പുഷ്പാഞ്ജലി - 7
ഹിന്ദുമതത്തിൽ അനുഷ്ഠിച്ചുവരുന്ന ഒരു ആരാധനാരീതിയാണ് പുഷ്പാഞ്ജലി.
ഒരു പ്രത്യേക മന്ത്രം ജപിച്ചുകൊണ്ടു് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു് ധ്യാനപൂർവ്വം അർപ്പിക്കുക എന്നതാണു് ഈ ആരാധനയിലെ ക്രമം. പൊതുവേ കേരളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളിൽ പ്രചാരമുള്ള പ്രധാനപ്പെട്ടതും ലളിതമായതുമായ ഒരു വഴിപാടു കൂടിയാണു് പുഷ്പാഞ്ജലി അഥവാപുഷ്പാർച്ചന.
പുഷ്പാഞ്ജലി എന്നത് സംസ്കൃതത്തിലെപുഷ്പ – അഞ്ജലി എന്നീ വാക്കുകളിൽ നിന്നുണ്ടായതാണ്. പുഷ്പ-പദം പൂക്കളേയും അഞ്ജലി എന്നത് കൂപ്പുകൈയേയും അർഥമാക്കുന്നു. കൂപ്പുകൈകളോടെ (ദേവന്/ഗുരുവിന്) അർച്ചിക്കപ്പെടുന്ന പൂക്കളെയാണ് പുഷ്പാഞ്ജലി എന്ന പേരിനാൽ വിവക്ഷിക്കാവുന്നത്.
പുഷ്പാഞ്ജലി എന്ന ആശയത്തിനു് ഹിന്ദുക്കളുടെ ആരാധനാരീതികളിലുംപൂജകളിലും പ്രമുഖമായ ഒരു സ്ഥാനമുണ്ടു്.ഭഗവദ്ഗീതയിലെ പ്രസിദ്ധമായ ശ്ലോകം 9.26 ഇങ്ങനെയാണു്.
“പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദ് അഹം ഭക്ത്യുപാർഹിതം
അസ്നാമി പ്രയതാത്മനാ “.
(ഭഗവദ്ഗീത:അദ്ധ്യായം 9 ശ്ലോകം 26).
“ഏതൊരാളും ശുദ്ധമായആത്മബോധത്തോടേയും ഭക്തിയോടേയും സമർപ്പിക്കുന്ന ഇല, പൂവ്, ഫലം, ജലം എന്നിവതന്നെ എനിക്കു് സ്വീകാര്യമാണു്” എന്നാണു് ഈ ശ്ലോകത്തിന്റെ പദാർത്ഥം. ഈശ്വരഭക്തിക്കു് ഭൗതികമായ സമ്പത്തുക്കളുടെ കുറവു് ഒരു പ്രതിബന്ധമാകുന്നില്ല എന്നതാണു് ഈ ശ്ലോകത്തിന്റെ ആന്തരാർത്ഥം. ഏറ്റവും ലളിതവും പ്രകൃതിദത്തവും സുലഭവുമായ ഈ നാലു വസ്തുക്കളുടെ സമർപ്പണമാണു് പുഷ്പാഞ്ജലി എന്ന വഴിപാടിലെ ഭൗതികാംശം. എന്നാൽ അതിനോടൊപ്പമുള്ള മന്ത്രാർച്ചനയും അതിനുപയോഗിക്കുന്ന മന്ത്രവും ഏതെന്നനുസരിച്ച് പുഷ്പാഞ്ജലീപൂജ വിവിധ തരം പേരുകളിൽ അറിയപ്പെടുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ വിവിധ ആരാധനാമൂർത്തികൾക്കു് അർപ്പിക്കുന്ന വിവിധ പുഷ്പാഞ്ജലികൾക്കു് ഓരോന്നിനും പ്രത്യേക അഭീഷ്ടസിദ്ധിയുണ്ടെന്നു് പല ക്ഷേത്രവിശ്വാസികളും അവകാശപ്പെടുന്നു.
പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും വ്യത്യാസമനുസരിച്ച് ഇത് പല തരത്തിലുണ്ട്.അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിന്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് പുഷ്പാഞ്ജലി എന്ന വഴിപാടു് വിവിധതരത്തിൽ ആചരിച്ചുവരുന്നു. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.
കേരളത്തിലെ ക്ഷേത്രാചാരപ്രകാരം ഒരു ഭക്തനുവേണ്ടി പൂജാരിയാണു് പുഷ്പാഞ്ജലി അർപ്പിക്കുന്നതു്. അഞ്ജലി ചെയ്യുമ്പോൾ ഉച്ചരിക്കേണ്ട മന്ത്രങ്ങൾയഥാർത്ഥത്തിൽ സാമാന്യം ദീർഘമാണെങ്കിലും പലപ്പോഴും അവയുടെ ഹ്രസ്വരൂപം മാത്രമാണു് വഴിപാടു നടത്തുമ്പോൾ പൂജാരികൾ ചെയ്യാറുള്ളതു.
No comments:
Post a Comment