ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2021

വിക്രമാദിത്യകഥകൾ - 45

വിക്രമാദിത്യകഥകൾ - 45

പത്തൊമ്പതാം സാലഭഞ്ജിക പറഞ്ഞ കഥ

പത്തൊമ്പതാം ദിവസം സിംഹാസനാരോഹണത്തിനു മുതിർന്ന് മുന്നോട്ടാഞ്ഞ ഭോജരാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് സാലഭഞ്ജിക കഥ പറഞ്ഞുതുടങ്ങി. ഉജ്ജയിനിയിലെ രാജകൊട്ടാരത്തോടനുബന്ധിച്ച് ഒരു താമരപ്പൊയ്ക്കയും മലർവാടിയുമുണ്ടായിരുന്നു. വിക്രമാദിത്യൻ ദിവസവും സന്ധ്യയ്ക്ക് അവിടെ ചെന്നിരുന്ന് കാറ്റുകൊള്ളുക പതിവായിരുന്നു. ഒരു ദിവസം അവിടെ പലതും ചിന്തിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മിഴികൾ അല്പം അകലെ യുണ്ടായിരുന്ന ഒരു മാളത്തിൽ പതിഞ്ഞു. അതിൽനിന്നു രണ്ടു സർപ്പങ്ങൾ പുറത്തുവരികയും അവ തമ്മിൽ എന്തോ സംസാരിക്കുകയും ചെയ്തിട്ട് ഒരെണ്ണം ദൂരേയ്ക്ക് ഇഴഞ്ഞുപോയി. സർപ്പങ്ങളുടെ ഭാഷയെല്ലാം അറിയാമായിരുന്ന വിക്രമാദിത്യൻ അവ ദമ്പതികളാണെന്നും ഇഴഞ്ഞുപോയത് ആൺസർപ്പമാണെന്നും മനസ്സിലാക്കി. താൻ ഇര കൊണ്ടുവരുന്നതുവരെ മറ്റാരുടെയെങ്കിലും വലയിൽ പെടാതെ ശ്രമിക്കണമെന്നായിരുന്നു ആൺസർപ്പം ഭാര്യയെ ഉപദേശിച്ച് തിന്റെ സാരം. അങ്ങ് മനസ്സമാധാനത്തോടെ പോയി വരികയെന്നും പറഞ്ഞ് അവൾ ഭർത്താവിനെ യാത്രയാക്കി . അധികം വൈകാതെ മറ്റൊരു മാളത്തിൽനിന്ന് വേറൊരു സർപ്പം പുറത്തു വന്നു. അവർ രണ്ടുപേരും ഒന്നിച്ച് മാളത്തിലേയ്ക്ക് ഇഴഞ്ഞുപോകുകയും കുറെ കഴിഞ്ഞതിനുശേഷം ആൺസർപ്പം അതിന്റെ മാളത്തിലേയ്ക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന വിക്രമാദിത്യന് അതിശയം തോന്നി. പെൺസർപ്പം ഭർത്താവിന്റെ മുന്നിൽ നല്ലവളായി ചമഞ്ഞതും അത് പോയ ഉടൻ വഞ്ചന പ്രവർത്തിച്ചതും കണ്ട് അദ്ദേഹം ചിന്താ കുലനായി. അടുത്ത ദിവസം അതേ സമയത്ത് അദ്ദേഹം അവിടെ വന്നിരുന്നു. തലേ ദിവസത്തെ പരിപാടികൾ ആവർത്തിക്കപ്പെട്ടു. ദിവസവും പെൺസർപ്പത്തിന്റെ ഈ വഞ്ചന നിർവിഘ്നം തുടർന്നുവന്നു. വിക്രമാദിത്യന് ഇത് കണ്ട് സഹിക്കാൻ വയ്യാതായി. ഒരു ദിവസം കള്ളസർപ്പം പുറത്തുവന്നപ്പോൾ അദ്ദേഹം അതിനെ കൊല്ലാനായി വാളെടുത്തു. പക്ഷേ, അപ്പോഴേയ്ക്കും അത് പ്രാണഭയവുമായി സ്വന്തം മാളത്തിലേയ്ക്കുതന്നെ കുതിച്ചു പാഞ്ഞു. ഈ കാഴ്ച കണ്ടുകൊണ്ടിരുന്ന പെൺസർപ്പം രോഷാകുലയായി. ഭർത്താവ് തിരിച്ചുവരുന്ന സമയത്ത് അവൾ ഒരു മൂലയിൽ ചെന്നു ചുരുണ്ടുകൂടി കിടന്നു. ഭാര്യയുടെ മ്ലാനതയ്ക്കുള്ള കാരണം ആൺസർപ്പത്തോട് അവൾ വിക്കി വിതുമ്പിക്കൊണ്ട് പറഞ്ഞുതുടങ്ങി.

