ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (21-30)
📝 സ്ലോകം :-
ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സഗമനാം
വിചിത്രാം പദ്മാഢ്യാം പ്രതിദിവസസന്മാര്ഗഘടിതാം |
സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദാം
ജയ സ്വാമിന് ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 ||
👉 അർത്ഥം :-
സ്മരാരേ! – സ്വാമിന്! മന്മഥവൈരിയായി ജഗന്നിയന്താവായി; ഗണൈഃ സേവിത! – പ്രമഥഗണങ്ങളാല്‍ പരിസേവിക്കപ്പെട്ടവനായി; ശിവ! – മംഗളസ്വരൂപനായിരിക്കുന്ന; വിഭോ! – ഹേ ലോകനാഥ!; ധൃതിസ്തംഭാധാരാം – (വിഷയങ്ങള്‍ നിത്യമാണെന്ന) നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെ പിടിച്ചതായി; ദൃഢഗുണനിബദ്ധാം – ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ടതായി; സഗമനാം – സഞ്ചാരശീലത്തോടുകൂടിയതായി; വിചിത്രാംപദ്‍മാഢ്യാം – പല ദുര്‍വാസനകളോടു (പല വര്‍ണ്ണങ്ങളോടും) കൂടിയതായി ഐശ്വര്‍യ്യത്തിലഭിലാഷമുള്ളത്തയി (താമരയുള്ളതായി) പ്രതിദിവസ; സന്മാര്‍ഗ്ഗഘടിതാം – ദിവസംതോറും സന്മാര്ഗ്ഗത്തില് ചേര്‍ക്കപ്പെട്ടതായി; വിശദാം – നിര്‍മ്മലമായിരിക്കുന്ന; മച്ചേതഃ സ്ഫുടപട കടിം ശക്ത്യാ സഹ – എന്റെ ഹൃദയമാകുന്ന പ്രകാശമാര്‍ന്ന പടകുടീരത്തില്‍ ഉമയോടുകൂടി; പ്രാപ്യ ജയ – പ്രവേശിച്ച് വിജയിച്ചരുളിയാലും.
ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്, സഞ്ചരിക്കുന്നതില്‍ ഔത്സുക്യത്തോടുകൂടിയതായി, വിചിത്രമായി, പദ്മാഢ്യമയി ദിവസം തോറും സന്മാര്ഗ്ഗത്തില് ചേര്‍ക്കപ്പെട്ടതായി നിര്‍മ്മലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സാകുന്ന പടകുടീരത്തില്‍ ഉമയോടുകൂടി പ്രവേശിച്ച് വിജയിച്ചരുളിയാലും.
📝 സ്ലോകം :-പ്രലോഭാദ്യൈരര്‍ത്ഥാഹരണപരതന്ത്രോ ധനിഗൃഹേപ്രവേശോദ്യുക്തസ്സന് ഭ്രമതി ബഹുധാ തസ്കരപതേ |
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപാം || 22 ||
👉 അർത്ഥം :-
ശങ്കര! തസ്മരപതേ! – മംഗളപ്രദ! തസ്കരാധിപ!; വിഭോ പ്രലോഭാദ്യൈഃ – പ്രഭുവായുള്ളോവേ! ദുരുപദേശം തുടങ്ങിയ വശീകരണവൃത്തികളാല്‍; അര്‍ദ്ധാഹരണപരതന്ത്രഃ ധനിഗൃഹേ – അന്യന്റെ സ്വത്തിനെ അപഹരിക്കുന്നതിന്നു ഇച്ഛിച്ചുകൊണ്ട് ധനികന്റെ വീട്ടില്‍; പ്രവേശോദ്യുക്തഃ – സന് കടക്കുന്നതിന്നൊരുങ്ങിയവനായിട്ട്; ബഹുധാ ഭ്രമതി – പലവിധത്തിലും ചുറ്റിത്തിരിയുന്ന; ഇമം ചേതശ്ചോരം – ഈ മനസ്സാകുന്ന കള്ളനെ; ഇഹ കഥം – ഇപ്പോള്‍ എങ്ങിനെയാണ്; സഹേ? – ഞാന്‍ പൊറുക്കുന്നത്?; തവ – നിന്തിരുവടിക്ക്; അധീനം കൃത്വാ – സ്വാധീനമായതായി ചെയ്തുകൊണ്ട്; നിരപരാധേമയി – അപരാധമില്ലാത്തവനായ എന്നില്‍; കൃപാം കുരു – ദയയേ ചെയ്തരുളിയാലും.
