വിക്രമാദിത്യകഥകൾ - 34
ഒമ്പതാം സാലഭഞ്ജിക പറഞ്ഞ കഥ
ഒമ്പതാം ദിവസം പ്രഭാതത്തിൽ അഭിഷേകച്ചടങ്ങുകൾ ആവർത്തിക്കപ്പെട്ടു. നിറഞ്ഞ സദസ്സിലേയ്ക്കു ഭോജരാജാവ് സപരിവാരനായി പ്രവേശിച്ചു. രാജകർമങ്ങൾക്കു ശേഷം അദ്ദേഹം സിംഹാസനത്തിലേറാൻ എട്ടു പടികളും കടന്ന് ഒമ്പതാമത്തേതിൽ കാൽവെച്ചു. ഉടനടി അവിടെ നിന്നിരുന്ന സാലഭഞിക രാജാവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ചോദ്യമെറിഞ്ഞു: “രാജാവേ, നിങ്ങൾ എവിടെ പോകുന്നു?” രാജാവ് : “ഈ സിംഹാസനത്തിൽ ഇരിക്കുവാൻ.'' “ഉഗ്രപ്രതാപിയായിരുന്ന വിക്രമാദിത്യ ചക്രവർത്തിയുടെ അമൂല്യ സിംഹാസനമാണിത്. എന്റെ സ്വാമിയെപ്പറ്റി നിങ്ങളെ ബോധവാനാക്കേണ്ടത് എന്റെ ചുമതലയാണ്. കേട്ടോളൂ...”
സാലഭഞ്ജിക കഥയാരംഭിച്ചു. വിശ്വാമിത്രന്റെ തപഃസിദ്ധികൾ അപാരങ്ങളായിരുന്നു. ഒരു ദിവസം ആകാശമാർഗത്തിൽ സഞ്ചരിച്ച് അദ്ദേഹം സുന്ദരമായ ഒരു നഗരത്തിലെത്തിചേർന്നു. തങ്കമല എന്ന ആ നാട് വാണിരുന്നത് തങ്കമലനാഥനായിരുന്നു. മഹർഷി ഒരു സത്രത്തിലെത്തി. അദ്ദേഹം സത്രം സൂക്ഷിപ്പുകാരനെ വിളിച്ച് താൻ വന്ന വിവരം രാജാവിനെ അറിയിക്കാൻ ഏർപ്പാടുചെയ്തു. വിശ്വാമിത്രനെ സ്വീകരിക്കാൻ തങ്കമലനാഥനും പത്നിയും വൈകിയതിന് മഹർഷി നാടു മുഴുവൻ നിർജീവമായിപ്പോകാൻ ശപിച്ചു. സ്വാധിയും പതിവ്രതയുമായ രാജപത്നി ഈ അത്യാഹിതത്തിന് കാരണമറിഞ്ഞ് വിശ്വാമിത്രനെ നമസ്കരിച്ചു. പക്ഷേ, ശാപം തിരിച്ചെടുക്കാൻ സാധ്യമല്ലല്ലോ. അതിനാൽ അവൾ ഒരു വരം ആവശ്യപ്പെട്ടു. “അടുത്ത ജന്മത്തിലും ഞാൻ തങ്കമലനാഥന്റെ പത്നിയാകാൻ വരം തരണം. പുഷ്പിതയായിക്കഴിഞ്ഞാൽ ഭർത്താവിനെ കണ്ടെത്തുന്നതുവരെ ഞാൻ ജീവിക്കുന്ന കൊട്ടാരത്തിൽ നിന്നും ഇവിടത്തെ ഭദ്രാക്ഷേത്രത്തിൽ വന്ന് പ്രാർഥിക്കാനും പൂജാകർമങ്ങൾ നിർവഹിക്കാനും വേണ്ടി രാത്രികളിൽ എനിക്ക് സൗകര്യമുണ്ടാക്കിത്തരണം. അതിനായി ഞാൻ സ്മരിക്കുന്ന മാതയിൽ ദേവലോകത്തെ കുതിര എന്റെ മുന്നിൽ വന്നെത്തണം. ഇതെല്ലാം ക്ഷേമകരമായി നടന്നുപോകേണ്ടതിന് അങ്ങ് അനുവദിക്കണം." വിശ്വാമിത്രൻ അവളുടെ അതുല്യമായ പതിഭക്തിയിൽ സന്തുഷ്ടനാകുകയും അങ്ങനെ സംഭവിക്കട്ടേയെന്ന് അനുഗ്രഹിക്കുകയും ചെയ്തു. അന്നുതന്നെ രാജാവും രാജ്ഞിയും പ്രജകളും ചരമഗതി പ്രാപിച്ചു. ആമാദ്വീപിലെ ഹീരാപുരിയിലെ രാജാവിന്റെ മകളായി രാജ്ഞി വീണ്ടും ജനിച്ചു. ഇപ്പോൾ അവളുടെ പേര് മധുകരികയെന്നാണ്. സുന്ദരിയും സുശീലയുമായ മധുകരിക ജനിക്കുന്നതിന് ആറുകൊല്ലം മുമ്പ് ആ നാട്ടിലെ പുരോഹിതവര്യന്റെ ഏകമകനായി തങ്കമലനാഥനും ജനിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ നാമധേയം ചൂതകുമാരൻ എന്നാണ്. മധുകരികയ്ക്ക് പ്രായ പൂർത്തിയായപ്പോൾ കഴിഞ്ഞ ജന്മവൃത്താന്തങ്ങൾ അവൾക്ക് ഓർമ വന്നു. അവൾ മന്ത്രം ജപിച്ച് ദേവലോകത്തുനിന്ന് കുതിരയെ വരുത്തുകയും അതിന്റെ പുറത്തുകയറി രാത്രിയിൽ തങ്കമല സന്ദർശിക്കുകയും ചെയ്തു. അവൾ ഭദ്രാക്ഷേത്രത്തിൽ ചെന്ന് പൂജയും ദർശനവും കഴിഞ്ഞശേഷം നിർജീവമായിക്കിടക്കുന്ന നഗരം മുഴുവൻ ചുറ്റിനടന്നു കണ്ടു. പുലരുന്നതിനുമുമ്പ് ഹീരാപുരിയിൽ മടങ്ങിയെത്തി സ്വന്തമണിയറയിൽ കിടന്നുറങ്ങി. അവൾ ദിവസവും അത് ആവർത്തിച്ചുവന്നു. സുന്ദരീരതമായ മധുകരികയെ വിവാഹം ചെയ്യാൻ പല രാജകുമാരന്മാരും തയ്യാറായി. എന്നാൽ, തങ്കമലയിൽ പോയി അവിടത്തെ രഹസ്യങ്ങൾ അറിഞ്ഞു വരുന്നവനെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് അവൾ നിർബന്ധം പിടിച്ചു. തങ്കമലനാഥനെ കണ്ടെത്താൻ അവൾ പ്രയോഗിച്ച് ഒരു ഉപായമായിരുന്നു അത്. പല രാജകുമാരന്മാരും തങ്കമല സന്ദർശിക്കാൻ ഒരുങ്ങിയെങ്കിലും പലരും ആ ശ്രമത്തിൽ മരണമടഞ്ഞു. പുരോഹിതപുത്രനായ ചൂതകുമാരൻ വിദ്യാഹീനനും മൂഢനുമായാണ് വളർന്നുവന്നത്. അവനും മധുകരികയെ വിവാഹം കഴിക്കാൻ ആഗ്രഹം ജനിച്ചു. അതിനാൽ അവൻ രാജകൊട്ടാരത്തിലേയ്ക്കു ചെന്ന് രാജകുമാരിയെ കണ്ടു. തങ്കമലയിലെ വിശേഷങ്ങൾ പറയാൻ അവൾ ആവശ്യപ്പെട്ടപ്പോൾ അത് വലിയൊരു മലയാണെന്നും അവിടെ ആകാശം വിഴുങ്ങുന്ന രാക്ഷസന്മാരും സൂര്യനെ കൊത്തിത്തിന്നുന്ന പക്ഷികളും ഉണ്ടെന്നുമായിരുന്നു. അവന്റെ മറുപടി. മധുകരിക ഉടൻ അവനെ പുറത്താക്കി. അപ്പോൾ എങ്ങനെയെങ്കിലും മധുകരികയെ വിവാഹം കഴിച്ചേ അടങ്ങു എന്ന് ചൂതകുമാരൻ പ്രതിജ്ഞയെടുത്തു. ഊണും ഉറക്കവുമില്ലാതെ അവൻ ഇക്കാര്യം ചിന്തിച്ചിരിപ്പായി. മധുകരികയോട് അവനു തോന്നിയ പ്രേമവും അവളെ വിവാഹം കഴി ക്കുവാനുള്ള ദൃഢനിശ്ചയവും കേട്ടറിഞ്ഞ ചില സ്നേഹിതന്മാർ വിക്രമാദിത്യ മഹാരാജാവിനെ ചെന്നുകണ്ട് അപേക്ഷിച്ചാൽ അദ്ദേഹം ഇക്കാര്യത്തിൽ സഹായിക്കുമെന്നു പറഞ്ഞു. ചൂതകുമാരൻ വൈകാതെ ഉജ്ജയിനിയിലേയ്ക്കു യാത്രയായി. കാടും മലയും നദികളും കടന്ന് വളരെ ക്ലേശങ്ങളനുഭവിച്ച് അവസാനം അവൻ ഉജ്ജയിനിയിലെത്തി...
