ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 26

നാഗമാഹാത്മ്യം...

ഭാഗം: 26

35. ഭഗവാനെ എങ്ങനെ അറിയാം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഭഗവാൻ തന്നെയാണ് ബ്രഹ്മം, പരബ്രഹ്മം, ഈശ്വരൻ .സർവ്വേശ്വരൻ, പരമേശ്വരൻ എന്നൊക്കെയുള്ള പേരിൽ അറിയപ്പെടുന്നത്. പല പേരിൽ അറിയപ്പെടുന്നെങ്കിലും ഒരേ ഒരു ചൈതന്യവിശേഷമാണി വയെല്ലാം തന്നെ. ഈ ബ്രഹ്മ (ഭഗവാൻ) ത്തിന് പര, അപര എന്നീ രണ്ടു പ്രകൃതിയുണ്ട് , രണ്ടും പരസ്പരപൂരകങ്ങളാണ്. രണ്ടിനേയും പറ്റി ശരിക്കറിഞ്ഞാൽ മാത്രമേ ജ്ഞാനം പൂർണ്ണമാകൂ. ഭഗവാനെ അറിയാൻ സാധിക്കൂ . ഈ പ്രപഞ്ചത്തിനെ അറിഞ്ഞ്, മായയെ മനസ്സിലാക്കി അതിൽ നിന്നും മോചനം നേടി ഈശ്വരനെ അറിയാം. ആജ്ഞാനം നേടിയവൻ ഈശ്വരഭക്തനായി ഈശ്വരശരണത്തിൽ എത്തിച്ചേരുന്നു. ഭഗവാൻ മാംസ ചക്ഷുസ്സുകളെ കൊണ്ടു കണ്ടറിയപ്പെടാൻ സാധിക്കാത്തതുമാണ് കാണാൻ സാധിക്കാത്തതാണ്. ദിവ്യചക്ഷുസ്സു കൊണ്ടേ അതു കണ്ടു മനസ്സിലാക്കാൻ സാധിക്കൂ. ഭഗവാൻ അവ്യക്തനാണ്, അരൂപിയാണ്.നിർഗുണനാണ് , നിർവികാരനാണ്, നിർമ്മലനാണ് . നിത്യനാണ്, സത്യനാണ്, പരിപൂർണ്ണനാണ് , സച്ചിദാനന്ദനാണ്. ജ്ഞാനം കൊണ്ട് അറിയാൻ സാധിക്കൂ ഈ ഭഗവാനെ.

ഈ പ്രപഞ്ചത്തിലെ ചരാചരാത്മകങ്ങളായ എല്ലാം തന്നെ ഭഗവദ്രൂപങ്ങളാണ്. ഭഗവാൻ സർവ്വവ്യാപിയാണെന്നു പറയുന്നത് അതുകൊണ്ടാണ്. എല്ലാവരുടേയും ആത്മാവ് ഭഗവാനാണ്. അത് ഒന്നുതന്നെയാണ്. ഒരു പോലെയാണ്. വ്യത്യസ്തമല്ല . അദ്ദേഹം സർവ്വസാക്ഷിയാണ്. എല്ലാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഭഗവാനറിയാതെ അറിയാത്ത ഒരു കാര്യവും ഈ പ്രപഞ്ചത്തിൽ നടക്കുകയില്ല. ആരും കാണില്ലെന്ന മനുഷ്യബോധം മിഥ്യയാണ്. ഭഗവാൻ വിശ്വരൂപിയാണ്. സദാ കർമ്മനിരതനാണ്. ആദ്യമായി ആകാശം, വായു, തേജസ്സ് (അഗ്നി) ജലം , പൃഥ്വി എന്നി പഞ്ചഭൂതങ്ങൾക്ക് രൂപം കൊടുത്തു ( പഞ്ചഭൂതങ്ങളെ സൃഷ്ടിച്ചു). പിന്നെ ഇന്ദ്രിയ മനസ്സുകളെ കൊണ്ട് സൃഷ്ടി ചക്രം വിപുലമാക്കി. ജ്ഞാനേന്ദ്രിയങ്ങളും, പഞ്ചേന്ദ്രിയങ്ങളും മനസ്സുമുണ്ടാക്കി. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് , ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങളഞ്ചും, പാണി, പാദം, വാക്ക്, വായു, ഉപസ്ഥം എന്നീ കർമ്മേന്ദ്രിയങ്ങളും പൃഥി, അപ്തേജോ വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളും മനസ്സും ഒന്നാകുമ്പോൾ പ്രകൃതിയുടെ വികാരം പൂർത്തിയാകുന്നു. ഇത് ഭഗവാനാണ് പൂർത്തീകരിക്കുന്നത് . ഇന്ദ്രിയമനസ്സുകളെ കൊ ണ്ട് ആന്തരികപ്രപഞ്ചവും പഞ്ചഭൂതങ്ങളെ കൊണ്ട് ബാഹ്യപ്രപഞ്ചവും സൃഷ്ടിക്കുന്നത് ഭഗവാനാണ്. സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചം ഭഗവാനാണ്. പ്രപഞ്ചോല്പത്തികാലം മുതൽ പൂമൊട്ടുവികസിച്ച് വിടർന്ന പുഷ്പമാകുന്ന പോലെ ഈ സ്ഥൂലപ്രപഞ്ചം രൂപം കൊള്ളുന്നു. പ്രളയകാലത്ത് സ്ഥൂലപ്രപഞ്ചം ചുരുങ്ങി ചുരുങ്ങി സൂക്ഷ്മ പ്രപഞ്ചമായി ഭഗവാനിൽ ലയിച്ചു നില്ക്കുന്നു. വീണ്ടും പ്രളയം കഴിയുമ്പോൾ സ്ഥൂലപ്രപഞ്ചമായി നിലനില്ക്കുന്നു. ഈ പ്രക്രിയ തുടർന്നു കൊണ്ടേ ഇരിക്കുന്നു.

