ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2019

അധ്വരം

അധ്വരം

അഗ്നിഷ്ടോമം മുതലായ ശ്രൌതകര്‍മങ്ങളുടെ സാമാന്യമായ പേര്. 'ധ്വരതി' ഹിംസാര്‍ഥമാകയാല്‍ ഹിംസാരഹിതമായ വൈദിക കര്‍മം എന്നാണ് അധ്വരശബ്ദത്തിന്റെ അര്‍ഥം. 'അധ്വാനം രാതി', സ്വര്‍ഗമാര്‍ഗത്തെ തരുന്നത് എന്നും അര്‍ഥം പറഞ്ഞു കാണുന്നു. യാഗം, ഇഷ്ടി, യജ്ഞം എന്നിവ ഇതിന്റെ പര്യായങ്ങളാകുന്നു.

അഗ്നിഷ്ടോമം എന്ന അധ്വരത്തെയാണ് സാധാരണയായി 'യാഗം' എന്ന പേരില്‍ കേരളത്തില്‍ പറഞ്ഞുവരുന്നത്. ശ്രൌതസൂത്രവിധിപ്രകാരം അഗ്ന്യാധാനം ചെയ്തതിനുശേഷമാണ് ഈ യജ്ഞം അനുഷ്ഠിക്കേണ്ടത്. യാഗം നടത്തിക്കുന്ന ആള്‍ യജമാനന്‍ എന്നറിയപ്പെടുന്നു. ഈ അനുഷ്ഠാനത്തില്‍ യജമാനപത്നിമാരെ കൂടാതെ അധ്വര്യു മുതലായ പതിനാറ് ഋത്വിക്കുകളും പരികര്‍മികളും ആവശ്യമാകുന്നു.

അധ്വരത്തിന്റെ സംവിധായകനായ ഋത്വിക്ക് ആണ് അധ്വര്യു. യജുര്‍വേദത്തിനു കര്‍മപരമായി കൂടുതല്‍ പ്രാധാന്യമുള്ളതിനാല്‍ ആ വേദത്തെ പ്രതിനിധാനം ചെയ്യുന്ന അധ്വര്യുവിന് മറ്റു ഋത്വിക്കുകളെ അപേക്ഷിച്ച് ഉന്നതമായ ഒരു സ്ഥാനമുണ്ട്. ഋഗ്വേദത്തില്‍ 'ഋചാംത്വഃ പോഷമാസ്തേ' എന്നു തുടങ്ങുന്ന ഋക്കില്‍ (X. 17-12) 'യജ്ഞസ്യമാത്രം വിമിമീത ഉത്വഃ' - യജ്ഞത്തിന്റെ പരിധിയെ നിര്‍ണയിക്കുന്നത് അധ്വര്യുവാണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്. യാഗസ്ഥലം അളക്കുക, യാഗശാല കെട്ടിക്കുക, വേദിയുണ്ടാക്കുക, ദര്‍ഭയും സമിത്തും കൊണ്ടുവരിക, യാഗപാത്രങ്ങള്‍ തയ്യാറാക്കുക, അരണികടഞ്ഞു തീയുണ്ടാക്കുക, പശുവിനെ കറന്നു ഹോമാവശ്യങ്ങള്‍ക്കും യജമാനനും വേണ്ട പാലും തൈരും സജ്ജീകരിക്കുക, യാഗപശുവിനെ കെട്ടുവാനുള്ള യൂപം (കുറ്റി) ഉണ്ടാക്കുക, സോമം കൊണ്ടുവരിക, ഹവിസ്സ്, പുരോഡാശം മുതലായവ ഹോമിക്കുക തുടങ്ങിയ ക്രിയകള്‍ യജുര്‍വേദപ്രോക്തങ്ങളായ മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടു ചെയ്യേണ്ടത് അധ്വര്യുവാകുന്നു.

ഏഴു ദിവസം രാവും പകലും ചെയ്തുതീര്‍ക്കാനുള്ള ക്രിയകളാണ് ഈ യാഗത്തിലുള്‍പ്പെടുന്നത്. ആറു മാസത്തിനു മുമ്പുതന്നെ ഇതിന് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കിത്തുടങ്ങണം. സോമം എന്ന വള്ളിയും കൃഷ്ണമൃഗത്തിന്റെ പുതിയ തോലും ഇതിന് ആവശ്യമാണ്. ഇത്തരം യജ്ഞങ്ങള്‍ ചെയ്യുന്നതു ഗൃഹങ്ങളില്‍ വച്ചല്ല; വിശാലമായ സ്ഥലത്തു കെട്ടിയുണ്ടാക്കുന്ന യാഗശാലകളില്‍വച്ചാണ്. യാഗശാലയെ പത്നീശാല, അഗ്നിശാല, സദസ്സ്, ഹവിര്‍ധാനം, ഉത്തരവേദി, അഗ്നീധ്രിയം മാര്‍ജാലീയം തുടങ്ങിയ പല ശാലകളായി തിരിക്കുന്നു. മഹാവീരം, ദ്രോണകലശം മുതലായ വലുതും ചെറുതുമായ പല തരത്തിലുള്ള മണ്‍പാത്രങ്ങള്‍, കരിങ്ങാലി, പ്ളാശ് മുതലായ മരങ്ങള്‍കൊണ്ടുണ്ടാക്കിയ സ്രുക്കുകള്‍, സ്രുവങ്ങള്‍, സ്ഥാലികള്‍, ചമസങ്ങള്‍ എന്നീ മരപ്പാത്രങ്ങള്‍ തുടങ്ങിയവ യാഗാവസരത്തില്‍ ഉപയോഗിക്കുന്നു. നെയ്യ്, സോമരസം, പുരോഡാശം, യജ്ഞപശുവിന്റെ വസ എന്നിവയാണ് മുഖ്യഹോമദ്രവ്യങ്ങള്‍. പാലും പഴങ്ങളും ധാന്യങ്ങളും ഹോമത്തിന് ഉപയോഗിക്കുന്നുണ്ട്. ഹോമത്തിന്റെ ആവശ്യത്തിലേക്ക് വേണ്ട പാല്‍, യാഗശാലയില്‍തന്നെ കെട്ടിയ പശുവില്‍നിന്ന് കറന്നെടുക്കണമെന്നാണ് നിയമം. യാഗം നീണ്ടുനില്ക്കുന്ന കാലം (ഏഴു ദിവസം) മുഴുവനും യജമാനന്‍ പാലു മാത്രമേ ആഹാരമായി കഴിക്കുവാന്‍ പാടുള്ളു. അദ്ദേഹം മൌനിയായി വ്രതത്തോടെ ഇരിക്കണം. ശ്രദ്ധാഹ്വാനം, ഫലസങ്കല്പം, ഋത്വിഗ്വരണം തുടങ്ങി സോമാഹുതി വരെയുള്ള വിവിധ കര്‍മങ്ങള്‍ യഥാവിധി നടത്തിയശേഷം അവഭൃഥസ്നാനത്തോടെ അധ്വരം അവസാനിപ്പിക്കുന്നു. യാഗാവസാനത്തില്‍ യാഗശാല കത്തിച്ചു കളയുകയാണ് പതിവ്. വസന്തകാലത്ത് (ചൈത്രം, വൈശാഖം എന്നീ മാസങ്ങളില്‍) പൂര്‍വപക്ഷ (വെളുത്തപക്ഷം)ത്തിലാണ് യാഗകര്‍മം അനുഷ്ഠിക്കേണ്ടത്.

No comments:

Post a Comment