കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 അമ്മദൈവങ്ങൾ
അമ്മേ എന്ന് ഭക്തിപൂര്‍വം വിളിച്ച് കൊണ്ട് ദര്‍ശനം നടത്താന്‍ കഴിയുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കരയമ്മയും ഇത്തരത്തില്‍ പ്രശസ്തമായ അമ്മ ദൈവങ്ങളാണ്.
ദേവിയെ മാതൃരൂപത്തില്‍ പൂജിക്കുകയും ഭക്തര്‍ അമ്മേയെന്ന് വിളിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ 10 സ്ഥലങ്ങള്‍ പരിചയപ്പെടാം
1.. കൊടുങ്ങല്ലൂരമ്മ, കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂരിലെ കുരുംബക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭഗവതിയേയാണ് ഭക്തര്‍ കൊടുങ്ങല്ലൂര്‍ അമ്മയെന്ന് വിളിക്കുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെ കരുതുന്നത്.
കൊടുങ്ങല്ലൂര്‍ ഭരണി
മീനമാസത്തിലെ ഭരണി നാളില്‍ ആണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൊടുങ്ങല്ലൂര്‍ ഭരണിയെന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കോടുത്തത്.
കൊടുങ്ങല്ലൂരിനെക്കുറിച്ച്
തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍. തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും തുല്യദൂരത്തില്‍ എന്‍.എച്ച് 17ന്‍െറ അരികിലാണ് കൊടുങ്ങല്ലൂര്‍ സ്ഥിതി ചെയ്യുന്നത്.
2.ചോറ്റാനിക്കരയമ്മ, ചോറ്റാനിക്കര
ചോറ്റാനിക്കര ഭഗവി ക്ഷേത്രത്തിലെ ഭഗവതിയേയാണ് ഭക്തര്‍ ചോറ്റാനിക്കരയമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ദേവി ഭഗവതി ദിനം തോറും വന്നു ചേരുന്ന തന്‍റെ ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്നു എന്നാണു വിശ്വാസം. ക്ഷേത്രത്തില്‍ ഭഗവതിയുടെ മൂന്ന് വ്യത്യസ്ത ഭാവങ്ങളാണ് ആരാധിക്കപ്പെടുന്നത്.രാവിലെ ഭഗവതി സരസ്വതിയായും, ഉച്ചക്ക് ലക്ഷ്മിയായും വൈകുന്നേരം ദുര്‍ഗ്ഗയായും പൂജിക്കപ്പെടുന്നു.
ചോറ്റാനിക്കര മകം തൊഴല്‍
ചോറ്റാനിക്കര അമ്പലത്തില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഏറ്റവും മഹാനീയമായത് ചോറ്റാനിക്കര മകം തൊഴല്‍ ആണ്. മാര്‍ച്ചില്‍ ആണ് ഉത്സവം. മാനസിക ക്ലേശങ്ങളും വ്യാധികളും ശമിപ്പിക്കാന്‍ ഭഗവതിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ചോറ്റാനിക്കരയേക്കുറിച്ച്
മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ സ്ഥാനം. കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശമാണ് ചോറ്റാനിക്കര. കൊച്ചി സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ചോറ്റാനിക്കര സന്ദര്‍ശനവും പ്രയാസമില്ലാതെ നടത്താവുന്നതാണ്.
3.ആറ്റുകാലമ്മ, ആറ്റുകാല്‍
ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ആറ്റുകാലമ്മ എന്ന പേരില്‍ ഭക്തരുടെ ഇടയില്‍ അറിയപ്പെടുന്നത്. ആറ്റുകാലിലെ മുല്ലക്കല്‍ തറവാടുമായി ബന്ധപ്പെട്ടാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മുല്ലക്കല്‍ തറവാട്ടിലെ കാരണവര്‍ക്ക് മുന്നില്‍ ബാലികയുടെ രൂപത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തുകയായിരുന്നു.
ആറ്റുകാല്‍ പൊങ്കാല
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ഏറ്റവും പ്രശസ്തമാകാന്‍ കാരണം ഇവിടുത്തെ പൊങ്കാലയാണ്. സന്താനഭാഗ്യം, രോഗമുക്തി, വ്യവസായ - വ്യവഹാര വിജയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ ഇവിടെ പൊങ്കാലയിടുന്നത്.
ആറ്റുകാലിനേക്കുറിച്ച്
തിരുവനന്തപുരത്താണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായി കിള്ളിയാറിന്റെ തീരത്തായാണ് ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
4.വള്ളിയൂര്‍ക്കാവിലമ്മ, മാനന്തവാടി
വയനാട്ടിലെ ഏറ്റവും പ്രശസ്തമായ ദേവി ക്ഷേത്രമാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ദേവിയെ വനദുര്‍ഗ, ഭദ്രകാളി, ജലദുര്‍ഗ എന്നീ മൂന്ന് രൂപങ്ങളിലാണ് ആരധിക്കുന്നത്.
വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം
മാര്‍ച്ച് മാസത്തിലാണ് പതിനാല് ദിവസം നീണ്ട് നില്‍ക്കുന്ന ആറാട്ട് മഹോത്സവം നടക്കാറുള്ളത്. അവസാന ദിവസത്തെ കോലംകൊറയോടെയാണ് ആറാട്ട് അവസാനിക്കുന്നത്. വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സവം കൂടിയാണ് ഇത്.
വള്ളിയൂര്‍ക്കാവിനേക്കുറിച്ച്
വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപത്തായാണ് വള്ളിയൂര്‍ക്കാവ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. കൊയിലേരിയാണ് വള്ളിയൂര്‍ക്കാവിന് സമീപത്തുള്ള പ്രധാന ടൗണ്‍.
5.പാറമേക്കാവിലമ്മ, തൃശൂര്‍
കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്. ഇവിടുത്തെ ഭഗവതിയേയാണ് പാറമേക്കാവിലമ്മ എന്ന് ഭക്തര്‍ വിളിക്കുന്നത്.
ദുര്‍ഗ്ഗ പ്രതിഷ്ഠ
വലതുകാല്‍ മടക്കിവച്ച് ഇടതുകാല്‍ തൂക്കിയിട്ട് പീഠത്തില്‍ ഇരിക്കുന്ന രൂപത്തില്‍ പടിഞ്ഞാറ് ദിക്കിലേക്ക് തിരിഞ്ഞാണ് പ്രതിഷ്ഠ. വാള്‍, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയ പ്രതിഷ്ഠയാണ് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലേത്.
തൃശൂരിനേക്കുറിച്ച്
കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന തൃശ്ശൂരില്‍ എത്തിച്ചേരുക വിഷമമുള്ള കാര്യമല്ല. നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാന താവളം ആണ് തൃശ്ശൂരിന് അടുത്ത. ഇവിടെ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാം. നാഷണല്‍ ഹൈവേ 47 തൃശ്ശൂര്‍ പട്ടണത്തില്‍ കൂടെയാണ് കടന്നുപോകുന്നത്.
6. മാളികപ്പുറത്തമ്മ, ശബരിമല
ശബരിമലയിലെ അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല്‍ കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹ അഭ്യര്‍ത്ഥനയും ചെയ്തെന്നാണ് ഐതീഹ്യം. ഈ സ്ത്രീ രൂപത്തെയാണ് മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
പ്രധാന വഴിപാടുകള്‍
ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്‍മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം.
ശബരിമലയേക്കുറിച്ച്
സമുദ്രനിരപ്പില്‍ നിന്ന് 914 മീറ്റര്‍ ഉയരത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ശബരിമല സ്ഥിതി ചെയ്യുന്നത്.
7. മലയാലപ്പുഴയമ്മ, മലയാലപ്പുഴ
ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്. ദേവി വിഗ്രഹവുമായി കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ ഭജനമിരുന്ന രണ്ട് ബ്രാഹ്മിണരുടെ വിഗ്രഹത്തില്‍ ദേവി കുടികൊള്ളുകയായിരുന്നു. അവര്‍ ആ വിഗ്രഹം മലയാലപ്പുഴയില്‍ പ്രതിഷ്ഠിച്ചുവെന്നാണ് ഐതീഹ്യം.