ഹേ ശുഭപ്രദ! പ്രലോഭനാദി വശികരണങ്ങളാല്‍ അന്യന്റെ സ്വത്തിനെ അപഹരിപ്പാനാഗ്രഹിച്ചുകൊണ്ട് ധനികന്റെ ഭവനത്തില്‍ കടക്കുന്നതിന്നു ഒരുങ്ങിയവനായിട്ട് പലവാറു ചുറ്റിത്തിരിയുന്ന എന്റെ ഹൃദയമാകുന്ന തസ്കരനെ ഞാന്‍ എങ്ങിനെ പൊറുക്കട്ടെ. അവനെ അങ്ങയ്ക്കു ധീനമാക്കിത്തിര്‍ത്തു നിരപരധിയായ എന്നില്‍ കനിഞ്ഞരുളിയാലും.
📝 സ്ലോകം :-
കരോമി ത്വത്പൂജാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി |
പുനശ്ച ത്വാം ദ്രഷ്ടും ദിവി ഭുവി വഹന് പക്ഷിമൃഗതാ-
മദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശംകര വിഭോ || 23 ||
👉 അർത്ഥം :-
വിഭോ! – സര്‍വ്വവ്യാപിയായുള്ളോവേ!; ത്വത്പൂജാം – നിന്തിരുവടിയുടെ ആരാധനയെ; കരോമി – ഞാന്‍ ചെയ്യുന്നു; സപദി മേ സുഖദഃ ഭവ – ഉടനെതന്നെ എനിക്കു പരമാനന്ദത്തെ നല്ക്കുന്നവനായി ഭവിച്ചാലും; തസ്യാഃ ഫലം – ഇതി അപ്രകാരമുള്ള പൂജയ്ക്ക് ഫലമായിട്ട്; വിധിത്വം – ബ്രഹ്മാവായിരിക്കുക എന്ന അവസ്ഥയേയും; വിഷ്ണുത്വം – വിഷ്ണുത്വത്തേയുമാണല്ലോ; ദിശസി ഖലു – നിന്തിരുവടി നല്ക്കുന്നത്; ശങ്കര! – വിഭോ!; സുഖപ്രദ! – ഭഗവന്‍ !; പുനഃ ച ദിവി ഭുവി – വീണ്ടും ആകാശത്തിലും ഭൂലോകത്തിലുംത്വാം; ദൃഷ്ടം – നിന്തിരുവടിയേ ദര്‍ശിക്കുന്നതിന്നു; പക്ഷിമൃഗതാം – പക്ഷിരൂപത്തേയും മൃഗരൂപത്തേയും; വഹന് അദൃഷ്ട്വാ – ധരിച്ചുകൊണ്ട് അങ്ങയെ ദര്‍ശിക്കാതെ; തത്ഖേദം – അതുകൊണ്ടുള്ള ദുഃഖത്തെ; ഇഹ കഥം സഹേ – ഇവിടെ ഞാനെങ്ങിനെ സഹിക്കട്ടെ.
ഹേ സര്‍വ്വവ്യാപിന്‍! നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു; ഉടനെതന്നെ എനിക്ക് പരമാനന്ദസൗഖ്യത്തേ അനുഗ്രഹിച്ചരുളിയാലും. അങ്ങയെ പൂജിക്കുന്നതിന്ന് ഫലമായി ബ്രഹ്മത്വത്തേയും വിഷ്ണുത്വത്തേയുമാണല്ലൊ നിന്തിരുവടി നല്‍ക്കുക. വീണ്ടും ഞാന്‍ പക്ഷി(ഹംസ) രൂപത്തേയും, മൃഗ(വരാഹ) രുപത്തേയും ധരിച്ചു ആദ്യന്തവിഹീനനായ നിന്തിരുവടിയെ(നിന്തിരുവടിയുടെ ശിരസ്സിനേയും കാലിണകളേയും) കണ്‍കുളിരെ കാണുന്നതിന്ന് ആകാശത്തിലേക്കും അധോലോകത്തേക്കും ചെന്ന് അതുകൊണ്ടുണ്ടാവുന്ന നിരാശയെ എങ്ങിനെ സഹിക്കട്ടെ.
📝 സ്ലോകം :-
കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈര്‍ –
വസന് ശംഭോരഗ്രേ സ്ഫുടഘടിതമൂര്‍ദ്ധാഞ്ജലിപുടഃ |
വിഭോ സാംബ സ്വാമിന് പരമശിവ പാഹീതി നിഗദന്‍
വിധാതൃണാം കല്പാന് ക്ഷണമിവ വിനേഷ്യാമി സുഖതഃ || 24 ||
👉 അർത്ഥം :-
കൈലാസേ – കൈലാസപര്‍വ്വതത്തില്‍; കനകമണിസൗധേ – സ്വര്‍ണ്ണനിര്‍മ്മിതമായ മണിസൗധത്തില്‍ ; ശംഭോഃ അഗ്രേ – പരമശിവന്റെ മുന്നില്‍; ഗണൈഃ സഹ വസന് – പ്രമഥഗണങ്ങളോടുകൂടി വസിക്കുന്നവനും; സ്ഫുടഘടിത മൂര്‍ദ്ധഞ്ജലിപുടഃ – തെളിഞ്ഞുകാണുമാറ് മൂര്‍ദ്ധാവില്‍ ചേര്‍ത്തു വെച്ചു കൂപ്പുകൈകളോടുകൂടിയവനുമായി “വിഭോ! – സര്‍വ്വാത്മക!; സാംബ! സ്വാമിന് – ദേവീസമേതനായിരിക്കുന്ന ഈശ്വര!; പരമശിവ! – ദേവേശ! മംഗളപ്രദ!; പാഹി ഇതി – കാത്തരുളിയാലും” എന്ന്; നിഗദന്‍ – അപേക്ഷിക്കുന്നവനായിട്ട്; സുഖതഃ – സൗഖ്യത്തോടെ; വിധാതൃണാം കല്പാന് – അനേകം ബ്രഹ്മദേവന്മാരുടെ കല്പങ്ങളെ; ക്ഷണം ഇവ – ഒരു നിമിഷമെന്നപോലെ; കദാ വാ വിനേഷ്യാമി? – എപ്പോഴാണ് കഴിച്ചുകൂട്ടുക?
കൈലാസത്തില്‍ കാഞ്ചനനിര്‍മ്മിതമായ മണിസൗധത്തില്‍ പരമേശ്വരന്റെ മുന്നില്‍ പ്രമഥഗണങ്ങളൊന്നിച്ച് വസിക്കുന്നവനായി, തലയില്‍ ചേര്‍ത്തുവെച്ച കൂപ്പുകൈകളോടുകൂടിയവനായി, ’ഹേ വിഭോ, സാംബമൂര്‍ത്തേ, സ്വാമിന്’ എന്നിത്യാദി നാമങ്ങളുച്ചരിച്ചുകൊണ്ട് ’എന്നെ കാത്തരുളേണമേ’ എന്നു അപേക്ഷിക്കുന്നവനായിട്ട് പരമാനന്ദത്തോടെ അനേകം ബ്രഹ്മദേവന്മാരുടെ വാഴ്ചകാലങ്ങളെ ഒരു നിമിഷമെന്നപോലെ എപ്പോഴാണ് ഞാന്‍ കഴിച്ചുകൂട്ടുക?
📝 സ്ലോകം :-
സ്തവൈര്ബ്രഹ്മാദീനാം ജയജയവചോഭിര്‍നിയമിനാം
ഗണാനാം കേളീഭിര്‍മ്മദകലമഹോക്ഷസ്യ കകുദി |
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ടവപുഷം
കദാ ത്വാം പശ്യേയം കരധൃതമൃഗം ഖണ്ഡപരശും || 25 ||
👉 അർത്ഥം :-
ബ്രഹ്മാദിനാം സ്തവൈഃ – ബ്രഹ്മാവ് മുതലായ ദേവന്മാരുടെ സ്തുതികളോടും; നിയമിനാം – മഹര്‍ഷികളുടെ; ജയജയവചോഭിഃ – ജയജയ എന്ന വചനങ്ങളോടും; ഗണാനാം – നന്ദി, ഭൃംഗി തുടങ്ങിയ ഗണങ്ങളുടെ; കേളീഭിഃ – നൃത്താഗീതാദിവിലാസങ്ങളോടുംകൂടി; മദകലമഹോക്ഷസ്യ – മദിച്ച മഹാവൃഷഭത്തിന്റെ; കകുദീ സ്ഥിതം – പുറത്തുള്ള പൂഞ്ഞയില്‍, ഇരുന്നരുളുന്നവനും; നീലഗ്രീവം – നീലകണ്ഠനും; ത്രിനയനം – മൂന്നു കണ്ണുകളുള്ളവനും; ഉമാശിഷ്ടവപുഷം – പാര്‍വ്വതിയാല്‍ ആലിംഗനംചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും; കരധൃതമൃഗം – കയ്യില്‍ ധരിക്കപ്പെട്ട മൃഗത്തോടുകൂടിയവനും; ഖണ്ഡപരശും – ഖണ്ഡിക്കപ്പെട്ട പരശുവേന്തിയവനുമായ; ത്വാം – നിന്തിരുവടിയെ; കദാ പശ്യേയം? – ഏപ്പോഴാണ് ഞാന്‍ ദര്‍ശിക്കുക?
