ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 58

വിക്രമാദിത്യകഥകൾ - 58

മുപ്പത്തിരണ്ടാം സാലഭഞ്ജിക പറഞ്ഞ കഥ

മുപ്പത്തിരണ്ടാം ദിവസം പ്രഭാതത്തിൽ ഭോജരാജാവ് പതിവുപോലെയുള്ള ചടങ്ങുകളെല്ലാം കഴിഞ്ഞ് സിംഹാസനാരോഹണത്തിന് മുതിർന്നു. ഉടനേ അവസാനത്തെ സാലഭഞ്ജിക അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു: “ഹേ, ഭോജരാജാവേ! ഞങ്ങളുടെ സ്വാമിയായിരുന്ന വിക്രമാദിത്യനെക്കുറിച്ച് എനിക്കു മുമ്പുണ്ടായിരുന്ന മുപ്പത്തിയൊന്ന് സാലഭഞ്ജികകൾ പറഞ്ഞ കഥകളും കേൾക്കുകയുണ്ടായല്ലോ. ഇനി ഞാൻ അദ്ദേഹത്തിന്റെ അന്ത്യത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.'' അവൾ കുറച്ച് വിഷമത്തോടെ പറയാൻ തുടങ്ങി. സാത്വികനും പണ്ഡിതനുമായ ഒരു ബ്രാഹ്മണൻ ഒരു ബാലികയെ വിവാഹം കഴിച്ചു. അവൾക്ക് പന്ത്രണ്ടാം കൊല്ലം ആദ്യത്തെ ശുഭലഗ്നത്തിൽ മഹാവീരനായ ഒരു പുത്രൻ ജനിക്കുമെന്ന് ഗണിച്ചറിഞ്ഞ ബ്രാഹ്മണൻ ദേശ സഞ്ചാരത്തിന് പുറപ്പെട്ടു. പന്ത്രണ്ട് വർഷങ്ങൾക്കുശേഷം അയാൾ മടങ്ങിയെത്തി. സ്വപതി താമസിക്കുന്ന നഗരത്തിലെത്താൻ ഒരു നദി കടക്കേണ്ടതുണ്ടായിരുന്നു. നദിയിൽ വെള്ളം പൊങ്ങിയതിനാൽ കടത്തുകാരാരും തോണിയിറക്കിയില്ല. അന്ന് രാത്രിയാണ് ഉദ്ദിഷ്ടശുഭലഗ്നം. പന്ത്രണ്ടുകൊല്ലം കാത്തിരുന്ന് സമാഗതമായ ആ സുവർണസന്ദർഭം തെറ്റിപ്പോകുന്നതിൽ ബ്രാഹ്മണന് കണക്കിലേറെ കുണ്ഠിതമുണ്ടായിരുന്നു. പക്ഷേ, അക്കരയ്ക്കു കടക്കാൻയാതൊരു നിർവാഹവുമില്ല. അയാൾ അസ്വസ്ഥനായി നദീതീരത്തിലൂടെ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി. അവിടെ താമസിച്ചിരുന്ന ഒരു കുശവൻ ബ്രാഹ്മണന്റെ വെപ്രാളം കണ്ട് അയാൾക്ക് എന്തെങ്കിലും രോഗം ബാധിച്ചിരിക്കാമെന്നു ശങ്കിച്ച് അടുത്തു ചെന്നു. ബ്രാഹ്മണനോട് പലവട്ടം ചോദിച്ചപ്പോൾ അയാൾ കാര്യം വളച്ചു കെട്ടാതെ തുറന്നു പറഞ്ഞു. അടുത്ത മുഹൂർത്തത്തിൽ ബ്രാഹ്മണനുണ്ടാകുന്ന ശിശുവിന് രാജയോഗമുണ്ടെന്നും അവൻ മറ്റു രാജാക്കന്മാരെയെല്ലാം അടക്കിവാഴുമെന്നും കേട്ടപ്പോൾ കുശവൻ കുറെനേരം ചിന്താധീനനായി നിലകൊണ്ടു. അവനും പ്രായപൂർത്തിയായ ഒരു പുത്രിയുണ്ട്. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ബ്രാഹ്മണൻ, തന്റെ മകളെ വിവാഹം ചെയ്കയാണെങ്കിൽ ആ മഹാഭാഗ്യത്തിന്റെ ഫലം തങ്ങൾക്കു കിട്ടുമല്ലോയെന്നോർത്ത് അവൻ പറഞ്ഞു: “മഹാത്മാവേ! അങ്ങയുടെ മനപ്രയാസം ഞാൻ മനസിലാക്കുന്നുണ്ട്. പക്ഷേ, ഈ പാതിരാത്രിയിൽ അലറിപ്പായുന്ന നദി കടക്കാൻ മനുഷ്യന് സാധ്യമല്ല. അതുകൊണ്ട് ഇന്നു രാത്രി അക്കരെയെത്താൻ നിവൃത്തിയില്ല. അങ്ങ് ദയവുചെയ്ത് എന്റെ പുത്രിയെ വേട്ടാലും.” കുശവന്റെ നിർദ്ദേശം ബ്രാഹ്മണന് സ്വീകാര്യമായിത്തോന്നി. എന്തായാലും ഇന്നു രാത്രി സ്വഗൃഹത്തിലെത്താൻ സാധ്യമല്ലെന്നു തീർച്ചയാണ്...

