വിക്രമാദിത്യകഥകൾ - 29
ഏഴാം ദിവസം കനകാംഗി പറഞ്ഞ കഥ
വീണ്ടും പ്രഭാതമായി. രാജസദസ്സ് ഉന്നത വ്യക്തികളാലും കാണികളാലും നിബിഡമായി. കഴിഞ്ഞ ആറു ദിവസങ്ങളിലെ അത്ഭുതം ഏഴാം ദിവസവും ആവർത്തിക്കു മെന്ന് ഏവർക്കും ദൃഢനിശ്ചയമുണ്ടായിരുന്നു. പ്രതിമകൾ സംസാരിക്കുന്ന അത്ഭുതദൃശ്യം കാണാൻ നാടിന്റെ നാനാദിക്കുകളിൽ നിന്നും എത്തിച്ചേർന്നിരിക്കുന്ന ജനസഞ്ചയത്തിന്റെ മധ്യത്തിലൂടെ, ഭോജമഹാരാജാവ് പരിവാരസമേതനായി, ഗാംഭീര്യത്തോടെ സിംഹാസനത്തിനരികിലേയ്ക്കു നടന്നു. സദസ്സ് നിശ്ശബ്ദമായി. അടുത്ത നിമിഷത്തിൽ സംഭവിക്കാൻ പോകുന്ന മഹാത്ഭുതം കാണാനും കേൾക്കാനും വേണ്ടി സകലരും തയ്യാറായി നിന്നു. ശംഖധ്വനികളും മന്ത്രാച്ചാരണവും മുഴങ്ങിക്കൊണ്ടിരിക്കെ, ഭോജരാജാവ് സിംഹാസനത്തിന്റെ ആറു പടികളും കടന്ന് ഏഴാമത്തേതിൽ കാൽവെച്ചു. താമസമുണ്ടായില്ല, അവിടെ നിന്നിരുന്ന കനകാംഗി എന്ന സാലഭഞ്ജിക രാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ചോദിച്ചു: “രാജാവേ, ഈ സിംഹാസനത്തിൽ കയറാനുള്ള അങ്ങയുടെ ആശ അവസാനിച്ചില്ലേ?” യുക്തിപൂർവം രാജാവ് ചോദിച്ചു: “സിംഹാസനം രാജാക്കന്മാർക്ക് ഇരിക്കുവാനുള്ളതല്ലേ? എനിക്കതിൽ കയറിക്കൂടെ?'' “ഇതിലിരുന്ന് നാടുവാണ വിക്രമാദിത്യചക്രവർത്തിയുടെ വീരാപദാനങ്ങൾ കേട്ടാൽ അങ്ങ് തീർച്ചയായും ഈ ശ്രമം ഉപേക്ഷിച്ചുകളയും.” “വിക്രമാദിത്യൻ എന്താണ് ചെയ്തത്? അദ്ദേഹത്തിന്റെ പ്രശസ്തിയെപ്പറ്റി നിങ്ങളെല്ലാവരും ഇത്രത്തോളം പാടിപ്പുകഴ്ത്തുന്നുണ്ടല്ലോ. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?'' “അങ്ങേയ്ക്ക് കേൾക്കാൻ നിർബന്ധമാണെങ്കിൽ പറയാം, കേട്ടോളൂ.” അങ്ങനെ ഭോജരാജാവിന്റെ ശ്രദ്ധകേന്ദ്രീകരിച്ചു നിർത്തിക്കൊണ്ടാണ് കനകാംഗി കഥയാരംഭിച്ചത്. വിക്രമാദിത്യൻ കാടാറുമാസത്തിനു പോകാൻ തയ്യാറാകുകയായിരുന്നു. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തെ സന്ദർശിച്ചുകൊണ്ട് അറിയിച്ചു: “ഞാൻ ശനിദേവനാണ്. ഏഴരക്കൊല്ലം നിങ്ങളോടു കൂടെയിരിക്കാനാണ് വിധി എന്നെ പറഞ്ഞയച്ചിരിക്കുന്നത്. നിങ്ങളെ ശനി ബാധിക്കുന്ന ഏഴരക്കൊല്ലം നിങ്ങൾ കുറച്ച് അപമാനം സഹിക്കേണ്ടിവരും. നിങ്ങളോട് എനിക്ക് പ്രത്യേകം പ്രീതിയുള്ളതുകൊണ്ട് കാര്യമായി വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. കുറച്ചുകാലം കോസലരാജാവിന്റെ അധീനതയിൽ ജീവിച്ചാൽ മതി, അതിനുശേഷം ഞാൻ നിങ്ങളെ വിട്ടൊഴിയുന്നതാണ്.''