ബ്രഹ്മാവുതുടങ്ങിയ ദേവന്മാരാല് സ്തുതിക്കപ്പെട്ടവനായി മഹര്‍ഷികളാല്‍ ‘ജയ ജയ’ എന്ന മംഗളവചനങ്ങളാല്‍ വാഴ്ത്തപ്പെട്ടവനായി നന്ദി, ഭൃംഗി തുടങ്ങിയ പ്രമതഗണങ്ങളുടെ നൃത്തഗീതാദിവിലാസങ്ങാളില്‍ ലയിച്ച്, മദംകൊണ്ട കാളപ്പുറത്ത് ഇരുന്നരുളുന്നവനും, നീലകണ്ഠനും, മുക്കണ്ണനും ഉമയാലാലിംഗനം ചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും മാന്‍ , മഴു എന്നിവ ധരിച്ചിരിക്കുന്നവനുമായ നിന്തിരുവടിയെ ഞാന്‍ എപ്പോഴാണ് ഉള്ളം കുളിരുമാറ് ദര്‍ശിച്ചാനന്ദംകൊണ്ണുന്നത് ?
📝 സ്ലോകം :-
കദാ വാ ത്വാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യാം ശിരസി നയനേ വക്ഷസി വഹന് |
സമാശ്ലിഷ്യാഘ്രായ സ്ഫുടജലജഗന്ധാന്‍ പരിമലാ-
നലാഭ്യാം ബ്രഹ്മാദ്യൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ || 26 ||
👉 അർത്ഥം :-
ഗിരീശ! – പര്‍വ്വതത്തില്‍ ശയിക്കുന്നോവെ!; ത്വാം ദൃഷ്ട്വാ – നിന്തിരുവടിയെ ദര്‍ശിച്ച് തവ നിന്തിരുവടിയുടെ; ഭവ്യാംഘ്രിയുഗളം – ശുഭപ്രദങ്ങളായ പാദങ്ങള്‍ രണ്ടിനേയും; ഹസ്താഭ്യാം ഗൃഹീത്വാ – രണ്ടു കൈകള്‍കൊണ്ടും പിടിച്ചുകൊണ്ട്; ശിരസി നയനേ – ശിരസ്സിലും കണ്ണിലും; വക്ഷസി വഹന് – മാറിടത്തിലും എടുത്തുവെച്ച്; സമാശ്ലിഷ്യ – കെട്ടിയണച്ചുകൊണ്ട്; സ്ഫുടജലജഗന്ധാന്‍ – വിടര്‍ന്ന താമരപ്പൂക്കളുടെ വാസനയുള്ള; പരമളാന്‍ ആഘ്രായ – സൗരഭ്യത്തെ മുകര്‍ന്ന്; ബ്രഹ്മാദ്യൈഃ – ബ്രഹ്മാവുതുടങ്ങിയവരാലും; അലഭ്യം മുദം – ഭിക്കപ്പെടവുന്നതല്ലാത്ത ആനന്ദത്തെ; ഹൃദയേ കദാ വാ – മനസ്സില്‍ എപ്പോഴാണ്; അനുഭവിഷ്യാമി – അനുഭവിക്കുക?
അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ തൃപ്പാദങ്ങള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച് ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള സൗരഭ്യത്തെ മുകര്‍ന്ന് ബ്രഹ്മദേവന് തുടങ്ങിയവര്‍ക്കുംകൂടി സുദുര്‍ല്ലഭമായ ആനന്ദത്തെ ഞാനെന്നാണുനുഭവിക്കുക?
