നൂറ്റിയെട്ടു ശിവക്ഷേത്രങ്ങൾ - 09/108
ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് .മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പെരിന്തൽമണ്ണയിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു .പ്രധാന മൂർത്തി ഭദ്രകാളിയാണെങ്കിലും ശിവനൊട്ടും അപ്രധാനിയല്ല .ശിവ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കാം.
ശ്രീകോവിലിൽ പാർവതിയും പരമശിവനും സാന്നിദ്ധ്യമരുളുന്നു. ഇവിടെ കാണുന്ന ചെറിയ ശിവലിംഗം പാർവതി, ശിവനെ ഭർത്താവായി ലഭിക്കാൻ പൂജിച്ചതാണെന്ന് പറയപ്പെടുന്നു. തെക്കുവശത്താണ് ശ്രീമൂലസ്ഥാനം. അതിനടുത്ത് മാന്ധാതാവ് തപസ്സ് ചെയ്ത സ്ഥലം. ശ്രീമൂലസ്ഥാനം തൊഴുത് വടക്കേനടയിൽ എത്താം. കൊടുങ്ങല്ലൂര് പോലെ തന്നെയാണ് ഇവിടത്തെ ശിവനും. ശിവന്റെദർശനം കിഴക്കോട്ടാണ് . ശിവനെ വന്ദിച്ച് പ്രദക്ഷിണമായി ഭഗവതിയുടെ നടയിൽ ചെന്നു തൊഴാം.
മാന്ധാതാവിൽ നിന്നാണ് ക്ഷേത്രത്തിന് ശ്രീമാന്ധാംകുന്നന്നും പിന്നീട് തിരുമാന്ധാംകുന്നെന്നും പേരുണ്ടായത്. ഐതിഹ്യം ഇങ്ങനെയാണ് .സൂര്യ വംശത്തിൽപ്പെട്ട ഒരു രാജാവാണ് മാന്ധാതാവ്. അദ്ദേഹം ശിവനെ തപസ്സ് ചെയ്തു പ്രത്യക്ഷപ്പെടുത്തി. ശിവൻ മാന്ധാതാവിന് പാർവതി പൂജിച്ചിരുന്ന ശിവലിംഗം നൽകി അനുഗ്രഹിച്ചു. ആ സമയത്താണ് കേരളം സൃഷ്ടിച്ചശേഷം രാജ്യത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പരശുരാമൻ അവിടെയെത്തിയത്. പുണ്യ വിഗ്രഹം കേരളത്തിൽ പ്രതിഷ്ഠിക്കണമെന്ന് പരശുരാമൻ മാന്ധാതാവിനോട് പറഞ്ഞു. രണ്ടുപേരും അവിടെ നിന്നും മടങ്ങി വള്ളുവനാട്ടിൽ എത്തി. പരശുരാമന്റെ സാന്നിദ്ധ്യത്തിൽ മാന്ധാതാവ് തിരുമാതാംകുന്നിൽ ശിവപ്രതിഷ്ഠ നടത്തി. ഇത്രയുമായപ്പോഴാണ് താൻ പൂജിച്ചിരുന്ന ശിവലിംഗം മാന്ധാതാവിന് കൊടുത്തത് പാർവ്വതി അറിഞ്ഞത്. വിഗ്രഹം മാന്ധാതാവിന് നൽകിയതിൽ പാർവതി കുപിതയായി. ഭഗവാൻ എന്തുചെയ്യും? കൊടുത്തു പോയില്ലേ? വീണ്ടെടുക്കുന്നതിൽ തനിക്ക് വിരോധമില്ലെന്ന് ദേവിയെ അറിയിച്ചു. പാർവ്വതി വിഗ്രഹം കൊണ്ടുവരാൻ കാളിയെ അയച്ചു .കാളി ഭൂതഗണങ്ങളോടൊപ്പം തിരുമാന്ധാംകുന്നിലെത്തി. നൂറുകോടി സൂര്യനെ തോൽപ്പിക്കും വിധം മലമുകളിൽ കാന്തി പ്രവഹിക്കുന്നു. അതുമൂലമെവിടെ? തിരക്കിയപ്പോൾ മാന്ധാതാവും പരശുരാമനും പ്രതിഷ്ഠിച്ച് പൂജിച്ച ശിവലിംഗത്തിൽ നിന്നാണെന്ന് അറിഞ്ഞു. പിന്നെ മലമുകളിലേക്ക് കയറിയില്ല .അവിടെനിന്ന് ആയുധങ്ങൾ വർഷിച്ചു. മാന്ധാതാവ് പരമശിവനെ ധ്യാനിച്ചിരുന്നു. ശിഷ്യഗണങ്ങൾ ആട്ടമരങ്ങളുടെ കായ്കൾ പറിച്ചെറിഞ്ഞു . ആട്ട മരക്കായ്കൾ മാന്ധാതാവിന്റെ വരബലത്താൽ ആയുധങ്ങളെ തടഞ്ഞു. കാളി കോപിച്ച് മാന്ധാതാവിന്റെ കയ്യിൽനിന്ന് ശിവലിംഗം പിടിച്ചുവാങ്ങി. അത് പിളർന്നു .അതിൽനിന്ന് പാർവതീപരമേശ്വരന്മാർ പ്രത്യക്ഷപ്പെട്ടു. മാന്ധാതാവിനോട് കാളിയെ പ്രതിഷ്ഠിക്കാൻ ഉപദേശിച്ചുകൊണ്ട് പാർവതിപിളർന്ന വിഗ്രഹത്തിൽ ലയിച്ചു. മാന്ധാതാവ് ഉടനെ ശ്രീമൂലസ്ഥാനത്ത് കാളിയെ പ്രതിഷ്ഠിച്ചു. ശ്രീമൂലസ്ഥാനവും പരമശിവനും ഉണ്ടെങ്കിലും പിന്നീട കാളിക്ക് പ്രാധാന്യം ഏറിവന്നു .കാലക്രമേണ ക്ഷേത്രം ഭഗവതി ക്ഷേത്രമായി അറിയപ്പെട്ടു.
മാന്ധാതാവ് തനിക്കുശേഷം കാര്യങ്ങൾ നടത്താൻ ഏൽപ്പിച്ചവരുടെ പരമ്പരയാണ് ക്ഷേത്രത്തിലെ തന്ത്രി കുടുംബക്കാർ എന്ന് വിശ്വസിക്കുന്നു. കാട്ടിലാമുറ്റം തിരുമേനിയും പന്തലക്കോട് തിരുമേനിയും വിവരം വള്ളുവക്കോനാതിരിയെ അറിയിച്ചു .തമ്പുരാൻ ക്ഷേത്രം പണിത് സർവ്വ ഐശ്വര്യത്തോടെയും വാണു .
ക്ഷേത്രത്തിലെ പ്രധാന ഉത്സവം പാട്ടും പൂരവുമാണ് വൃശ്ചികം ഒന്നുമുതൽ മീനം വരെ നീണ്ടുനിൽക്കും അവസാനത്തെ പതിനൊന്നു ദിവസമാണ് പൂരം. മലബാറിലെ ഒരു പ്രധാന ഉത്സവമാണ് തിരുമാന്ധാംകുന്ന് ഉത്സവം.
No comments:
Post a Comment