രുദ്രന്റെ കണ്ണുനീര്
പ്രപഞ്ചവിധാതാവായ രുദ്രന്റെ (ശിവന്) അക്ഷ (കണ്ണ്) മത്രേ രുദ്രാക്ഷം. രുദ് അഥവാ ദുഃഖത്തെ ദ്രവിപ്പിക്കുന്നവനാണ് രുദ്രന്. മാനവകുലത്തിന്റെ നന്മയ്ക്കും ശ്രേയസ്സിനും പരമകാരുണികനായ മഹാദേവന് തന്റെ നേത്രങ്ങളെ രുദ്രാക്ഷമായി സമര്‍പ്പിച്ചു.
രുദ്രാക്ഷവൃക്ഷത്തിന്റ പിറവിക്ക് ആധാരമായ കഥ ദേവീഭാഗവതത്തില്‍ കാണാം. ത്രിപുരനെന്ന അഹങ്കാരിയും ശക്തിമാനുമായ അസുരനില്‍ നിന്ന് രക്ഷ നേടാനായി ദേവന്മാര് മഹാദേവനു മുമ്പിലെത്തി. ത്രിപുരനെ എങ്ങനെ വധിക്കണമെന്ന ചിന്തയാല്‍ കണ്ണിമ പൂട്ടാതെ മഹാദേവന് ആയിരം വര്‍ഷങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ ത്രിപുരാസുരനെ നിഗ്രഹിച്ച ശേഷം കണ്ണടച്ചപ്പോള്‍ ദേവന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണീര് തുള്ളികളാണ് രുദ്രാക്ഷവൃക്ഷങ്ങളായി മാറിയതെന്നാണ് സങ്കല്പം.
അവയില്‍ നിന്ന് 38 വ്യത്യസ്തങ്ങളായ രുദ്രാക്ഷങ്ങള്‍ രൂപം കൊണ്ടു. രുദ്രന്റെ സൂര്യനേത്രത്തില്‍ നിന്ന് 12 തരവും സോമനേത്രത്തില്‍ നിന്ന് 16 തരവും തൃക്കണ്ണില്‍ നിന്ന് 10 തരവുമായി രുദ്രാക്ഷങ്ങളുണ്ടായി. രക്തവര്‍ണമാണ് സൂര്യനേത്രത്തില്‍ നിന്നുണ്ടായ രുദ്രാക്ഷങ്ങള്‍ക്ക്. സോമനേത്രത്തില്‍ നിന്നുള്ളവ വെള്ളനിറത്തില്‍. കറുപ്പു നിറത്തിലുളള രുദ്രാക്ഷങ്ങളാണ് തൃക്കണ്ണില്‍ നിന്ന് രൂപപ്പെട്ടത്.
രുദ്രാക്ഷ കായയ്ക്കുള്ളില്‍ എത്ര വിത്തുകള്‍ കാണപ്പെടുന്നു എന്നതിനെ അടിസ്ഥാനമാക്കി, ഏകമുഖം, ദ്വിമുഖം എന്നിങ്ങനെ അവയെ വേര്‍തിരിച്ചിരിക്കുന്നു. ഓരോന്നിനും പ്രത്യേകം ധര്‍മങ്ങളുണ്ട്.
ധാരണം വിധിപ്രകാരം
രുദ്രാക്ഷം ധരിച്ചാല്‍ ശരീരത്തെ ഒരു കവചം പോലെ അത് സംരക്ഷിക്കും. രുദ്രാക്ഷം ദര്‍ശിക്കുന്നതു തന്നെ പുണ്യമാണ്. സ്പര്‍ശിച്ചാല്‍ കോടി പുണ്യം ലഭിക്കും. ധരിച്ചു ജപിച്ചാല്‍ പ്രാപ്യമാകുന്നത് അനന്തമായ പുണ്യം.
വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാല്‍ എല്ലാ പാപങ്ങളും ശമിക്കും. വിധി പ്രകാരമല്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രുദ്രാക്ഷമാല വാങ്ങുമ്പോള്‍ അവ യഥാര്‍ഥ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം. കഴുത്തില്‍ ധരിക്കുന്ന മാല ഒരിക്കലും ജപമാലയായി ഉപയോഗിക്കരുത്. ജപമാലയിലെ രുദ്രാക്ഷത്തിന്റെ എണ്ണം 27 ല്‍ കുറയാന്‍ പാടില്ല.
