ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

മൈത്രേയൻ

മൈത്രേയൻ

ദുര്യോധനനു നൽകിയ ശാപത്താൽ മഹാഭാരതകഥയിൽ എക്കാലവും ഓർമ്മയിൽ നില്ക്കുന്ന ഒരു പേരാണ് മൈത്രേയൻ.

പാണ്ഡവരുടെ വനവാസകാലത്ത് കാമ്യകവനത്തിൽ മൈത്രേയ മഹർഷിയും എത്തിയിരുന്നു. പാണ്ഡവരുടെ അവസ്ഥ കണ്ടു ദുഃഖിതനായ മൈത്രേയൻ ഹസ്തിനപുരിയിലേയ്ക്ക് പുറപ്പെട്ടു. ഹസ്തിനപുരിയിലെത്തിയ മൈത്രേയനെ വിദുരരുടെ ഉപദേശം മാനിച്ച് ധൃതരാഷ്ട്രരും ദുര്യോധനദികളും ചേർന്ന് യഥാവിധി പൂജിച്ചിരുത്തി. പാണ്ഡവരോട് സൗഹൃദം പുലർത്തണമെന്നും അവരെ രാജ്യത്തേയ്ക്ക് തിരിച്ചു കൊണ്ടു വരണമെന്നും മഹർഷി അപേക്ഷിക്കവേ കൗരവരെല്ലാം ദുര്യോധനനെ നോക്കി. മഹർഷിയുടെ വാക്കുകൾ ശ്രദ്ധിക്കാതെ അലസമായി തുടമേൽ താളമടിച്ചിരിക്കുകയായിരുന്നു. ഈ അനാദരവ് മൈത്രേയന് കുപിതനാക്കി. ക്രോധത്തോടെ ചാടിഎഴുന്നേറ്റ  മഹർഷി ദുര്യോധനനെ ഇപ്രകാരം ശപിച്ചു.  " ദ്രോഹിയായ നീ നിമിത്തം യുദ്ധം ഭവിക്കും.  അലസമായി നീ താളം പിടിച്ച നിന്റെ കാൽത്തുട ഭീമന്റെ ഗദാതാഡനമേറ്റ് നുറുങ്ങും! ".   ശാപമോക്ഷത്തിനായി മഹർഷിയോട് യാചിച്ച ധൃതരാഷ്ട്രരോട് മഹർഷി പറഞ്ഞു  " നിന്റെ  ഈ പുത്രൻ എപ്പോൾ സമാധാനം കാംക്ഷിച്ചു ശാന്തചിത്തനാകാൻ ഒരുമ്പെടുന്നുവോ , അപ്പോൾ മാത്രം ശാപമോക്ഷം. " അഹങ്കാരിയായ  ദുര്യോധനന് ആ ശാപം ഫലിക്കുകയും ചെയ്തു.

കുക്ഷാരവന്റെ പുത്രനായ മൈത്രേയന് കൗഷാരവി എന്നും പേരുണ്ടത്രെ. ഇദ്ദേഹം പരാശരമുനിയുടെ ശിഷ്യനമായിരുന്നു. ബദരികാശ്രമത്തിൽ ഇപ്പോഴും തപസ്സനുഷ്ടിക്കുന്നുവെന്നു കരുതപ്പെടുന്ന മൈത്രേയമഹർഷി ശാർങ്ഗവനത്തിൽ, വ്യാസപൗർണമിനാൾ പ്രഭാഷണങ്ങളിൽ മുഴുകാറുണ്ടെന്നും വിശ്വാസം.

No comments:

Post a Comment