എഴുത്തച്ഛൻ ഭഗവാനെ പറ്റി പറയുന്നതു നോക്കൂ.

പരമൻ പരാപരൻ പരബ്രഹ്മാഖ്യൻ പരൻ പരമാത്മാവു
പരമൻ പുരുഷൻ പരിപൂർണ്ണൻ അച്യുതനന്തൻ 
വ്യക്തനവ്യയനേകൻ നിശ്ചലൻ നിരുപമൻ നിർവ്വാണപ്രദൻ 
നിത്യൻ നിർമ്മലൻ നിരാമയൻ നിർവ്വികാരാത്മാദേവൻ 

അതായത് ഭഗവാൻ പരനാണ് പരാപരനാണ്. അദ്ദേഹത്തിനു മീതെ മറ്റൊരു ഈശ്വരനില്ല. അതിനപ്പുറമൊന്നുമില്ല. അതുതന്നെയാണ് പരമാത്മാവ്. പരമ്പരുഷനുമദ്ദേഹമാണ്. അതിനപ്പുറമൊരു പുരുഷനില്ല. പരിപൂർണ്ണനാണ് . സാധാരണ 16 കല യാണ് പൂർണ്ണപുരുഷന്. ആ പതിനാറു കലകളും അദ്ദേഹത്തിൽ വിരാജിക്കുന്നുണ്ട്. അതാണ് പരിപൂർണ്ണനെന്നു പറയുന്നത്. അച്യുതനാണ്. ച്യുതിയില്ലാത്തവനാണ്. നാശമില്ലാത്തവനാണ്. വ്യക്തമായി ആർക്കും കണ്ണുകൾ (മാംസ ചക്ഷുസ്സ്) കൊണ്ട് കാണപ്പെടാത്തവനാണ്. വ്യക്തമായ ഒരു രൂപമല്ല. അനേകാനേകരൂപങ്ങളിൽ കാണപ്പെടുന്നവനാണ്. എന്നാൽ ഏകനാണുതാനും. നിശ്ചലനാണ്. യാതൊരു ചലനവുമില്ലാതെ സ്ഥിരതയുള്ളവനാണ്. നിരൂപമനാണ്.അദ്ദേഹത്തോടുപമിക്കാൻ ഈ ലോകത്തിൽ അദ്ദേഹം മാത്രമേയുള്ളൂ. ആരും തന്നെ അതുപോലില്ല. നിർവ്വാണപ്രദനാണ്. മോക്ഷം കൊടുക്കാൻ സാധിക്കുന്നത് ഭഗവാനുമാത്രമാണ് . ഭക്തൻമാർക്കു മോക്ഷം (നിർവ്വാണം) കൊടുക്കാൻ മറ്റാർക്കും സാധ്യമല്ലാ കഴിവില്ല എന്നുമെന്നും നിലനില്പ്പുള്ളവനാണ്. അതായത് നിത്യനാണ്. നാശമില്ല. വ്യയമില്ല. നിർമ്മലനാണ്. പരിശുദ്ധനാണ്. യാതൊരു ദോഷവും ദുഃഖവുമില്ലാത്തതാണ് ഭഗവാൻ. നിർവ്വികാരനാണ്. യാതൊരു വികാരങ്ങളും അവിടില്ല. എല്ലാത്തിന്റേയും ആത്മാവാണ്. ആ ദേവനാണ് ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും വിഷ്ണുവും , നാരായണനും വാസുദേവനുമെല്ലാം ഈ ഒരു ഭഗവാനാണ്. സീതാദേവി ഭഗവാനെ ശ്രീ ഹനുമാനു പരിചയപ്പെടുത്തുന്നതു നോക്കൂ . സച്ചിദാനന്ദ മേ കമദ്വയം പരബ്രഹ്മം നിശ്ചലം സർവ്വോപാധി നിർമ്മുക്തം സത്താമാത്രം നിശ്ചയിച്ചറിഞ്ഞു കൂടാതൊരു വസ്തു.