രാജസദസ്സിൽ വന്ന് തന്നെ നമസ്കരിച്ചു നിന്നിരുന്ന കുമാരനെ കണ്ടപ്പോൾ വിക്രമാദിത്യൻ ആഗമനോദ്ദേശ്യം ചോദിച്ചറിഞ്ഞു. ചൂതകുമാരൻ അറിയിച്ചു: “മഹാനായ ചക്രവർത്തി, ഹീരാപുരിയിൽ നിന്നാണ് ഞാൻ വരുന്നത്. അവിടത്തെ പുരോഹിതന്റെ മകനായ ചൂതകുമാരനാണ് ഞാൻ. ഞങ്ങളുടെ രാജാവിന് മധുകരിക എന്നൊരു പുത്രിയുണ്ട്. ഞാൻ അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. തങ്കമലയിൽ പോയി അവിടത്തെ വിശേഷങ്ങൾ അറിഞ്ഞു വരുന്നവനെ മാത്രമേ അവൾ വിവാഹം ചെയ്യു. അങ്ങ് ദയവുണ്ടായി അവളെ വിവാഹം കഴിക്കാൻ സഹായിക്കണം ” നാടാറുമാസക്കാലം കഴിയുന്ന ദിവസമാണ് ചൂതകുമാരൻ അവിടെയെത്തിയത്. അതിനാൽ ഭരണഭാരമെല്ലാം ഭട്ടിയെ ഏൽപിച്ച് രാജാവ് അവനേയും കൂട്ടി ഹീരാപുരിയിലേയ്ക്കു പുറപ്പെട്ടു. വേതാളം അവരെ അൽപനേരത്തിനുള്ളിൽ അവിടെയെത്തിച്ചു. വിക്രമാദിത്യൻ മധുകരികയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുകയും ചൂതകുമാരനെ ഗൃഹത്തിലാക്കി യാത്ര പുറപ്പെടുകയും ചെയ്തു. അദ്ദേഹം തങ്കമല എന്ന പേരുകൂടി കേട്ടിട്ടുണ്ടായിരുന്നില്ല. എന്തായാലും യാത്ര തുടരാൻ തന്നെ അവർ തീരുമാനിച്ചു. കുറെ അകലെയായി ഒരു വനമുണ്ടായിരുന്നു. അതിന്റെ മധ്യത്തിൽ ഒരു മൈതാനവും അവിടെയുള്ള അഗ്നികുണ്ഡത്തിൽ തിളയ്ക്കുന്ന നെയ്യോടുകൂടിയ ഒരു വാർപ്പും ഇരിക്കുന്നത് കണ്ടു. വിക്രമാദിത്യൻ അതെന്താണെന്ന് ചോദിച്ചു. വേതാളം പറഞ്ഞു: “സ്വാമീ, ഇവിടെ ഏഴു മുനിമാർ വസിക്കുന്നുണ്ട്. അവരാണ് ഇവിടെ നെയ്യ് തിളപ്പിക്കുന്നത്. ദിവസവും പൂജാകർമങ്ങൾക്കുശേഷം ഒരാൾ ചാടി മരിക്കും. രണ്ടു മഹർഷിമാർ അവരെ ജീവിപ്പിക്കും. അനന്തരം ഏഴു പേരും ചേർന്ന് നെയ്യ് ഭാഗിച്ച് ഭക്ഷിക്കും. ഇന്നും ഒരു മുനി നെയ്യിൽ ചാടും. ഞാൻ പറയുന്നതുപോലെ ചെയ്താൽ ദിവ്യന്മാരായ ഈ മഹർഷിമാരിൽനിന്ന്, ഉദ്ദിഷ്ടകാര്യപ്രാപ്തിയുണ്ടാകും.” വേതാളനിർദ്ദേശപ്രകാരം തങ്കമലരഹസ്യം കൈക്കലാക്കണമെന്നുദ്ദേശിച്ച് വിക്രമാദിത്യൻ നെയ്യിൽ ചാടാൻ വന്ന മുനി കണ്ടു നിൽക്കെ സ്വയം അതിൽ ചാടിമരിച്ചു. മറ്റു മുനിമാർ വന്നപ്പോൾ ഏഴാമൻ ഇതുവരേയും ചാടാ തിരിക്കുന്നതിനുള്ള കാരണമന്വേഷിക്കുകയും വിക്രമാദിത്യനാണ് ഇതിൽ ചാടിമരിച്ചിരിക്കുന്നതെന്ന് ജ്ഞാനദൃഷ്ടിയാൽ മനസ്സിലാക്കുകയും ചെയ്തു. വൈകാതെ അവർ അദ്ദേഹത്തെ ജീവിപ്പിച്ചു. വിക്രമാദിത്യൻ വാർപ്പിൽനിന്ന് പുറത്തുവന്ന് അവരെ നമസ്കരിച്ചു നിന്നു. മുനിമാർ ചോദിച്ചു: “ഹേ, വിക്രമാദിത്യാ, നിങ്ങൾ എന്തുകൊണ്ടാണ് ഈ വാർപ്പിൽ ചാടി മരിച്ചുകളഞ്ഞത്?'' “തപോധനന്മാരേ, ഞാൻ നിങ്ങളുടെ അനുഗ്രഹാർഥിയാണ്. എന്റെ മനസ്സിലെ അഭിലാഷം പൂർത്തിയാക്കിത്തരണം. തങ്കമല എന്ന ദേശത്തെക്കുറിച്ചറിയാനാണ് ഞാനുദ്യമിക്കുന്നത്. എന്നെ സഹായിക്കണം....''
"വിക്രമാദിത്യ രാജാവേ, ഞങ്ങൾ തങ്കമല എന്ന് കേട്ടിട്ടുപോലുമില്ല. ഏതായാലും ഒരു സൂത്രം പറയാം. ഇവിടെനിന്ന് അഞ്ഞൂറ് നാഴിക പടിഞ്ഞാറുള്ള ഒരു വനത്തിൽ ഒരു താപസൻ വസിക്കുന്നുണ്ട്. അദ്ദേഹത്തോട് ചോദിച്ചാൽ വിവരം അറിയാൻ സാധിക്കും. അദ്ദേഹം സർവജ്ഞാനിയാണ്.'' വിക്രമാദിത്യൻ മുനിമാരോട് നന്ദി പറഞ്ഞ്. അഞ്ഞൂറ് നാഴികയ്ക്ക് അപ്പുറത്തുള്ള വനത്തിലേയ്ക്ക് വേതാളത്തിന്റെ പുറത്തുകയറി യാത്രയായി. വനമധ്യത്തിലെ ആൽത്തറയിൽ സമാധിനിമഗ്നനായിരിക്കുന്ന മുനിയുടെ മുന്നിൽ ചെന്ന് അദ്ദേഹം നമസ്കരിച്ചു നിന്നു. കണ്ണുതുറന്ന മുനി തന്റെ മുമ്പിൽ നില്ക്കുന്നത് വിക്രമാദിത്യനാണെന്ന് മനസ്സിലാക്കി ആഗമനോദ്ദേശ്യം ആരാഞ്ഞു. മധുകരികയുടെ പ്രതിജ്ഞയും ചൂതകുമാരനെ സഹായിക്കാൻ താൻ ഇറങ്ങിത്തിരിച്ചതും തങ്കമല എന്ന സ്ഥലം അജ്ഞാ തമായിരിക്കുന്നതും അദ്ദേഹം മുനിയോട് പറഞ്ഞു സഹായം അഭ്യർഥിച്ചു. മുനി അറിയിച്ചു: “വിക്രമാദിത്യരാജൻ! തങ്കമല എന്ന ദേശത്തെപ്പറ്റി ഞാൻ കേട്ടിട്ടില്ല. എങ്കിലും ഒന്ന് പറഞ്ഞുതരാം. ഇവിടെനിന്ന് നൂറ് നാഴിക വടക്കുള്ള ശിലാദ്വീപിൽ ഒരു മഹാവൃക്ഷമുണ്ട്. ലോകത്തിൽ വെച്ച് ഏറ്റവുമധികം ഉയരവും വണ്ണവുമുള്ളത് അതിനാണ്. അതിന്റെ ശാഖകളിൽ കുറെ സിംഹപ്പക്ഷികൾ വസിക്കുന്നുണ്ട്. ആനകളെപ്പോലും റാഞ്ചിക്കൊണ്ടുപോകാൻ കരുത്തുള്ളവ. അവ ദിവസവും ആയിരം മൈൽ അകലേയ്ക്കു പറന്നുപോകാറുണ്ട്. ഭൂമിയിലുള്ള ഒരു സ്ഥലവും അവർക്ക് അജ്ഞാതമല്ല. നിങ്ങൾ അവിടെ ചെന്ന് അവയുടെ സംഭാഷണം കേട്ടറിയണം. തങ്കമലയെപ്പറ്റിയും അവർ പറയാതിരിക്കില്ല.'' വിക്രമാദിത്യൻ മുനിയെ നമസ്കരിച്ച് വിടവാങ്ങി. വേതാളം അദ്ദേഹത്തെ ശിലാദ്വീപിലെത്തിച്ചു. വിക്രമാദിത്യൻ ഒരു വണ്ടിന്റെ വേഷം ധരിച്ച് വൃക്ഷത്തിന്റെ വിടവിൽ ഒളിച്ചിരുന്നു. സന്ധ്യയായപ്പോൾ സിംഹപ്പക്ഷികൾ നാലു ദിക്കുകളിൽ നിന്നും പറന്നുവന്ന് തങ്ങളുടെ കൂടുകളിൽ പ്രവേശിച്ചു. ഒരു പക്ഷി തിരക്കി: “കൂട്ടുകാരേ, നിങ്ങൾ ഇന്ന് എവിടെ നിന്നാണ് ഇര കൊണ്ടുവന്നത്?' അതിലൊരു പക്ഷി പറഞ്ഞു: “ഞങ്ങളിന്ന് തങ്കമലയിൽ പോയി.'' വേറൊരു പക്ഷി ചോദിച്ചു: “തങ്കമലയോ? അതെവിടെയാണ്?'' "ഏഴു കടലുകളും കടന്ന് അഞ്ഞൂറ് നാഴിക ദൂരം സഞ്ചരിച്ചാൽ അവിടെയെത്താം. ആ പക്ഷി വീണ്ടും ചോദിച്ചു “തങ്കമലയിലെ വിശേഷമെന്ത്?' “കായ്കനികൾ ധാരാളമുണ്ട്. സ്വർണമയമായ ആ നഗരം അതിശയങ്ങളുടെ കലവറയാണ്. പക്ഷേ, അവിടെ യാതൊന്നിനും ജീവനില്ല. ഞങ്ങൾ നാളേയും അവിടേയ്ക്കു പോകുന്നുണ്ട്..."
