ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

തത്ത്വംചിന്തയ...

തത്ത്വംചിന്തയ...

സംശയങ്ങളും സന്ദേഹങ്ങളും ആണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നിരന്തര സംശയമുള്ളവനായിരിക്കും യഥാർത്ഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ് മുന്നേറുന്നത്. കഠോപനിഷത്തു തന്നെ ഉദാഹരണമായി എടുക്കാം. ഉദ്ദാലകന്റെ പുത്രനായ നചികേതസ് ആദ്യം തന്നെ പിതവിനെ സംശയങ്ങളും ചോദ്യങ്ങളുമായി വീർപ്പുമുട്ടിക്കുന്നു. പിന്നീട് മരണദൂതനായ യമനുമായുള്ള സംവാദമായി മാറുന്നു. ആ സംശയങ്ങളും സംവാദവുമാണ് നചികേതസ്സിനെ ജ്ഞാനിയാക്കുന്നത്. 'പ്രശ്നോപനിഷത്തി'ലെന്റെ ശീർഷകം തന്നെ സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങളും അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിനും ആധാരം.

പഞ്ചപ്രശ്നങ്ങളാണിവിടെ -

1 - നിന്റെ ഭാര്യ ആരാകുന്നു?
2- പുത്രനാരാകുന്നു?
3 - നീ ആരാകുന്നു?
4 - ആരുടെതാകുന്നു?
5 - നീ എവിടെ നിന്നു വന്നു?.

ഏറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

മുമ്പ് പരസ്പരം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു. വിവാഹം കഴിക്കുന്നു അതിനുമുമ്പ് അവർ ആരയിരുന്നെന്നോ, എന്തായിരുന്നെന്നോ ഉള്ള അറിവും സ്പ്ഷ്ടമല്ലയിരുന്നു. അവർ കുടുംബം സൃഷ്ടിക്കുന്നു, കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രനെവിടെയായിരുന്നു.? ഇത്തരം കാര്യങ്ങൾ ചിന്തിച്ചു ചിന്തിച്ചു പോകുമ്പോൾ 'ഞാൻ' ഭാവത്തിലെത്തിച്ചേരുന്നു. ആരാണ് ഞാൻ? എന്ന അന്വേഷണം 'ആരുടെതാണു ഞാൻ'? എന്ന ചിന്തയ്ക്ക് കൂടി കാരണമാകുന്നു. തുടർന്ന് എവിടെ നിന്നാവാം 'ഞാൻ' എന്ന ഭാവത്തിന്റെ അസ്തിത്വ മുടലെടുത്തത് എന്ന അന്വേഷണത്തിലേക്ക് നിരന്തര ചിന്തകളെത്തുന്നു. ആരംഭത്തെക്കുറിച്ചുള്ള ഈ അന്വേഷണം വ്യാവഹാരിതലത്തിലെ 'ഞാൻ ' എന്ന അഭാവത്തിനു കാരണമാകുന്നു. പ്രസ്തുത ഭാവത്തിന്റെ അഭാവം. പുത്രകളത്രാദികളെല്ലാം ഭ്രമം മാത്രമാണെന്ന തിരിച്ചറിവുണ്ടാകുന്നു. അധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ ഇപ്രകാരം വിവരിക്കുന്നു.

"പുത്രമിത്രാർത്ഥകളത്രാദി സംഗമാ-
മൈത്രമൽപകാല സ്ഥിതമോർക്ക നീ"

എല്ലാം അല്പ്കാലത്തേക്കുള്ളതാണ് അഥവാ തോന്നൽ മാത്രമാണ്. ഇന്നുവരെ കണ്ടവരെ നാളെ കാണണമെന്നില്ല. ഇന്നു കാണാത്തവർ നാളെ ഉദയം ചെയ്തേക്കാം ലോകജീവിതം വിചിത്രം തന്നെ. പൂന്താനം ജ്ഞാനപാനയിൽ വിവരിക്കുന്നു.

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.

ഇങ്ങനെ കാണുകയും കാണാതിരിക്കുകയും ബന്ധങ്ങൾ ഉണരുകയും അറ്റുപോകുകയും ചെയ്യുന്ന ലോകജീവിതം സത്യമാണെന്ന് കരുതുന്നത് മിഥ്യതന്നെ, 'വിവേകചൂഡാമണി'യിൽ ശങ്കരാചര്യർ ചോദിക്കുന്നുണ്ട് -

"കോ നാമ ബന്ധഃ ? കഥമേഷാമാഗതം" ?
- എന്താണ് ബന്ധം? അതു എപ്രകാരം ഉടലെടുത്തു.? എന്ന് ബന്ധങ്ങൾ ഉടലെടുത്തത് എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ലോകജീവിതത്തിന്റെ നശ്വരത വെളിപ്പെടുന്നു. ഈ ഭ്രമത്തിൽ നിന്നും മോചനം നേടാനാണ്.... ....

" തത്ത്വംചിന്തയ....."

എന്ന് ഉപേദേശിക്കുന്നത്. തത്ത്വത്തെ സൃഷ്ടിസ്ഥിതിലയ കാരണത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുക... പുത്രൻ മരിച്ചദുഃഖത്തിൽ വാവിട്ടു നിലവിളിച്ചുകൊണ്ട് ബുദ്ധനടുത്തേക്കു വന്ന സ്ത്രീയോട് മരണം നടക്കത്ത ഗൃഹത്തിൽ നിന്നും ഒരുപിടി കടുക് കൊണ്ടുവരാനാണ് ബുദ്ധൻ ആവിശ്യപ്പെടുന്നത്. നാടായ നാടുമുഴുവൻ അലഞ്ഞീട്ടും മരണം നടക്കാത്ത ഒരു വീടുപോലും ആ സ്ത്രീക്ക് കണ്ടെത്താനാകുന്നില്ല. നിരാശയായി തിരിച്ചുവരുന്ന ആ സ്ത്രീയുടെ മുഖത്ത് ഉറ്റുനോക്കി ബുദ്ധൻ പുഞ്ചിരിക്കുകയാണ് ചെയ്തത്. എപ്പോഴും കൂടെയുണ്ടാകുമെന്നു കരുതുന്നവരുടെ അഭാവത്തിന് നിമിഷനേരം മതി. ബുദ്ധന്റെ മരണ സമയത്ത് അടുത്തിരുന്ന് വിലപിക്കുന്ന ആനന്ദനോട് ബുദ്ധൻ മന്ത്രിക്കുന്നത് - ആനന്ദാ... ഇതുതന്നെയല്ലേ ഞാൻ പറഞ്ഞത് എന്നണ്. സർവ്വം ക്ഷണികവും ദുഃഖമയവുമായ ഈ ലോകജീവിതം സത്യമാണെന്നു കരുതുന്നത് മൂഢത്വമത്രെ. ഓരോന്നിനെ കുറിച്ചറിയുമ്പോഴും 'ഇതല്ല. ഇതല്ല' (നേതി...നേതി) സത്യമെന്ന് തിരിച്ചറിയുന്നു.

നിരന്തരം ഈ തത്ത്വത്തെ ചിന്തിക്കുക...

No comments:

Post a Comment