വിദ്യാര്‍ഥികള്‍ നാലു മുഖരുദ്രാക്ഷമാണ് ധരിക്കേണ്ടത്. സുമംഗലികള്‍ താലിയ്ക്കൊപ്പം മൂന്നുമുഖ രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാണ്. സന്താനലബ്ധിക്ക് സ്ത്രീകള്‍ രണ്ടുമുഖ രുദ്രാക്ഷം ധരിക്കാറുണ്ട്.
രുദ്രാക്ഷത്തിന്റെ പ്രയോജനം
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം തുടങ്ങി എല്ലാ ജീവിതാവസ്ഥയിലും ഉള്‍പ്പെട്ടവര്‍ക്ക് രുദ്രാക്ഷം ധരിക്കാം. ചതുര്‍വേദങ്ങള്‍ അഭ്യസിക്കുകയും പുരാണപാരായണവും തീര്‍ഥാടനവും നടത്തുകയും വിദ്യകള്‍ ഗ്രഹിക്കുകയും ചെയ്താല്‍ സ്വായത്തമാകുന്ന പുണ്യമെന്തോ അത് രുദ്രാക്ഷധാരണത്താല്‍ ലഭിക്കും.
ദാനങ്ങളില് ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ മാംസവും മദ്യവും ഉപയോഗിക്കുന്നവനെങ്കില് കൂടി പുണ്യപ്രാപ്‍തിക്ക് അര്‍ഹനാകും. മൃഗങ്ങള്‍ പോലും രുദ്രാക്ഷം ധരിച്ചാല്‍ രുദ്രത്വം പ്രാപിക്കുമെന്നാണ് വിശ്വാസം. രാത്രി ചെയ്യുന്ന പാപങ്ങള്‍ അകലാന്‍ പകലും പകല്‍ ചെയ്യുന്ന പാപങ്ങള്‍ മാറാന്‍ രാത്രിയിലും രുദ്രാക്ഷം ധരിക്കണം. റേഡിയോ തരംഗങ്ങളുടെ അതിപ്രസരത്തില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുള്ള കഴിവ് രുദ്രാക്ഷത്തിനുണ്ട്. ഹൃദ്രോഗികള്‍ അഞ്ചുമുഖ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. ചൊവ്വാ ദോഷമുള്ളവര്‍ ദോഷമകലാന്‍ മൂന്നു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുക.
രുദ്രാക്ഷത്തിന്റെ പരിചരണം
രുദ്രാക്ഷത്തിലെ ഊര്‍ജപ്രവാഹം നിലനിര്‍ത്താന്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിധിപ്രകാരം അവ ശുദ്ധീകരിക്കണം. കൃത്യമായ ഇടവേളകളില്‍ തൈലാധിവാസം ചെയ്യണം. ആറുമാസം എള്ളെണ്ണയില്‍ സൂക്ഷിച്ചാല്‍ രുദ്രാക്ഷം പരിശുദ്ധമായി മാറും. ഈ എണ്ണ ദേഹത്തുപുരട്ടുന്നത് രോഗശമനങ്ങള്‍ക്ക് നല്ലതത്രേ. തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ ഇട്ടു വച്ചും രുദ്രാക്ഷം ശുദ്ധീകരിക്കാം. പഞ്ചഗവ്യം ഉപയോഗിച്ചും രുദ്രാക്ഷം ശുദ്ധിചെയ്യാം. വിധിയാം വണ്ണം പരിചരിച്ചാല്‍ ആയിരം വര്‍ഷത്തോളം രുദ്രാക്ഷം കേടുകൂടാതെയിരിക്കും. സ്വര്‍ണം, വെള്ളി, ചെമ്പ് ഇവയിലേതെങ്കിലുമൊരു ലോഹമുപയോഗിച്ചാവണം രുദ്രാക്ഷമാല കോര്‍ത്തെടുക്കുന്നത്.
തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ
വലുതും ഉറപ്പുള്ളതും കൂര്‍ത്ത് മുള്ളുകളോടു കൂടിയതുമായ രുദ്രാക്ഷം ശ്രേഷ്ഠമാണ്. പൊട്ടിയ രുദ്രാക്ഷങ്ങളും പുഴുക്കുത്തുള്ളവയും വാങ്ങരുത്. പ്രകൃത്യാ ദ്വാരങ്ങളുള്ള രുദ്രാക്ഷങ്ങളും ഉത്തമങ്ങളാണ്. രുദ്രാക്ഷത്തിന് സമാനമായ കായ്കള്‍ വ്യാജന്മാരായി വിപണിയിലെത്തുന്നുണ്ട്. അവ തിരിച്ചറിയാന്‍ യഥാര്‍ഥ രുദ്രാക്ഷത്തെക്കുറിച്ച് നല്ല അറിവു വേണം.
No comments:
Post a Comment