വിക്രമാദിത്യകഥകൾ - 47
ഇരുപത്തിയൊന്നാം സാലഭഞ്ജിക പറഞ്ഞ കഥ
പിന്നെയും പ്രഭാതം വിടർന്നു. വിക്രമാദിത്യമഹത്വങ്ങൾ വിളംബരം ചെയ്യുന്ന സാലഭഞ്ജികകളുടെ കഥ കേൾക്കാനായി ഭോജരാജാവിന്റെ സദസ്സിലേയ്ക്ക് ജനപ്രളയമായിരുന്നു. ഇരുപത് പടികൾ പിന്നിട്ട് സിംഹാസനത്തിലേയ്ക്കു കുതിക്കാൻ ഭാവിക്കുന്ന ഭോജനെ തടഞ്ഞുകൊണ്ട് ഇരുപത്തൊന്നാം പടിയിലെ സാലഭഞ്ജിക തികച്ചും പുതുമയാർന്ന ഒരു കഥ പറയാൻ തുടങ്ങി. വിക്രമാദിത്യൻ ഭരണഭാരമെല്ലാം ഭട്ടിയെ ഏൽപിച്ച് കാടാറുമാസ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് ശ്രീരംഗപട്ടണത്തിൽ ഒരു ഭൂതം പ്രത്യക്ഷപ്പെടുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്ത വന്നു. ഭൂതത്തിന്റെ ഉപദ്രവം മൂലം ജനങ്ങളാരും പുറത്ത് സഞ്ചരിക്കാതായി. അങ്ങനെയായപ്പോൾ അവിടത്തെ ജീവിതം മുഴുവൻ സ്തംഭിച്ചുപോയി. തെരുവീഥികളും ചന്തസ്ഥലങ്ങളും വിനോദമന്ദിരങ്ങളും നിർജീവങ്ങളായി കാണപ്പെട്ടു. ഭൂതം അവിടെ നിർഭയനായി വിഹരിച്ചുവന്നു. രാജാവിനും സൈന്യങ്ങൾക്കും അവനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്രയുമായപ്പോൾ ശ്രീരംഗനാഥൻ വിക്രമാദിത്യന്റെ സഹായം അഭ്യർഥിച്ചു. അദ്ദേഹം അപ്പോൾ തന്നെ അവിടെയെത്തി തെരുവീഥികളിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങി. ഭൂതം ഒരു ദിവസം അദ്ദേഹത്തോട് എതിരിട്ടു. പക്ഷേ, വികമാദിത്യൻ മാന്ത്രികവാൾകൊണ്ട് അവനെ ഭസ്മമാക്കിക്കളഞ്ഞു. ശ്രീരംഗനാഥനും പ്രജകളും തങ്ങളെ വലിയൊരു ആപത്തിൽനിന്നു രക്ഷിച്ച വിക്രമാദിത്യനെ കൃതജ്ഞതാപൂർവം ആദരിച്ച് സല്ക്കരിച്ചു. സാലഭഞ്ജികയുടെ കഥ തീർന്നു. സദസ്സ് പിരിഞ്ഞു.
No comments:
Post a Comment