മലയാലപ്പുഴയേക്കുറിച്ച്
പത്തനംതിട്ടയില്‍ കോഴഞ്ചേരി താലുക്കില്‍ ആണ് മലയാലപ്പുഴ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ക്ഷേത്രമാണ് ഈ ഗ്രാമത്തെ പ്രശസ്തമാക്കുന്നത്.
8. ചക്കുളത്തമ്മ, നീരേറ്റുപുറം
സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ചക്കുളത്ത് കാവിലെ വനദുര്‍ഗ പ്രതിഷ്ഠയേയാണ് ഭക്തര്‍ ചക്കുളത്തമ്മ എന്ന് ഭക്തിപൂര്‍വം വിളിക്കുന്നത്. ഇവിടുത്തെ പൊങ്കാല പ്രശസ്തമാണ്. ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന നീരേറ്റുപുറം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം.
നാരിപൂജ
ചക്കുളത്ത് കാവിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് നാരിപൂജ. പ്രശസ്തരായ സ്ത്രീകളെ പീഠത്തില്‍ ഇരുത്തി പൂജിക്കുന്ന ചടങ്ങാണ് ഇത്. ഇന്ത്യയിലെ തന്നെ അപൂര്‍വമായ ചടങ്ങാണ് ഇത്.
തിരുവല്ലയില്‍ നിന്ന്
തിരുവല്ലയില്‍ നിന്ന് ചക്കുളത്ത് കാവിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. തിരുവല്ല നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.
9. ചിനക്കത്തൂരമ്മ, ഒറ്റപ്പാലം
പ്രശസ്തമായ ചിനക്കത്തൂര്‍ കാവിലെ പ്രതിഷ്ഠയാണ് ചിനക്കത്തൂരമ്മ, ഈ കാവില്‍ നടക്കുന്ന പൂരമാണ് ചിനക്കത്തൂര്‍ പൂരം. പാലപ്പുറത്ത് ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്.
ചിനക്കത്തൂര്‍ പൂരം
ചിനക്കത്തൂര്‍ പൂരത്തിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. 33 കൊമ്പന്‍മാരുടെ എഴുന്നള്ളത്താണ് ഈ പൂരത്തിന്റെ പ്രത്യേകത. കാളവേല, കുതിരവേല, കരിവേല തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലാണ് ഇവിടെ പൂരം നടക്കുന്നത്.
ഒറ്റപ്പാലത്ത് നിന്ന്
ഒറ്റപ്പാലത്ത് നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതപ്പുഴയുടെ തീരത്തുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഒറ്റപ്പാലം,
10. ലോകനാര്‍കാവിലമ്മ, വടകര
വടക്കാന്‍പാട്ടുകളിലൂടെ പ്രശസ്തമാണ് ലോകനാര്‍ക്കാവിലമ്മ. കോഴിക്കോട് ജില്ലയിലെ ലോകനാര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് ലോകനാര്‍ക്കാവിലമ്മ കുടികൊള്ളുന്നത്. ദുര്‍ഗാ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
തച്ചോളിക്കളി
ലോകനാര്‍ക്കാവ് ക്ഷേത്രത്തിലെ ഒരു കലാരൂപമാണ് തച്ചോളിക്കളി. കളരിപ്പയറ്റുമായി സാമ്യമുള്ള ഈ കലാരൂപം തീയ്യമ്പാടി കുറുപ്പുകളാണ് അവതരിപ്പിക്കുന്നത്. ലോകനാര്‍കാവിലെ ഉത്സവ സമയത്താണ് തച്ചോളിക്കളി അവതരിപ്പിക്കാറുള്ളത്.
വടകരയേക്കുറിച്ച്
വടകരയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള മേമുണ്ടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.
No comments:
Post a Comment