"പ്രാണനാഥാ! ഞാൻ ഏകയായി നമ്മുടെ താമരപ്പൊയ്കയുടെ തീരത്ത് കാറ്റുകൊണ്ടിരിക്കുമ്പോൾ വിക്രമാദിത്യൻ അകാരണമായി എന്നെ കൊല്ലാൻ മുതിർന്നു. അങ്ങു ചെന്ന് ഇപ്പോൾ തന്നെ അയാളെ കടിച്ചു കൊല്ലണം.'' ആൺസർപ്പത്തിന് അതു കേട്ടിട്ട് വിശ്വസിക്കാനായില്ല. ധർമശീലനും സർവ ജീവജാലങ്ങളുടേയും സംരക്ഷകനുമായ വിക്രമാദിത്യനെ അവൾ തെറ്റിദ്ധരിച്ചിരിക്കുമെന്നോർത്ത് അവൻ അവളെ പറഞ്ഞ് സമാശ്വസിപ്പിച്ചു. ആൺസർപ്പം ഇര തേടാൻ പുറത്തുപോകുന്ന തക്കം നോക്കി അവൾ പിന്നേയും തന്റെ പഴയ കൺകെട്ടുവിദ്യകൾ ആവർത്തിച്ചുപോന്നു. വിക്രമാദിത്യന് ഈ വഞ്ചനയുടെ നേരെ കണ്ണടക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഒരു ദിവസം വഞ്ചകനായ സർപ്പത്തെ വെട്ടി കഷണങ്ങളാക്കുകയും പെൺസർപ്പത്തിന്റെ നേരെ തിരിയുകയും ചെയ്തു. അവൾ ആപത്ത് കണ്ടറിഞ്ഞ് സ്വന്തം മാളത്തിലേയ്ക്കു ക്ഷണത്തിൽ പാഞ്ഞതിനാൽ അദ്ദേഹത്തിന് അവളുടെ വാൽ ഖണ്ഡിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. വാൽ മുറിഞ്ഞുപോയ പാമ്പ് ഭർത്താവ് വന്നപ്പോൾ സങ്കടം ബോധിപ്പിക്കുകയും തന്നെ ദ്രോഹിച്ച വികമാദിത്യനെ കടിച്ചുകൊല്ലാൻ അപേക്ഷിക്കുകയും ചെയ്തു. ആൺസർപ്പം കോപിഷ്ഠനായി വിക്രമാദിത്യന്റെ പള്ളിയറയിൽ കടന്ന് ഒളിച്ചിരുന്നു. അദ്ദേഹത്തിന് ഇത് നേരത്തെത്തന്നെ അറിയാമായിരുന്നതിനാൽ, പാമ്പിനെ കേൾപ്പിക്കണമെന്ന ഉദ്ദേശത്തോടെ, അന്നു നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം തന്റെ റാണിമാരോട് പറഞ്ഞു. അപ്പോഴാണ് ആൺസർപ്പത്തിന് സത്യസ്ഥിതി ഗ്രഹിക്കാനായത്. തന്റെ ഭാര്യ പരിധിവിട്ട് പ്രവർത്തിക്കുന്നതുകൊണ്ടാണ് വിക്രമാദിത്യൻ അവളെ കൊല്ലാൻ ശ്രമിച്ചതെന്ന് അതിന് മനസ്സിലായി. കൂടുതൽ വിവരങ്ങളറിയാൻ പാമ്പ് പുറത്തു കടന്നു. തിരിഞ്ഞു നോക്കിയപ്പോൾ കഷണങ്ങളായിക്കിടക്കുന്ന മറ്റൊരു പാമ്പിന്റെ മൃതശരീരവും കണ്ടു. നീതിപ്രിയനായ വിക്രമാദിത്യനെ തെറ്റിദ്ധരിച്ചതിൽ പശ്ചാത്തപിച്ചുകൊണ്ട് അത് സ്വന്തം മാളത്തിലേയ്ക്ക് ചെന്ന് അടക്കാനാവാത്ത രോഷത്തോടെ ഭാര്യയെ കടിച്ചു കൊന്നു. വഞ്ചകിയായ ഭാര്യയുടെ കഥ കഴിച്ച വിവരമറിയിക്കാൻ അത് അപ്പോൾ തന്നെ വിക്രമാദിത്യന്റെ പള്ളിയറയിലേയ്ക്കു ചെന്നു. തന്റെ മഞ്ചത്തിന്റെ മുകളിലൂടെ സർപ്പം ഇഴഞ്ഞുവരുന്നതു കണ്ടപ്പോൾ രാജാവ് വാളെടുത്തു. എന്നാൽ, പെട്ടെന്ന് സർപ്പം വിക്രമാദിത്യനോട് മാപ്പു ചോദിക്കുകയും നടന്ന കഥകളെല്ലാം പറഞ്ഞു പിരിഞ്ഞു പോവുകയും ചെയ്തു. സാലഭഞ്ജിക കഥ നിർത്തി. പിന്നെ ഭോജനോട് പറഞ്ഞു: “ഹേ, ഭോജരാജാവേ! മനുഷ്യരേയും ദേവവർഗത്തേയും മാത്രമല്ല പക്ഷിമൃഗാദികളെക്കുടി ധർമമാർഗത്തിലൂടെ ഭരിച്ചിരുന്ന വിക്രമാദിത്യന്റെ സിംഹാസനത്തിൽ കയറാൻ അങ്ങ് അശേഷം യോഗ്യനല്ല.'' സാലഭഞ്ജിക കഥ അവസാനിപ്പിച്ചപ്പോൾ സമയം വളരെയധികം വൈകിയിരുന്നതിനാൽ ബാക്കി കാര്യങ്ങൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവെച്ചുകൊണ്ട് രാജാവും മന്ത്രിയും സദസ്സ് പിരിച്ചുവിട്ടു...
          

No comments:

Post a Comment