സത്തുക്കളുടെ (സജ്ജനങ്ങളുടെ) ഹൃദയത്തിൽ ആനന്ദമേകുന്ന ഏകം ഭഗവാനാണ്. ഭഗവാൻ ഒന്നേയുള്ളൂ. ബാക്കി ഈശ്വരനെന്നു പറയുന്നത് ഭഗവാന്റെ വിവിധരൂപങ്ങളാണ്. എല്ലാ വസ്തുക്കളിൽ നിന്നും എല്ലാ ഉപാധികളിൽ നിന്നും മുക്തനാണ്. മോചിതനാണ് . ഒന്നും തന്നെ ഭഗവാനെ ഇളക്കാൻ വികാരപ്പെടുത്താൻ ഈ ലോകത്തിലില്ല. സത്താണ് ഭഗവാൻ. ആർക്കും അത് നിശ്ചയിച്ചറിഞ്ഞു കൂടാത്ത വസ്തുവാണ്. ഗുണാതീതനാണ്. ത്രിഗുണങ്ങളും അദ്ദേഹത്തിനെ ഏശുകയില്ല. സ്പർശിക്കയില്ല. എല്ലാത്തിനുമതീതനാണ്.

ആത്മാവിൽ നിന്നത്ഭുതമാകുന്ന 16 കലകളും ഭഗവാന്റെ രൂപങ്ങളാണ്. എല്ലാ കലകളും ഒന്നിച്ചു നിൽക്കുന്നതു ഭഗവാനിലാണ്. പ്രാണൻ, ശ്രദ്ധാ , ആകാശം, വായു, ജ്യോതിസ്സ്, ജലം, ഭൂമി , ഇന്ദ്രിയം, മനസ്സ്, അന്നം, വീര്യം തപസ്സ് , മന്ത്രങ്ങൾ കർമ്മം, ലോകം , നാമം എന്നീ പതിനാറും എണ്ണമായി ഭഗവാനിലാണുള്ളത്. ഈ ജഗത്തിനു കാരണവും ഈ പരബ്രഹ്മമാണ് . അതിനാൽ ജഗത് കാരണനാണ്. ജഗത്തിനെ ധരിച്ചിരിക്കുന്ന അനന്തനും ഭഗവാനാണ്. അതിനാൽ ജഗദ്ധാരണനുമാണ്. ലോകത്തിനെ പാലിക്കുന്നതിനാൽ ജഗത്പാലകനാണ്. ജഗത്തിന് ആകെ കൂടിയുള്ള ഒരീശ്വരനായതിനാൽ ജഗതീശനാണ്. പരമകാരണമായ പരമാത്മാവിനെ ഒരു തരത്തിലും ആരാലും നശിപ്പിക്കാൻ സാധ്യമല്ല.

ഭഗവാൻ അന്തർയ്യാമിയാണ്. നമ്മുടെ ഉള്ളിലിരുന്ന് നമ്മളറിയാതെ നമ്മളെ കൊണ്ട് ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നത് അന്തർയാമിയാണ്. നമ്മുടെ ഉള്ളിലിരുന്ന് നമുക്ക് വേണ്ട പ്രേരണ തരുന്നത് ഭഗവാൻ തന്നെയാണ്. ഈശ്വരേച്ഛ കൂടാതെ യാതൊരു കാര്യവും ഈ ലോകത്തിൽ നടക്കുകയില്ല . ഭഗവാന്റെ പ്രകൃതിയും (മായ) പ്രകൃതിദേവിയുടെ നവശക്തിയ്ക്കുമെല്ലാം അടിസ്ഥാനം ഈശ്വരനാണ്. മനുഷ്യൻ സ്വന്തം അഹം കൊണ്ട് ഈ ശക്തികൾക്കെല്ലാം ആധാരം ഞാനാണെന്നും , എന്റെ മിടുക്കു കൊണ്ടാണ് എല്ലാം നടന്നതെന്നും നടക്കുന്നതെന്നും അഭിമാനിക്കുന്നു. അതാണ് മനുഷ്യനു പറ്റുന്നതെറ്റ് ഇതെല്ലാം ഭഗവാന്റെ ശക്തിയാണ്. അദ്ദേഹമാണ് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന ബോധം മനുഷ്യനുണ്ടാകുമ്പോൾ ഈശ്വരകൃപയുണ്ടാകുന്നു . ഭഗവാന്റെ മാഹാത്മ്യമറിഞ്ഞു പ്രവർത്തിക്കുന്നവർ ഭക്തരും ജ്ഞാനികളുമായി തീരുന്നു. ഭഗവാന്റെ മഹിതപ്രഭാവമാണ് മനുഷ്യൻ. അതറിയാൻ ഭഗവാനെ അറിയണം.

