ബാഹ്യ പൂജയിൽ പുഷ്പാഞ്ജലിയുടെ പ്രാധാന്യം
ദേവ പൂജയിൽ പുഷ്പാഞ്ജലിക്ക് വളരെ പ്രാധാന്യമുണ്ട്. അതിന്റെ കാരണം വ്യക്തമാക്കാം.
പ്രപഞ്ചം പഞ്ചഭൂത നിർമ്മിതമാണെന്ന് പ്രസിദ്ധമാണല്ലോ. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാണ് പഞ്ചഭൂതങ്ങൾ.
'മഹാഭൂതാനി പഞ്ചൈവ ഭൂരാപോfഗ്നിർമരു ന്നഭ:
തന്മാത്രാണി ച താവന്തി ഗന്ധാദീനി മതാനി മേ'
(ശ്രീമത് ഭാഗവതംതൃതീയ സ്കന്ധം 26-ാം അധ്യായം ശ്ലോകം - 12 )
അർത്ഥം: ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇങ്ങനെ മഹാ ഭൂതങ്ങൾ 5 മാത്രമാണെന്നും ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം എന്നിവ ഭൂമി മുതലായ പഞ്ചഭൂതങ്ങളുടെ സൂഷ്മ രൂപങ്ങൾ അഥവാ തന്മാത്രകളും ആകുന്നു.
ഈ പഞ്ചഭൂതങ്ങളിൽ ആകാശമെന്ന തത്ത്വത്തിന്റെ പ്രതീകമാണ് പുഷ്പം. ഇവ സൃഷ്ടിക്രമത്തിന്റെ മുൻഗണനാക്രമമനുസരിച്ച് ആത്മാവിൽ നിന്നും ആകാശം, ആകാശത്തിൽ നിന്ന് വായു, വായുവിൽ നിന്ന് അഗ്നി, അഗ്നിയിൽ നിന്ന് ജലം, ജലത്തിൽ നിന്ന് പൃഥ്വി അഥവാ ഭൂമി. ഇപ്രകാരമാണ് സൃഷ്ടിക്രമം.
ശ്രീമത് ഭാഗവതംതൃതീയ സ്കന്ധം 26-ാം അധ്യായത്തിൽ 32-ാം ശ്ലോകം മുതൽ ഈ സൃഷ്ടിക്രമങ്ങൾ വർണ്ണിക്കുന്നു.കൂടാതെ തൈത്തീരിയോപനിഷത്ത് ബ്രഹ്മാനന്ദവല്ലിയെന്ന രണ്ടാം അധ്യായത്തിൽ ഒന്നാം അനുവാകത്തിൽ പറയുന്നത് നോക്കൂ;
'തസ്മാത് വാ ഏതസ്മാദാത്മന ആകാശ: സംഭൂത: ആകാശാദ്വായു: വയോരഗ്നി:
അഗ്നേരാപ: അദ്ഭ്യ: പ്രഥിവീ.
പൃഥിവ്യാ ഓഷധയ:
ഓഷധീഭ്യോfന്നം. അന്നാദ് പുരുഷ ... "
അർത്ഥം: ഈആത്മാവിൽ നിന്നും ആ കാശമുണ്ടായി. ആകാശത്തിൽ നിന്ന് വായു, വായുവിൽ നിന്ന് അഗ്നി, അഗ്നിയിൽ നിന്ന് ജലം, ജലത്തിൽ നിന്ന് പൃഥിവി, പൃഥിവിയിൽ നിന്ന് ചെടികളും ധാന്യങ്ങളും, ധാന്യങ്ങളിൽ നിന്ന് അന്നം, അന്നത്തിൽ നിന്നും പുരുഷൻ. ഇങ്ങനെ ക്രമത്തിലുണ്ടായി.
ഇതിൽ ഓരോ ഭൂതങ്ങൾക്കും ഓരോ പ്രതീകങ്ങളുണ്ട്. ആകാശമെന്ന ഭൂതത്തിന്റെ പ്രതീകമാണ് പുഷ്പം. പൂജകളിൽ മാനസപൂജ എന്ന അംഗത്തിൽ ഉപയോഗിക്കുന്ന ഒരു മന്ത്രമുണ്ട്.
'ഹം ആകാശാത്മനാ പുഷ്പം കല്പയാമി' എന്ന്.
ഇവിടെ പഞ്ചഭൂതങ്ങളെല്ലാം ആകാശത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അതായത് ആകാശമെന്ന ഭൂതത്തിൽ നിന്നാണ് മറ്റ് ഭൂതങ്ങളുടെയും എല്ലാറ്റിന്റെയും സൃഷ്ടി. ഇനി സംഹരിക്കപ്പെടുമ്പോൾ അഥവാ പ്രളയാവസ്ഥയിൽ ഓരോ ഭൂതങ്ങളും അതാതിന്റെ യോനിയിൽ അതിന് തൊട്ടുമുമ്പുള്ള ഭൂതത്തിൽ ലയിക്കുന്നു.
അതെപ്രകാരമെന്നാൽ ഭൂമി ജലത്തിലും, ജലം അഗ്നിയിലും ,അഗ്നി വായുവിലും വായു ആകാശത്തിലും ആകാശം ആത്മാവിലും ലയിക്കുന്നു. ഇങ്ങനെ ഈ 5 ഭൂതങ്ങളിൽ ആദ്യത്തെ തത്ത്വമായ ആകാശത്തിൽ മറ്റുള്ളവയെല്ലാം ലയിക്കുന്നു. ഇങ്ങനെ സൃഷ്ടിയും സംഹാരം അഥവാ ലയനവും ആകാശഭൂതത്തിൽ അടങ്ങുന്നു. അതിനാൽ ആകാശഭൂതത്തിന് മറ്റ് ഭൂതങ്ങളേക്കാളും പ്രാധാന്യമേറി. ആകാശഭൂതത്തിന്റെ പ്രതീകമായ പുഷ്പത്തിനും പ്രാധാന്യമുണ്ടായി. ഇങ്ങനെ ബാഹ്യ പൂജയിൽ മറ്റെല്ലാ ദ്രവ്യങ്ങളെക്കാളും പ്രാധാന്യം പുഷ്പത്തിന് അഥവാ പുഷ്പാഞ്ജലിക്ക് വന്നത് പുഷ്പാഞ്ജലിയിൽ മറ്റെല്ലാ പൂജകളും അടങ്ങിയിരിക്കുന്നു എന്നതിനാലാണ്.
No comments:
Post a Comment