വിധിവിഹിതത്തിനെതിരെ വിലക്കടിച്ചു കിടക്കാൻ ആർക്കും സാധ്യമല്ലല്ലോ! താനും അതിന് കീഴ്പ്പെടേണ്ടിയിരിക്കുന്നുവെന്ന് നിശ്ചയിച്ച് വിക്മാദിത്യൻ തന്റെ തിരുവാളൂരി ശനിദേവനെ ഏൽപിക്കുകയും ഏഴരക്കൊല്ലം കഴിഞ്ഞ് താൻ മടങ്ങിവരുന്നതുവരെ ഉജ്ജയിനിയിൽ ഭരിക്കാൻ ശനിദേവനോട് അഭ്യർഥിക്കുകയും ചെയ്തു. അനന്തരം അദ്ദേഹം ഭട്ടിയോട് ഇക്കഥകളെല്ലാം പറയുകയും താൻ തിരിച്ചുവരുന്നതുവരെ സ്വരാജ്യം പരിപാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അന്തഃപുരത്തിൽ ചെന്ന് രാജ്ഞിമാരോടും ബന്ധുജനങ്ങളോടും വിടവാങ്ങി. കുലദേവതയായ ഭദ്രയുടെ അനുഗ്രഹാശിസ്സുകളുമേറ്റുവാങ്ങി അദ്ദേഹം ഏഴരക്കൊല്ലത്തെ അജ്ഞാതവാസത്തിന് നടന്നു. വേതാളവും കൂടെയുണ്ടായിരുന്നു. അവർ ഒരു വനപ്രദേശത്ത് ചെന്നെത്തി. വിശപ്പും ദാഹവും തീർത്ത് അദ്ദേഹം വൃക്ഷച്ചുവട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കെ, കാഴ്ചയിൽ അതിസുന്ദരിയായ ഒരു സ്ത്രീ അവിടെ പ്രത്യക്ഷപ്പെട്ടു. വിജനമായ ഈ പ്രദേശത്ത് തികച്ചും ഏകാകിനിയായി ഒരു സുന്ദര തരുണി വരാനുള്ള കാരണമെന്താണെന്ന് വിക്രമാദിത്യൻ വേതാളത്താട് അന്വേഷിച്ചു. വേതാളം പറഞ്ഞു: “ഇവൾ ദേവസ്ത്രീയാണ്. പേര് രത്നമാലിക. അങ്ങ് പണ്ട് ഇന്ദ്രന്റെ ക്ഷണമനുസരിച്ച് ദേവലോകത്തു ചെന്നപ്പോൾ ഇവൾ അങ്ങയെ കണ്ടു മോഹിച്ചതാണ്. പക്ഷേ, അന്നൊക്കെ ദേവേന്ദ്രൻ തടയുകയാണ് ചെയ്തത്. അതിസുന്ദരികളായ അനേകം വനിതാരത്നങ്ങൾ അങ്ങയോടു കൂടെയുള്ളപ്പോൾ അവൾ അങ്ങയാൽ നിരാകരിക്കപ്പെട്ടേക്കാം എന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട് ശനിബാധമൂലം അങ്ങ് ക്ലേശിക്കുന്ന ഏഴരക്കൊല്ലക്കാലം അങ്ങയുടെ കൂടെ ഉണ്ടാകാനാണ് രത്നമാലിക വന്നത് '' കുറച്ചു നിമിഷങ്ങൾക്കുള്ളിൽ രത്നമാലിക അടുത്തെത്തി രാജാവിനെ നമസ്കരിച്ചു. അവളുടെ സൗന്ദര്യവും വിനയാന്വിതമായ പെരുമാറ്റവും വികമാദിത്യനെ അത്യധികം ആനന്ദഭരിതനാക്കി. വിക്രമാദിത്യൻ ചോദിച്ചു: “ഈ വനപ്രദേശത്ത് ഏകയായി വന്നെത്തിയ ഭവതിയുടെ നാടും പേരും എന്താണ്?'' “എന്റെ പേര് രത്നമാലികയെന്നാണ്. ദേവലോകത്തിൽനിന്നാണ് ഞാൻ വരുന്നത്.'' “ദേവലോകത്തുനിന്ന് ഭൂമിയിലേക്കു വരാൻ പ്രത്യേകിച്ച് വല്ല കാരണവുമുണ്ടോ?'' ഒന്നും അറിയാത്ത ഭാവത്തിൽ അദ്ദേഹം അവളോട് ചോദിച്ചു. രത്നമാലിക തന്റെ കഥകളെല്ലാം സവിസ്തരം പറഞ്ഞുകേൾപ്പിച്ചു. ഇന്ദ്രന്റെ ഉപദേശപ്രകാരമാണ് താൻ ഈ സമയത്ത് എത്തിയതെന്നും തന്നെ പത്നിയായി സ്വീകരിക്കണമെന്നും അവൾ അപേക്ഷിച്ചു. വിക്രമാദിത്യൻ ആനന്ദത്തോടെത്തന്നെ അവളെ സ്വീകരിച്ചു . പിറ്റേന്നാൾ അവരിരുവരും യാത്രതിരിച്ചു. ഒരു ചെറിയ വനത്തിലൂടെയാണ് യാത്ര. യാത്രക്കിടയിൽ വിക്രമാദിത്യനും രത്നമാലികയും കൂടി വിശ്രമിച്ചുകൊണ്ടിരിക്കെ..
