ഭാഗം: 8
11. ദേവൻമാർക്കു ലഭിച്ച ശാപവൃത്താന്തം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പാലാഴിമഥനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പണ്ടൊരിക്കൽ വിദ്യാധരികൾ മഹർഷി ദുർവാസാവിന് ദിവ്യപുഷ്പങ്ങൾ കൊണ്ടുള്ള മനോഹരമായതും പരിമളം ഉദിക്കുന്നതുമായ ഹാരം കൊടുത്തു. താൻ ഒരു തപോധനനല്ലേ? തനിക്ക് ഈ മലർ മാല എന്തിന് ? ഇതു മറ്റാർക്കാനും കൊടുത്താലോ? മഹർഷി ചിന്തിച്ചു . ആർക്കു കൊടുക്കണമെന്നായി പിന്നത്തെ ആലോചന. ബ്രഹ്മാവിനു കൊടുത്താലും, പൂതബാണാരി (ശിവൻ) ക്കുകൊടുത്താലും , ഇന്ദിരാപതിക്കു നല്കിയാലും മാല പകുത്തു നല്കേണ്ടതായി വരുമെന്ന് വിചാരിച്ചു. ഒടുവിൽ ഇന്ദ്രനു കൊടുക്കാമെന്ന് നിശ്ചയിച്ചു . വജ്രപാണിയെ ചിന്തിച്ചു. അദ്ദേഹം വന്നു വണങ്ങി. മലർ മാല ധരിച്ചാനന്ദിക്കാൻ നീയൊഴിഞ്ഞൊരുമില്ല. ഇതു വാങ്ങി കൊൾക എന്നു പറഞ്ഞു.
ആ നല്ല മാല ദേവരാജനു നല്കി. ഇന്ദ്രൻ അതുവാങ്ങി. ഐരാവതത്തിന്റെ മസ്തകത്തിൽ മാല വച്ചു കൊണ്ട് കചഭാരം കുടഞ്ഞു ശരിയാക്കുന്നതിനിടയിൽ പുഷ്പത്തിന്റെ സുഗന്ധം കൊണ്ട് വണ്ടുകൾ വരികയും ആന അതിനെ ഒടിക്കുന്നതിനായി തുമ്പിക്കൈയുയർത്തിയ തും മാല താഴെ വീണതും ഒരുമിച്ചായിരുന്നു. കരിവരൻ അതു ചവിട്ടുന്നതിനിടയായി . ഇതു കണ്ട മഹർഷിക്ക് കോപമുണ്ടായി. തന്നെ ധിക്കരിച്ചതിനാൽ നീയും നിന്റെ ആളുകളും വൃദ്ധരായി തീരട്ടെ എന്നു ശപിച്ചു.
12. ശാപമോക്ഷം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശപിച്ചതുകേട്ട സംക്രന്ദനൻ ഐരാവതത്തിന്റെ മുകളിൽ നിന്നു താഴെ ഇറങ്ങി. മുനിയെ വന്ദിച്ചു. ഇതു തന്റെ ദോഷമല്ലെന്നും ആന വണ്ടുകളെ ഓടിക്കാൻ തുടങ്ങിയപ്പോൾ അറിയാതെ സംഭവിച്ചതാണെന്നും താണു വീണു വണങ്ങി ഉ ണർത്തിച്ചു. ശാപമോക്ഷം തരണമെന്നഭ്യർത്ഥിച്ചു.
മുനി പാലാഴി കടഞ്ഞ് അമൃതെടുത്ത് ഭൂജിക്കുമ്പോൾ ജരാനര മാറി പൂർവ്വസ്ഥിതിയിലാകും. നിങ്ങൾ അമരൻമാരായിഭവിക്കും.
ഇന്ദ്രൻ അതിന് ഞങ്ങൾ എന്തു ചെയ്യണം? നമ്മാൽ ഇതൊന്നും സാധ്യമായി വരുകില്ല.
