ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2022

വഴിയമ്പലം

വഴിയമ്പലം

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ എന്നു പറയുന്നത്.

മിക്ക വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും (അത്താണി), കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. 

ചില വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും, വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.


നിർമ്മാണ ശൈലി

നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഒറ്റ മകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയാണ്‌ സാധാരണ കണ്ടുവരുന്നത്. ചിലയിടങ്ങളിൽ വഴിയമ്പലത്തിന്റെ മേൽക്കൂരയിലെ താഴികക്കുടങ്ങൾ ക്ഷേത്രങ്ങളിലേതുപോലെ കീഴ്പ്പോട്ടാണുള്ളത്.

ഇന്നത്തെ അവസ്ഥ

കേരളത്തിൽ സർവ്വ സാധാരണമായിരുന്ന വഴിയമ്പലങ്ങളിൽ ഏതാനും ചിലത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ തന്നെ കൂടുതലും ജിർണ്ണാവസ്ഥയിലാണ്. മിക്കയിടങ്ങളിലുമുണ്ടായിരുന്ന ചുമടുതാങ്ങിയും, കൽത്തൊട്ടിയും നഷ്ടപ്പെട്ടു. എന്നാൽ പഴമയുടെ സ്മൃതിയുണർത്തുന്ന വഴിയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അതത് നാട്ടിലെ ജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് ശ്രമങ്ങൾ നടത്തിവരുന്നു.


No comments:

Post a Comment