അയാൾ ആ കുശവനോടൊത്ത് അവന്റെ വീട്ടിലേയ്ക്ക് പോയി. കുശവൻ അയാളെ സൽക്കരിക്കുകയും യൗവനയുക്തയായ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ബ്രാഹ്മണൻ കുറെനാൾ അവിടെ സസുഖം ജീവിക്കുകയും പിന്നെ ദേശാടനത്തിനിറങ്ങുകയുമുണ്ടായി. അതിനിടയിൽ അവർക്ക് ഒരു പുത്രൻ ജനിച്ചു ശാലിവാഹനൻ. അവൻ രാജചിഹ്നങ്ങളോടെയാണ് ഭൂജാതനായത്. ചെറുപ്പം മുതലേ അവൻ വീരപരാക്രമിയായിരുന്നു. ആയുധവിദ്യയിൽ അതിപ്രവീണനായ ശാലിവാഹനൻ ക്രമേണ മൈസൂർ രാജാവിന്റെ പ്രഥമമന്ത്രിയായിത്തീർന്നു. മൈസൂർ രാജാവ് വിക്രമാദിത്യ ചക്രവർത്തിക്കു കപ്പം കൊടുത്തുവന്നിരുന്നു. ശാലിവാഹനന് വിക്രമാദിത്യനോട് നീരസം തോന്നുകയും കപ്പം കൊടുക്കുന്ന പതിവ് നിർത്തിവെക്കുകയും ചെയ്തു. തന്റെ ചക്രവർത്തി പദവിയെ വെല്ലുവിളിച്ച മൈസൂർ രാജാവിനേയും മന്ത്രിയേയും ഒരു പാഠം പഠിപ്പിക്കണമെന്നുദ്ദേശിച്ച് വിക്രമാദിത്യൻ സേനയുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു. ശാലിവാഹനന്റെ നേതൃത്വത്തിൽ മൈസൂർ സൈന്യവും, വിക്രമാദിത്യന്റെ കീഴിൽ ഉജ്ജയിനീസേനയും തമ്മിൽ ഏറ്റുമുട്ടി. ഭയങ്കരമായ ഒരു യുദ്ധം നടന്നു. വിക്രമാദിത്യന്റെ പക്ഷത്ത് ഒട്ടേറെ പേർ മരിച്ചു. അപ്പോഴാണ് വിക്രമാദിത്യൻ സ്വന്തം ആയുസ്സിനെപ്പറ്റി ഓർത്തത്. ദേവേന്ദ്രൻ ദാനം ചെയ്ത രണ്ടായിരം കൊല്ലങ്ങൾ തലേന്നാൾ അവസാനിച്ചിരിക്കുന്നു. തന്റെ മൃത്യു ആസന്നമായെന്ന് അദ്ദേഹം നിശ്ചയിച്ചു. ഈ യുദ്ധത്തിൽ പരാജയം സുനിശ്ചിതമാണെന്ന് കണ്ടറിഞ്ഞപ്പോൾ, ശത്രുവിന്റെ ആയുധമേറ്റ് മരിക്കുന്നതിനേക്കാൾ, സ്വയം