മഹർഷി ശരി , ഭഗവാനെ ഭജിച്ചാൽ എല്ലാം ശരിയാകും. അമൃതു ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാകുക തന്നെ ചെയ്യും.
ഇന്ദ്രൻ ദേവലോകത്തെത്തി. ദേവൻമാരെല്ലാം വൃദ്ധരായിരിക്കുന്നതുകണ്ട് കാര്യമുണർത്തിച്ചു. എല്ലാവരും കൂടി അതിന് എന്താണു ചെയ്യേണ്ടതെന്ന് ഗാഢമായി ആലോചിച്ചു. ഒടുവിൽ ബ്രഹ്മദേവനോടു സങ്കടമുണർത്തിക്കാൻ തീരുമാനിച്ചു. എല്ലാവരും ബ്രഹ്മലോകത്തെത്തി . ബ്രഹ്മാവിനെ സ്തുതിച്ചു പ്രീണിപ്പിച്ചു. ബ്രഹ്മദേവൻ വരവിന്റെ കാരണമാരാഞ്ഞു. ഇന്ദ്രൻ കാര്യങ്ങൾ വിശദമായി അറിയിച്ചു. കമലോത്ഭവൻ അറിയിച്ചു. ഇതു നമ്മാൽ ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ല . കൈലാസത്തിൽ ചെന്ന് പാർവ്വതീശനോടു സങ്കടമുണർത്തിക്കാം. ശരി , ഞാനും വരാം എല്ലാവരും കൂടി കൈലാസത്തിലെത്തി. കൈലാസനാഥനോടു സങ്കടമുണർത്തി.
ഭഗവാൻ ശിവശങ്കരൻ അരുളിചെയ്തു. ലോകപാലകൻ വിഷ്ണുദേവനാണ്. അദ്ദേഹത്തിനെക്കൊണ്ടു മാത്രമേ ഈ കാര്യം സാധ്യമാകൂ. നമുക്ക് വൈകുണ്ഡനാഥനെ കാണാം . ഞാനും കുടുംബവും കൂടി വരാം. ഇന്ദ്രാദിദേവഗണങ്ങളും ബ്രഹ്മദേവനും എല്ലാവരും കൂടി പാലാഴി വാസനെ കാൺമാനെത്തി. യോഗനിദ്രയിൽ കഴിയുന്ന ദേവനെ സ്തുതി ഗീതങ്ങളാൽ ഉണർത്തി . അപ്പോൾ ബ്രഹ്മാവിഷ്ണുമഹേശ്വരൻമാരുടെ ഏകാത്മ ഭാവരൂപം അതായത് രക്തവർണ്ണം , കൃഷ്ണവർണ്ണം, ശ്വേതവർണ്ണം ഈ മൂന്നു വർണ്ണങ്ങളുടെ ഒന്നിച്ചുള്ള ജ്യോതിരൂപം ദൃശ്യമായി..
ആഗതൻ ആ ജ്യോതിരൂപത്തെ ഒന്നായും പിന്നീട് ത്രിവർണ്ണമായും കാണുകയും സ്തുതിക്കുകയും ചെയ്തു. ദേവൻമാരുടെ സ്തുതി ഗീതങ്ങളാൽ പ്രസന്നനായ വിഷ്ണുദേവൻ എല്ലാവരുടേയും ഒന്നിച്ചുള്ള വരവിന്റെ കാരണമാരാഞ്ഞു.
ഇന്ദ്രൻ പറഞ്ഞു ദുർവാസാവുമഹർഷിയുടെ ശാപമൂലമുണ്ടായ ഈ വല്ലായ്മ അവിടുന്നു വിചാരിച്ചാലേ മാറ്റാനാകൂ . അതിന് ത്രിമൂർത്തികളായ നിങ്ങൾ പറയുന്നതെന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. അരുളി ചെയ്യുകയേ വേണ്ടൂ. ഞങ്ങളെ ഈ ജരാനരയിൽ നിന്നും രക്ഷിക്കണം.
