ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 April 2016

വിഗ്രഹങ്ങളെ ആരാധിക്കേണ്ട ആവശ്യമുണ്ടോ?

വിഗ്രഹങ്ങളെ ആരാധിക്കേണ്ട ആവശ്യമുണ്ടോ?


പലരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് വിഗ്രഹങ്ങളെ ആരാധിക്കേണ്ട ആവശ്യമുണ്ടോ?
നമ്മള്‍ കേവലം വിഗ്രഹങ്ങളെയല്ല ആരാധിക്കുന്നത്. സര്‍വ്വവ്യാപിയായ ഈശ്വരനെയാണ്. വിഗ്രഹങ്ങള്‍ ആ ഈശ്വരതത്ത്വത്തിന്റെ പ്രതീകങ്ങാണ്. ഏകാഗ്രത കൈവരിക്കാനുള്ള ഉപാധികളാണ്. കുട്ടികളെ തത്തയുടെയും മൈനയുടെയും മറ്റും പടം കാണിച്ചിട്ട് ഇതു തത്ത, ഇതു മൈന എന്നുപറഞ്ഞ് പഠിപ്പിക്കും.
ഇളംപ്രായത്തില്‍ ഇതാവശ്യമാണ്. എന്നാല്‍ വളര്‍ന്നുകഴിഞ്ഞാല്‍ അവരെ തിരിച്ചറിയാന്‍ ഈ പടങ്ങളുടെ ആവശ്യമില്ല. ഇതുപോലെ തുടക്കത്തില്‍ സാധാരണക്കാരന്റെ മനസ്സിനെ ആ ദിവ്യചൈതന്യത്തില്‍ ഏകാഗ്രമാക്കുവാന്‍ ഈ വിധമുള്ള ഉപാധികള്‍ ആവശ്യമാണ്.
ആത്മാര്‍ത്ഥതയോടെ സാധന പുരോഗമിക്കുമ്പോള്‍ ഈ രൂപങ്ങളൊന്നും കൂടാതെതന്നെ മനസ്സ് ഏകാഗ്രമാകുവാന്‍ പഠിക്കും. മനസ്സിനെ ഏകാഗ്രത ശീലിപ്പിക്കുവാനുള്ളു നല്ല ഒരു ഉപാധിയാണ് വിഗ്രഹം. കൂടാതെ ഈശ്വരന്‍ വിഗ്രഹത്തില്‍ ഇല്ല എന്നുപറയുവാന്‍ സാധിക്കില്ല. സര്‍വ്വചരാചരങ്ങളിലും ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്നു എങ്കില്‍, വിഗ്രഹത്തിലും അവിടുന്നുണ്ട് എന്ന് നാം അറിയണം. പ്രപഞ്ചത്തിലെ ജീവനുള്ളതും ഇല്ലാത്തതുമായ സര്‍വ്വതിലും ഈശ്വരനെ ദര്‍ശിച്ചു സ്‌നേഹിക്കുവാനും സേവിക്കുവാനുമുള്ള മനസ്സിനെ വളര്‍ത്തിയെടുക്കുവാനുള്ള പരിശീലനമാണു വിഗ്രഹാരാധന.
ഒരു കാമുകന്‍ തന്റെ പ്രേമഭാജനത്തിന് ഒരു സമ്മാനം നല്‍കുന്നു എന്നിരിക്കട്ടെ. ഒരുപക്ഷേ, അതു വെറും അഞ്ചുപൈസ മാത്രം വിലയുള്ളതാകാം. എന്നാല്‍, കാമുകി അതില്‍ തന്റെ പ്രിയതമനെയാണു കാണുന്നത്. ഏതാനും രൂപ മാത്രം വിലയുള്ളതാണെങ്കിലും ഒരു രാഷ്ട്രത്തിന്റെയോ പാര്‍ട്ടിയുടെയോ കൊടിയുടെമേല്‍ തുപ്പുവാന്‍ നാം ആരെയും അനുവദിക്കാറില്ല. ആ കൊടി വെറും തുണിയല്ല.
തുണിക്കു കൊടിയുടെ സ്ഥാനം കൈവന്നതോടെ അതു മഹത്തായ ഒരു ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നു. അതിനെ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതുപോലെ വിഗ്രഹത്തില്‍ നാം ദര്‍ശിക്കുന്നത് ഈശ്വരനെത്തന്നെയാണ്. നമ്മളില്‍ കുടിക്കൊള്ളുന്ന ഈശ്വരചൈതന്യത്തിന്റെ കണ്ണാടിയാണു വിഗ്രഹം.
വിഗ്രഹത്തിനു മുന്‍പില്‍ ചെന്നാലും നമ്മള്‍ കണ്ണടച്ചാണു പ്രാര്‍ത്ഥിക്കുന്നത്. അതിനാല്‍ അന്തര്യാമിയായ ഈശ്വരനിലേക്ക് മനസ്സുതിരിയാന്‍തന്നെയാണ് വിഗ്രഹം സഹായിക്കുന്നത്. വിഗ്രഹാരാധന എതിര്‍ക്കുന്ന മതങ്ങളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഗ്രഹാരാധന ചെയ്യുന്നുണ്ട്. ജനങ്ങള്‍തത്ത്വം മനസ്സിലാക്കാതെ വിഗ്രഹത്തില്‍തന്നെ ബന്ധിക്കാനിടയുണ്ട് എന്നതാണ് വിഗ്രഹാരാധനയുടെ ന്യൂനത. എന്നാല്‍ സത്സംഗങ്ങളിലൂടെയും ശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിലൂടെയും തത്ത്വം മനസ്സിലാക്കിയാല്‍ ഈ പ്രശ്‌നമില്ല. അതിനുള്ള സംവിധാനംകൂടി ക്ഷേത്രങ്ങളില്‍ ഉണ്ടാക്കാനാണു നാം ശ്രമിക്കേണ്ടത്.

No comments:

Post a Comment