ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 June 2022

കര്‍ക്കിടക ചികിത്സ എന്തിന് ?

കര്‍ക്കിടക ചികിത്സ എന്തിന് ?

കര്‍ക്കിടകത്തില്‍ എന്നതുപോലെതന്നെ ഓരോ കാലത്തിനും, അസുഖത്തിനും അനുസരിച്ച് ഓരോരോ ഔഷധങ്ങളാണ് രോഗശമനത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിക്കുന്നത്. അല്ലാതെ കര്‍ക്കിടകത്തില്‍ മാത്രമല്ല പ്രതിരോധ ചികിത്സ വിധിക്കുന്നത്. കര്‍ക്കിടക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഔഷധങ്ങളും മറ്റു ചികിത്സാ സന്ദര്‍ഭങ്ങളിലും സാര്‍വത്രികമായി ഉപയോഗിക്കുന്നതാണ്. കര്‍ക്കിടകമാസത്തിലെ ആയുര്‍വേദ ചികിത്സകൊണ്ട് മാത്രമേ ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാന്‍ സാധിക്കുകയുളളു എന്ന പൊതുധാരണ തെറ്റാണ്. എല്ലാ വ്യക്തിക്കും ഏതുതരം രോഗമുളളവര്‍ക്കും കര്‍ക്കിടകമാസത്തിലെ ചികിത്സകൊണ്ടു മാത്രം ആരോഗ്യവും പ്രതിരോധവും പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധ്യമല്ല. കര്‍ക്കിടക ചികിത്സ എന്നാല്‍ കര്‍ക്കിടക കഞ്ഞി കഴിക്കുക മാത്രമാണോ? അതോ ഏതെങ്കിലും എണ്ണകള്‍ പുറത്തുപുരട്ടി കുളിച്ച ശേഷം കഞ്ഞിവെച്ച് കഴിച്ചാല്‍ ചികിത്സയായി. ഇങ്ങനെ അനവധി വിശ്വാസങ്ങളാണ് മനുഷ്യരില്‍ കര്‍ക്കിടക ചികിത്സയെക്കുറിച്ചുളളത്.

കര്‍ക്കിടക ചികിത്സ നടത്തിയാല്‍തന്നെയും എല്ലാവര്‍ക്കും കര്‍ക്കിടകമാസത്തില്‍തന്നെ പൂര്‍ണാരോഗ്യവും പ്രതിരോധശേഷിയും വീണ്ടെടുക്കാന്‍ കഴിയണമെന്നില്ല. പിന്നെ എന്തിന് കര്‍ക്കിടക ചികിത്സ എന്ന് ചോദിക്കാം. സ്ഥിരമായ കാലാവസ്ഥ വ്യതിയാനമുണ്ടായിരുന്ന കാലഘട്ടത്തിലെ കര്‍ക്കിടക മാസത്തില്‍ ശക്തമായ കാലാവസ്ഥ വ്യതിയാനംമൂലം ഭൂമിയിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങള്‍ക്കും ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്ന കാലഘട്ടമായിരുന്നു. ആയുര്‍വേദം ഇതിനെ ആദാനകാലമെന്ന് വിശേഷിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ അവരവരുടെ ആരോഗ്യത്തിനും രോഗത്തിനും അനുസരിച്ചുളള ഔഷധങ്ങള്‍ ഉപയോഗിച്ചുളള ചികിത്സ നേടുക. ഔഷധങ്ങള്‍ കഞ്ഞിരൂപത്തിലോ കഷായരൂപത്തിലോ രോഗിയുടെ അവസ്ഥക്കനുസരിച്ച് തെരഞ്ഞെടുക്കുക. മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ലാത്ത വ്യക്തിക്ക് കര്‍ക്കിടകമാസത്തിലെ ചികിത്സകൊണ്ട് മാത്രം പൂര്‍ണ ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാന്‍ സാധിക്കും.

ഓരോ വ്യക്തിയുടെയും ശരീര ഘടനയ്ക്കും രോഗങ്ങള്‍ക്കും അടിസ്ഥാനമാക്കി ചികിത്സ തുടര്‍ന്നു പോകേണ്ടതുണ്ട്. അല്ലാതെ രോഗവ്യാപിതനായ ഒരാള്‍ കര്‍ക്കിടക ചികിത്സകൊണ്ടോ കര്‍ക്കിടക കഞ്ഞി കഴിച്ചതുകൊണ്ടോ മാത്രം കര്‍ക്കിടക മാസത്തില്‍തന്നെ ആരോഗ്യവും പ്രതിരോധവും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയണമെന്നില്ല. അതിന് ചികിത്സ തുടരേണ്ടതായിട്ടുണ്ട്. അത് ചെയ്യാതെ കര്‍ക്കിടകമാസം കഴിഞ്ഞിട്ടും ആരോഗ്യം വീണ്ടുകിട്ടിയില്ല എന്ന് ആയുര്‍വേദത്തെ പഴിച്ചിട്ട് കാര്യമില്ല. പൊതുവില്‍ ആയുര്‍വേദ ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത് രോഗം ഭേദമാകുന്നതോടൊപ്പം രോഗാവസ്ഥയില്‍ നഷ്ടപ്പെട്ട ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കുക എന്നതാണ്. പൊതുവേ ദൂഷ്യഫലങ്ങളില്ലാത്ത ആയുര്‍വേദ ഔഷധങ്ങളുപയോഗിച്ചുളള ചികിത്സ അത് എപ്പോള്‍ പ്രയോഗിച്ചാലും ഫലം സുനിച്ഛിതമാണ്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥയ്ക്കും രോഗത്തിനും അനുസരിച്ച് എത്ര ദിവസത്തെ ചികിത്സയാണോ ആവശ്യമായിവരുന്നത് അത്രയും ദിവസവും ചികിത്സിച്ചാല്‍ എല്ലാ ചികിത്സയ്ക്ക് ശേഷവും ആ വ്യക്തിയുടെ നഷ്ടപ്പെട്ട ആരോഗ്യവും പ്രതിരോധവും നിശ്ചയമായും വീണ്ടെടുക്കാന്‍ സാധിക്കും.

കേരളത്തില്‍ നിലവില്‍ കാലാവസ്ഥാ സ്ഥിരത ഇല്ല. പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുത്തി രോഗം വ്യാപിക്കാന്‍ ഇടവരുത്തുന്നു. കാലാവസ്ഥയില്‍ സ്ഥിരതയുളള കാലഘട്ടത്തില്‍ കര്‍ക്കിടകമാസത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ദീര്‍ഘമായ കാലാവസ്ഥാവ്യതിയാനത്തില്‍ ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെടുന്നത് പ്രകടമായിരുന്നു. കുറച്ചുകാലങ്ങളായി കേരളത്തില്‍ പെട്ടെന്നു പെട്ടെന്നുവരുന്ന കാലാവസ്ഥ വ്യതിയാനം കര്‍ക്കിടകത്തില്‍ എന്നപോലെ വ്യതിയാനം ഉണ്ടാകുന്ന സമയങ്ങളിലൊക്കെ ആരോഗ്യവും പ്രതിരോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ ഇന്ന് സാര്‍വത്രികമാണ്. ഇതില്‍നിന്നും കര്‍ക്കിടകത്തില്‍ മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്ന് നമുക്ക് വ്യക്തമാകും. അതുകൊണ്ട് ഓരോ കാലാവസ്ഥാ വ്യതിയാനത്തിലും ആരോഗ്യവും പ്രതിരോധവും വീണ്ടെടുക്കാനുളള ചികിത്സ അനിവാര്യമാണ്. സ്ഥായിയായ രോഗമുളളവര്‍ കര്‍ക്കിടകമാസത്തിന് മുമ്പുളള മാസങ്ങളില്‍ ചികിത്സ തേടിയാല്‍ കര്‍ക്കിടകമാസത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ ചെയ്താല്‍ കര്‍ക്കിടകമാസത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ലെന്നും വരാം.



No comments:

Post a Comment