വിക്രമാദിത്യകഥകൾ - 11
രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖
വേതാളം പറഞ്ഞ കഥകൾ 08 - "സാരണൻ എന്ന വേലക്കാരൻ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ പിന്നെയും പിടിവിട്ടുപോയ വേതാളത്തെ തോളിലേറ്റിക്കൊണ്ടുവന്നു. ഇപ്പോഴുമുണ്ട് വേതാളത്തിനു പറയാൻ വേറൊരു കഥ. കുമാരദാസൻ എന്നു പേരായ രാജാവ് സൈന്യങ്ങളോടുകൂടി ഒരു ദിവസം കാട്ടിൽ നായാട്ടിനു പോയി. രാജാവിന്റെ കുതിര മത്തുപിടിച്ച് ഓടി ഓടി വനാന്തർഭാഗത്തേയ്ക്കു പ്രവേശിച്ചു. കൊടുംകാട്ടിൽ കൂടെ വന്നവരിൽ നിന്ന് ഒറ്റപ്പെട്ട രാജാവ് വിശപ്പും ദാഹവും സഹിക്ക വയ്യാതെ അലഞ്ഞുതിരിയുമ്പോൾ അവിചാരിതമായി സിംഹത്തിന്റെ മുമ്പിൽ ചെന്നുപെട്ടു. സിംഹം രാജാവിന്റെ മേൽ ചാടിവീഴുന്നതിനുമുമ്പ് അത് അസ്ത്രമേറ്റ് നിലംപതിച്ചു. മൃത്യുവക്തത്തിൽനിന്നു രക്ഷപ്പെട്ട രാജാവ് അതിരുകവിഞ്ഞ സന്തോഷത്തോടെ പിന്തിരിഞ്ഞുനോക്കിയപ്പോൾ സാരണൻ എന്നു പേരായ തന്റെ വേലക്കാരൻ അല്പം അകലെയായി അമ്പും വില്ലുമേന്തി നില്ക്കുന്നത് കണ്ടു. രാജാവിനെ രക്ഷിക്കാൻ ദേവദൂതനായി അവതരിച്ച സാരണൻ കുതിര വിരണ്ട് ഓടിയപ്പോൾ മുതൽ അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. അയാളുടെ സഹായത്താൽ വിശപ്പും ദാഹവും തീർത്ത് രാജാവ് ആശ്വാസപൂർവം നാട്ടിലെത്തി. അന്നു മുതൽ രാജാവിന് സാരണനോട് സ്നേഹവും വിശ്വാസവും വർധിച്ചുവന്നു. ഒരു ദിവസം രാജാവ് തന്റെ സുഹൃതായ അയൽനാട്ടിലെ രാജാവിന്റ മകനെ കൂട്ടി കൊണ്ടുവരുവാൻ സാരണനെ നിയോഗിച്ചു. അതിനുവേണ്ടി കപ്പൽയാത ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷെ യാത്രാമദ്ധ്യേ കപ്പൽ തകർന്ന് എല്ലാവരും കടലിൽ വീണു. സാരണൻ മാത്രം എങ്ങനെയോ ചങ്ങാടം പോലുള്ള ഒരു തടിക്കഷണത്തിൽ പൊന്തിക്കിടന്ന് നിരങ്ങി നീങ്ങി കരയ്ക്കടുത്തു. അവിടെ കുറച്ചു മാറി കുറെ സുന്ദരീരത്നങ്ങൾ നിൽക്കുന്നുണ്ടായിരുന്നു. സാരണന്റെ മനസ്സ് ഒരു സുന്ദരിയിൽ പതിഞ്ഞു. അയാൾ ആ കന്യകയുടെ തോഴിയെ തന്റെ അഭിലാഷം അറിയിച്ചു. അയാളുടെ അനുരാഗത്തിന് പാത്രമായ യുവതി അയാളെ വിളിച്ച് സമീപത്തുണ്ടായിരുന്ന കിണറ്റിലിറങ്ങി മുങ്ങിക്കുളിച്ചു വരുവാൻ നിർദ്ദേശിച്ചു. സാരണൻ കിണറ്റിലിറങ്ങി. ഒട്ടു ദൂരം നടന്നപ്പോൾ മനോഹരമായ ഒരു നഗരമാണ് മുന്നിൽ കണ്ടത്. ആ മനസ് ചഞ്ചലമായി. എന്താണ് ഈ കാണുന്നത്? അത്ഭുതം തന്നെ അത് തന്റെ സ്വന്തം നാടുതന്നെ! ഉടനെ തന്നെ അയാൾ രാജാവിനെക്കണ്ട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. രാജാവിന് അത്ഭുതമായി. രണ്ടു ' പേരും സമുദ്രമാർഗം മുൻകണ്ട ദ്വീപിലേയ്ക്കു പുറപ്പെട്ടു. അത് ഒരു മാന്ത്രിക ദ്വീപായിരുന്നു. അവിടുത്തെ രാഞ്ജിയായിരുന്നു സാരണൻ കണ്ട യുവതി. രാജാവും സാരണനും അവരുടെ മുൻപിൽ എത്തി. എന്നാൽ രാജാവിന്റെ ശരീര ഭംഗിയിൽ യുവതി ആകൃഷ്ടയാകുകയും അദ്ദേഹത്തോട് പ്രമാഭ്യർഥന നടത്തുകയും ചെയ്തു. രാജാവാകട്ടെ അവളോട് സ്വന്തം വേലക്കാരനും ആത്മമിതവുമായ സാരണന്റെ അഭിവാഞ്ഛകൾക്കു വഴങ്ങി ജീവിക്കുവാനാണ് ആവശ്യപ്പെട്ടത്. രാഞ്ജി ഒന്നാലോചിച്ചതിനുശേഷം സമ്മതിച്ചു. അങ്ങനെ, സാരണന് താൻ മോഹിച്ച നാരീമണിയെ കിട്ടി. തന്റെ ജീവനെ മൃത്യുവിന്റെ ജിഹ്വയിൽനിന്നു രക്ഷിച്ച സാരണന് രാജാവ് നൽകിയ പ്രത്യുപകാരമായിരുന്നു ഇത്. വേതാളം ഇത്തവണയും കഥയവസാനിപ്പിച്ചത് പതിവുപോലെ ചോദ്യത്തത്തോടെയാണ്: “രാജാവിന്റേയും സാരണന്റേയും പ്രവൃത്തികളിൽ ഏതിനാണ് കൂടതൽ മേന്മ?' "വേലക്കാരൻ ചെയ്തത് യജമാനനോടുള്ള അയാളുടെ കർത്തവ്യമാണ്. എന്നാൽ, തന്നോട് അനുരാഗമുള്ള ഒരു സുന്ദരീരത്നത്തെ സേവകനുവേണ്ടി ഒഴിഞ്ഞു കൊടുത്ത രാജാവിന്റെ പ്രവൃത്തിയാണ് ഇവിടെ പ്രശംസനീയമായിരിക്കുന്നത്. ''അത്രയും പറഞ്ഞു നിർത്തിയ വിക്രമാദിത്യൻ വേതാളത്തെ കാണാതെ അമ്പരന്നു. വേതാളം ഇതിനിടയിൽ മുന്നേപ്പോലെതന്നെ പഴയ മുരുക്കുമരത്തെ അഭയം പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു.
No comments:
Post a Comment