അവിടെ ഒരു പുലി പ്രത്യക്ഷപ്പെട്ടു. പുലിയെ കൊല്ലാനായി വിക്രമാദിത്യൻ ഒരുങ്ങവേ ഒരു കോണിൽനിന്ന് ഒരു ശബ്ദമുണ്ടായി. അതിന്റെ ആശയമിതായിരുന്നു. “ഇത് മുനിയുടെ ആശ്രമത്തിലെ മൃഗമാണ്. ഇതിനെ കൊല്ലുന്നത് പാപ്മാണ്.'' വിക്രമാദിത്യൻ തന്റെ ശ്രമം നിർത്തിവെക്കുകയും പുലിയെ പിൻതുടർന്നുകൊണ്ട് ഒരു ആശ്രമത്തിൽ പ്രവേശിക്കുകയും ചെയ്തു. ആശ്രമാങ്കണത്തിലെ പച്ചപ്പുൽ വിരിപ്പിലിരുന്ന് ഒരു താപസശ്രേഷ്ഠൻ ധൂമപാനം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് സാത്വികതേജസ്സ് കളിയാടിയിരുന്നു. വിക്രമാദിത്യൻ മുനിയെ വന്ദിച്ചുകൊണ്ട് നിലകൊണ്ടു. മുനിയും കുറേ നേരം അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. പിന്നെ മുനി ആരാഞ്ഞു: “നിങ്ങൾ ആരാണ്?'' “ഞാൻ ഒരു ദേശസഞ്ചാരിയാണ്.'' “നിങ്ങൾ ഭരിക്കുന്ന രാജ്യത്തിന്റെ പേരെന്താണ്?'' “കലിംഗപുരി.” “പ്രജകൾക്കൊക്കെ ക്ഷേമംതന്നെയല്ലേ?” “ഈശ്വരാനുഗ്രഹത്താൽ ക്ഷേമംതന്നെ.'' “ഭട്ടിക്കും സുഖംതന്നെയോ?'' വിക്രമാദിത്യൻ ഞെട്ടിത്തെറിച്ചു. ഈ മുനിപുംഗവൻ ആരാണ്? ഇദ്ദേഹത്തിന് തന്നെ മനസ്സിലായെന്നു തോന്നുന്നു. ഇനി കളവു പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ അദ്ദേഹം ആരായിരിക്കാം? കുറെ നേരം ചിന്തിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ബോധോദയമുണ്ടായി. ചെറുപ്പത്തിൽ താപസനായിത്തീർന്ന തന്റെ സഹോദരനായ ഭർതൃഹരിയാണ് മുമ്പിലിരിക്കുന്നതെന്ന് അദ്ദേഹത്തിന് ക്ഷണത്തിൽ പിടികിട്ടി. തപസ്വിയായ അനുജന്റെ കാൽക്കൽ വികമാദിത്യൻ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടറിയിച്ചു: “എനിക്കു ആദ്യം മനസ്സിലായില്ല. ക്ഷമിക്കണം. ഒരിക്കലും ഈ ജന്മത്തിൽ കണ്ടുമുട്ടുമെന്ന് വിചാരിച്ചിട്ടില്ല. ഭാഗ്യമെന്നല്ലാതെ ഇതിനെന്ത് പറയട്ടെ! ഈ ആശ്രമത്തിലെ ഒരു പുലിയാണ് എന്നെ ഇവിടെ കൊണ്ടുവന്നത്.” മുനി ഉടനേ ആ പുലിയെ ആംഗ്യം കാട്ടി വിളിച്ചു. ഇണങ്ങിയ പൂച്ചയെപ്പോലെ അത് ഓടിവന്ന് അദ്ദേഹത്തിന്റെ ശരീരത്തോടൊട്ടിച്ചേർന്നുനിന്നു. വിക്രമാദിത്യൻ കുറേ നേരം കഴിഞ്ഞ് സഹോദരനോട് വിട ചോദിച്ചു. രത്നമാലികയോടുകൂടി അദ്ദേഹം കോസലരാജ്യത്തേയ്ക്ക് യാത്രയായി. മാർഗമധ്യത്തിലുണ്ടായിരുന്ന ഒരു പൊയ്ക്കയുടെ തീരത്തെത്തിയപ്പോൾ അദ്ദേഹം പാമ്പിന്റെ വായിൽപ്പെട്ട ഒരു തവളയുടെ രോദനം കേട്ടു. വലിയൊരു സർപ്പത്തിന്റെ ഇരയാകാൻ തുടങ്ങുകയായിരുന്ന തവള ദീന ദീനം വിലപിക്കുകയായിരുന്നു. നാരദന്റെ ശാപത്താൽ ഈ രൂപം പ്രാപിക്കേണ്ടിവന്ന അനന്തൻ എന്നും ജലന്ധരൻ എന്നും പേരായ രണ്ട് രാജാക്കന്മാരായിരുന്നു അവർ. തവളയുടെ രോദനം കേട്ട് വിക്രമാദിത്യന് അതിന്റെ നേരെ അനുകമ്പ തോന്നി. പാമ്പിനെക്കൊന്ന് തവളയെ രക്ഷിക്കുന്നത് വിധിക്കെതിരാണ്..
No comments:
Post a Comment