📝 സ്ലോകം :-
കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ
ഗൃഹസ്ഥേ സ്വര്‍ഭൂജാഽമരസുരഭിചിന്താമണിഗണേ |
ശിരസ്ഥേ ശീതാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ
കമര്‍ത്ഥം ദാസ്യേഽഹം ഭവതു ഭവദര്‍ത്ഥം മമ മനഃ || 27 ||
👉 അർത്ഥം :-
ഗിരീശ! – പര്‍വ്വതത്തില്‍ പള്ളികൊണ്ണുന്നോവേ; ഹേമാദ്രൗ കരസ്ഥേ, – സ്വര്‍ണ്ണപര്‍വ്വതം കയ്യിലുള്ളപ്പോള്‍ ,; ധനപതൗ – ധനാധിപനായ; കുബേരന് നികടസ്ഥേ – സമീപത്തിലുള്ളപ്പോള്‍; സ്വര്‍ഭൂജാമരസുരഭി ചിന്താമണിഗണേ – കല്പകവൃക്ഷം, കാമധേനു, ആഗ്രഹിച്ചതു നല്ക്കുന്ന ചിന്താമണി എന്ന രത്നം എന്നിവ; ഗൃഹസ്ഥേ – വീട്ടിലുള്ളപ്പോള്‍ ,; അഖിലശുഭേ – സര്‍വമംഗളങ്ങളും; ചരണയുഗളസ്ഥേ – രണ്ടുകാലുകളിലുമുള്ളപ്പോള്‍; അഹം കം അര്‍ത്ഥം – ഞാന്‍ എന്തൊന്നിനേയാണ്; ദാസ്യേ ? – നിന്തിരുവടിക്കു അര്‍പ്പിക്കേണ്ടത് ?; മമ മനഃ – എന്റെ മനസ്സ്; ഭവദര്‍ത്ഥംഭവതു – അങ്ങയ്ക്കുള്ളതായി ഭവിക്കട്ടെ.
അല്ലേ ഗിരിശ! സ്വര്‍ണ്ണപര്‍വ്വതമായ മേരു കോദണ്ഡരൂപത്തില്‍ അങ്ങയുടെ കയ്യിലുള്ളപ്പോള്‍ , കുബേരന് അരികില്‍ത്തന്നെയിരിക്കുമ്പോള്‍ , കല്പകവൃക്ഷം, കാമധേനു, ചിന്താമണി എന്നിവ ഭവാന്റെ വസതിയില്‍ത്തന്നെയുള്ളപ്പോള്‍ അമൃതധാരപൊഴിക്കുന്ന കുളുര്‍മതി ശിരസ്സിലും സര്‍വ്വമംഗളങ്ങളും പാദങ്ങളിലും ഉള്ളപ്പോള്‍ വേറെ എന്തൊരു വസ്തുവാണ് ഞാന്‍ അങ്ങക്കായ്ക്കൊണ്ട് സമര്‍പ്പിക്കേണ്ടത്? എന്റെ വശമുള്ള നിഷ്കളങ്കമായ ഹൃദയത്തെ ഞാന്‍ ഭവാന്നായ്ക്കൊണ്ട് നിവേദിക്കാം.
