നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 12/108
കൊരട്ടി – അന്നമനട ശിവക്ഷേത്രം
ശിവാലയ സ്ഥലനാമസ്തോത്രത്തിൽ കൊരട്ടി എന്നുമാത്രമേ സൂചനയുള്ളു. കൊരട്ടിക്കടുത്ത് പ്രസിദ്ധമായ ശിവക്ഷേത്രം അന്നമനടയാണ്. ക്ഷേത്രത്തിലേക്ക് കൊരട്ടിയിൽകൂടി പുളിക്കകടവ് കടത്തു കടന്നാൽ എളുപ്പം എത്താം. അതായിരുന്നു പഴയകാലത്തെ വഴിയെന്ന് തോന്നുന്നു .പിന്നീട് റോഡ്വഴി സൗകര്യം വർദ്ധിച്ചപ്പോൾ മറുവശത്തുകൂടി ഉള്ളവഴിക്ക് പ്രാധാന്യം വന്നു. ചാലക്കുടിപ്പുഴയുടെ തീരത്ത് മഹാദേവൻ ശിവലിംഗത്തിൽ സാന്നിധ്യമരുളുന്നു. പരശുരാമൻ കേരളത്തെ 64 ഗ്രാമങ്ങളായി തിരിച്ചപ്പോൾ അതിലെ ഒരു ഗ്രാമ ക്ഷേത്രമായിരുന്നു അന്നമനട ശിവക്ഷേത്രം. പുഴക്കരയിൽ തലയുയർത്തിനിൽക്കുന്ന മൂന്നു നിലയുള്ള ചതുര ശ്രീകോവിൽ പഴയകാലത്തെ പ്രൗഢി വിളിച്ചറിയിക്കുന്നു. കിഴക്കോട്ടാണ് ദർശനം. ശിവലിംഗത്തിന് ഏകദേശം ഒരാൾ പൊക്കം കാണും. സ്വയംഭൂവാണെന്നും അല്ലെന്നും അഭിപ്രായമുണ്ട് .അഞ്ച് പൂജ ക്ഷേത്ര ചടങ്ങുകളും ഒരു മഹാക്ഷേത്രത്തിന്റെ പദവി അലങ്കരിച്ചു തന്നെ നടക്കുന്നുണ്ട്. കുംഭമാസത്തിലാണ് ഉത്സവം. തിരുവാതിര ആറാട്ട് പത്തുദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. ഉത്സവകാലത്ത് കഥകളിക്ക് പ്രാധാന്യമുണ്ട്. പണ്ടുകാലത്ത് മൂപ്പന്മാരുടെ കഥകളിസംഘം ക്ഷേത്രത്തിൽ അരങ്ങേറിയപ്പോൾ സവർണ്ണമേധാവിത്വം മൂപ്പന്മാരെ കളിയാക്കിയെന്നും, അപ്പോൾ തന്റെ മുമ്പിൽ അടികൊള്ളാൻ മഹാദേവന്റെ ഉൾവിളി എതിരാളികൾക്ക് ഉണ്ടായി എന്നും പഴമക്കാർ പറയുന്നു. ക്ഷേത്രത്തിൽ ശിവൻ കഴിഞ്ഞാൽ പിന്നെ പ്രാധാന്യം വിഷുവിനാണ്. മഹാവിഷ്ണു വട്ട ശ്രീകോവിലിൽ വാണരുളുന്നു. ഉപദേവന്മാർ ഗണപതി, അയ്യപ്പൻ, ഭഗവതി, നരസിംഹം, ഗോശാലകൃഷ്ണൻ, എന്നിവരാണ് കൂടാതെ പരമശിവനോടൊപ്പം പാർവതിയും സാന്നിധ്യമരുളുന്നു. കൊല്ലവർഷം 888 ൽ ക്ഷേത്രം അഗ്നിക്കിരയായിട്ടുണ്ട്. സംരക്ഷകരായ ക്ഷേത്ര ഭരണകർത്താക്കളും നാടുവാഴികളും തമ്മിലുള്ള തർക്കങ്ങളാണ് ഈ അത്യാഹിതത്തിന് കാരണം . ഒടുവിൽ സർവ്വ അവകാശങ്ങളും കൊച്ചി രാജാവിന് ലഭിച്ചു .974 കന്നിയിൽ നടുവിലെടത്ത് മൊഴിവട്ടത്ത് നാരായണനും തമ്പിമാരും കൂടി പൊന്നം മൊഴിവട്ടം, കീഴമ്പിള്ളി മൊഴിവട്ടം, നടുവിലെടത്ത് മൊഴിവട്ടം…. തറവാട്ടേക്കുണ്ടായിരുന്ന എല്ലാ ഊരായ്മ ഉടമസ്ഥാവകാശങ്ങളും അട്ടിപ്പേറായി വെച്ച് ഒഴിഞ്ഞിരിക്കുന്നു. അന്നമനട ക്ഷേത്രത്തിൽ പെരുമ്പടപ്പിൽ നിന്ന് പ്രവേശിച്ചത് ഈ അട്ടിപ്പേറ് വഴിയാണ്. ആ അട്ടിപ്പേറ് അനുസരിച്ച് ആ കുടുംബക്കാർ അന്നത്തെ ദേവസ്വം അധികാരികൾക്ക് കൊടുത്തതായി നോട്ടീസ് വ്യക്തമാക്കുന്നു. (ശക്തൻതമ്പുരാൻ പുത്തേഴം,P 439 )കൊച്ചി രാജാവിനെ ഭരണത്തിലായിരുന്നതുകൊണ്ട് ക്ഷേത്രഭരണം കൊച്ചി ദേവസ്വംബോർഡിന്റെ അധീനതയിലായിത്തീർന്നു.
ക്ഷേത്രത്തിലെ തന്ത്രി സ്ഥാനം ആവണപ്പറമ്പ് മനയ്ക്കലേക്കും കുറ്റാലത്ത് മനസ്സിലേക്കും ആകുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശർക്കര ഭാരമാണ്.
No comments:
Post a Comment