വണ്ടിന്റെ രൂപം പ്രാപിച്ച വിക്രമാദിത്യൻ ഒരു സിംഹപ്പക്ഷിയുടെ പിറകിൽ പറ്റിപ്പിടിച്ചിരുന്നു. നേരം വെളുത്ത് പക്ഷികളെല്ലാം യാത്രതിരിച്ചു. വണ്ടും അരൂപിയായ വേതാളവും അവരോടൊത്തുണ്ടായിരുന്നു. ഏഴു കടലും പർവതവും കടന്ന് അവർ തങ്കമലയിലെത്തി. വണ്ട് പക്ഷിയുടെ ചിറകിൽ നിന്നിറങ്ങി താഴെ വരികയും സ്വന്തം രൂപം കൈക്കൊള്ളുകയും ചെയ്തു. വേണ്ടിടത്തോളം ഫലങ്ങളാസ്വദിച്ചുകഴിഞ്ഞപ്പോൾ സിംഹപ്പക്ഷികൾ തങ്ങളുടെ താവളത്തിലേയ്ക്ക് പറന്നുപോയി. വികമാദിത്യനും വേതാളവും നഗരത്തിലെ കാഴ്ചകൾ കണ്ടു നടന്നു. ആ വിശാലനഗരത്തിൽ ജീവനുള്ള ഒരു വ്യക്തിപോലും ഇല്ലാത്തതിനാൽ അദ്ദേഹം അതിശയിച്ചുപോയി. അവർ ഭദ്രാക്ഷേത്രത്തിനടുത്തെത്തി വിശ്രമിച്ചുകൊണ്ടിരിക്കെ, രാത്രിയാകുകയും ആകാശത്തുനിന്ന് ഒരു കുതിര ഇങ്ങിവന്ന് ക്ഷേത്രനടയിൽ നിൽക്കുകയും ചെയ്തു. കുതിരപ്പുറത്ത് സർവാം ഗസുന്ദരിയായ തരുണീരതം ഇരിപ്പുണ്ടായിരുന്നു. അവൾ ഇറങ്ങിവന്ന് കുതിരയെ ഒരു തൂണിൽ കെട്ടിയിടുകയും സ്നാനം കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തു. അവിടെ പൂജയും ആരാധനയും നടത്തി അവൾ പുറത്തുവന്ന് കുതിരപ്പുറത്തുകയറി ആകാശമാർഗം തന്നെ അന്തർധാനം ചെയ്തു. ഈ സുന്ദരി ആരാണെന്നും എവിടെ നിന്ന് വരുന്നുവെന്നും വികമാദിത്യന് മനസ്സിലായില്ല. അവർ വീണ്ടും കുറേ നേരം ക്ഷേത്രത്തിലും നഗരത്തിലും ചുറ്റിനടന്നു. അടുത്ത പ്രഭാതത്തിൽ വേതാളത്തിന്റെ പുറത്തുകയറി രാജാവ് മടങ്ങി സപ്തസമുദ്രങ്ങളും വനാന്തരങ്ങളും കടന്ന് അവർ ഹീരാപുരിയെത്തുകയും ചൂതകുമാരനെ ചെന്നുകാണുകയും ചെയ്തു. ചൂതകുമാരൻ സന്തോഷിച്ചു. വിക്രമാദിത്യൻ പറഞ്ഞു: “ഹേ, ചൂതകുമാരാ, നീ നാളെ രാവിലെ കൊട്ടാരത്തിലേയ്ക്കു പോയി മധുകരികയെ വിവാഹം ചെയ്തുതരാൻ ആവശ്യപ്പെടണം. തങ്കമല രഹസ്യം ചോദിച്ചാൽ ഞാൻ പറയുന്നതുപോലെയൊക്കെ പറഞ്ഞോളൂ.'' തങ്കമലയിലെ അതിശയകരങ്ങളായ കാഴ്ചകളെക്കുറിച്ചും രാത്രിയിൽ ഒരു സുന്ദരി കുതിരപ്പുറത്തേറി ആകാശമാർഗം വന്ന് ഭദ്രാക്ഷേത്രത്തിൽ പൂജ കഴിച്ച് മടങ്ങുന്നതിനെപ്പറ്റിയുമൊക്കെ വിക്രമാദിത്യൻ ചൂതകുമാരനെ ഗ്രഹിപ്പിച്ചു. സർവാലങ്കാരവിഭൂഷിതനായി ചൂതകുമാരൻ കൊട്ടാരത്തിലെത്തുകയും