📝 സ്ലോകം :-
സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീര്‍ത്തനേ
സാമീപ്യം ശിവഭക്തിധുര്യജനതാസാംഗത്യസംഭാഷണേ |
സാലോക്യം ച ചരാചരാത്മകതനുധ്യാനേ ഭവാനീപതേ
സായുജ്യം മമ സിദ്ധമത്ര ഭവതി സ്വാമിന് കൃതാര്‍ത്ഥോഽസ്മ്യഹം || 28 ||
👉 അർത്ഥം :-
ഭവാനീപതേ! – പാര്‍വ്വതീവല്ലഭ; തവ പൂജനേ – നിന്തിരുവടിയുടെ ആരാധനയില്‍; സാരൂപ്യം – സാരൂപ്യവും (അങ്ങയുടെ രൂപസാദൃശ്യവ്യും); ശിവ! മഹാദേവ! – ശിവനേ! മഹാദേവ!; ഇതി സംകീര്‍ത്തനേ – എന്നുള്ള നമോച്ചാരണത്തില്‍; സാമീപ്യം – സാമീപ്യം (അങ്ങയുടെ സമീപത്തിരിക്കുക) എന്ന അവസ്ഥയും; ശിവഭക്തിധുര്‍യ്യ- ജനതാസാംഗത്യസംഭാഷണേ – ശിവഭക്തിയായ ഭാരത്തെ ചുമക്കുന്ന ജനങ്ങളോടുള്ള സംസര്‍ഗ്ഗത്താലും സംഭാഷണത്താലും; സാലോക്യംച – സാലോക്യവും (ഭവാനൊരുമിച്ച് ഒരു ലോകത്തില്‍ വസിക്കുക എന്ന അവസ്ഥയും); ചരാചരാത്മകതനുധ്യാനേ – ജംഗമസ്ഥാവരരൂപത്തിലുള്ള നിന്തിരുവടിയുടെ സ്വരൂപധ്യാനത്തില്‍; സായുജ്യം – സായൂജ്യവും(അങ്ങയോട് ഐക്യവും); മമ സിദ്ധം ഭവതി – എനിക്കു ലഭിക്കുമെങ്കില്‍ ; സ്വാമിന് ! – ലോകേശ!; അഹം അത്ര – ഞാന്‍ ഈ ജന്മത്തില്; കൃതാര്‍ത്ഥഃ അസ്മി. – കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.
പാര്‍വ്വതീപതേ! ഭവാനെ ഭജിക്കുന്നതുകൊണ്ട് സാരൂപ്യവും തിരുനാമകീര്‍ത്തനങ്ങാളാല്‍ സാമീപ്യവും ശിവഭക്തരോടുള്ള സംസര്‍ഗം സംഭാഷണം എന്നിവയാല്‍ സാലോക്യവും ചരാചരാത്മകമായ ഭവത് സ്വരൂപധ്യാനത്താല്‍ സായൂജ്യവും എനിക്ക് സിദ്ധിക്കുമെങ്കില്‍ ഞാന്‍ ഈ ജന്മത്തില് കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.
📝 സ്ലോകം :-
ത്വത്പാദാംബുജമര്‍ച്ചയാമി പരമം ത്വാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ |
വീക്ഷാം മേ ദിശ ചാക്ഷുഷീം സകരുണാം ദിവ്യൈശ്ചിരം പ്രാര്‍ത്ഥിതാം
ശംഭോ ലോകഗുരോ മദീയമനസഃ സൌഖ്യോപദേശം കുരു || 29 ||
👉 അർത്ഥം :-
വിഭോ! – ഹേ പ്രഭോ!; ത്വത്പാദാംബുജം – അങ്ങയുടെ പദകമലത്തെ; അര്‍ച്ചയാമി; – ഞാന്‍ അര്‍ച്ചിക്കുന്നു; പരമം ത്വാം – ഉത്കൃഷ്ടമായ നിന്തിരുവടിയെ; അന്വഹം ചിന്തയാമി – ദിവസംതോറും ഞാന്‍ സ്മരിക്കുന്നു; ഈശം ത്വാം – ലോകേശ്വരനായ നിന്തിരുവടിയെ ശരണം; വ്രജാമി – ശരണം പ്രാപിക്കുന്നു; വചസാ വാക്കുകൊണ്ട്; ത്വാം ഏവ യാചേ – നിന്തിരുവടിയോടുതന്നെ അര്‍ത്ഥിക്കുന്നു; വിഭോ! – സൗഖ്യത്തിന്നു നിദാനമായുള്ളോവേ! ദിവ്യൈഃ – ദേവലോകത്തുള്ളവരാല്‍; ചിരം – പ്രാര്‍ത്ഥിതാം വളരെക്കാലമായി പ്രാര്‍തിക്കപ്പെട്ടതായും; സകരുണാം – ദയവാര്‍ന്നതുമായ; ചാക്ഷുഷീം വീക്ഷാം – തൃക്കണ്ണുകള്‍കൊണ്ടുള്ള കടാക്ഷത്തെ; മേ ദിശ – എനിക്കു നല്കിയാലും; ശംഭോ! ലോകഗുരോ! – ഹേ ശംഭോ! ഭക്തനനോപദേശക!; മദീയമനസഃസൗഖ്യോപദേശം – എന്റെ മനസ്സിന്നു നിത്യാനന്ദം ലഭിക്കുന്നതിന്നുള്ള ഉപദേശത്തെ; കുരു – ചെയ്തരുളിയാലും.