മരിക്കുന്നതാണ് നല്ലതെന്നു കരുതി, അദ്ദേഹം വേതാളത്തിലേറി ഉജ്ജയിനിയിലെ ഭദ്രാദേവിവാണരുളുന്ന ദേവാലയത്തിൽ എത്തി. ദേവിയുടെ മുന്നിൽ കൂപ്പുകൈകളോടെ പ്രാർഥിച്ചു നിൽക്കെ, വീരനായ ശാലിവാഹനൻ തൊടുത്തുവിട്ട അസ്ത്രം അദ്ദേഹത്തിന്റെ ശിരസ്സറുത്തു. സഹോദരൻ മരിച്ചതു കണ്ട് ഭട്ടിയും വൈകാതെ പ്രാണത്യാഗം ചെയ്തു. അപ്പോൾ തന്നെ വേതാളവും അപ്രത്യക്ഷമായി. ഉപസംഹാരമായി സാലഭഞ്ജിക പറഞ്ഞു: “ഹേ, ഭോജരാജാവേ! അങ്ങനെയാണ് വിക്രമാദിത്യൻ മരണമടഞ്ഞത്. ഈ സിംഹാസനത്തിൽ കാവൽ നിൽക്കുന്ന ഞങ്ങൾ അപ്സരസ്സുകളാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, അഞ്ഞൂറ് കൊല്ലങ്ങൾക്കുശേഷം, നിങ്ങളോട് ഈ കഥകൾ പറയാനാണ് ഞങ്ങൾ ഇതിൽതന്നെ നിലകൊണ്ടത്. ദേവസ്ത്രീകളായ ഞങ്ങൾ ഒരിക്കൽ ശ്രീപാർവതിയെക്കണ്ട് പരിഹസിച്ച് ചിരിക്കുകയുണ്ടായി. ഞങ്ങൾ പ്രതിമകളായി പോകട്ടെയെന്ന് ദേവി ശപിച്ചു കളഞ്ഞു. ഇന്നോടെ ആ ശാപം തീരുന്നു. ഞങ്ങളുടെ കടമകളെല്ലാം നിറ വേറി. ഇനി ദേവലോകത്തേയ്ക്കുതന്നെ തിരിച്ചുപോകാൻ അനുവാദം തന്നാലും! അങ്ങ് ഈ സിംഹാസനത്തിൽ ആരോഹണം ചെയ് രാജ്യം ഭരിക്കുക. അങ്ങേയ്ക്ക് നന്മവരട്ടെ!'' ഇത്രയും പറഞ്ഞുകൊണ്ട് മുപ്പത്തിരണ്ട് സാലഭഞ്ജികകളും സ്വകവിൾത്തടങ്ങളിലെ കണ്ണീര് തുടച്ച് ദുഃഖാകുലരായി ദേവലോകത്തേയ്ക്ക് പറന്നുപോയി. ഭോജരാജാവ് അടുത്ത ശുഭമുഹൂർത്തത്തിൽ തന്നെ ആഡംബരപൂർവം സിംഹാസനാരോഹണം ചെയ്തു.

വിക്രമാദിത്യകഥകൾ അവസാനിക്കുന്നു.
അക്ഷരതെറ്റിന് ക്ഷമാപണം
കടപ്പാട് : എം.കെ. രാജൻ.

No comments:

Post a Comment