നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 02/108
കയ്പയിൽ ശിവക്ഷേത്രം [പേരൂർ]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുനിന്ന് പാലക്കാട്ടേക്കുള്ള ബസ്സിൽ പോയാൽ പത്തിരിപ്പാല ജംഗ്ഷനിൽ ഇറങ്ങാം. അവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ക്ഷേത്രത്തിൻറെ അടുത്തുവരെ എത്തണമെങ്കിൽ ഓട്ടോയാണ് എളുപ്പം രണ്ട് ഫർലോങ്ങ് ദൂരമുള്ള വഴി ഗ്രാമീണ ഭംഗി നിറഞ്ഞതാണെങ്കിലും യാത്രയ്ക്ക് ബുദ്ധിമുട്ടാണ്. വഴി ചെന്നവസാനിക്കുന്നത് വിസ്തൃതമായ ക്ഷേത്ര മൈതാനത്തിലാണ്. ക്ഷേത്ര പറമ്പിന് മൂന്ന് ഏക്കറോളം വിസ്തീർണ്ണമുണ്ട്. ക്ഷേത്രക്കുളമാണ് ഗംഭീരം ഒരേക്കർ 10 സെൻറ് വിസ്തൃതിയുണ്ട്. കരയിലാണ് ക്ഷേത്രം. കുളവും അതിനടുത്തുള്ള നെൽപ്പാടവും സമൃദ്ധിയുടെ വിളനിലവും പരമശിവനെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതവുമാണ്. ശ്രീകോവിലിന് അധികം വലിപ്പമില്ല .ചതുരത്തിലുള്ള ശ്രീകോവിലിൽ സ്വയംഭൂ ശിലയിൽ കിഴക്കോട്ട് ദർശനമുള്ള മഹാദേവൻ സ്ഥിതിചെയ്യുന്നു. പീഠത്തിൽ നിന്ന് ശിലക്ക് ഒരടി ഉയരം കാണും. നമസ്കാരമണ്ഡപമുണ്ട്; ചുറ്റമ്പലമില്ല. വലിയമ്പലവും നടപ്പുരയും സാമാന്യം വലുതാണ്. വലിയ അമ്പലത്തോട് ചേർന്നാണ് തിടപ്പള്ളി. ചുറ്റമ്പലത്തിലെ മറ്റു ഭാഗങ്ങൾ മതിൽ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. മതിലിനോട് ചേർന്ന് പണ്ട് ചുറ്റമ്പലമുണ്ടായിരുന്നോയെന്നറിയില്ല. ഗണപതി ഉപദേവനായി തെക്കുപടിഞ്ഞാറേ മൂലയിൽ പരിലസിക്കുന്നു.
ശിവ ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലിൽ ഭഗവതി വാഴുന്നു. ശിലാ വിഗ്രഹമാണ്. ഏകദേശം മൂന്നടി ഉയരം കാണും. വാള് ധരിച്ച് ഉഗ്രരൂപിണിയായിട്ടാണ് ദേവി സാന്നിധ്യമരുളുന്നത്. ശിവരാത്രിയാണ് ഉത്സവം. തിരുവാതിരയ്ക്ക് ആർ ട്ടാദർശനവും പ്രധാനമാണ്. അന്ന് നടത്തുന്ന ഇളനീരാട്ടം മംഗല്യത്തിനും ഐശ്വര്യ സമൃദ്ധിക്കും വേണ്ടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. കുരുമ്പാ ഭഗവതിക്കാണ് താലപ്പൊലി. അടുത്തുള്ള അകലൂർ കാവിലെ താലപ്പൊലി പിറ്റേന്ന് ദേവിക്ക് താലപ്പൊലി കൂറയിടും. അഞ്ചുദിവസമാണ് താലപ്പൊലി ആഘോഷം. അകലൂർ ഭഗവതിയുടെ ജ്യേഷ്ഠത്തി ആണത്രേ കുരു ഭാമ. രണ്ട് പൂജയുണ്ട് തമിഴ് ബ്രാഹ്മണനാണ് പൂജാരി. പക്ഷേ തന്ത്രിസ്ഥാനം പഴയ നമ്പൂതിരി കുടുംബമായ പനാവൂർ മനയ്ക്കലേക്ക്. ക്ഷേത്രത്തിലെ ഊരായ്മ സ്ഥാനം പേരൂർ മൂത്താട്ട് മൂപ്പിൽ നായർ കുടുംബത്തിനാണ് . അവരുടെ പൂർവികർ പണ്ടുകാലത്തെ പാലക്കാട് രാജാക്കൻമാരുടെ നായർ പടയുടെ നേതൃത്വം വഹിച്ചവർ ആയിരുന്നത്രെ. പാലക്കാട് രാജാവിനെയും മൂത്താട്ട് മൂപ്പിൽ നായരുടെയും സംരക്ഷണത്തിൽ ഒരു ബ്രാഹ്മണ ഗ്രാമക്ഷേത്രം ആയി കുറേക്കാലം നിലകൊണ്ടു വെങ്കിലും നമ്പൂതിരിമാരും പാലക്കാട് രാജാവും തമ്മിൽ സ്വരച്ചേർച്ച ഇല്ലാതായപ്പോൾ പാലക്കാട് രാജകുടുംബം ആചാര വിരോധമായി പെരുമാറി മഹാ ബ്രാഹ്മണർ ഇതോടെ തമ്പുരാന് പതിത്വം കല്പിച്ച് തമ്പുരാനോടുള്ള ബന്ധം വിടർത്തി. രാജാവ് നമ്പൂതിരിമാരുടെ അവഗണനയിൽ കോപിച്ച് അവരെ നാട്ടിൽനിന്നും പറഞ്ഞയച്ചു. തമിഴ് ബ്രാഹ്മണരെ വാഴിച്ചു. നമ്പൂതിരി ഭവനങ്ങളും അവരുടെ സ്വത്തുക്കളും വരത്തർക്ക് നൽകി. പക്ഷേ ഒരു നീണ്ട കാലഘട്ടം മുഴുവൻ ക്ഷേത്ര കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു. സാമൂതിരി പാലക്കാട് രാജാക്കന്മാരുടെ മേൽ നിരന്തരം സൈനികവും രാഷ്ട്രീയവുമായ സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്നതിനാൽ രാജ്യത്ത് സമാധാനം ഇല്ലായിരുന്നു. പിന്നെ ആരുണ്ട് അമ്പല കാര്യങ്ങൾ ശ്രദ്ധിക്കാൻ ? ക്ഷേത്രം നശിച്ചു പോയി. പിന്നീട് ഈ അടുത്തകാലത്താണ് ദേവ സാന്നിധ്യം മനസ്സിലാക്കി നാട്ടുകാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു നൂറ്റാണ്ടു മുമ്പുവരെ ശ്രീകോവിൽ കല്ലു വിളക്കുകളുടെ മുമ്പിൽ സ്വയംഭൂ ശില വിരാജിക്കുകയായിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച മഹാദേവൻ വീണ്ടും നാടിന് ചൈതന്യമരുളി കയ്പഗ്രാമത്തിൽ പരിലസിക്കുന്നു. ആ സ്വയംഭൂ വിഗ്രഹത്തിൽ നിന്നും പ്രോജ്വലിക്കുന്ന രുദ്ര ചൈതന്യം നാടിനെ ഐശ്വര്യത്തിലേക്ക് നയിക്കുന്നു. ഗ്രാമീണ ജനത പുനരുദ്ധാരണപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്
No comments:
Post a Comment