ഹേ ദേവ! പരാല്പരനായ ഭവാന്റെ പദകമലത്തെ ഞാന്‍ എപ്പോഴും അര്‍ച്ചിക്കുന്നു; അങ്ങയെ ഞാന്‍ അനുദിനവും സ്മരിക്കുന്നു; ലോകേശ്വരനായ നിന്തിരുവടിയെ ശരണം പ്രാപിക്കുകയും വാക്കുകൊണ്ട് അര്‍ത്ഥിക്കുകയും ചെയ്യുന്നു; നാകവാസികളാല്‍ ചിരകാലമായി പ്രാര്‍ത്ഥിക്കെപ്പെട്ടതും കരുണയാര്‍ന്നതുമായ കടാക്ഷത്തെ എനിക്ക് നല്കിയാലും! അല്ലേ ലോകഗുരോ! എനിക്ക് നിരതിശയാനന്ദസുഖത്തിന്നുള്ള മാര്‍ഗ്ഗമെന്തെണ് ഉപദേശിച്ചരുളിയാലും.
📝 സ്ലോകം :-
വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്‍ഹിര്‍ഖാധ്യക്ഷതാ |
പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേദ് ബാലേന്ദുചൂഡാമണേ
ശുശ്രൂഷാം കരവാണി തേ പശുപതേ സ്വാമിന് ത്രിലോകീഗുരോ || 30 ||
👉 അർത്ഥം :-
ബാലേന്ദുചൂഡാമണേ! – ബാലചന്ദ്രനേ മകുടത്തിലണിഞ്ഞിരിക്കുന്ന; പശുപതേ! സ്വാമിന് – സര്‍വ്വേശ്വരനായ നാഥ!; ത്രിലോകീഗുരോ! – മൂന്നുലോകങ്ങള്‍ക്കും ഗുരുവായിരിക്കുന്നോവേ!; വാസ്ത്രോദ്ധൂതവിധൗസഹസ്രകരതാ – ഭവാന്നു വസ്ത്രം ധരിപ്പിച്ച് ഉപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ; അവസ്ഥയം പുഷ്പാര്‍ച്ചനേ വിഷ്ണുതാ – പുഷ്പാഞ്ജലി ചെയ്യുന്നതില്‍ വിഷ്ണുത്വവും; ഗന്ധേ ഗന്ധവഹാത്മതാ – ചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് ഉപചരിക്കുമ്പോള്‍ വായുവിന്റെ അവസ്ഥയും; അന്നപചനേ ബഹിര്‍മുഖാദ്ധ്യക്ഷതാ – പാകംചെയ്ക അന്നംകൊണ്ടുപചരിക്കുന്നതില്‍ ഇന്ദ്രത്വവും; പാത്രേ – അര്‍ഘ്യപാത്രം മുതലായവ നല്കുന്നതില്; കാഞ്ചനഗര്‍ഭതാ – ഹിരണ്യഗര്‍ഭത്വവും(ബ്രഹ്മത്വവും); മയി അസ്തി ചേത് – എന്നില്‍ ഉണ്ടാവുന്നപക്ഷം; തേ – നിന്തിരുവടിക്ക്; ശുശ്രൂഷാം കരവാണി – പൂജചെയ്തുകൊള്ളാം.
ബാലേന്ദുചൂഡനായി, പശുപതിയായി, ജഗത്സ്വാമിയായിരിക്കുന്ന ലോകഗുരോ! ഭവാന്നു ഉടയാടയണിഞ്ഞുപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ അവസ്ഥയും പുഷ്പാര്‍ച്ചന ചെയ്യുന്നതില്‍ മഹാവിഷ്ണുവിന്റെ അവസ്ഥയും ചന്ദനാദി സുഗന്ധദ്രവ്യോപചരത്തില്‍ വായുവിന്റെ അവസ്ഥയും പക്വാന്നം നിവേദിക്കുന്നതില്‍ ഇന്ദ്രത്വവും അര്‍ഘ്യപാത്രം നല്ക്കുന്നതില് ഹിരണ്യഗര്‍ഭത്വവും എനിക്കു ഉണ്ടാവുന്നപക്ഷം അങ്ങയ്ക്കു ഞാന്‍ അര്‍ച്ചന ചെയ്തുകൊള്ളാം..
No comments:
Post a Comment