ഭഗവാനെ അറിയുന്നതിന് പര, അപര എന്നീ രണ്ടു പ്രകൃതികളേയും അറിയണം. പര എന്നത് പരം പുരുഷനും പ്രകൃതിയെന്നത് മായാ പ്രപഞ്ചവുമാണ്. ഈ പ്രകൃതി എട്ടു തരമാണ്. ഗീതയിൽ അതു വ്യക്തമായി ബോധിപ്പിക്കാറുണ്ട് .
ഭൂമിരാപോളനലോവായു: മനോബുദ്ധിരേവച
അഹങ്കാരം ഇതിയം മേ ഭിന്നാ പ്രകൃതിരഷ്ടധാ''
(അദ്ധ്യായം 7/4)

ഭൂമി: ഗന്ധതൻമാത്രം, ആപഃ (ജലം) രസതൻമാത്രം, വായു: സ്പർശതൻമാത്രം, മന:(മനസ്സ്)അഹങ്കാര:അവ്യക്തം (വ്യക്തമല്ലാത്തത്) , ഈ, എട്ടും ചേർന്ന് എന്റെ (ഭഗവാന്റെ) പ്രകൃതി എട്ടുവിധമാണെന്ന് ഭഗവാൻ പറയുന്നുണ്ട്. അപ്പോൾ അവിടെ സംശയത്തിനവകാശമില്ല.

ഈ അപരപ്രകൃതി ത്രിഗുണാത്മികയാണ്. ഇതിനെ ക്ഷേത്രം എന്നു പറയുന്നു. ഓരോ ശരീരവും ഓരോ ക്ഷേത്രമാണ്. പരപ്രകൃതി ക്ഷേത്രജ്ഞനാണ് ശരീരം ക്ഷേത്രജീവാത്മാവു ക്ഷേത്രജ്ഞൻ. അത്യന്തം ക്ഷുദ്രപ്രാണികളുടെ ശരീരം മുതൽ ബ്രഹ്മശരീരം വരെയുള്ള ശരീരികളുടെ നില ഇതുതന്നെയാണ്. ക്ഷേത്രം ദേഹവും ക്ഷേത്രജ്ഞൻ ദേഹിയും ഇവയെ തിരിച്ചറിയുന്നത് ജ്ഞാനമാണ് . എല്ലാ ക്ഷേത്രങ്ങളും (ശരീരികളിലും) സ്ഥിതി ചെയ്യുന്ന ക്ഷേത്രജ്ഞൻ ഭഗവാനാണ്. ഓരോ ശരീരത്തിലേയും ക്ഷേത്രജ്ഞൻ വേറെ വേറെയാണെന്ന് കാണുമ്പോൾ തോന്നും. പ്രത്യക്ഷത്തിൽ ഇങ്ങനെ തോന്നുമെങ്കിലും തത്വവിചാരം ചെയ്യുമ്പോൾ എല്ലാ ക്ഷേത്രജ്ഞനും ഒന്നാണെന്നു മനസ്സിലാകും. ഇതിൽ ക്ഷേത്രം നശിക്കുന്നതാണ് ക്ഷേത്രജ്ഞന് ഒരു കാലത്തും ഒരു കാരണവശാലും നാശം സംഭവിക്കുകയില്ല. അതു നിത്യവും സത്യവുമാണ് . അത് കർമ്മാടിസ്ഥാനത്തിൽ മാറി മാറിയുള്ള ശരീരം സ്വീകരിച്ച് കർമ്മ ഫലം ഭുജിക്കുന്നു എന്നു മാത്രം എന്നാൽ ഏതൊരുവൻ ജ്ഞാനം നേടി ഭഗവാന്റെ അലൗകികമായ സത്തയെ അറിഞ്ഞ് (ബ്രഹ്മത്ത്വമറിഞ്ഞ്) ഈശ്വരഭജനം ചെയ്ത് സർവ്വതും ഭഗവാങ്കലർപ്പിച്ച് സദാ ഈശ്വരസ്മരണയിൽ കഴിയുന്നുവോ , അവൻ മാനവശരീരം വിട്ട് മറ്റൊരു ജൻമത്തെ പ്രാപിക്കുന്നില്ല. അവന് പുനർജൻമമില്ല. അവൻ ഭഗവാനെ അറിഞ്ഞവനാണ്...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment