ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2021

വിക്രമാദിത്യകഥകൾ - 08

വിക്രമാദിത്യകഥകൾ - 08

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 02 - "മൃതസഞ്ജീവനി മന്ത്രം"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ മടങ്ങിച്ചെന്ന് വേതാളത്തെ വീണ്ടും പിടിച്ചുകെട്ടി തോളിലേറ്റി നടന്നു. വേതാളം പിന്നെയും കഥ പറഞ്ഞു തുടങ്ങി. വിശ്വനഗരത്തിൽ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണന് അതിസുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു. മൂന്നു യുവാക്കൾ അവളെ വിവാഹം ചെയ്യാൻ തയ്യാറായി മുന്നോട്ടു വന്നു. യുവതിയുടെ അമ്മാവനിൽ നിന്ന് ഒന്നാമനും പിതാവിൽ നിന്ന് രണ്ടാമനും മാതാവിൽ നിന്ന് മൂന്നാമനും സമ്മതവും വാങ്ങി മൂന്നാളും പരസ്പരം വിവരങ്ങളറിഞ്ഞിരുന്നില്ല. വിവാഹകാലമായപ്പോൾ വരൻ ആരായിരിക്കണമെന്ന കാര്യത്തിൽ തർക്കമായി. ആധി മൂലം പെൺകുട്ടി പരലോകം പ്രാപിച്ചു. എങ്കിലും, അവളെ ആഗ്രഹിച്ചിരുന്ന ആ മൂന്നു യുവാക്കളും പ്രേമസമ്പന്നരായിരുന്നു. ഒരാൾ അവളുടെ ശവമാടത്തിൽ കാവലിരുന്നു. രണ്ടാമൻ അസ്ഥിയും കൊണ്ട് ഗംഗയിലേയ്ക്ക് പോയി. മൂന്നാമൻ വിരക്തനായി ദേശസഞ്ചാരം ചെയ്യാനും തുടങ്ങി. ദേശാടനം ചെയ്തുകൊണ്ടിരുന്ന യുവാവ് ഒരു ബ്രാഹ്മണനിൽ നിന്ന് മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവനി മന്ത്രം പഠിച്ച് വേഗത്തിൽ ശ്മശാനത്തിലെത്തി. അവിടെ അപ്പോഴും ഒന്നാമൻ കാവലിരിക്കുന്നുണ്ട്. ഗംഗയിലേയ്ക്ക് അസ്ഥി കൊണ്ടുപോയവൻ വിവരമറിഞ്ഞയുടൻ മടങ്ങിയെത്തിയിരുന്നു. മൃതസഞ്ജീവനി മന്ത്രം പഠിച്ചയാൾ മരിച്ചു പോയ യുവതിയെ ജീവിപ്പിച്ചു. വീണ്ടും പഴയ തർക്കം വന്നു. ആരായിരിക്കണം വരൻ? അവൾ ആരുടെ ഭാര്യയായിരിക്കണം? വിക്രമാദിത്യനോട് മറുപടി പറയാൻ ആവശ്യപ്പെട്ടുകൊണ്ട് വേതാളം ചോദിച്ചു:
വിക്രമാദിത്യൻ പറഞ്ഞു: “ജീവിപ്പിച്ചവൻ പിതാവും ഗംഗാസ്നാനത്തിന് പോയവൻ പുത്രനുമാണ്. ശ്മശാനത്തിൽ അവളുടെ കുഴിമാടത്തിനരികിൽ കാവലിരുന്നവനാണ് ശരിക്കും ഭർതൃസ്ഥാനത്തിന് അർഹൻ.'' പറഞ്ഞ് അവസാനിച്ചപ്പോഴേയ്ക്കും തോളിൽ നിന്ന് പെട്ടന്ന് ഭാരം ഒഴിഞ്ഞു പോയതുപോലെ തോന്നിയ  വിക്രമാദിത്യൻ തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും വേതാളം വീണ്ടും  മുരുക്കുമരത്തിലേക്ക് പോയിരുന്നു.

വേതാളം പറഞ്ഞ കഥകൾ 03 - "ജ്ഞാനി, സൂത്രക്കാരൻ, ശൂരൻ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ വീണ്ടും പുറകെ ചെന്ന് വേതാളത്തെ പിടിച്ചു. വേതാളം അപ്പോഴും മറ്റൊരു കഥ  മഹാരാജാവിനോട് പറഞ്ഞു തുടങ്ങി: മന്ദാരി എന്ന നഗരത്തിൽ വസിച്ചിരുന്ന ഒരു ബ്രാഹ്മണന് അതിസുന്ദരിയായ ഒരു പുതിയുണ്ടായിരുന്നു. ഒരു ജ്ഞാനിയും ഒരു സൂത്രക്കാരനും ഒരു ശൂരനും അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു. കന്യകയുടെ പിതാവ് അവളെ ഒരാൾക്ക് കൊടുക്കാമെന്ന് വാക്കുപറഞ്ഞു. പക്ഷേ, ഓർക്കാപ്പുറത്ത് ഒരു രാക്ഷസൻ ഒരു നാൾ അവളെ തട്ടിക്കൊണ്ടുപോയി. അവളുടെ മാതാപിതാക്കൾ അതീവദുഃഖിതരായി. ജ്ഞാനി ദർശനശക്തിയാൽ കന്യക എവിടെയാണെന്ന് പറഞ്ഞു. സൂത്രക്കാരൻ ആകാശത്തിലൂടെ സഞ്ചരിക്കുവാൻ ഒരു രഥം ഉണ്ടാക്കി. ശൂരൻ അതിൽ കയറി രാക്ഷസനെ യുദ്ധത്തിൽ തോല്പിച്ച് കന്യകയെ തിരികെ കൊണ്ടുവന്നു. വീണ്ടും അവളെ ആര് വിവാഹം കഴിക്കും എന്ന പ്രശ്നം പൊന്തിവന്നു. വേതാളം വിക്രമാദിത്യനോട്‌  ആരാഞ്ഞു: “ആരാണ് വാസ്തവത്തിൽ അതിനർഹൻ?'' വിക്രമാദിത്യൻ പ്രത്യുത്തരമോതി: “കൂടുതൽ സാമർഥ്യം പ്രകടിപ്പിച്ച ശൂരനാണ് അവളെ വിവാഹം കഴിക്കേണ്ടത്.'' വിക്രമാദിത്യൻ പറഞ്ഞുകഴിഞ്ഞപ്പോൾ വേതാളം വീണ്ടും പഴയ മരത്തിലേക്ക് പോയി.

വേതാളം പറഞ്ഞ കഥകൾ 04 - "ബ്രാഹ്മണകുമാരന്മാർ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ പിന്നെയും വേതാളത്തെ പിടിച്ചുകെട്ടിക്കൊണ്ടുവരുമ്പോൾ വേതാളം അതിശയകരമായ മറ്റൊരു കഥ പറയാൻ ആരംഭിച്ചു. വേദാങ്കൻ എന്ന രാജാവിന്റെ കൊട്ടാരത്തിൽ യാദൃച്ഛികമായി രണ്ടു  ബ്രാഹ്മണകുമാരന്മാർ ആഗതരായി. ഒരുവൻ ഭോജനസുഖം അറിയുന്നതിലും രണ്ടാമൻ നിദ്രാസുഖമാസ്വദിക്കുന്നതിലും സമർഥരാണ്. രാജാവ് അവരെ പരീക്ഷിക്കാൻ നിശ്ചയിച്ചു. ഭോജനസുഖം അറിയുന്നവനെ ഒരു ബ്രാഹ്മണന്റെ ഗൃഹത്തിലയച്ച് ഭക്ഷണം കൊടുത്തു. ഊണ് സുഖമായിരുന്നോയെന്ന് രാജാവ് ചോദിച്ചപ്പോൾ, അയാൾ ചോറിന് ചാണകത്തിന്റെ മണം ഉണ്ടെന്ന് പറഞ്ഞു. ചാണകച്ചാമ്പൽ വളമായി ഉപയോഗിച്ച നെല്ലിന്റെ ചോറായതുകൊണ്ടാണ് ചാണകനാറ്റം എന്ന് രാജാവിന് മനസ്സിലായി. നിദ്രാ സുഖമറിയുന്നവനെ വിളിച്ച് കമനീയമായി അലങ്കരിച്ച ഹംസതൂലികാശയ്യയിലേയ്ക്ക് പറഞ്ഞയച്ചു. ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ അയാൾ ശരീരം വേദനിക്കുന്നു വെന്നാണ് പറഞ്ഞത്. കിടക്ക പരിശോധിച്ചപ്പോൾ അതിൽനിന്ന് ഒരു മുടിനാരിഴ കണ്ടുകിട്ടി. രാജാവ് രണ്ടു പേർക്കും കൈ നിറയെ സമ്മാനങ്ങൾ കൊടുത്ത് യാത്രയാക്കി.  വേതാളം വിക്രമാദിത്യമഹാരാജാവിനോട് ചോദിച്ചു : “ഇവരിൽ ആരാണ് അതിസമർഥൻ?'' വിക്രമാദിത്യൻ പറഞ്ഞു: “ഉണർന്നിരിക്കുമ്പോൾ സുഖം അനുഭവിക്കുന്നവനേക്കാൾ ഉറക്കത്തിൽ അതറിയുന്നവനാണ് സമർഥൻ. ആയതിനാൽ ഇവിടെ നിദ്രാസുഖമറിയുന്നവനാണ് അതിസമർഥൻ.'' വിക്രമാദിത്യൻ ഇത് പറഞ്ഞുതീർത്തപ്പോഴേക്കും വേതാളം മുരുക്കുമരത്തിലേക്ക് പോയി കഴിഞ്ഞിരുന്നു.

No comments:

Post a Comment