പ്രയത്നം കൊണ്ടു വിധിയെ മാറ്റുവാന്‍ സാധിക്കുമോ?
ഈശ്വരാര്‍പ്പണമായി കര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ വിധിയെയും മറികടക്കാം. വിധിയെ പഴിക്കാതെ, അലസന്മാരായി ഇരിക്കാതെ പ്രയത്നിക്കുവാന്‍ തയ്യാറാകണം. യാതൊരു ജോലിയും ചെയ്യാന്‍ തയ്യാറാകാതെ വിധിയെ പഴിചാരുന്നതു മടിയന്മാരുടെ സ്വഭാവമാണു്.
രണ്ടു സുഹൃത്തുക്കള്‍ അവരുടെ ജാതകം തയ്യാറാക്കി. രണ്ടു പേരുടെ ജാതകത്തിലും പാമ്പുകടിയേറ്റു മരിക്കുമെന്നാണു വിധി. ഇതറിഞ്ഞനാള്‍ മുതല്‍ പാമ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ചു് ഒരു സുഹൃത്തിനു് ആധിയായി. മാനസികരോഗിയായിത്തീര്‍ന്നു. മകൻ്റെ അസുഖം കാരണം വീട്ടുകാരുടെ മനഃസ്വസ്ഥതയും നഷ്ടമായി.
മറ്റേ സുഹൃത്തു ചിന്തിച്ചു് ആധികേറാന്‍ പോയില്ല, പരിഹാരമെന്തെന്നു് ആലോചിച്ചു. പാമ്പുകടി ഏല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിച്ചു. തൻ്റെ കഴിവുകളുടെ പരിമിതിയെക്കുറിച്ചു ബോദ്ധ്യം വന്ന അദ്ദേഹം ഈശ്വരഭക്തനായിത്തീര്‍ന്നു. ഈശ്വരനോടു ശരണാഗതിയടഞ്ഞു. എങ്കിലും ഈശ്വരന് നല്‍കിയിരിക്കുന്ന ബുദ്ധിയും ആരോഗ്യവും ഉപയോഗിച്ചു വേണ്ട പ്രയത്നം ചെയ്യുവാന്‍ ഉറച്ചു പാമ്പു കടിക്കാതിരിക്കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും ചെയ്തു.
കുറെനാള്‍ കഴിഞ്ഞു്, പാമ്പുകടി ഏലേ്ക്കണ്ട നാളുകളായി. ഒരു ദിവസം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു ഞെട്ടിയെഴുന്നേറ്റു. കാലു് എന്തിലോ തട്ടി മുറിഞ്ഞു. മുറിയില്‍ പാമ്പിൻ്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതില്‍ നാക്കുപോലെ നീട്ടിവെച്ചിരുന്ന കമ്പിയിലാണു കാലുതട്ടിയതു്. പാമ്പു കടിക്കേണ്ട സമയത്തുതന്നെ ജീവനില്ലാത്ത പാമ്പാണെങ്കില്‍ക്കൂടി മുറിവു പറ്റി. പക്ഷേ, വിഷം ഏറ്റില്ല. ഈശ്വരാര്‍പ്പണത്തോടെ ചെയ്ത തൻ്റെ പ്രയത്നം സഫലമായി. എന്നാല്‍ മറ്റേ ആളാകട്ടെ പാമ്പുകടി ഏല്ക്കുന്നതിനുമുൻപുതന്നെ ആധികേറി ആധികേറി ഒരു ജന്മം മുഴുവന്‍ നഷ്ടപ്പെടുത്തി. അതിനാല്‍ വിധിയെ പഴിചാരാതെ, ഈശ്വരാര്‍പ്പണമായി പ്രയത്നം ചെയ്യുക. ഏതു പ്രതിബന്ധത്തെയും അതിജീവിക്കാം.
No comments:
Post a Comment