിന്നെ സ്നേഹിക്കുന്നു. ഞാൻ പറയുന്നത് കേൾക്കൂ. പൂ പോലെയിരിക്കുന്ന നിന്റെ ശരീരം ഈ വിധത്തിൽ നശിപ്പിക്കുന്നതെന്തിനാണ്? ഇവിടത്തെ രാജസുഖങ്ങൾ അനുഭവിക്കൂ. നിന്നെ ഞാൻ എന്റെ പട്ടമഹിഷിയാക്കാം. ഈ ലോകം മുഴുവൻ കീഴടക്കി നിന്റെ കാൽക്കീഴിൽ വെച്ചുതരാം. ആ വനവാസി രാമന്റെ വിചാരം കളയൂ. എന്തിരിക്കുന്നു ആ അരപ്പട്ടിണിക്കാരന്റെ കൈയ്യിൽ? അവനെ മറന്നു കളഞ്ഞേക്കു. ലങ്കേശ്വരന്റെ ഹൃദയേശ്വരിയായി ജീവിതസുഖം കോരിക്കുടിക്കൂ....."
ഇങ്ങനെയുള്ള അനുനയ വാക്കുകൾ ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്. സീത അവജ്ഞാപൂർവ്വം രാവണനോട് പറഞ്ഞു: "ഹേ പാപീ, കാട്ടാളാ, ഇങ്ങനെയൊക്കെ ഒരു പരസ്ത്രീയുടെ മുന്നിൽനിന്നു പുലമ്പാൻ നിങ്ങൾക്ക് നാണമില്ലേ? ഈ വകവർത്തമാനങ്ങൾ നിങ്ങളുടെ ഭാര്യമാരോട് ചെന്നു പറയൂ. ഞാൻ ദശരഥ മഹാരാജാവിന്റെ കുലത്തിലേക്ക് കയറിച്ചെന്ന മരുമകളാണ്. ധർമ്മാത്മാവായ രാമന്റെ ധർമ്മപത്നിയാണ്. സൂര്യനിൽ നിന്ന് അതിന്റെ പ്രകാശം എടുത്തുമാറ്റാൻ കഴിയാത്തതുപോലെ രാമനിൽ നിന്ന് എന്നെ വേർപെടുത്താൽ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ എന്റെ ഭർത്താവിന് സമീപം എത്തിക്കുക. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുക. ഇല്ലെങ്കിൽ രാമൻ നിങ്ങളുടെ ലങ്കാനഗരത്തിന്റെ ഉന്മൂലനാശം വരുത്തും".
മരക്കൊമ്പിൽ ഇലകളുടെ ഇടയിൽ മറഞ്ഞിരിക്കുകയായിരുന്ന ഹനുമാന്റെ മനസ്സിൽ സീതാദേവി രാവണനോട് പറഞ്ഞ ചില വാചകങ്ങൾ തികട്ടിവന്നു. 'സദാചാരത്തിൽ നിന്ന് വിട്ടുമാറിയ ബുദ്ധി അധർമ്മത്തിൽ ചെന്ന് ചേരുന്നു. ഒരു രാജാവിന് അത് വംശനാശം വരുത്തും. മനോനിയന്ത്രണം സാധിക്കാത്ത ഭൂപാലകൻ നീതിയില്ലാതെ ഭരിക്കും. അങ്ങിനെ ദീർഘദർശിയല്ലാത്ത ഒരുവന്റെ അവസാനത്തിൽ എല്ലാ ജീവജാലങ്ങളും സന്തോഷിക്കും. 'മരണം മുന്നിൽ വന്നു നിൽക്കുന്ന സന്ദർഭത്തിൽ പോലും ആത്മാഭിമാനം വിടാതെ രാക്ഷസരാജനോട് സംസാരിക്കുന്ന പതിവ്രതാരത്നമായ സീതാദേവിയെ മാരുതി വീണ്ടും മനസാ നമിച്ചു...
തുടരും.......
No comments:
Post a Comment