വിഗ്രഹങ്ങളെ ഒരു രൂപത്തിലൂടെ ആരാധിക്കുന്നതിലെ യുക്തി എന്താണ്???
പരമയാഥാർത്ഥ്യം പ്രാതിഭാസിക പ്രപഞ്ചമായി ആവിഷ്ക്കരിക്കുമ്പോൾ പ്രകൃതി, വികൃതി എന്ന രണ്ട് ഭാവങ്ങൾ ഉണ്ടാകുന്നു. എല്ലാ പ്രതിഭാസങ്ങൾക്കും ആധാരമായ സൂക്ഷ്മഭാവത്തെയാണ് പ്രകൃതി എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഇത് വൈവിദ്ധ്യമാർന്നതും അനുഭവവേദ്യവുമായ പ്രപഞ്ചപ്രതിഭാസങ്ങളായി ആവിഷ്ക്കരിക്കുന്നതിനെ വികൃതി എന്നും പറയുന്നു. മനുഷ്യമനസ്സ് വികൃതിയെന്ന അവിഷ്ക്കരസ്ഥിതിയുടെ സ്വാധീനതയിലായിരിക്കുമ്പോൾ അത് രൂപങ്ങൾ, ഗുണങ്ങൾ എന്നി ഘടകങ്ങൾക്ക് വിധേയമായി പരിമിതമായിരിക്കും. ക്രമേണയുള്ള പരിശീലനം കൂടാതെ മനുഷ്യമനസ്സിന് ഇവയുടെ സ്വാധീനതയിൽ നിന്ന് വിമുക്തമായി സർവ്വാതീതമായ ബ്രഹ്മബോധത്തിലേക്കുയരുക പ്രയാസമാണ് ഏതെങ്കിലുമൊരു ഈശ്വരരൂപമെന്നത് അപരിമേയമായ ബ്രഹ്മസത്തയുടെ ഒരു രൂപാത്മക പ്രതീകമാണ്. അങ്ങനെയുള്ള ഒരു രൂപഭാവത്തിലേക്ക് മനസ്സിനെ നയിക്കുമ്പോൾ അത് ആ അപരിമേയതയെക്കുറിച്ചുള്ള ശക്തമായ ആശയം മനസ്സിലേക്ക് പകരുകയും, സ്വന്തം പരിമിതികൾക്കതീതമായി ഉയരുവാൻ മനസ്സിനെ സഹായിക്കുകയും ചെയ്യുന്നു. ഇത് പരമയാഥാർത്ഥ്യത്തെക്കുറിച്ചുള്ള അവബോധം ക്രമേണ ഉൾക്കൊള്ളുവാൻ മനസ്സിനെ പരിശീലിപ്പിക്കുന്നു. ഒരു വിഗ്രഹം സൂക്ഷമമായി പഠിക്കുമ്പോൾ അതിന്റെ ഓരോ ഭാഗവും മനസിന്റെ സാധാരണ പരിമിതികളെ അതിലംഘിക്കുന്ന തത്ത്വങ്ങൾ പ്രകാശിക്കുന്നതായും വിഗ്രഹമാകെ ഒരു അത്യുദാത്തമായ യാഥാർത്ഥ്യത്തെയും അർത്ഥത്തെയും പ്രതിനിധാനം ചെയ്യുന്നതായും മനസ്സിലാക്കാൻ കഴിയും.
ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നിട്ടുകൊണ്ട് വേണം ദേവാലയത്തിന്റെ വാതിലിനുള്ളിൽ കടക്കേണ്ടത്. ശരീരവും മനസ്സും ഒന്നാകെ ദൈവികശക്തിയുടെ സ്വാധീനത്തിൽ ലയിക്കത്തവിധം തന്റെ സത്തയെ ആരാധകൻ ഒരുക്കണം. ബുദ്ധിപരമായ വിമർശനം സംശയങ്ങൾ ഇവയൊക്കെ തൽക്കാലമെങ്കിലും മനസ്സിനെ മങ്ങിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷേത്രത്തിനുള്ളിലെ എല്ലാം ഈശ്വരന്റെ അന്തമില്ലാത്ത വൈവിധ്യത്തിന്റെയും അളവറ്റ മാഹാത്മ്യത്തിന്റെയും പ്രതികങ്ങളായി കാണണം. ശാന്തഭാവമണ് യഥാർത്ഥ ശക്തിയുടെ ഉറവിടം. ശാന്തമായ മനസ്സോടെ ക്ഷേത്രസന്നിധിയിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ നാം നമ്മെത്തന്നെ ശക്തരാക്കുകയാണ്. ജീവിതത്തെ മഹത്തരമാക്കുകയും ശക്തമാക്കുകയും ചെയ്യുന്ന പ്രപഞ്ചശക്തിയുമായി നാം അനുഗ്രഹീതമായ ബന്ധത്തിലേർപ്പെടുകയാണ്. ഒരു ആരാധകന്റെ ലക്ഷ്യം ആ ബന്ധം മാത്രമായിരിക്കണം, എല്ലാ തടസ്സങ്ങളും നീങ്ങി ജീവിതത്തിന് തെളിച്ചവും, വെളിച്ചവും, ഭംഗിയും നൽക്കുന്ന ആത്മസത്തയുമായുള്ള ബന്ധം മാത്രം. പൂജാരിയുടെ പെരുമാറ്റരീതിയെ കുറിച്ചോ, ചിലരുടെ തെറ്റായ പ്രവണതകളെക്കുറിച്ചോ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ചിന്തിക്കാൻ തുടങ്ങിയാൽ ആത്മശക്തിയിൽ കേന്ദ്രീകരിക്കേണ്ടതിന് പകരം അത്തരം കാര്യങ്ങളിൽ മനസ്സ് ചിതറിപ്പോകാൻ ഇടവരുന്നു. ശ്രീ കോവിലിന്റെ മുമ്പാകെ നിൽക്കുമ്പോൾ ആരാധകൻ തന്നെ സ്വയം ഈശ്വരശക്തിയുടെ പ്രവർത്തനതിനായി സമർപ്പിക്കണം. ഒരു വൈദ്യന്റെ മുമ്പാകെ ഒരു രോഗിയെന്ന പോലെയും, ഒരു ശിൽപിയുടെ മുമ്പാകെ ഒരു മർബിൾ ശലാക എന്നപോലെയും ആയിരിക്കണം ആ സമർപ്പണം. ഇപ്രകാരമുള്ള മനോഭാവം തേടുന്ന ആരാധകൻ ഓരോ അവസരത്തിലും ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ക്രമേണ കൂടുതൽ ശക്തനും സന്തോഷവാനുമാവുകയാണ്. ജീവിതത്തിന്റെ ആഴങ്ങളെക്കുറിച്ചുള്ള ആശ്വസപ്രദമായ അറിവുകൾ ആരാധകന്റെ മനസ്സിൽ സ്വയം ഉദിക്കുകയും അത് ആയാൾക്ക് സമാധാനവും സന്തോഷവും പകരുകയും ചെയ്യുന്നു. സ്വന്തം സത്തയെ വികസിപ്പിച്ചുകൊണ്ട് അയാൾ മറ്റുള്ളവരിലേക്ക് വളരുന്നു. ഈശ്വരഭജനയിൽ കുറച്ചുകാലം കഴിയാനായി ക്ഷേത്രങ്ങളിൽ ചെല്ലുന്നവർ കൂട്ടുകെട്ടുകളിൽ ഏർപ്പെട്ട് മറ്റുകാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളുമൊക്കെയായി കഴിഞ്ഞാൽ അതുകൊണ്ട് പ്രയോജനമില്ല. സ്തോത്രപാരായണങ്ങളിലും പ്രാർത്ഥനകളിലും മുഴുകി, ഉള്ളിൽ വിളങ്ങുന്ന ഈശ്വരശക്തിയുടെ മാർഗ്ഗദർശനത്തിനായി വിനയഭാവത്തോടെ ഹൃദയം തുറന്നു ആശ്രയിക്കുന്ന ഏതൊരാൾക്കും ശ്രേയസ്ക്കരമായ സാഹചര്യങ്ങൾ ക്രമേണ സംജാതമാവുകയും ചെയ്യും.
No comments:
Post a Comment