വിക്രമാദിത്യന്റെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. തങ്കമലയിലെ രഹസ്യങ്ങൾ പറഞ്ഞുകേട്ടപ്പോൾ അയാൾ പൂർവജന്മത്തിൽ തന്റെ ഭർത്താവായിരുന്നു വെന്നും ഈ ജന്മത്തിലും തന്റെ ഭർത്താവായിരിക്കേണ്ടതാണെന്നും മധുകരിക നിശ്ചയിച്ചു. അവൾ അയാളെ ആദരിച്ചു സൽക്കരിക്കുകയും തങ്കമലയിലെ ജനങ്ങളെയെല്ലാം ജീവിപ്പിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. അതിനുശേഷം അവൾ സ്വന്തം മാതാപിതാക്കളെ വിളിച്ച് മുൻ ജന്മകഥകൾ മുഴുവൻ അവരോട് പറഞ്ഞു. ചൂതകുമാരൻ മടങ്ങിയെത്തി. വിക്രമാദിത്യനെക്കണ്ട് അവളുടെ നിയോഗമറിയിച്ചു. തങ്കമലയിലെ ജനങ്ങളെ മുഴുവൻ ജീവിപ്പിക്കേണ്ട ചുമതല. അദ്ദേഹം ചൂതകുമാരനേയും കൂട്ടി വേതാളത്തിന്റെ പുറത്തുകയറി ഹിമാലയപർവത നിരകളിൽ തപസ്സുചെയ്യുന്ന വിശ്വാമിത്രന്റെ അടുക്കൽ എത്തി...
തന്റെ സന്നിധിയിൽ നമസ്കരിച്ചു നില്ക്കുന്ന വിക്രമാദിത്യനെ മുനി ജ്ഞാനദൃഷ്ടിയാൽ മനസ്സിലാക്കി. വിശ്വാമിത്രൻ ആരാഞ്ഞു: “വിക്രമാദിത്യരാജൻ, വിദൂരസ്ഥമായ ഹിമവാനിൽ വന്ന് എന്നെ കാണുന്നതിന്റെ ഉദ്ദേശ്യമെന്താണ്?'' “മഹർഷേ! അങ്ങയുടെ അനുകമ്പയ്ക്കുവേണ്ടി കൈക്കുമ്പിളും നീട്ടി നില്ക്കുകയാണ് ഞാൻ.' “എന്താണു കാര്യം?'' “എല്ലാം അങ്ങക്ക് അറിവുള്ളവ തന്നെ. കൊല്ലങ്ങൾക്കുമുമ്പ് അങ്ങ് തങ്കമലരാജ്യത്തെ ശപിച്ച കഥ ഓർക്കുന്നുണ്ടോ? ജനങ്ങളെല്ലാം അന്ന് മരിച്ചുപോയി. പക്ഷേ, അവർ ജീവിക്കേണ്ട പരിതഃസ്ഥിതിയിലാണിന്ന്. അതിന്റെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായിരിക്കുന്നു. തങ്കമലനാഥനും റാണിയും ഈ ജന്മത്തിലും ദമ്പതികളായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അങ്ങ് മരിച്ചവരെയെല്ലാം പുനർജീ വിപ്പിച്ചാലും!' “നിന്നിൽ ഞാൻ കൃപയുള്ളവനാണ്. നീ തങ്കമലയിലേയ്ക്ക് പൊയ്ക്കൊൾക. അവിടെയെത്തുമ്പോഴേയ്ക്കും ജനങ്ങളെല്ലാം ജീവിച്ചെഴുന്നേൽക്കും.'' സന്തുഷ്ടനായ വിക്രമാദിത്യൻ ചൂതകുമാരനേയും കൊണ്ട് വേതാളത്തിന്റെ പുറത്തുകയറി തങ്കമലയിലെത്തി. മുനിയുടെ ശാപം തീർന്നപ്പോൾ ചൂതകുമാരൻ പഴയ തങ്കമലനാഥനായി മാറി. അയാൾക്ക് കഴിഞ്ഞ കഥകളെല്ലാം ഓർമവന്നു. തന്റെ രാജ്യത്തിലേയ്ക്ക് തിരിച്ചെത്തിയതിൽ സന്തോഷിക്കുകയും ചെയ്തു. അയാൾ ആ വിവരം വിക്രമാദിത്യനെ അറിയിച്ചു. വിക്രമാദിത്യൻ ചൂതകുമാരനേയും കൂട്ടി ഭദ്രാക്ഷേത്രത്തിലേയ്ക്കു മടങ്ങി. രാത്രിയായപ്പോൾ ദേവലോകക്കുതിരയുടെ പുറത്തു കയറി മധുകരികയും അവിടെ വന്നെത്തി. സ്വഭർത്താവായ തങ്കമലനാഥനെക്കണ്ട് അവൾ ആനന്ദബാഷ്പം പൊഴിച്ചു. ഉത്തരക്ഷണത്തിൽ മധുകരിക പണ്ടത്തെ രാജ്ഞിയുടെ രൂപത്തിലായി. മരിച്ചുകിടന്നിരുന്ന ജനങ്ങളെല്ലാം ജീവിക്കുകയും തങ്ങളുടെ ദുർദ്ദശ നീങ്ങിക്കിട്ടിയതിന് കാരണക്കാരൻ വിക്രമാദിത്യനാണെന്നറിഞ്ഞ് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. വിക്രമാദിത്യൻ തങ്കമലനാഥനെ വീണ്ടും അവിടത്തെ രാജാവായി വാഴിച്ചു. ഇപ്പോൾ എല്ലാം പഴയ രൂപത്തിലായി. രാജാവും രാജ്ഞിയും ജനങ്ങളും വിക്രമാദിത്യ ചക്രവർത്തിയുടെ ദിവ്യശക്തിയിൽ സന്തോഷിക്കുകയും അദ്ദേഹത്തെ ഈശ്വരതുല്യനായി കരുതി പൂജിക്കുകയും ചെയ്തു. അപ്പോഴേയ്ക്ക കാടാറുമാസവാസം അവസാനിച്ചതിനാൽ വിക്രമാദിത്യന് ഉജ്ജയിനിയിലേയ്ക്ക് മടങ്ങിപ്പോകേണ്ടിയിരുന്നു. രാജാവിന്റേയും രാജ്ഞിയുടേയും സങ്കടത്തിന് കണക്കുണ്ടായിരുന്നില്ല. പക്ഷേ, വിക്രമാദിത്യൻ അവരെയെല്ലാം സാന്ത്വനിപ്പിക്കുകയും താൻ ഒരിക്കൽക്കൂടി അവിടെ വന്ന് ആതിഥ്യം സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വേതാളവുമൊത്ത് യാത്രപുറപ്പെട്ടു. അവർ തക്ക സമയത്തുതന്നെ ഉജ്ജയിനിയിലെത്തി. ഭട്ടിയും മന്ത്രിമാരും പ്രജകളും അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തുനില്ക്കുന്നുണ്ടായിരുന്നു...
അദ്ദേഹം അവരോടെല്ലാം തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുകയും വീണ്ടും രാജഭരണം തുടങ്ങുകയും ചെയ്തു. സാലഭഞ്ജിക കഥ പറഞ്ഞു നിറുത്തി; ഭോജമഹാരാജാവിനോടുള്ള ചോദ്യവുമുണ്ട്: “ഹേ, ഭോജരാജൻ, ഞങ്ങളുടെ യജമാനനായിരുന്ന വിക്രമാദിത്യന്റെ പരോപകാരസ്വഭാവത്തിനും ദീനവാത്സല്യത്തിനും ഒരുദാഹരണം മാത്രമാണിത്. ഇങ്ങനെയുള്ള നൂറുകണക്കിന് അത്ഭുതസിദ്ധികൾ അദ്ദേഹത്തിനുണ്ട്. അദ്ദേഹം പുഷ്ടതേജസ്സോടെ വാണരുളിയ ഈ സിംഹാസനത്തി ലേറാൻ അങ്ങേയ്ക്ക് വല്ല യോഗ്യതയുമുണ്ടോ?" സമയം ഒട്ടേറെ വൈകിപ്പോയിരുന്നതിനാൽ രാജാവും പരിവാരങ്ങളും സ്വാനുഷ്ഠാനങ്ങൾക്കായി തിരിക്കുകയും സദസ്സ് പിരിയുകയും ചെയ്തു.
No comments:
Post a Comment