ഇതു കേട്ട വിഷ്ണുദേവൻ മഹാദേവനെ നോക്കി. മുരാരേ, എന്താണിതിനൊരു വഴി, എന്നായിരുന്നു നോട്ടത്തിന്റെ അർത്ഥം. അദ്ദേഹം അരുളി ചെയ്തു. മന്ദരപർവ്വതത്തെ മത്താക്കി വാസുകിയെ കയറാക്കി ദേവാസുരൻമാർ വാൽ തലകൾ പിടിച്ചയച്ച് പാലാഴി കടയണം. ആദ്യം അസുരരെ വരുത്തണം ആപത്തു കാലത്ത് ശത്രുവിനെ പോലും സഹായത്തിനു വിളിക്കാമെന്നാണ് . അസുരരെ വരുത്താനായി ഭൂതഗണങ്ങൾ ഈശ്വരന്റെ ആജ്ഞ അനുസരിച്ച് ദാനവസഭയിലെത്തി. അസുര രാജാ ബാലി വേണ്ട ആയുധങ്ങളോടു കൂടി കുട്ടരുമൊത്ത് എത്തിച്ചേർന്നു. ഭഗവാന്റെ ആജ്ഞ നിരസിക്കുക നല്ലതല്ലെന്ന് അവർക്കറിയാമായിരുന്നു. അതാണ് അദ്ദേഹത്തെ മാനിച്ച് എത്തിയത്. ഭൂതഗണങ്ങളെ മന്ദരം എടുത്തു കൊണ്ടുവരാൻ നിയോഗിച്ചു. എന്നാൽ മന്ദരം കൊണ്ടുവരാൻ അവർക്കായില്ല. അപ്പോൾ ഭഗവാൻ അനന്തനോടാജ്ഞാപിച്ചു. മന്ദര പർവ്വതത്തെ എടുത്തുകൊണ്ടുവരണം. ഉടനെ അനന്തൻ തന്റെ ഫണങ്ങളിലൊന്നിൽ കടുകുപ്രായത്തിൽ മന്ദരം കൊണ്ടു വന്നു. പിന്നെ വാസുകിയെ കൊണ്ടുവരാൻ ഗരുഡനെ നിയോഗിച്ചു. ഗരുഡൻ ചെന്ന് വാസുകിയെ നാലഞ്ചു മടങ്ങാക്കി കൊത്തി കൊണ്ടു പറന്നു. എന്നാൽ എത്ര ഉയരത്തിൽ എത്തിയിട്ടും വാസുകിയുടെ വാൽ താഴെ കിടക്കുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും വാസുകിയെ കൊണ്ടുപോകാൻ ആയില്ല.തൻമൂലം താനാണ് ഏറ്റവും ബലവാനെന്ന ഗരുഡന്റെ ഗർവ്വ് അസ്തമിച്ചു. ദുഃഖിതനായ പക്ഷിരാജൻ വിവരം ഭഗവാനെ അറിയിച്ചു. ഗരുഡന്റെ ഗർവ്വഭംഗം ചെയ്യുന്നതിനായിരുന്നു ഭഗവാന്റെ ഈ കളി. അപ്പോൾ മഹാദേവൻ പർവ്വതത്തിന്റെ ബില്വത്തിൽ കൂടി കരവിരൽ കാട്ടി, വാസുകി ആ വിരലിൽ കങ്കണ പ്രായത്തിൽ പ്രത്യക്ഷപ്പെട്ടു. ഇപ്രകാരം മഥനത്തിലുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ഈശ്വരാ ജ്ഞപ്രകാരം മന്ദരത്തെ പാലാഴിയിൽ ഇട്ട് വാസുകിയെ ബന്ധിച്ച് വാൽ തലകൾ ദേവാസുരൻമാർ പിടിച്ച് മഥനം തുടങ്ങി. പാലാഴി മഥനത്തിന് സർപ്പങ്ങളുടെ യോഗം അവഗണിക്കാനാകാത്ത വിധം ശ്രദ്ധേയമായി.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment